Friday, August 6, 2010

നെരൂദ-ഐലാ നെഗ്രയ്ക്കു മേൽ കൊട്ടിവീഴുന്നു തെക്കൻമഴ...



ഈസ്ല നെഗ്രയ്ക്കു മേൽ കൊട്ടിവീഴുന്നു തെക്കൻമഴ,
ഘനവും സുതാര്യവുമായ ഒരേയൊരു തുള്ളി പോലെ:
ഈറൻ കണ്ണിമകൾ വിടർത്തി കടലതു കൈയേല്ക്കുന്നു,
മണ്ണു പരിചയിക്കുന്നു ചില്ലുചഷകത്തിന്റെ നനഞ്ഞ നിയോഗം.

എന്റെയാത്മാവേ, നിന്റെ ചുംബനങ്ങളിലെനിക്കു നല്കുക
ആ കടലുകളുടെ ലവണജലം, ആ ദേശത്തിന്റെ നറുതേനും,
മാനത്തിന്റെ നൂറുനൂറധരങ്ങളാൽ നനഞ്ഞ പരിമളം,
മഞ്ഞുകാലക്കടലിന്റെ പാവനസഹനവും.

എന്തോ നമ്മെ വിളിക്കുന്നു; വാതിലുകൾ തനിയേ തുറക്കുന്നു,
ജനൽപ്പാളികളോടു മഴ പഴയൊരു കഥ പറയുന്നു,
വേരുകൾ തൊടാനാഞ്ഞു മാനം താഴേക്കിറങ്ങുന്നു.

ഈ നാളങ്ങനെയൊരാകാശവല നെയ്യുന്നു, പിന്നെയതഴിക്കുന്നു,
ഉപ്പും കാലവും മന്ത്രണങ്ങളും വളർച്ചയും പാതകളുമായി,
ഒരു പെണ്ണുമൊരാണും മണ്ണിലിറങ്ങിയ ഹേമന്തവുമായി.


(പ്രണയഗീതകം-67)


ഇസ്ല നെഗ്ര- 1939 മുതല്‍ 1973 വരെ നെരൂദ താമസിച്ചിരുന്ന കടലോരഗ്രാമം.


1 comment:

Melethil said...

ഇന്നും ഇന്നലെയുമായി ഏഴു തവണ വായിച്ചു