മലകളിൽ വഴിപോകുന്നു നീ തെന്നലു പോലെ,
മഞ്ഞിടിഞ്ഞൊലിക്കുന്ന ചാലു പോലെ,
വെളിച്ചം വിളയുന്ന നിന്റെ മുടിയോ,
തിങ്ങിയ കാവിനുള്ളിൽ വെയിലിന്റെ പണ്ടം പോലെ.
നിന്റെയുടലിൽ വീഴുന്നു കാക്കസസ്സിന്റെയാകെവെളിച്ചം,
ഒഴിയാത്ത ചില്ലുചഷകത്തിലെന്നപോലെ,
ഒന്നു മാറ്റിയൊന്നെടുക്കുന്നു ജലമതിൽ പാട്ടും പുടവയും
പുഴയുടെ ഇളകുന്ന തെളിമയ്ക്കൊപ്പം.
മലയുടെയിടയിൽ പടപോയ പഴമ്പാതയിലൂടെ,
താഴെ കല്ലിന്റെ കൈകൾ പടുത്ത ചുമരുകൾക്കിടയിൽ
കലി കൊണ്ടു തിളങ്ങുന്നു പുഴ വാളു പോലെ.
പിന്നെ നിന്‍ കൈകളിൽ വന്നുവീഴുന്നൊരു പൂങ്കുല,
ചില നീലപ്പൂക്കളുടെ മിന്നല്പ്പിണർ,
ഒരു കിരാതഗന്ധത്തിന്റെ ഒളിയമ്പും.
(പ്രണയഗീതകം-18)
ചിത്രം-ഹെന്റി റൂസ്സോ(1885)-വിക്കിമീഡിയ
1 comment:
പുഴയുടെ ഇളകുന്ന തെളിമ
Post a Comment