Monday, August 2, 2010

നെരൂദ- നിന്റെയൊരടയാളം തേടി ഞാനന്യരിൽ...




നിന്റെയൊരടയാളം തേടി ഞാനന്യരിൽ,
അതിവേഗമൊഴുകുന്ന പെണ്മയുടെ പുഴയിൽ,
ഉലർന്ന മുടിയിഴകൾ, പാതി താഴ്ന്ന കണ്ണുകൾ,
കടൽനുരയിൽ തെന്നുന്ന മൃദുപദങ്ങൾ.

കണ്ടെന്നു കരുതി ഞാൻ നിന്റെ വിരൽനഖങ്ങൾ,
ദീർഘങ്ങൾ, ചഞ്ചലങ്ങൾ, ചെറിയുടെ ബന്ധുക്കൾ,
പിന്നെ,യപ്പോയതു നിന്റെ മുടിയല്ലയോ?
പുഴയിൽ നിഴലിച്ചൊരഗ്നി കണ്ടും ഭ്രമിച്ചു ഞാൻ.

നോക്കി ഞാൻ, നോക്കി ഞാനാരിലുമില്ല നിന്റെ താളം,
നിന്റെ വെട്ടം, കാടു നല്കിയ  കളിമണ്ണിന്റെ കാളിമ;
ആർക്കുമില്ല നിനക്കുള്ളത്രയും ചെറിയ കാതുകൾ.

നിറഞ്ഞവൾ, ഒതുങ്ങിയവൾ, വേറായി നില്ക്കുന്നവൾ ,
നിന്നൊപ്പമൊഴുകുന്നു ഞാൻ പെണ്മയുടെ കടൽ തേടി,
ഒരു വിശാലമിസിസിപ്പിയുടെ കാമുകനായി.

(പ്രണയഗീതകം-43)