Tuesday, September 28, 2010

റില്‍ക്കെ-വിതാലിയുടെ പ്രഭാതം


വിതാലിയുടെ ഉറക്കം ഞെട്ടി. ഉറക്കത്തിൽ താനേതെങ്കിലും സ്വപ്നം കണ്ടിരുന്നോയെന്ന് അവനോർമ്മയുണ്ടായില്ല. പക്ഷേ ഒരു പതിഞ്ഞ മന്ത്രിക്കലാണ്‌ തന്നെ ഉണർത്തിയതെന്ന് അവനറിയാമായിരുന്നു. അവന്റെ നോട്ടം നേരെ ക്ളോക്കിലേക്കു പോയി: നാലു കഴിഞ്ഞിരിക്കുന്നു. മുറിയിലെ പാതിയിരുട്ടിലേക്ക് പിന്നെ വെളിച്ചം കയറിവന്നു. അവൻ എഴുന്നേറ്റ് ജനാലയ്ക്കടുത്തേക്കു നടന്നുചെന്നു; അവന്റെ വെളുത്ത കമ്പിളിക്കുപ്പായം ഒരു യുവസന്ന്യാസിയുടെ പരിവേഷം അവനു നല്‍കിയുമിരുന്നു. അവനു മുന്നിൽ ചെറിയ പൂന്തോപ്പ്-നിശ്ശബ്ദവും, നിർജ്ജനവുമായി. രാത്രിയിൽ മഴ പെയ്തിരിക്കണം. ഇല കൊഴിഞ്ഞ കറുത്ത മരക്കൊമ്പുകൾക്കിടയിലൂടെ ഇരുണ്ട നിലം അവന്റെ കണ്ണിൽപ്പെട്ടു; നിറഞ്ഞു കനത്തപോലെ; പിൻവാങ്ങിയ രാത്രി മാനത്തേക്കുയരുന്നതിനു പകരം നിലത്തേക്കൂർന്നിറങ്ങിയപോലെ. ആകാശം നിശ്ശൂന്യമായിരുന്നു, മേഘം മൂടി, കാറ്റിലിളകി. തന്റെ നോട്ടം ലക്ഷ്യഹീനമായി മേഘങ്ങൾക്കിടയിൽ അലയുമ്പോൾത്തന്നെ അവൻ ആ മന്ത്രിക്കൽ വീണ്ടും കേട്ടു; അകലെയിരുന്നു സൂര്യോദയം ഘോഷിക്കുന്ന വാനമ്പാടികളാണവയെന്ന് അപ്പോഴേ അവനു മനസ്സിലായുള്ളു. എവിടെയുമുണ്ടായിരുന്നു അവരുടെ ശബ്ദങ്ങൾ, അടുത്തും അകലെയും; ചൂടു പിടിച്ചുവരുന്ന വായുവിൽ അലിഞ്ഞിറങ്ങുന്നപോലെ; കാതു കൊണ്ടു കേൾക്കുകയല്ല, വന്നുതൊടുകയാണെന്നപോലെ. ശബ്ദങ്ങൾ നിറഞ്ഞ ഈ നേരത്തെ ഒരു പേരെടുത്തും വിളിക്കാനാവില്ലെന്നും, ഒരു ഘടികാരത്തിലും അതു വായിക്കാനാവില്ലെന്നും പെട്ടെന്നവനു ബോധ്യമായി. പ്രഭാതമായിട്ടില്ല, രാത്രി കഴിഞ്ഞിട്ടുമില്ല. ആ മനസ്സോടെ അവൻ ജനാലയ്ക്കു ചോടെയുള്ള പൂന്തോട്ടത്തിനടുത്തേക്കു ചെന്നു; ഇപ്പോൾ അതിന്റെ മുഖം തനിക്കു മനസ്സിലാകുന്നുണ്ടെന്ന് അവനു തോന്നി. മുമ്പ് തന്റെ ശ്രദ്ധയിൽ പെടാത്ത ഒന്ന് അവൻ കണ്ടു: മുരത്ത ചെടികളിൽ കുഞ്ഞുകിളികളുടെ വലിപ്പത്തിൽ കാത്തിരിക്കുകയാണു മൊട്ടുകൾ. പ്രതീക്ഷയും ക്ഷമയുമാണ്‌ അവിടെയെങ്ങും. മരങ്ങളും, പുതുതായെന്തിനോ ഒരുക്കിയിട്ടപോലത്തെ വട്ടത്തിലുള്ള കൊച്ചു പുൽത്തകിടികളും ആകാശത്തു നിന്ന് പകൽ ഇറങ്ങിവരാൻ കാത്തുനില്ക്കുകയാണ്‌; തെളിഞ്ഞൊരു പകൽ അവ പ്രതീക്ഷിക്കുന്നുമില്ല; പ്രകൃതിയിലെ സർവതും കൈക്കുമ്പിളുകളായി നില്ക്കെ വീണു മുറിപ്പെടാതെ മഴയ്ക്കിറങ്ങിവരാവുന്ന ഒരു ദിവസം. എത്ര ഹൃദയസ്പർശിയാണ്‌ ഈ കൊച്ചുപൂന്തോട്ടത്തിന്റെ ക്ഷമ. പക്ഷേ വിതാലി വിളിച്ചുപറഞ്ഞു: ഇതൊരു ഗോത്തിക് ജനാലയിലൂടെ നോക്കുന്നപോലെയുണ്ട്. പിന്നെയവൻ സാവധാനം തന്റെ കിടക്കയിലേക്കു തിരിച്ചുനടന്നു. വിധേയതയോടെ അവൻ ഉറക്കത്തെ ഏറ്റെടുത്തു. എന്നിട്ടും പുറത്ത് ഗംഭീരമായ ഒരു മഴ പെയ്തുതുടങ്ങുന്നതും, പിന്നെ ഇരച്ചിറങ്ങുന്നതും അവൻ കേൾക്കാതിരുന്നുമില്ല.


link to image