Thursday, September 16, 2010

റാബിയ-ഒരു സൂഫിഹൃദയം



*
ഒരു കൈയിൽ പന്തമുണ്ട്,
മറുകൈയിൽ  വെള്ളവും;
ഇതുമായി ഞാൻ പോകുന്ന,
സ്വർഗ്ഗത്തിനു തീ കൊടുക്കാൻ,
നരകത്തിലെ തീ കെടുത്താനും.
മൂടുപടം വലിച്ചുകീറട്ടെ,
ഉന്നമെന്തെന്നു കാണട്ടെ,
ദൈവത്തിലേക്കുള്ള സഞ്ചാരികൾ.

*
ദൈവം നിന്നിൽ നിന്നു കവരട്ടെ,
അവനിൽ നിന്നു നിന്നെക്കവരുന്ന സർവതും.

*
എനിക്കുള്ള നേരം
ദൈവത്തെ സ്നേഹിക്കാൻ;
പിശാചിനെ വെറുക്കാൻ
എനിക്കില്ല നേരം.

*
എന്റെ ദൈവമേ,
എന്റെ പ്രാർത്ഥനയിൽ കലരുന്നു
പിശാചിന്റെ വചനങ്ങളെങ്കിൽ
അവ പെറുക്കിയെടുത്തു കളയേണമേ;
അതാവില്ല നിനക്കെങ്കിൽ
വലിച്ചെറിഞ്ഞുകളഞ്ഞേക്കൂ
എന്റെ പ്രാർത്ഥനകളപ്പാടെ,
പിശാചിന്റെ വചനങ്ങളും
പിന്നെയുള്ളതുമൊക്കെയായി.

*
നിന്നിൽ വന്നൊളിയ്ക്കട്ടെ ഞാൻ-
നിന്നിൽ നിന്നെന്റെ ശ്രദ്ധ തെറ്റിക്കുന്ന
സർവതിൽ നിന്നും,
നിന്നിലേക്കോടിയെത്തുമ്പോളെന്നെത്തടയുന്ന
സർവതിൽ നിന്നും.

*
നിന്നെ പ്രണയിക്കാനെനിക്കുണ്ടു രണ്ടു വഴികൾ:
സ്വാർത്ഥം നിറഞ്ഞ വഴിയൊന്ന്,
നിനക്കു ചേർന്നതിനിയൊന്ന്.
എന്റെ സ്വാർത്ഥപ്രണയത്തിൽ
എനിക്കോർമ്മ നിന്നെ മാത്രം,
എന്റെ മറ്റേപ്രണയത്തിൽ
മുഖപടം മാറ്റുന്നു നീ,
എന്റെ കണ്ണുകൾക്കാവോളം നുകരാൻ
നിന്റെ തേജോമുഖം കാട്ടുന്നു നീ.

*
പ്രഭോ,
ഞാനങ്ങയെ ആരാധിക്കുന്നതു നരകഭയം കൊണ്ടെങ്കിൽ
കെടാത്ത നരകത്തീയിലേക്കെന്നെയെറിയൂ,
ഞാനങ്ങയെ ആരാധിക്കുന്നതു സ്വർഗ്ഗേച്ഛ കൊണ്ടെങ്കിൽ
സ്വർഗ്ഗത്തിന്റെ വാതിലെനിക്കു കൊട്ടിയടയ്ക്കൂ.
നീയൊന്നു മാത്രമാണെന്റെയാരാധനത്തിനുന്നമെങ്കിൽ
എനിക്കു നിഷേധിക്കരുതേ, നിന്റെ നിത്യസൗന്ദര്യം.


*
പ്രഭോ, നീ-
എന്റെ ആനന്ദം
എന്റെ ദാഹം
എന്റെ ഭവനം
എന്റെ ചങ്ങാതി
എന്റെ പാഥേയം
എന്റെ യാത്രാന്ത്യം
എന്റെ പ്രത്യാശ
എന്റെ സഹയാത്രി
എന്റെ അതിമോഹം
എന്റെ തീരാനിധി.

*
എന്റെ പ്രഭോ,
ഒരു കാലത്തെത്ര മോഹിച്ചതാണു നിന്നെ ഞാൻ.
നിന്റെ വീടിന്റെ മുന്നിലൂടെ നടക്കാൻ പോലും ഞാൻ മടിച്ചു.
ഇന്നു നീയെനിക്കായി വാതിൽ തുറന്നുവയ്ക്കുമ്പോൾ
കടന്നുവരാൻ ഞാനയോഗ്യ.

*
ദൈവമേ,
നാളെ, അന്ത്യവിധിനാളിൽ
നരകത്തിലേക്കാണെന്നെ നീ വിടുന്നതെങ്കിൽ
ഞാനൊരു പരമരഹസ്യം പുറത്തുപറയും;
അതു കേട്ടോടിയൊളിയ്ക്കുമല്ലോ നരകം,
ഒരായിരം കൊല്ലത്തിനപ്പുറം.

