മറ്റിൽഡെ: ചെടിയുടെ, കല്ലിന്റെ, വീഞ്ഞിന്റെ പേരത്,
മണ്ണിൽ മുളച്ചു വിളയുന്നവയ്ക്കു പേരത്:
പുലരി കണ്ണു തുറക്കുന്ന വാക്കത്,
നാരങ്ങകളുടെ വെട്ടം പൊട്ടിവിടരുന്ന വേനലത്.
ആ പേരിൽ പായ നീർത്തിപ്പായുന്നു പത്തേമാരികൾ,
അതിനെച്ചൂഴുന്നു നീലിച്ച തിരകളുടെ തീനാളങ്ങൾ:
എന്റെ കരിഞ്ഞ ഹൃദയത്തിൽ ചൊരിയുന്നു
പുഴവെള്ളം പോലതിന്റെ അക്ഷരങ്ങൾ.
വള്ളിക്കാട്ടിൽ മറഞ്ഞ ഹേ, നാമധേയമേ,
ലോകത്തിന്റെ പരിമളത്തിലേക്കു തുറക്കുന്ന
രഹസ്യവിലത്തിന്റെ വാതിൽ നീ!
പൊള്ളുന്ന വായയുമായിവന്നെന്നെക്കീഴടക്കുക;
രാത്രിയുടെ കണ്ണുകൾ കൊണ്ടെന്നെത്തിരയുക,
നിന്റെ പേരിൽ തുഴഞ്ഞുപോകട്ടെ, അതിൽ മയങ്ങിക്കിടക്കട്ടെ ഞാൻ.
(പ്രണയഗീതകം-1)
1 comment:
neruda writes-matilde urrutia, you the most beautiful of women-thanks, neruda's lines are grape wine!
Post a Comment