ഒരു പിശാച്
പിശാചെന്ന നിലയിൽ തികഞ്ഞ പരാജയമാണവൻ. എന്തിനവവന്റെ വാലു പോലും. തുഞ്ചത്തു കറുത്ത രോമക്കൊണ്ടയുമായി നീണ്ടു മാംസളമായതല്ല, മറിച്ച്, മുയലിന്റേതു പോലെ പഞ്ഞി കണക്കെ ഒരു കുറ്റിവാല്; കണ്ടാൽ ചിരി വരും. ഇളംചുവപ്പാണ് അവന്റെ തൊലിയ്ക്ക്; ഇടതു തോൾപ്പലകയ്ക്കു താഴെയായി ഒരു സ്വർണ്ണനാണയത്തിന്റെ മുഴുപ്പിൽ ഒരടയാളമുണ്ടെന്നു മാത്രം. കൊമ്പുകളുടെ കാര്യമാണു മഹാകഷ്ടം. മറ്റു പിശാചുക്കളുടേതു പോലെ പുറത്തേക്കല്ല അവ വളരുന്നത്, തലച്ചോറിനുള്ളിലേക്കാണ്. ഇടയ്ക്കിടെ അവനു തലവേദന വരുന്നതിനു കാരണം അതുതന്നെ.
അവനൊരു വിഷാദക്കാരനാണ്. ദിവസങ്ങൾ തുടർച്ചയായി അവനുറക്കമാണ്. നന്മയോ തിന്മയോ ഒന്നും അവനെ ആകർഷിക്കാറില്ല. അവൻ തെരുവിലൂടെ നടന്നുപോവുമ്പോൾ ഇളംചുവപ്പുനിറത്തിൽ അവന്റെ ശ്വാസകോശങ്ങൾ തുടിക്കുന്നത് നിങ്ങൾക്കു വ്യക്തമായി കാണാം.
മാലാഖയല്ലാതെ മറ്റെന്തെങ്കിലും
മരണശേഷം നമ്മെ കാറ്റിന്റെ പാതകളിൽ നടക്കുന്ന വാടിയൊരു കൊച്ചു തീനാളമാക്കി മാറ്റാനാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ- നാമതു ചെറുക്കണം. വായുവിന്റെ മടിയിൽ, ഒരു മഞ്ഞ പരിവേഷത്തിന്റെ തണലിൽ, പരന്നൊട്ടിയ ഗായകസംഘങ്ങളുടെ മർമ്മരങ്ങളും ശ്രവിച്ചുള്ള നിതാന്തവിശ്രമം കൊണ്ടെന്തു ഗുണം?
പാറയിൽ, തടിയിൽ, ജലത്തിൽ, ഒരു കവാടത്തിന്റെ വിള്ളലിൽ കടന്നുകയറണം നമ്മൾ. സുതാര്യമായ പരിപൂർണ്ണതയുടെ സീല്ക്കാരത്തെക്കാൾ വെറും തറയുടെ കരകരപ്പു തന്നെ ഭേദം.
ലോകം നിശ്ചലമാകുമ്പോൾ
വളരെ ചുരുക്കമായേ ഇങ്ങനെ സംഭവിക്കാറുള്ളു. ഭൂമിയുടെ അച്ചുതണ്ട് ഒരു ചീറ്റലോടെ കറക്കം നിർത്തുന്നു. സകലതും അപ്പോൾ നിശ്ചലമാകുന്നു: കൊടുങ്കാറ്റുകൾ, കപ്പലുകൾ, താഴ്വരകളിൽ മേയുന്ന മേഘങ്ങൾ. പുൽമേട്ടിലെ കുതിരകൾ പോലും മുഴുമിക്കാത്തൊരു ചെസ്സുകളിയിലെ കരുക്കൾ പോലെ അനക്കമറ്റു നില്ക്കുന്നു.
പിന്നെ ഒരല്പനേരം കഴിഞ്ഞ് ലോകം വീണ്ടും ചലനത്തിലാവുന്നു. കടൽ വിഴുങ്ങുകയും ഛർദ്ദിക്കുകയും ചെയ്യുന്നു, താഴ്വാരങ്ങൾ നീരാവി അയയ്ക്കുന്നു, കുതിരകൾ കറുത്ത കളത്തിൽ നിന്ന് വെളുത്ത കളത്തിലേക്കു മാറുന്നു. വായുക്കൾ തമ്മിലിടിയ്ക്കുന്ന മാറ്റൊലിയും കേൾക്കാറാകുന്നു.
മേശയുടെ കാര്യത്തിൽ ശ്രദ്ധിക്കുക
മേശയുടെ മുന്നിലിരിക്കുമ്പോൾ നിങ്ങൾ ശാന്തചിത്തരായിരിക്കണം; ദിവാസ്വപ്നമൊന്നും വേണ്ട. കോളു കൊണ്ട കടലിന്റെ ഏറ്റിറക്കങ്ങൾക്ക് പ്രശാന്തവലയങ്ങളായി സ്വയം ചിട്ടപ്പെടാൻ എന്തുമാത്രം യത്നപ്പെടേണ്ടിവന്നുവെന്ന് ഒന്നോർത്തുനോക്കുക. ഒരു നിമിഷനേരത്തെ അശ്രദ്ധ മതി, ഒക്കെ വെറുതെയാവാൻ. മേശക്കാലുകളിൽ ഉരുമ്മുന്നതും വിലക്കപ്പെട്ടിരിക്കുന്നു, അത്ര മൃദുപ്രകൃതികളാണവ. മേശയ്ക്കരികിലിരുന്നു ചെയ്യുന്നതൊക്കെ മനസ്സിളക്കമില്ലാതെ, കാര്യമാത്രപ്രസക്തമായി ചെയ്യേണ്ടതാവുന്നു. ഒക്കെ മുമ്പേ കൂട്ടി തീരുമാനിച്ചുറപ്പിച്ചെങ്കിലല്ലാതെ നിങ്ങൾക്കിവിടെ ഇരുപ്പു പിടിക്കാനാവില്ല. ദിവാസ്വപ്നം കാണാനാണെങ്കിൽ തടിയിൽ ചെയ്ത ഉരുപ്പടികൾ വേറെ തന്നിട്ടുണ്ടല്ലോ: കാട്, കട്ടിൽ.
link to image
No comments:
Post a Comment