Monday, August 16, 2010

നെരൂദ-വൻകര നിനക്കു തന്നു നാരകത്തിന്റെ മുടിയിഴകൾ...



തുരുത്തുകൾ നിനക്കു തന്നു ദേവതാരമുടിയിഴകൾ,
യുഗങ്ങൾ പണിക്കുറ തീർത്തൊരുടൽ,
ദാരുക്കളുടെ കടലുകൾ പരിചയിച്ച സിരകൾ,
മാനത്തു നിന്നോർമ്മയിലേക്കിറ്റുവീണ ചോരപ്പച്ചയും.

അത്രയും വേരുകൾക്കിടയിൽ കാണാതെപോയ ഹൃദയത്തെ
ആരെനിക്കായി വീണ്ടെടുത്തു വരാൻ?
എന്റെ യാത്രയിലൊപ്പം വരാത്തൊരു നിഴൽ ജീവിക്കുന്നു
കോളു കൊണ്ട കടലിൽ പെരുകുന്ന വെയിലിന്റെ ലവണദീപ്തിയിൽ.

അതിനാലല്ലേ നീ പൊന്തിവന്നു തെക്കു നിന്നൊരു തുരുത്തു പോലെ;
അതിൽ കുടിയേറിയിരുന്നു മരങ്ങളും തൂവലുകളും.
അലയുന്ന കാടിന്റെ പരിമളവും അതിൽ ഞാനറിഞ്ഞു.

കണ്ടെടുത്തു ഞാൻ കാടുകളിൽ വച്ചറിഞ്ഞ ഗോപ്യമായ തേൻകുടം,
നിന്റെയരക്കെട്ടിൽ ഞാൻ തൊട്ടു നിഴലിന്റെ പൂവിതളുകൾ:
എന്നോടൊത്തു പിറന്നവ, എന്റെയാത്മാവുമായവ.


(പ്രണയഗീതകം-30)


No comments: