രാവും പകലും അവ വന്നുവളയുന്നു തേനിറ്റുന്ന സംതൃപ്തിയെ.
തുണയാവില്ല ഗോപുരങ്ങൾ, കന്മതിലുകൾ, തുരങ്കങ്ങളും.
ദൗർഭാഗ്യം ഭേദിയ്ക്കുന്നു ഉറങ്ങുന്നവന്റെ ശാന്തിയെ.
നിറഞ്ഞ കരണ്ടിയുമായി അരികത്തുണ്ടത്- വേദന,
അതിന്റെ ഉയർച്ചതാഴ്ചകൾ നിങ്ങൾക്കറിയില്ല;
അതു കൂടാതില്ലൊരു ജനനം, മേല്ക്കൂര, പുറവേലിയും.
അതിനെ കണക്കിൽ പെടുത്തണം നിങ്ങൾ.
പ്രണയത്തിലും തുണയ്ക്കില്ല ഇറുക്കിയടച്ച കണ്ണുകൾ,
നാറുന്ന ദീനക്കാരനിൽ നിന്നകറ്റിയിട്ട മെത്തകൾ പോലെ,
അടിവച്ചടിവച്ചു കൊടി കീഴടക്കുന്ന ജേതാവിനെപ്പോലെ.
ജീവിതമാഞ്ഞടിക്കുന്നു, രോഷം പോലെ, പുഴ പോലെ,
ചോരയിൽ കുതിർന്നൊരു തുരങ്കമതു തുറക്കുന്നു,
അതിൽ നിന്നു നമ്മെ പിന്തുടരുന്നു, വേദനയുടെ നൂറു കണ്ണുകൾ.
(പ്രണയഗീതകം-55)
No comments:
Post a Comment