Tuesday, September 14, 2010

അന്തോണിയോ മച്ചാദോ - കവിതകള്‍


പേടിസ്വപ്നങ്ങൾ


നിഴലുകളാണു കവലയാകെ,
പകലു മായുന്നു,
ദൂരെ മണികൾ മുഴങ്ങുന്നു.

മട്ടുപ്പാവുകളിൽ, ജനാലച്ചില്ലുകളിൽ
കെട്ടണയുന്ന ഛായകൾ,
വെളുവെളുത്ത എലുമ്പുകൾ പോലെ
നിറം മങ്ങിയ തലയോട്ടികൾ പോലെ.

ഒരു പേക്കിനാവിന്റെ വെളിച്ചത്തിൽ
സായാഹ്നം മുങ്ങുന്നു.
സൂര്യനസ്തമിക്കുകയായി.
എന്റെ കാലടികൾ മാറ്റൊലിയ്ക്കുന്നു.

”താനോ? ഞാൻ തന്നെയും കാത്തുനിൽക്കുകയായിരുന്നു...“
”ഞാൻ തേടിവന്നതു തന്നെയല്ലല്ലോ.“


കുതിരകൾ, മട്ടക്കുതിരകൾ


”കുതിരകൾ, മട്ടക്കുതിരകൾ,
കൊച്ചുകൊച്ചു മരക്കുതിരകൾ“

കുട്ടിയായിരിക്കുമ്പോൾ ഞാനറിഞ്ഞു
ഉത്സവത്തിന്റെ രാത്രിയിൽ
ചെഞ്ചായം തേച്ച മരക്കുതിര മേൽ
വട്ടത്തിൽ പോകുന്നതിന്റെ ആനന്ദങ്ങൾ.

പൊടി നിറഞ്ഞ വായുവിൽ ചിതറി
റാന്തലുകളുടെ തീപ്പൊരികൾ,
അഗാധമായ നീലരാത്രിയിൽ
വിതച്ചിട്ട നക്ഷത്രങ്ങൾ.

ഒരു ചെമ്പുതുട്ടിനു കിട്ടിയിരുന്നു
ബാല്യകാലത്തിന്റെ ആഹ്ളാദങ്ങൾ.
“കുതിരകൾ, മട്ടക്കുതിരകൾ,
കൊച്ചുകൊച്ചുമരക്കുതിരകൾ.”