വീടെത്തുന്നു നാം. ഇതു നമ്മുടെ കടൽ, നമ്മുടെ കൊടിയടയാളം.
മറ്റു ചുമരുകളിലലയുകയായിരുന്നിത്രനാൾ നാം;
ഒരു വാതിലും കണ്ടില്ല നാം, ഒരൊച്ചയും കേട്ടില്ല നാം;
ആളില്ലാത്ത വീടിനു മരിച്ചവരുടെ മൗനം.
ഒടുവിലിതാ, വീടു മൗനം മുറിയ്ക്കുന്നു,
അതിന്റെ പരിത്യക്തതയിൽ നാം കാലെടുത്തുവയ്ക്കുന്നു:
ചത്ത പെരുച്ചാഴികൾ, ആരോടെന്നില്ലാത്ത യാത്രാമൊഴികൾ,
കുഴലുകളിൽ തേങ്ങലടക്കുന്ന വെള്ളവും.
വീടു കരയുകയായിരുന്നു രാവും പകലും.
പാതി തുറന്നിട്ടതു കരഞ്ഞു ചിലന്തികൾക്കൊപ്പം,
കറുത്ത കണ്ണിമകൾ കൊണ്ടതു തനിയേ തല്ലുകയായിരുന്നു.
പിന്നെപ്പൊടുന്നനേ നാം അതിലേക്കു മടങ്ങുന്നു, അതിനു ജീവൻ വയ്ക്കുന്നു.
നാമതിൽ കുടിയേറുന്നു, എന്നിട്ടുമതറിയുന്നില്ല നമ്മെ.
അതു വിടരണം, വിടരാനതു മറന്നും കഴിഞ്ഞു പക്ഷേ.
(പ്രണയഗീതകം-75)
No comments:
Post a Comment