Friday, September 3, 2010

നെരൂദ-തൊലി കറുത്ത കൊലുന്ന പെണ്ണേ...

 File:Paul Gauguin 128.jpg
തൊലി കറുത്ത കൊലുന്ന പെണ്ണേ, കനികൾ രചിക്കുന്ന സൂര്യൻ,
കതിരുകൾ കൊഴുപ്പിക്കുന്ന സൂര്യൻ, കടൽപ്പായൽ തെറുക്കുന്ന സൂര്യൻ,
അവൻ മെനഞ്ഞെടുത്തു പുളയ്ക്കുന്ന നിന്റെയുടൽ, പിടയ്ക്കുന്ന കണ്ണുകൾ,
തെളിവെള്ളം പോലെ മന്ദഹസിക്കുന്ന നിന്റെ മുഖവും.
നീ കൈ വിതിർത്തുമ്പോൾ നിന്റെ കരിഞ്ചെടയിൽ മെടഞ്ഞുചേരുന്നു
ആസക്തിയുടെ കറുത്ത സൂര്യൻ.
സൂര്യനൊത്തു കൂത്താടുന്നു നീ മലഞ്ചോല പോലെ,
അവൻ നിന്റെ കണ്ണുകൾക്കു നല്കുന്നു രണ്ടു നീലക്കയങ്ങൾ.
തൊലി കറുത്ത കൊലുന്ന പെണ്ണേ, നിന്നിലേക്കടുപ്പിക്കുന്നില്ലൊന്നുമെന്നെ,
നട്ടുച്ച പോലെന്നെയകറ്റുന്നു നിന്നിലുള്ള സർവതും.
തേനീച്ചയുടെ വിഭ്രാന്തയൗവനം നീ,
കടൽത്തിരയുടെ ലഹരി, ഗോതമ്പുകതിരിന്റെ കരുത്തും.
എന്നിട്ടും നിന്നെത്തിരയുന്നു എന്റെ വിഷാദിഹൃദയം,
ഞാൻ പ്രേമിക്കുന്നു പുളയ്ക്കുന്ന നിന്റെയുടലിനെ, മെലിഞ്ഞൊഴുകുന്ന നിന്റെയൊച്ചയെ.
കറുത്ത പൂമ്പാറ്റേ, ഹൃദ്യമാണു നീ, നിയതമാണു നീ,
ഗോതമ്പുപാടം പോലെ, സൂര്യൻ പോലെ, പോപ്പിപ്പൂവും പുഴയും പോലെ.



(ഇരുപതു പ്രണയകവിതകള്‍ – 19)

ചിത്രം-നീ എവിടേയ്ക്ക് പോകുന്നു?- ഗോഗാങ്ങ്-(1893)-വിക്കിമീഡിയ

2 comments:

the man to walk with said...

എന്നിട്ടും നിന്നെത്തിരയുന്നു എന്റെ വിഷാദിഹൃദയം,
ഞാൻ പ്രേമിക്കുന്നു..

Best Wishes

Amrutha Vahini said...

വിവർത്തനങ്ങൾ സത്യസന്ധമാല്ലതാവുമ്പോൾ
എഴുതിയ ഒരു പരിഭാഷ പോലെ തോന്നുന്നു. സ്വന്തം മകളെപ്പറ്റി ഇങ്ങനെയൊക്ക എഴുതാമോ?
വായിച്ചപ്പോൾ തോന്നിയ ഒരു അഭിപ്രായം താഴെയെഴുതുന്നു

എവിടേയ്ക്ക് പോണു നീ സൂര്യ?
നിന്നസ്തമയം വീണുടഞ്ഞ
കടലിന്റെ ഹൃത്തിലേയ്ക്കോ
നിന്റെ ഹൃത്തിൽ കറുപ്പായ്,
കറുപ്പിന്റെ ചിത്രമായ്
വൃത്തമായൊഴുകും പുഴയിലേയ്ക്കോ