Tuesday, September 7, 2010

നെരൂദ-എനിക്കിഷ്ടം മൗനത്തിലായ നിന്നെ...

 File:Paul Gauguin 055.jpg

എനിക്കിഷ്ടം മൗനത്തിലായ നിന്നെ;
ഇങ്ങില്ല നീയെന്നപോലെ,
നീ വിളി കേൾക്കുന്നില്ലെന്നപോലെ,
എന്റെയൊച്ച നിന്നെത്തൊടുന്നില്ലെന്നപോലെ,
നിന്റെ കണ്ണുകളെങ്ങോ പറന്നുമറഞ്ഞപോലെ,
ഒരു ചുംബനം നിന്റെ ചുണ്ടുകൾ മുദ്ര വച്ചപോലെ.

സർവ്വതിലുമെന്റയാത്മാവു നിറയുമ്പോൾ
അവയിൽ നിന്നുത്ഭൂതയാവുന്നു നീ,
സ്വപ്നത്തിലെ പൂമ്പാറ്റേ, നീയെന്റെയാത്മാവു പോലെ,
വിഷാദം എന്ന വാക്കു പോലെ.

എനിക്കിഷ്ടം മൗനത്തിലായ നിന്നെ,
വിദൂരസ്ഥയായ നിന്നെ,
കേട്ടുവോ ഞാൻ നിന്റെ വിലാപം,
പ്രാവിനെപ്പോലെ കൂജനം ചെയ്യുന്ന പൂമ്പാറ്റേ?
അത്രയുമകലത്താണു നീ,
നിന്നെയെത്തിപ്പിടിക്കില്ലെന്റെ ശബ്ദം,
നിന്റെ മൗനത്തിനൊപ്പം മൗനിയാകട്ടെ ഞാനും.
മൗനത്തിലായ നിന്നോടൊന്നു മിണ്ടട്ടെയോ ഞാൻ?

ദീപം പോലെ ദീപ്തമാണു നിന്റെ മൗനം,
മോതിരം പോലെ ലളിതവും.
രാവു കണക്കെ നീ, നീരവം, താരാവൃതം,
താരകളുടേതാണു നിന്റെ മൗനം, സരളം, വിദൂരസ്ഥം.

എനിക്കിഷ്ടം മൗനത്തിലായ നിന്നെ,
ഇങ്ങില്ല നീയെന്നുതോന്നും.
മരിച്ചപോൽ വിദൂരസ്ഥ നീ, വിഷാദിയും.
ഒരു വാക്കു മതി, ഒരു പുഞ്ചിരി മതി പിന്നെ,
സന്തുഷ്ടനാവും ഞാൻ,
അതു നേരല്ലെന്ന സന്തോഷത്താൽ.


(ഇരുപതു പ്രണയകവിതകള്‍ – 15)


ചിത്രം-ഗോഗാന്‍ –1886-(വിക്കിമീഡിയ)


No comments: