നിന്റെ ദുഃഖത്തിനു...
നിന്റെ ദുഃഖത്തിനു സാന്ത്വനം തേടി
വിഫലമായലയുമിന്നു നീ.
നിന്റെ മാലാഖമാർ കൊണ്ടുപൊയ്ക്കളഞ്ഞു
നീയുടുത്തിരുന്ന സ്വപ്നങ്ങൾ.
ജലധാരയൊഴുകുന്നില്ല,
വാടുകയാണുദ്യാനവും.
ശേഷിച്ചതു കണ്ണീരു മാത്രം.
നിശ്ശബ്ദത!...കരയുകയുമരുതു ഞാൻ.
ഒരു വസന്തകാലസായാഹ്നം...
ഒരു വസന്തകാലസായാഹ്നം
എന്നോടു പറഞ്ഞതിങ്ങനെ:
പൂ വിരിച്ച പാതകളാണു
ഭൂമിയിൽ നീ തേടുന്നതെങ്കിൽ
നിന്റെ വാക്കുകളുടെ വായടയ്ക്കുക,
നിന്റെ വൃദ്ധഹൃദയത്തിനു കാതുകൊടുക്കുക.
ഇതേ വെള്ളവസ്ത്രം തന്നെയാവട്ടെ,
നിന്റെ വിലാപവേഷം,
നിന്റെ ഉത്സവവേഷവും.
നിന്റെയാഹ്ളാദങ്ങളെ ലാളിയ്ക്കുക,
നിന്റെ വിഷാദങ്ങളെ ലാളിയ്ക്കുക,
പൂവിരിച്ച പാതകളാണു
ഭൂമിയിൽ നീ തേടുന്നതെങ്കിൽ.
വസന്തകാലസായാഹ്നത്തോടു
ഞാൻ പറഞ്ഞതിങ്ങനെ:
എന്റെ ഹൃദയത്തിലുള്ള രഹസ്യം തന്നെ
നീയിപ്പോൾ വെളിവാക്കിയതും:
ആഹ്ളാദത്തെ വെറുക്കുന്നു ഞാൻ
വിഷാദത്തെ വെറുപ്പായതിനാൽ.
നീ പറഞ്ഞ പൂവിരിച്ച പാതയിൽ
കാലെടുത്തു വയ്ക്കുംമുമ്പേ
നിന്നെക്കാട്ടണമെന്നുമെനിക്കുണ്ട്
എന്റെ വൃദ്ധഹൃദയത്തിന്റെ
ദാരുണമായ മരണവും.
കഴുമരങ്ങൾ
പ്രഭാതം വന്നടുക്കുകയായിരുന്നു
വിദൂരവും ദുർഭഗവുമായി.
കിഴക്കിന്റെ ചായപ്പലകയിൽ വരച്ചിട്ടിരുന്നു
ചോര ചിന്തിയ ദുരന്തങ്ങൾ
വികൃതരൂപമായ മേഘങ്ങൾ.
................
ഒരു പഴയ ഗ്രാമത്തിലെ പഴയ കവലയിൽ
ഏച്ചുകെട്ടിയ പച്ചമരത്തിന്റെ ചട്ടത്തിൽ
ഒരു കങ്കാളഭീതി വെളിവാകുന്നു...
പ്രഭാതം വന്നടുക്കുകയായിരുന്നു
വിദൂരവും ദുർഭഗവുമായി.
എന്റെ സ്വപ്നത്തിലെ...
എന്റെ സ്വപ്നത്തിലെ പിശാചായിരുന്നവൻ,
എത്രയും സുന്ദരനായൊരു മാലാഖ.
ഉരുക്കിന്റെ തിളക്കമായിരുന്നു
വിജയം ഘോഷിക്കുന്ന കണ്ണുകൾക്ക്,
എന്റെയാത്മാവിന്റെ നിലവറ തിളക്കി
അവന്റെ പന്തത്തിന്റെ ചോരച്ച നാളങ്ങൾ.
“താൻ കൂടെ വരുന്നില്ലേ?“ ”ഇല്ല, ഞാനില്ല;
ഭയമാണെനിക്ക് ശവങ്ങളെ, ശവകുടീരങ്ങളെ.“
എന്റെ വലതുകൈ കടന്നുപിടിച്ചുകഴിഞ്ഞു,
അവന്റെ ഇരുമ്പുകൈ പക്ഷേ.
” താനെന്റെകൂടെ വരും...“
ചുവന്ന വെട്ടത്തിൽ കണ്ണുമഞ്ചി
എന്റെ സ്വപ്നത്തിലൂടെ ഞാൻ നടന്നു.
പിന്നെ നിലവറയ്ക്കുള്ളിൽ ഞാൻ കേട്ടു
ചങ്ങലകളുടെ കിലുക്കം,
കൂട്ടിലടച്ച സത്വങ്ങളിളകുന്നതും.
ഗ്രാമം
സായാഹ്നമണയുന്നു
പാവപ്പെട്ടൊരടുപ്പിൽ തീ കെടുന്നപോലെ.
അവിടെ, മലകൾക്കു മേൽ
ചില കനലുകൾ ശേഷിക്കുന്നു.
വിളറിയ നിരത്തിനരികെ ഒരു തകർന്ന മരം
നിങ്ങളെ കരയിക്കാനായി.
മുറിവേറ്റ തടിയിൽ രണ്ടുമാത്രം ചില്ലകൾ,
ഓരോ ചില്ലയിലും കറുത്തുവാടിയ ഒറ്റയിലകൾ!
കരയുന്നോ നീ?...
അകലെ,പൊൻനിറമായ പോപ്ളാർമരങ്ങൾക്കിടയിൽ
നിന്നെ കാത്തിരിക്കുന്നുണ്ടല്ലോ ഒരു പ്രണയത്തിന്റെ നിഴൽ.
ഒരു കവലയും...
ഒരു കവലയും ഉരുണ്ടു ചൊടിയുള്ള പഴങ്ങളുമായി
തിളങ്ങിനില്ക്കുന്നൊരു മധുരനാരകവും.
പള്ളിക്കൂടം പൊട്ടിപ്പുറപ്പെട്ടുവരുന്നു
കൊച്ചുകുട്ടികളുടെ കലാപം,
കവലയിലെ നിഴലുകളിൽ അവർ നിറയ്ക്കുന്നു
പുതുശബ്ദങ്ങളുടെ ആരവം.
ഈ നിർജ്ജീവനഗരങ്ങളുടെ ചില കോണുകളിൽ
ധന്യമായ ബാല്യത്തിന്റെ മുഹൂർത്തങ്ങൾ!...
ഈ പഴയ തെരുവുകളിൽ വീണ്ടുമലയുന്നു
നമ്മുടെ പോയകാലത്തിൽ നിന്നു ചിലതെന്തോ!
നിന്റെ കണ്ണുകളിലൊരു...
നിന്റെ കണ്ണുകളിലൊരു നിഗൂഢതയെരിയുന്നുവല്ലോ
നാണിച്ചെന്റെയൊപ്പം പോരുന്നവളേ.
ആ കറുത്ത ചാഞ്ചല്യത്തിന്റെ കെടാത്ത നാളത്തി-
നെണ്ണ പകരുന്നതു പകയോ, പ്രണയമോ?
എന്റെയൊപ്പമുണ്ടാവും നീ,യെന്റെയുടലിനു നിഴലുള്ള കാലം,
എന്റെ ചെരിപ്പുകൾ പൂഴി താണ്ടുന്ന കാലം.
ദാഹമോ, യാത്രയിലെ ദാഹജലമോ നീ?
പറയൂ, നാണിച്ചെന്റെയൊപ്പം പോരുന്നവളേ.
No comments:
Post a Comment