Saturday, August 7, 2010

നെരൂദ- അത്രയും പ്രണയത്തിന്റെ ചെന്നിറം പുരണ്ടതാണെന്റെ ജീവിതം...




അത്രയും പ്രണയത്തിന്റെ ചെന്നിറം പുരണ്ടതാണെന്റെ ജീവിതം,
കണ്ണുപൊട്ടിയ കിളിയെപ്പോലങ്ങുമിങ്ങും ഞാനലഞ്ഞു ,
ഒടുവിലല്ലേ, എന്റെ സഖീ, നിന്റെ ജാലകം  ഞാൻ കണ്ടതും
പൊട്ടിത്തകർന്ന ഹൃദയത്തിന്റെ മന്ത്രണം നീ കേട്ടതും.

നിഴലുകൾക്കിടയിൽ നിന്നു നിന്റെ മാറിലേക്കുയർന്നു ഞാൻ:
ജീവനും ബോധവുമില്ലാതെ  ഗോതമ്പിന്റെ മേടകളിലേക്കു ഞാൻ പറന്നു ,
നിന്റെ കൈകളിൽ ജീവിതത്തിന്റെ തുടിപ്പിലേക്കു ഞാൻ കുതിച്ചു ,
കടലിൽ നിന്നു നിന്റെയാഹ്ലാദത്തിലേക്കു ചിറകടിച്ചു ഞാൻ പറന്നു .

എനിക്കു നിന്നോടുള്ള കടമിത്രയെന്നൊരാൾക്കുമറിയില്ലല്ലോ;
എനിക്കു നിന്നോടുള്ള കടം, അതു തെളിമയാണെന്റെ പ്രിയേ,
അറൗക്കേനിയയിലെ പുതുവേരു പോലെയാണെനിക്കു നിന്നോടുള്ള കടം.

എന്തു സംഴയം,  ഞാൻ നിനക്കു കടമൊരു നക്ഷത്രം പോലെ;
ഞാൻ നിനക്കു കടമൊരു മണലാരണ്യത്തിലെ കിണറു പോലെ:
കാലമതിൽ നോക്കിയിരിക്കുന്നു മാനമലയുന്ന മിന്നലിനെ.


(പ്രണയഗീതകം-64)

2 comments:

സ്മിത മീനാക്ഷി said...

നന്ദി പറയുന്നു, ഈ പരിഭാഷയുടെ പേരില്‍.

Anonymous said...

reviyettaaaaaaaaaaa

kidilan.....