Monday, August 23, 2010

നെരൂദ-പെണ്ണിന്റെയുടൽ, വെളുത്ത കുന്നുകൾ, വെളുത്ത തുടകൾ...

File:Henri Rousseau 005.jpg
പെണ്ണിന്റെയുടൽ, വെളുത്ത കുന്നുകൾ, വെളുത്ത തുടകൾ,
വഴങ്ങിക്കിടക്കുന്ന നിന്നെക്കണ്ടാൽ മലർന്ന മണ്ണു പോലെ.
ഈ പരുക്കന്നുഴവന്റെ കൊഴു നിന്നിലാഴ്ന്നിറങ്ങുന്നു,
കൊഴുത്ത ചെളിയുടെയാഴത്തിൽ നിന്നെന്റെ മകനെ കിളച്ചെടുക്കുന്നു.
ഒറ്റയാനായിരുന്നു ഞാനൊരു തുരങ്കം പോലെ. എന്നെക്കണ്ടു പറന്നകന്നു കിളികൾ.
ഊറ്റം പെരുത്ത രാത്രി വന്നെന്നെ നേർക്കുമ്പോൾ
ഉലയിൽ നിന്നെക്കാച്ചിയെടുത്തു ഞാൻ ചെറുക്കുന്നു-
എന്റെ കണയ്ക്കൊരമ്പു പോലെ, എന്റെ കവണയ്ക്കു കല്ലു പോലെ.
പ്രതികാരത്തിന്റെ മുഹൂർത്തം പിന്നെ, പ്രണയിച്ചു ഞാൻ നിന്നെ.
തൊലിയുടെ, പായലിന്റെ, തനിപ്പാലിന്റെയുടൽ.
ഹാ, നിന്റെ മാറത്തെപ്പാനപാത്രങ്ങൾ! നോട്ടമിങ്ങല്ലാത്ത കണ്ണുകൾ!
ഹാ, ചെന്നിറമായ ഗുഹ്യപുഷ്പങ്ങൾ! നിന്റെ വിഷണ്ണമായ, ഇഴഞ്ഞ ശബ്ദം!
എന്റെ പെണ്ണിന്റെയുടലേ, നിന്റെ വശ്യതയിൽ ഉയിരു പോകാതെനില്ക്കും ഞാൻ!
എന്റെ ദാഹം! എന്റെയതിരറ്റ മോഹം! തിട്ടമില്ലാതെ ഞാൻ പോകും വഴി!
ഇരുളടഞ്ഞ ആറ്റിൻ തടങ്ങൾ: അതിലൊഴുകുന്നു നിത്യദാഹം,
ക്ഷീണമാകുന്നു പിന്നെ, അനന്തമായ വേദനയും.

(ഇരുപതു പ്രണയകവിതകൾ-1)

ചിത്രം-ഹെന്റി റുസ്സോ

3 comments:

വി.എ || V.A said...

നല്ല വിവർത്തനം.കാഫ്കയുടെ കവിത്യ്ക്കു ചെയ്തപോലെ ലളിതമായി ഇതും നല്ലതായി. വിശ്വോത്തരകവിതകൾ എല്ലാവരിലും എത്തുന്നില്ലെന്നുണ്ടോ,പൊതുവേ കവിതകൾ ?

രാമൊഴി said...

good translation!

ഒരുവൻ said...

പെണ്ണിന്റെ ഉടൽ, വെളുപ്പത്രേ മലകൾ, തുടകളും,
കീഴടങ്ങലിൽ നീയൊരു ലോകം പോലെ,
കാടൻ കർഷകന്റേതാം എന്നുടൽ നിന്നിൽ കുഴിക്കുന്നു...