Sunday, August 1, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-13

 kafka

അപ്പോൾ അതിനേതു വിധം സജ്ജനായിരുന്നു ഞാൻ? എത്ര മോശമാകാമോ, അത്രയും മോശമായി. ഞാൻ ഇതേവരെ പറഞ്ഞുകൊണ്ടുവന്നതിൽ നിന്ന് അതു വ്യക്തമാകും. എന്നാൽ, ഇക്കാര്യത്തിൽ ഒരു വ്യക്തി നേരിട്ടു ചെയ്യേണ്ട ഒരുക്കങ്ങളിൽ, അഥവാ, അടിസ്ഥാനസൗകര്യങ്ങൾ തയ്യാറാക്കുന്നതിൽ അങ്ങയുടെ കാര്യമായ ഇടപെടലുണ്ടായില്ല, പുറമെയ്ക്കെങ്കിലും. അതങ്ങനെയാവാതെയും പറ്റില്ല, കാരണം ഇവിടെ നിർണ്ണായകഘടകങ്ങൾ വർഗ്ഗത്തിന്റെയും രാഷ്ട്രത്തിന്റെയും കാലത്തിന്റെയും ലൈംഗികസദാചാരമാണല്ലോ. എന്നിട്ടുകൂടി ഇതിലും അങ്ങയുടെ ഇടപെടലുണ്ടായി, കാര്യമായിട്ടല്ലെങ്കിലും- കാരണം ഇത്തരം ഇടപെടലിന്‌ പരസ്പരവിശ്വാസം കണക്കിനുണ്ടായിരിക്കണം, ഈ നിർണ്ണായകമുഹൂർത്തത്തിനെത്രയോ കാലം മുമ്പ് നമുക്കിരുവർക്കും അതു നഷ്ടപ്പെട്ടുമിരിക്കുന്നു; അത്ര സന്തോഷത്തോടെയല്ല അങ്ങിടപെട്ടതും, കാരണം നമ്മുടെ ആവശ്യങ്ങൾ എത്രയോ വ്യത്യസ്തമായിരുന്നു; എന്നെ ആഴത്തിൽ സ്പർശിക്കുന്ന ഒന്ന് അങ്ങയെ ഒന്നു തൊട്ടുതലോടണമെന്നുപോലുമില്ല; നേരേ മറിച്ചും. അങ്ങയുടെ കാര്യത്തിൽ നിഷ്കളങ്കമായ ഒന്ന് എന്റെ കാര്യം വരുമ്പോൾ അപരാധമായെന്നു വരാം, നേരേ മറിച്ചും; അങ്ങയ്ക്ക് ഒരു പോറലുമേല്പ്പിക്കാത്ത ഒന്ന് എന്റെ ശവപ്പെട്ടിയുടെ മൂടിയായെന്നും വരാം.

അമ്മയോടും അങ്ങയോടുമൊപ്പം ഒരു വൈകുന്നേരം നടക്കാനിറങ്ങിയത് എന്റെ ഓർമ്മയിൽ വരുന്നു- ഇപ്പോൾ ബാങ്കു നില്ക്കുന്ന ജോസഫ്പ്ലാറ്റ്സിൽ വച്ചാണത്; ഇക്കാര്യങ്ങളെക്കുറിച്ച് വിഡ്ഡിയെപ്പോലെ ഞാൻ കേമത്തം കാണിച്ചു സംസാരിച്ചു ,അഹന്തയോടെ, സമചിത്തതയോടെ( അതു വ്യാജമായിരുന്നു), വികാരശൂന്യനായി( അതു യഥാർത്ഥമായിരുന്നു), അങ്ങയോടു സംസാരിക്കുമ്പോൾ മിക്കവാറും പറ്റുന്നപോലെ വിക്കിക്കൊണ്ട്. നിങ്ങൾ രണ്ടുപേരും ചേർന്ന് എന്നെ അറിയിക്കാതെ കാര്യങ്ങൾ നടത്തുകയാണെന്ന് ഞാൻ പരാതിപ്പെട്ടു; എന്നെ ചിത്രത്തിൽ കൊണ്ടുവരാൻ എന്റെ സഹപാഠികൾ വേണ്ടിവെന്നുവെന്ന്; ഞാൻ എത്രയോ ഭയങ്കരമായ അപകടങ്ങളിൽ പെട്ടുപോകേണ്ടതായിരുന്നുവെന്ന്( അത് എന്റെ ധൈര്യം കാണിക്കാൻ പറഞ്ഞ എന്റെ ശൈലിയിലുള്ള പെരുംനുണകളായിരുന്നു, എന്റെ ഭീരുത്വവും വച്ചുകൊണ്ട് ഞാൻ എന്തപകടങ്ങളെ നേരിടാനാണു പോകുന്നത്, നഗരത്തിലെ കുട്ടികൾ സമാന്യമായി കാണിക്കുന്ന കിടക്കകളിലെ ചില പാപങ്ങളല്ലാതെ?); ഇപ്പോൾ ഭാഗ്യത്തിന്‌ എല്ലാം എനിക്കു മനസ്സിലായിരിക്കുന്നുവെന്നും, എനിക്കിനി ഉപദേശത്തിന്റെയൊന്നും ആവശ്യമില്ലെന്നും, എല്ലാം ഭംഗിയായി കഴിഞ്ഞിരിക്കുന്നുവെന്നുമുള്ള സൂചനയും നല്കി ഞാൻ അവസാനിപ്പിച്ചു. ഞാൻ അതിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയത് പ്രധാനമായും ആ വക കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നത് എനിക്കു സന്തോഷം നല്കി എന്നതു കൊണ്ടും, പിന്നെ ജിജ്ഞാസ കൊണ്ടും, ഒടുവിലായി, എന്തിന്റെയോ പേരിൽ നിങ്ങളിരുവരോടുമുള്ള പക വീട്ടാനുമായിരുന്നു. അങ്ങതു കാര്യമായിട്ടെടുത്തതേയില്ല, അതായിരുന്നല്ലോ അങ്ങയുടെ പ്രകൃതം; ഇത്തരം കാര്യങ്ങൾക്കിറങ്ങുമ്പോൾ അപകടം വരാതിരിക്കാൻ ചില ഉപദേശങ്ങൾ തരാമെന്ന മട്ടിലെന്തോ പറയുക മാത്രമേ അങ്ങു ചെയ്തുള്ളു. ഒരുപക്ഷേ അങ്ങനെയൊരു മറുപടി തന്നെയാവാം ഞാൻ അങ്ങയിൽ നിന്നു പ്രതീക്ഷിച്ചതും; ഇറച്ചിയും മറ്റു നല്ല വസ്തുക്കളും കുത്തിച്ചെലുത്തി വീർത്ത്, മെയ്യനങ്ങാത്ത, തന്നിൽത്തന്നെ തത്പരനായ ഒരു കുട്ടിയുടെ കാമാർത്തിക്കു നിരക്കുന്ന ഉത്തരമായിരുന്നല്ലോ അത്; അതേസമയം എനിക്കതു നാണക്കേടായെന്ന്, അല്ലെങ്കിൽ നാണക്കേടുണ്ടാക്കിയിരിക്കുമെന്ന് ഞാൻ സങ്കല്പ്പിച്ചു; ഇനി അതിനെക്കുറിച്ച് നിങ്ങളുമായി സംസാരിക്കാൻ പറ്റില്ലെന്നു വച്ചുകൊണ്ട് (ആഗ്രഹം അതായിരുന്നില്ലെങ്കിലും) ഗർവത്തോടെ ഞാൻ സംസാരം അവസാനിപ്പിക്കുകയായിരുന്നു.

