Sunday, September 5, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് -ഞങ്ങളുടെ ഭയം

ഞങ്ങളുടെ ഭയം

ഞങ്ങളുടെ ഭയം
നിശാവസ്ത്രം ധരിച്ചതല്ല
കൂമന്റെ കണ്ണുകളുള്ളതല്ല
പേടകത്തിന്റെ മൂടി തുറക്കുന്നതല്ല
മെഴുകുതിരി ഊതിക്കെടുത്തുന്നതല്ല

മരിച്ചയാളിന്റെ മുഖവും അതിനുള്ളതല്ല

ഞങ്ങളുടെ ഭയം
ഒരു കീശയിൽ നിന്നു കണ്ടെടുത്ത
ഒരു കടലാസ്സുതുണ്ടാണ്‌
‘ദ്ലൂഗാതെരുവു പൊള്ളുമെന്ന്
വോയ്ചിക്കിനോടു പറഞ്ഞേക്കൂ’

ഞങ്ങളുടെ ഭയം
കൊടുങ്കാറ്റിന്റെ ചിറകുകളിൽ പറക്കുന്നതല്ല
പള്ളിമേടയിലിരിക്കുന്നതല്ല
വെറും ലൗകികമാണത്

അതിന്റെ രൂപം
കമ്പിളിയുടുപ്പും
ഭക്ഷണവും വെള്ളവും
ആയുധങ്ങളും
തിടുക്കത്തിൽ കെട്ടിയെടുത്ത
ഒരു മാറാപ്പിന്റേത്

ഞങ്ങളുടെ ഭയം
മരിച്ചയാളിന്റെ മുഖമുള്ളതല്ല
മരിച്ചുപോയവർ ഞങ്ങളെ കഷ്ടപ്പെടുത്തുന്നില്ല
ഞങ്ങളവരെ ചുമലേറ്റിക്കൊണ്ടുപോകുന്നു
ഒരേ വിരിപ്പിൻകീഴിലുറങ്ങുന്നു
അവരുടെ കണ്ണുകൾ തിരുമ്മിയടയ്ക്കുന്നു
അവരുടെ ചുണ്ടുകൾ കൂട്ടിയടയ്ക്കുന്നു
നനവില്ലാത്ത ഒരിടം നോക്കി
അവരെ കുഴിച്ചിടുന്നു

ആഴം കൂടാതെ
ആഴം കുറയാതെയും

 

ഉരുളൻ കല്ല്

ഉരുളൻ കല്ല്
ഒരു സമ്പൂർണ്ണജീവിയാണ്‌

അതതിനോടു തുല്യം
അതിരുകൾ മാനിക്കുന്നതും

ഒരുരുളൻ കല്ലിന്റെ അർത്ഥം കൊണ്ട്
കൃത്യമായി നിറഞ്ഞത്

അതിന്റെ ഗന്ധം ഒന്നിനെയും ഓർമ്മപ്പെടുത്തുന്നില്ല
ഒന്നിനെയും വിരട്ടിയോടിക്കുന്നില്ല
ഒരു തൃഷ്ണയുമുണർത്തുന്നില്ല

അതിന്റെ തീക്ഷ്ണതയും നിർമ്മമതയും
നിഷ്പക്ഷമാണ്‌ അഭിജാതമാണ്‌

അതിനെ കൈയിലെടുക്കുമ്പോൾ
അതിന്റെ കുലീനമായ ഉടലിൽ
കൃത്രിമച്ചൂടു പടരുമ്പോൾ
എനിക്കു കടുത്ത പശ്ചാത്താപം തോന്നുന്നു

-ഉരുളൻ കല്ലുകളെ മെരുക്കുക സാദ്ധ്യമല്ല
അന്ത്യം വരെ അവ നമ്മെ നോക്കിയിരിക്കും
ശാന്തവും സ്വച്ഛവുമായ കണ്ണു വച്ച്

 

***

പുതുമ മാറാത്തതാണത്
ഇന്നത്തേതുമാകാമത്
കട്ടച്ചോര പിടിച്ചതാണത്
ഒരു കടൽമീൻ പോലെ പെരുത്തതാണത്

അയാളതിനെ കവലകൾ തോറും കൊണ്ടുപോകുന്നു
അയാളതിൽ ഉപ്പു തളിക്കുന്നു
വലിയവായിൽ അതിന്റെ മേന്മകൾ നിരത്തുന്നു

പുതുമ മാറാത്തതാണത്
ഇന്നത്തേതുമാകാമത്
നീലിച്ചുചുവന്ന ആ സിരകൾ
പ്രത്യേകിച്ചൊരർത്ഥവുമില്ലാത്തതുമാണ്‌

അവർ അടുത്തുകൂടുന്നു
വിരലുകൾ കൊണ്ടു തോണ്ടിനോക്കുന്നു
വിപ്രതിപത്തിയോടെ തല കുലുക്കുന്നു

സ്വന്തം നെഞ്ചിനോടു ചേർക്കുമ്പോൾ
അയാൾ ശരിക്കുമറിയുന്നുണ്ട്
പുതുമ മാറാത്തതാണത്
ചൂടു വിടാത്തതാണത്

പുതുമ മാറാത്തതാണത്
ഇന്നത്തേതുമാകാമത്
എന്തു വലിപ്പമാണതിന്‌

ആരു വാങ്ങാൻ ഒരു മുറിവിനെ

അക്കൽദാമ

പുരോഹിതന്മാർക്കൊരു വിഷമപ്രശ്നം
ധർമ്മശാസ്ത്രത്തിനും കണക്കെഴുത്തിനുമിടയിലുള്ളത്

യൂദാ തങ്ങളുടെ കാല്ച്ചുവട്ടിലേക്കെറിഞ്ഞ വെള്ളിനാണയങ്ങൾ
എന്തു ചെയ്യും

ആ തുക കേറ്റിയത്
ചെലവുകളുടെ കോളത്തിലായിരുന്നു
പുരാവൃത്തമെഴുത്തുകാർ അതിനെ
ഐതിഹ്യത്തിന്റെ കോളത്തിൽ കൊള്ളിക്കും

മുൻകൂട്ടിക്കാണാത്ത വരുമാനത്തിന്റെ പട്ടികയിൽ
അതിനെ പെടുത്തുക ശരിയായിരിക്കില്ല
അതിനെ ഭണ്ഡാരത്തിൽ മുതൽ കൂട്ടുക അപകടകരം
അതു വെള്ളിപ്പണത്തെ ദുഷിപ്പിക്കും

ദേവാലയത്തിലേക്കു മെഴുകുതിരിക്കാലു വാങ്ങാൻ
അതിനെ ഉപയോഗപ്പെടുത്തുക ഉചിതമായിരിക്കില്ല
പാവങ്ങൾക്കു ധർമ്മം കൊടുക്കുന്നതും

നീണ്ട കൂടിയാലോചനകൾക്കു ശേഷം അവർ തീരുമാനമെടുത്തു
ഒരു കുശവന്‍റെ പാടം വാങ്ങാമെന്ന്
തീർത്ഥാടകർക്കായി ഒരു സിമിത്തേരി
അവിടെ സ്ഥാപിക്കാമെന്ന്

ഒരു തരം മടക്കിക്കൊടുക്കൽ-
മരണത്തിനുള്ള പണം
മരണത്തിന്‌

ഈ പരിഹാരം
സന്ദർഭോചിതമായിരുന്നു
എന്നിട്ടുമെന്തുകൊണ്ടാണ്‌
ഈ സ്ഥലത്തിന്റെ പേര്‌
യുഗങ്ങളായി അന്തരീക്ഷത്തെ പിളർക്കുന്നത്
അക്കൽദാമ
അക്കൽദാമ
ഇതു രക്തനിലം

 

വീണക്കമ്പി

കൂടുകളിൽ നിഴലുകൾ
വിട്ടുപോകുന്നു കിളികൾ

നീയും വിട്ടുപോരുക
വിളക്കും ഗ്രന്ഥവുമായുധവും

കാറ്റു വിളയുന്ന കുന്നിലേക്കു
നമുക്കു പോവുക

കാട്ടിത്തരാം ഞാൻ
കാണാത്ത നക്ഷത്രത്തെ

പുല്ലു മൂടിപ്പോയ
ചെറുവേരുകളെ

മലിനപ്പെടാതെ പൊന്തുന്ന
മേഘങ്ങളുടെയുറവകളെ

നമുക്കു പാടാനായി
കാറ്റതിന്റെ നാവു തരുന്നു

നെറ്റി ചുളിച്ചിരിക്കും നാം
ഒരു വാക്കും മിണ്ടില്ല നാം

മേഘങ്ങൾക്കുണ്ടു പരിവേഷങ്ങൾ
പുണ്യവാളന്മാർക്കുള്ള പോലെ

കണ്ണുകളിരിക്കേണ്ടിടത്തു നമുക്കുണ്ട്
കരിനിറത്തിൽ ഉരുളൻകല്ലുകൾ

ഓർമ്മശക്തി മതിയാകും
ഒരു നഷ്ടത്തിന്റെ വടു മറയ്ക്കാൻ

നമ്മുടെ കുനിഞ്ഞ മുതുകുകളിലൂടെ
തേജസ്സു വന്നിറങ്ങട്ടെ

സത്യമായും സത്യമായും
ഞാൻ നിങ്ങളോടു പറയുന്നു
അത്രയുമഗാധമത്രെ
നമുക്കും വെളിച്ചത്തിനുമിടയിലെ ഗർത്തം

No comments: