സായാഹ്നത്തിൽ ചാഞ്ഞുനിന്നെന്റെ വിഷാദത്തിന്റെ വലയെറിഞ്ഞു ഞാൻ
നിന്റെ കണ്ണിന്റെ കടൽക്കയങ്ങളിൽ.
ആളിക്കത്തുകയാണെന്റെയേകാന്തതയവിടെ
മുങ്ങിത്താഴുന്ന നാവികന്റെ പിടഞ്ഞുപിരിയുന്ന കൈകൾ പോലെ.
വിളക്കുമാടത്തിലലതല്ലുന്ന കടൽ പോലെ നിന്റെ കണ്ണുകൾ;
കാണുന്നില്ലവ പക്ഷേ ഞാനയയ്ക്കുന്ന വിപൽസൂചനകൾ.
നീ വച്ചിരിക്കുന്നതിരുട്ടു മാത്രം, അകലം കാക്കുന്ന സ്ത്രീയേ,
നിന്റെ നോട്ടത്തിൽ ചിലനേരം തെളിയുന്നു ഭീതിയുടെ പാറക്കെട്ടുകൾ.
സായാഹ്നത്തിൽ ചാഞ്ഞുനിന്നെന്റെ വിഷാദത്തിന്റെ വലയെറിഞ്ഞു ഞാൻ
നിന്റെ കണ്ണുകളിലലയ്ക്കുന്ന കടലിൽ.
പ്രണയമെരിയ്ക്കുമെന്റെയാത്മാവുപോലെരിയുന്നുദയതാരകൾ,
അവയെ കൊത്തിപ്പെറുക്കുന്നു രാക്കിളികൾ.
പാടത്തു നീലിച്ച കതിരുകൾ ചിതറിച്ചും കൊണ്ടൊരു
പെൺകുതിരപ്പുറമേറിക്കുതിയ്ക്കുന്നു രാത്രി.
ഇരുപതു പ്രണയകവിതകള്‍ –7
ചിത്രം-ജോസെഫ് ടെര്‍നേര്‍ (1831)-വിക്കിമീഡിയ
No comments:
Post a Comment