അന്ന് അങ്ങെനിക്കു നല്കിയ മറുപടിയെ വിലയിരുത്തുക എളുപ്പമല്ല; ഒരു വശത്തു നിന്നു നോക്കുമ്പോൾ അമ്പരപ്പിക്കുന്ന വിധത്തിലുള്ള ഒരാർജ്ജവം, ആദിമമെന്നു പറയാവുന്നത് അതിലുണ്ട്; മറ്റൊരു വശത്താകട്ടെ, അതു നല്കുന്ന സന്ദേശം ആധുനികതയുടെ ചങ്കൂറ്റമുള്ളതുമായിരുന്നു. അന്നെനിക്ക് എത്ര വയസ്സായിരുന്നുവെന്ന് ഓർമ്മ വരുന്നില്ല, എന്തായാലും പതി​‍ാറു കടക്കില്ല. അങ്ങനെയൊരു ബാലന്‌ പക്ഷേ, ആ മറുപടി വളരെ വിചിത്രമായി തോന്നിയിരിക്കണം; ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഒരു പാഠം അങ്ങയിൽ നിന്നെനിക്കു കിട്ടുന്നത് അന്നാദ്യമായിട്ടായിരുന്നു എന്ന വസ്തുത നമ്മൾ തമ്മിലുള്ള അകലത്തിന്റെ ഒരടയാളവുമായിരുന്നു. പക്ഷേ അതിന്റെ യഥാർത്ഥവിവക്ഷ-അന്നേ എനിക്കതു മനസ്സിൽ പതിഞ്ഞുവെങ്കിലും പില്ക്കാലത്തേ എനിക്കതിനെക്കുറിച്ച് പാതിബോധമെങ്കിലും ഉണ്ടാവുന്നുള്ളു- ഇതായിരുന്നു: എന്നോട് ചെയ്യാൻ അങ്ങുപദേശിക്കുന്ന കാര്യം, അങ്ങയുടെ അഭിപ്രായത്തിൽ, ആ പ്രായത്തിലുള്ള എന്റെ അഭിപ്രായത്തിലും, അത്ര മലിനമാണ്‌. ആ മാലിന്യമൊന്നും എന്റെ ദേഹം വീട്ടിലേക്കു വലിച്ചുകൊണ്ടുവരുന്നില്ല എന്നതിൽ അങ്ങു ശ്രദ്ധ വച്ചിരുന്നുവെന്നതിനു കുറഞ്ഞ പ്രാധാന്യമേയുള്ളു; സ്വയം സംരക്ഷിക്കാൻ, സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയായിരുന്നു അത്. പ്രധാനകാര്യം, സ്വയം നല്കിയ ഉപദേശത്തിൽ നിന്നു വേറിട്ടു നില്ക്കുകയായിരുന്നു അങ്ങെന്നുള്ളതാണ്‌: വിവാഹിതൻ, കറ പുരളാത്തവൻ, ഇതിനൊക്കെ ഉയരത്തിൽ നില്ക്കുന്നവൻ. വിവാഹവും അസഭ്യമായിട്ടെന്തോ ആണെന്ന വിചാരവും എനിക്കുണ്ടായിരുന്നതിനാൽ അതിനെക്കുറിച്ച് എനിക്കു കിട്ടിയ സാമാന്യജ്ഞാനം സ്വന്തം അച്ഛനമ്മമാരിൽ പ്രയോഗിച്ചുനോക്കാൻ എനിക്കസാദ്ധ്യവുമായിരുന്നു. ഇതങ്ങയെ കൂടുതൽ നിർമ്മലനാക്കി, കൂടുതൽ ഉയരത്തിൽ പ്രതിഷ്ഠിച്ചു. സ്വന്തം വിവാഹത്തിനു മുമ്പ് അങ്ങ് സ്വയം ഇങ്ങനെയൊരു ഉപദേശം നല്കിയിരിക്കുമോ എന്ന ചിന്ത പോലും എനിക്കത്രയ്ക്കചിന്ത്യമായിരുന്നു. അങ്ങനെ മണ്ണിന്റെ കറ പുരളാത്ത വിശുദ്ധനാവുകയായിരുന്നു അങ്ങ്. അങ്ങനെയുള്ള ഒരാളാണ്‌  ഒളിവില്ലാത്ത കുറച്ചു വാക്കുകൾ ഉപയോഗിച്ചുകൊണ്ട് എന്നെ ആ മാലിന്യത്തിലേക്ക്, അതാണെന്റെ ഭാഗധേയമെന്ന പോലെ, തള്ളിവിടുന്നത്. അങ്ങനെ ലോകമെന്നത് അങ്ങും ഞാനും മാത്രമടങ്ങിയതായിരുന്നതിനാൽ- അങ്ങനെയൊരു ധാരണയിൽ എനിക്ക് അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല- ഈ ലോകത്തിന്റെ നൈർമല്യം അങ്ങയോടെ തീരുകയായിരുന്നു, അങ്ങയുടെ ഉപദേശം ഹേതുവായി അതിന്റെ മാലിന്യം എന്നിൽ നിന്നു തുടങ്ങുകയും. അങ്ങെന്റെ മേൽ ഇങ്ങനെയൊരു വിധിന്യായം ഇറക്കിയെങ്കിൽ അതിനുള്ള വിശദീകരണം അതിൽ നിന്നുതന്നെ കിട്ടുകയില്ല; എനിക്കു പണ്ടേയുള്ള കുറ്റബോധവും അങ്ങയുടെ ഭാഗത്തു നിന്നുള്ള അത്രയും കടുത്ത അവജ്ഞയും കൊണ്ടേ അതു വിശദീകരിക്കാനാവൂ. അങ്ങനെ മറ്റൊന്നു കൂടി എന്റെ അന്തരാത്മാവിനെപ്പിടിച്ചുലയ്ക്കുകയായിരുന്നു- അത്ര കഠോരമായും.

No comments: