Thursday, August 26, 2010

നെരൂദ-എന്റെ സാന്ധ്യാകാശത്തിൽ നീയൊരു മേഘം പോലെ...





എന്റെ സാന്ധ്യാകാശത്തിൽ നീയൊരു മേഘം പോലെ,
എന്റെ ഹിതത്തിനനുരൂപം നിന്റെ രൂപം, നിറവും.
നീയെന്റെ സ്വന്തം, നീയെന്റെ സ്വന്തം, അധരം മധുരിക്കുവോളേ,
എന്റെയൊടുങ്ങാത്ത കിനാക്കൾക്കു പ്രാണനും നിന്റെ ജീവൻ.

എന്റെ പ്രാണദീപം കുങ്കുമം പൂശുന്നു നിന്റെ കാലടികളിൽ,
എന്റെ തിക്തമദിര മധുരിക്കുന്നു നിന്റെയധരങ്ങളിൽ,
എന്റെ സാന്ധ്യഗീതം കൊയ്തെടുക്കുവോളേ,
എന്റെയേകാന്തസ്വപ്നങ്ങൾക്കത്ര വിശ്വാസം നീയെന്റെ സ്വന്തമെന്നും.

നീയെന്റെ സ്വന്തം, നീയെന്റെ സ്വന്തം- അന്തിക്കാറ്റിലലറി ഞാൻ,
എന്റെയാ വിധുരവിലാപത്തെ കാറ്റു വലിച്ചിഴച്ചോടുന്നു.
എന്റെ കണ്ണിന്റെയാഴങ്ങളിൽ നായാടാനെത്തിയോളേ,
തളം കെട്ടിയ ജലം പോലെ രാത്രിയില്‍ നിന്റെ ദൃഷ്ടികള്‍.

ഞാൻ നെയ്ത പാട്ടിന്റെ വലയിൽ നിന്നെക്കുടുക്കി ഞാൻ പ്രിയേ,
എന്റെ പാട്ടിന്റെ വലകളോ, ആകാശം പോലെ വിപുലവും.
നിന്റെ വിധുരനേത്രങ്ങളുടെ കരയിൽ എന്റെയാത്മാവു പിറവിയെടുക്കുന്നു,
നിന്റെ വിധുരനേത്രങ്ങളിൽ തുടങ്ങുന്നു സ്വപ്നങ്ങളുടെ ജന്മദേശവും.


ഈ കവിത രവീന്ദ്രനാഥടാഗോറിന്റെ “തോട്ടക്കാരൻ” എന്ന കവിതാസമാഹാരത്തിലെ “തുമി സന്ധാർ മേഘമാല...” എന്ന കവിതയുടെ പരാവർത്തനമാണ്‌.
തന്‍റെ കവിതയ്ക്ക്‌ ടാഗോറിന്‍റെ തന്നെ ഇംഗ്ലീഷ്‌ പരിഭാഷ :

You are the evening cloud floating in the sky of my dreams.
I paint you and fashion you ever with my love longings.
You are my own, my own, Dweller in my endless dreams!
Your feet are rosy-red with the glow of my heart's desire,
Gleaner of my sunset songs!
Your lips are bitter-sweet with the taste of my wine of pain.
You are my own, my own, Dweller in my lonesome dreams!
With the shadow of my passion have I darkened your eyes, Haunter
of the depth of my gaze!
I have caught you and wrapt you, my love, in the net of my music.
You are my own, my own, Dweller in my deathless dreams!

ലിങ്കുകള്‍:
നെരൂദയും ടാഗോറും
ടാഗോറും ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും

No comments: