Monday, September 13, 2010

റയിനർ മറിയ റിൽക്കെ - ഒരേയൊരു കവിതയ്ക്കായി

File:Pasternak-rilke.jpeg

...ഹാ, അത്ര ചെറുപ്പത്തിലേ എഴുതാനാണെങ്കിൽ എത്ര തുച്ഛമായിപ്പോകുന്നു കവിതകൾ. ഒരായുസ്സ്, കഴിയുമെങ്കിൽ ദീർഘമായൊരായുസ്സു കാത്തിരുന്ന്, വിവേകവും മാധുര്യവും സഞ്ചയിച്ചുവച്ചതിനൊടുവിൽ കൊള്ളാവുന്ന പത്തുവരി നിങ്ങൾക്കെഴുതാനായെങ്കിലായി. കവിതകൾ, ആളുകൾ കരുതുമ്പോലെ, വെറും വികാരങ്ങളല്ലല്ലോ (വികാരങ്ങൾ അത്ര നേരത്തേ നിങ്ങൾക്കു സ്വായത്തമാവുന്നുമുണ്ട്) - അനുഭവങ്ങളാണവ. ഒരേയൊരു കവിതയ്ക്കായി നിങ്ങൾ നിരവധി നഗരങ്ങൾ കാണേണ്ടിവരും, അനവധി ആളുകളെയും വസ്തുക്കളെയും; മൃഗങ്ങളുടെ ഗ്രഹിതങ്ങൾ നിങ്ങളറിയണം, കിളികൾ പറക്കുന്നതെങ്ങനെയെന്ന് ഉള്ളുകൊണ്ടു നിങ്ങളറിയണം, പുലർച്ചെ വിടരുമ്പോൾ ചെറുപൂവുകൾ കാട്ടുന്ന ചേഷ്ടയും നിങ്ങളറിഞ്ഞിരിക്കണം. അറിയാത്ത ചുറ്റുവട്ടത്തെ തെരുവുകൾ ഓർത്തെടുക്കാൻ നിങ്ങൾക്കാവണം, പ്രതീക്ഷിച്ചിരിക്കാത്ത സമാഗമങ്ങളും പണ്ടേ പ്രതീക്ഷിക്കുന്ന വേർപാടുകളും; നിഗൂഢതയുടെ ചുരുളഴിഞ്ഞുതീരാത്ത ബാല്യത്തിന്റെ നാളുകൾ, ഒരു സന്തോഷവും കൊണ്ടു വരുമ്പോൾ അതു കൈ നീട്ടിവാങ്ങാതെ (മറ്റാർക്കോ വേണ്ടിയുള്ള സന്തോഷമായിരുന്നു അത്-) നിങ്ങൾ നോവിച്ചുവിട്ട അച്ഛനമ്മമാർ; അത്രയും വിചിത്രമായി തുടങ്ങി അഗാധവും ദുഷ്കരവുമായ നിരവധി പരിണാമങ്ങളിലേക്കു പോകുന്ന ബാലാരിഷ്ടകൾ; ഒച്ചയടക്കി തടവിലെന്നപോലെ നാളുകൾ കഴിച്ച മുറികൾ; കടലോരത്തെ പ്രഭാതങ്ങൾ; പിന്നെ കടൽ, കടലുകൾ; തലയ്ക്കു മേൽ കുതിച്ചുപാഞ്ഞ, നക്ഷത്രങ്ങളെ വാരിക്കൂട്ടി പറന്നുപോയ രാത്രികളിലെ യാത്രകൾ,- ഇതൊക്കെയുമോർത്തെടുക്കാൻ കഴിഞ്ഞതുകൊണ്ടുമായില്ല. നിങ്ങൾക്കുണ്ടാവണം പ്രണയനിർഭരമായ നിരവധി രാത്രികളുടെ ഓർമ്മകൾ, ഒന്നിനൊന്നു വ്യത്യസ്തമായവ; പേറ്റുനോവെടുത്തു നിലവിളിയ്ക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള  ഓർമ്മകൾ; പിറവി കൊടുത്തുകഴിഞ്ഞു വീണ്ടുമടയുന്ന വിളർത്തുകൊലുന്ന പെൺകുട്ടികളെക്കുറിച്ചുള്ള ഓർമ്മകൾ. പക്ഷേ മരിക്കാൻ കിടക്കുന്നവർക്കരികിലും പോയിരിക്കണം നിങ്ങൾ; തുറന്നിട്ട ജനാലയും ചിതറിയ ശബ്ദങ്ങളുമുള്ള മുറിയിൽ  മരിച്ചുകിടക്കുന്നവന്റെയരികിലും നിങ്ങളുണ്ടായിരിക്കണം. ഓർമ്മകളുണ്ടായതുകൊണ്ടുമായില്ല. അത്രയധികമാവുമ്പോൾ അവയെ മറക്കാനും നിങ്ങൾക്കു കഴിയണം; അവ മടങ്ങിവരുംവരെ കാത്തിരിക്കാനുള്ള അനന്തമായ സഹനശക്തിയും നിങ്ങൾ കാണിയ്ക്കണം. ഓർമ്മകൾക്കു സ്വന്തനിലയ്ക്കു പ്രാധാന്യവുമില്ലല്ലോ. അവ നമ്മുടെ സ്വന്തം ചോരയായി, നോട്ടവും ചേഷ്ടയുമായി മാറിയതിൽപ്പിന്നെമാത്രമേ, പേരില്ലാതായി, നമ്മിൽ നിന്നു വേറിട്ടറിയാതെയായതിൽപ്പിന്നെ മാത്രമേ- അതിൽപ്പിന്നെമാത്രമേ അത്യപൂർവമായൊരു മുഹൂർത്തത്തിൽ ഒരു കവിതയുടെ ആദ്യത്തെ പദം അവയ്ക്കിടയിൽ നിന്നുയരുകയും മുന്നോട്ടുവരികയും ചെയ്യുക എന്നതുണ്ടാവുന്നുള്ളു.

 

File:Rilke Signature.gif

1 comment:

the man to walk with said...

അവ മടങ്ങിവരുംവരെ കാത്തിരിക്കാനുള്ള അനന്തമായ സഹനശക്തിയും..

Best wishes