അഞ്ചു കോണിപ്പടികൾ കയറിച്ചെല്ലുന്നിടത്ത് കട്ടിലിൽ കിടക്കുകയാണു ഞാൻ; യാതൊന്നും തടസ്സമാവാത്ത എന്റെ ദിവസമോ, സൂചികളില്ലാത്തൊരു ഘടികാരം പോലെ. വളരെപ്പണ്ടെന്നോ നഷ്ടമായൊരു സംഗതി ഒരു പ്രഭാതത്തിൽ അതിരുന്ന അതേ സ്ഥാനത്ത്, ആരോ അതിനെ കാത്തുസൂക്ഷിക്കുകയായിരുന്നുവെന്നപോലെ, ഒരു കേടും പറ്റാതെ, കാണാതായപ്പോഴത്തേതിനേക്കാൾ പുതുതായി പ്രത്യക്ഷമാകുന്നതുപോലെ-: അതുപോലെ, എന്റെ വിരിപ്പിൽ അവിടവിടെ വീണുകിടക്കുകയാണ് എന്റെ ബാല്യകാലാനുഭൂതികൾ, പുതിയവയെന്നപോലെ. പൊയ്പ്പോയ ഭീതികളൊക്കെ മടങ്ങിയെത്തിയിരിക്കുന്നു.
എന്റെ വിരിപ്പിന്റെ തുഞ്ചത്തെറിച്ചുനില്ക്കുന്ന ഒരു കമ്പിളിനൂൽ കടുപ്പമുള്ളതാവുമോയെന്ന, ഒരിരുമ്പാണി പോലെ കടുപ്പവും മൂർച്ചയുമുള്ളതാവുമോയെന്ന ഭീതി; ഞാൻ രാത്രിയിലിട്ട ഉടുപ്പിലെ ഈ ബട്ടൺ എന്റെ തലയെക്കാൾ വലുതാവുമോയെന്ന, അതിനെക്കാൾ വലുതും ഭാരിച്ചതുമാവുമോയെന്ന ഭീതി; എന്റെ കിടക്കയിൽ നിന്ന് ഇപ്പോൾ താഴെ വീണ ഈ റൊട്ടിക്കഷണം ഒരു കണ്ണാടിച്ചീളായി മാറി തറയിൽ ഇടിച്ചു ചിതറുമോയെന്ന ഭീതി; അങ്ങനെ വരുമ്പോൾ സർവ്വതും എന്നെന്നേക്കുമായി തകർന്നുപോകുമോയെന്ന ആധി; വക്കു ചുളുങ്ങിയ ഒരു കത്തു പൊട്ടിച്ചത് നിഷിദ്ധമായ ഒരു പ്രവൃത്തിയായോയെന്ന ഭീതി; ഈ മുറിയിൽ ഒരിടവും സുരക്ഷിതമല്ലാത്ത വിധം,ഒരാളുടെയും കണ്ണിൽ പെടാൻ പാടില്ലാത്ത വിധം, പറയാനാവാത്ത വിധം അമൂല്യമാണതെന്നപോലെ; ഉറങ്ങിപ്പോയാൽ സ്റ്റൗവിനു മുന്നിൽ കിടക്കുന്ന കല്ക്കരി ഞാനെടുത്തു വിഴുങ്ങുമോയെന്ന ഭീതി; ഒരക്കം എന്റെ തലയ്ക്കുള്ളിൽ കിടന്നു പെരുകി ഒടുവിൽ അതിനിടം പോരാതെവരുമോയെന്ന ഭീതി; കരിങ്കല്ലിൽ, നരച്ച കരിങ്കല്ലിലാണോ ഞാൻ കിടക്കുന്നതെന്ന ഭീതി; ഞാൻ വിളിച്ചുകൂവാൻ തുടങ്ങുമെന്നും, ആളുകൾ ഓടിക്കൂടി എന്റെ കതകു ചവിട്ടിപ്പൊളിക്കുമെന്നുള്ള ഭീതി; ഞാൻ എല്ലാം വെളിപ്പെടുത്തുമോയെന്ന, ഞാൻ ഭയക്കുന്നതൊക്കെ പുറത്തുപറയുമോയെന്ന ഭീതി; ഒന്നും പറയാൻ എനിക്കു കഴിയാതെവരുമോയെന്ന, പറയാനരുതാത്തതാണെല്ലാമെന്ന ഭീതിയും; - പിന്നെ മറ്റു ഭീതികൾ...ഭീതികൾ.
എന്റെ ബാല്യത്തിന്റെ വീണ്ടെടുപ്പിനായി ഞാൻ പ്രാർത്ഥിച്ചു, അതു മടങ്ങിയെത്തുകയും ചെയ്തു; ഇപ്പോൾ ഞാനറിയുന്നു, പണ്ടത്തേതുപോലെതന്നെ ദുർവഹമാണ് ഇന്നുമതെന്ന്, മുതിർന്നതു കൊണ്ട് വിശേഷിച്ചു ഫലമൊന്നുമുണ്ടായിട്ടില്ലെന്നും.
1 comment:
ഭീതി സംക്രമിപ്പിക്കുന്ന വരികൾ!
Post a Comment