നിന്റെയുടലിന്റെ ഭൂപടത്തിൽ ഞാൻ യാത്ര പോയി
അഗ്നി കൊണ്ടു കുരിശ്ശടയാളങ്ങൾ വീഴ്ത്തി.
നിന്റെ മേലെന്റെ ചുണ്ടുകളിഴഞ്ഞുകേറി:ഒളിയ്ക്കാൻ വെമ്പുന്നൊരെട്ടുകാലി.
നിന്നിൽ, നിന്റെ പിന്നിൽ, കാതരനായി, ദാഹാർത്തനായി.
സായാഹ്നത്തിന്റെ കരയ്ക്കിരുന്നു നിന്നോടു കഥകൾ പറഞ്ഞു ഞാൻ,
സങ്കടപ്പെടുന്ന പാവം കളിപ്പാവേ, നിന്റെ സങ്കടം തീർക്കാൻ.
ഒരു മരത്തിന്റെ, അരയന്നത്തിന്റെ കഥകൾ, അകലങ്ങളിലെ ആഹ്ളാദങ്ങൾ.
മുന്തിരി വിളയുന്ന കാലം, സമൃദ്ധിയുടെ കാലം.
ഏതോ കടൽത്തുറയിലിരുന്നു നിന്നെപ്രണയിച്ചവൻ ഞാൻ.
സ്വപ്നത്തിന്റെ, മൂകതയുടെ കോറൽ വീണതായിരുന്നു എന്റെയേകാന്തത.
കടലിനും സങ്കടത്തിനുമിടയിൽ കെണിഞ്ഞുപോയി ഞാൻ.
അനക്കമറ്റ രണ്ടു തോണിക്കാർക്കിടയിൽ ഭ്രാന്തചിത്തനായി,നിശ്ശബ്ദനായി.
ചുണ്ടിനും ശബ്ദത്തിനുമിടയിൽ വച്ചെന്തോ നഷ്ടമാവുന്നു.
പറവയുടെ ചിറകുള്ളതെന്തോ, നോവിന്റെ, മറവിയുടേതെന്തോ.
വലക്കണ്ണികൾക്കിടയിലൂടെ വെള്ളമൂർന്നുപോകുന്നതതുപോലെ.
എന്റെ കളിപ്പാവേ, ശേഷിച്ചിട്ടില്ലൊരു തുള്ളിയും.
എന്നാലുമീ ക്ഷണികശബ്ദങ്ങളിൽ ഗാനം ചെയ്യുന്നുണ്ടെന്തോ.
എന്തോ പാടുന്നു, വിശന്ന വായിലേക്കെന്തോ വീഴുന്നു.
ആഹ്ളാദത്തിന്റെ വാക്കുകളെടുത്തു നിന്നെക്കീർത്തിക്കാനായെങ്കിൽ!
പാടാ,നെരിയാൻ, ഭ്രാന്തന്റെ കൈയിൽ മണിമേടപോലെയലയ്ക്കാൻ.
വിഷാദം പൂണ്ട എന്റെയാർദ്രതേ, നീയെന്തിതിങ്ങനെയാവാൻ?
അത്രയുമുയർന്ന, അത്രയും തണുത്ത കൊടുമുടിയിലെത്തുമ്പോൾ
ഒരു നിശാപുഷ്പം പോലെ കോടുന്നുവല്ലോ എന്റെ ഹൃദയം.
(ഇരുപതു പ്രണയകവിതകള്‍ –13)
No comments:
Post a Comment