*
ദൈവമേ,
ഈ ലോകത്തെനിക്കു നീക്കിവച്ചത്
എന്റെ ശത്രുക്കൾക്കു നല്കിയാലും,
പരലോകത്തെനിക്കായിക്കരുതിയത്
നിന്റെ ഭക്തന്മാർക്കു നല്കിയാലും.
-നീ മാത്രമായി എനിക്കെല്ലാമായി.

*
തുറക്കൂ, തുറക്കൂയെന്നു യാചിച്ചും കൊ-
ണ്ടെത്രകാലമിടിയ്ക്കും നിങ്ങൾ
തുറന്നുകിടക്കുന്ന വാതിലിൽ!

*
ഗുരുവെന്നല്ലേ,
നിങ്ങളഭിമാനിക്കുന്നു?
എങ്കിൽ പഠിക്കൂ!

*
എന്നിൽ തൃപ്തനാവൂ, പ്രിയനേ,
എന്നാൽ തൃപ്തയാവും ഞാനും.

*
എന്റെ ഹൃദയത്തിന്റെ ചുക്കാൻ പിടിക്കുന്നവനേ,
എന്റെ നെഞ്ചിലെരിയുന്ന കണ്ണേ,
നിന്നിൽ നിന്നെനിക്കൊരു മുക്തിയില്ലല്ലോ,
എന്റെ നെഞ്ചിൽ പ്രാണനുള്ള കാലം.

*
എന്റെ പ്രഭോ,
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നു,
മനുഷ്യരുടെ കണ്ണുകളടയുന്നു,
കൊട്ടാരത്തിന്റെ വാതിലടഞ്ഞു,
കാമുകരൊന്നുചേരുന്നു.
ഇവിടെ,യേകാന്തത്തിൽ
നിന്റെയൊപ്പം ഞാനും.

*
ദൈവമേ,
നിന്നെയോർമ്മയുള്ള കാലമേ
ഈ ലോകത്തെനിക്കു ജീവനുള്ളു;
നിന്റെ മുഖം കാണാതെ
എങ്ങനെ സഹിക്കും ഞാൻ പരലോകം?

*
നിന്റെ ദേശത്തൊരന്യ ഞാൻ,
നിന്റെ ഭക്തരിലേകാകിനി,
അതാണെന്റെ പരാതിയും.

*
നെഞ്ചിനും നെഞ്ചിനുമിടയിലൊന്നുമില്ല പ്രണയത്തിൽ,
വാക്കുകൾ പിറക്കുന്നതാസക്തിയിൽ നിന്നുമത്രേ.
രുചിയറിഞ്ഞതിന്റെ സത്യകഥനം:
രുചിയറിഞ്ഞവനറിയുന്നു,
വിവരിക്കുന്നവൻ പൊളി പറയുന്നു.
നിങ്ങളെ തുടച്ചുമാറ്റുന്ന ഒരു സാന്നിദ്ധ്യം:
അതിന്നതെന്നെങ്ങനെ വിവരിക്കാൻ നിങ്ങൾ?
അതിൽപ്പിന്നെയും നിങ്ങൾ ജീവിച്ചുപോവും,
ആ സാന്നിദ്ധ്യത്തിന്റെ ശേഷിപ്പായി,
ഒരു യാത്രയുടെ വടുക്കളായി.

*
ദൈവമേ,
നിന്റെ സൃഷ്ടികളൊച്ചപ്പെടുമ്പൊഴൊക്കെയും-
ഇലകളുടെ മർമ്മരം
അരുവിയുടെ കളകളം
കിളികളുടെ കലമ്പലുകൾ
നിഴലുകളുടെ ചാഞ്ചല്യം
കാറ്റിന്റെ ഹുങ്കാരം
ഇടിവെട്ടിന്റെ സംഗീതം-
ഞാൻ കേൾക്കുന്നതിങ്ങനെ:
“ഒറ്റദൈവം! അവനോടൊക്കില്ല മറ്റൊന്നും!”

*
ഞാൻ തന്നെ മതി
എന്റെ ഹൃദയത്തിനു കാവലായി.
അകത്തുള്ളതൊന്നും
പുറത്തേക്കു വിടില്ല ഞാൻ,
പുറത്തുള്ളതൊന്നും
അകത്തേക്കു കടത്തില്ല ഞാൻ.
ആരൊക്കെ വന്നുപോകട്ടെ,
കളിമണ്ണിന്റെ പുരയ്ക്കല്ല,
എന്റെ ഹൃദയത്തിനെന്റെ കാവൽ!

റാബിയ (713-801) - ഇറാക്കിലെ ബസ്രയിൽ ജീവിച്ചിരുന്ന സൂഫി സന്യാസിനി.

link to Rabia

2 comments:

വി എം രാജമോഹന്‍ said...

ഈ പെണ്ണെഴുത്ത്‌ മലയാളത്തില്‍ കൊണ്ടുവന്നതിനു പ്രത്യേക നന്ദി .

ഉരിയാടപയ്യന്‍ said...

വായിച്ചു വീടും വായിക്കണം പരിഭാഷ പോസ്റ്യത്തിനു നന്ദി