ചക്രവർത്തി
ഒരിക്കൽ ഒരിടത്തൊരു ചക്രവർത്തിയുണ്ടായിരുന്നു. അദ്ദേഹത്തിനു മഞ്ഞിച്ച കണ്ണുകളും ഇരപിടിയൻ വായയുമുണ്ടായിരുന്നു. പ്രതിമകളും പോലീസുകാരും നിറഞ്ഞ കൊട്ടാരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാസം. ഒറ്റയ്ക്കും. രാത്രിയിൽ അദ്ദേഹം ഞെട്ടിയുണർന്നു നിലവിളിയ്ക്കും. ആർക്കും അദ്ദേഹത്തിനെ ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തിനേറെയിഷ്ടം നായാട്ടും ഭീകരതയുമായിരുന്നു. എന്നാലും അദ്ദേഹം പൂക്കളും കുഞ്ഞുങ്ങളുമൊപ്പം ഫോട്ടോയെടുക്കാൻ നിന്നുകൊടുക്കുമായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങൾ എടുത്തുമാറ്റാൻ ആർക്കും ധൈര്യം വന്നില്ല. ഒന്നു നോക്കൂ, നിങ്ങളുടെ വീട്ടിൽ അദ്ദേഹത്തിന്റെ പൊയ്മുഖം കണ്ടുവെന്നു വരാം.
ആന
ആനകൾ വാസ്തവത്തിൽ വളരെ ലോലമനസ്ക്കരും പരിഭ്രമക്കാരുമത്രെ. കാടു കയറുന്നൊരു ഭാവനാശേഷിയുള്ളതു കാരണം ചിലനേരത്തേക്കെങ്കിലും സ്വന്തം രൂപം മറന്നുകളയാൻ അവർക്കു കഴിയുന്നു. വെള്ളത്തിലിറങ്ങുമ്പോൾ അവർ കണ്ണുകൾ പൂട്ടിക്കളയുന്നു. സ്വന്തം കാലുകൾ കണ്ണിൽപ്പെടുമ്പോൾ അവർ മനം നൊന്തു കരയുകയും ചെയ്യുന്നു.
എന്റെ പരിചയത്തിലുള്ള ഒരാന ഒരു കുരുവിയുമായി പ്രണയത്തിലായി. അവനു ഭാരം കുറഞ്ഞു, ഉറക്കം പോയി, ഒടുവിൽ അവൻ ഹൃദയം പൊട്ടി ചാവുകയും ചെയ്തു. ആനകളുടെ പ്രകൃതമറിയാത്തവർ പറഞ്ഞു, അവനു പൊണ്ണത്തടിയായിരുന്നുവെന്ന്.
അലമാരയ്ക്കുള്ളിൽ
ഞാനെന്നും സംശയിച്ചിരുന്നു നഗരമെന്നത് ഒരു തട്ടിപ്പാണെന്ന്. പക്ഷേ ആ വഞ്ചനയുടെ തനിസ്വഭാവം ഞാൻ അറിയുന്നത് വസന്തകാലത്തിന്റെ തുടക്കത്തിൽ കഞ്ഞിപ്പശ മണക്കുന്നതും മൂടൽമഞ്ഞിറങ്ങിയതുമായ ഒരു സന്ധ്യനേരത്തു മാത്രമായിരുന്നു. ഒരലമാരക്കുള്ളിലാണു നമ്മുടെ വാസം, വിസ്മൃതിയുടെ പാതാളത്തിൽ, പൊട്ടിയ കഴകൾക്കും അടച്ച പെട്ടികൾക്കുമിടയിൽ. തവിട്ടുനിറത്തിൽ ആറു ചുമരുകൾ, തലയ്ക്കു മേൽ മേഘങ്ങളായി കാലുറകൾ, ഭദ്രാസനപ്പള്ളിയെന്ന് അടുത്തകാലം വരെ നാം ധരിച്ചിരുന്നത് വാസ്തവത്തിൽ ഉള്ളിലുള്ളതാവിയായിപ്പോയ കറുത്തൊരു വാസനത്തൈലക്കുപ്പിയും.
ഹാ, കഷ്ടരാത്രികളിൽ നമ്മുടെ പ്രാർത്ഥനകൾക്കു പാത്രമാകുന്ന വാൽനക്ഷത്രം, ഒരു നിശാശലഭം.
ചന്ദ്രൻ
ചന്ദ്രനെക്കുറിച്ചു നിങ്ങൾക്കു കവിതയെഴുതാൻ കഴിയുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാകുന്നില്ല. വീർത്തുന്തിയതും മടിപിടിച്ചതുമാണത്. അതു ചിമ്മിനികളുടെ മൂക്കിനു പിടിയ്ക്കുന്നു. അതിഷടപ്പെട്ടു ചെയ്യുന്ന പ്രവൃത്തിയാവട്ടെ, കട്ടിലിനടിയിൽ നുഴഞ്ഞുകയറി നിങ്ങളുടെ ചെരിപ്പു മണക്കുക എന്നതും.
മതിൽ
മതിലിൽ ചാരി ഞങ്ങൾ നില്ക്കുന്നു. ഞങ്ങളുടെ യൗവനം ഞങ്ങളിൽ നിന്നെടുത്തിരിക്കുന്നു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവന്റെ കുപ്പായം പോലെ. തടിയൻ വെടിയുണ്ട ഞങ്ങളുടെ കഴുത്തുകളിൽ സ്ഥാനം പിടിയ്ക്കുന്നതിനു മുമ്പ് ഇരുപതോ മുപ്പതോ കൊല്ലം കടന്നുപോകും. മതിൽ ഉയർന്നതും ബലത്തതുമാണ്. മതിലിനു പിന്നിൽ ഒരു മരവും ഒരു നക്ഷത്രവുമുണ്ട്. വേരുകൾ കൊണ്ടു മതിൽ പൊന്തിയ്ക്കുകയാണു മരം. എലിയെപ്പോലെ മതിൽ കരളുകയാണു നക്ഷത്രം. ഒരു നൂറുകൊല്ലം, ഇരുന്നൂറുകൊല്ലം കഴിഞ്ഞാൽ ഒരു കിളിവാതിൽ ഉണ്ടായെന്നുവരാം.
കാറ്റും പനിനീർപ്പൂവും
ഒരുദ്യാനത്തിൽ ഒരു പനിനീപ്പൂവു വളർന്നിരുന്നു. ഒരു കാറ്റിന് അവളോടു പ്രേമമായി. തീര്‍ത്തും വ്യത്യസ്തരായിരുന്നു അവർ; അവൻ-ലോലവും തെളിഞ്ഞതും; അവൾ- ഇളകാത്തതും ചോര പോലെ കനത്തതും.
അതാ വരുന്നു, മരത്തിന്റെ മെതിയടിയുമിട്ടൊരു മനുഷ്യൻ; അയാൾ പൊണ്ണൻ കൈ കൊണ്ട് പനീർപ്പൂവു പറിച്ചെടുക്കുന്നു. കാറ്റയാളുടെ പിന്നാലെ കുതിച്ചുചെന്നു; പക്ഷേ അയാൾ അവന്റെ മുഖത്തേക്ക് വാതിൽ കൊട്ടിയടച്ചുകളഞ്ഞു.
-ഹാ, ഞാനൊരു കല്ലായെങ്കിൽ- ആ ഭാഗ്യഹീനൻ തേങ്ങിക്കരഞ്ഞു- ലോകമാകെച്ചുറ്റാനെനിക്കായിരുന്നു, ആണ്ടുകൾ പിരിഞ്ഞുനില്ക്കാനെനിക്കായിരുന്നു, എന്നിട്ടും എനിക്കറിയാമായിരുന്നു എന്നുമെന്നും അവളെന്നെ കാത്തുനില്ക്കുമെന്നും.
കാറ്റിനു ബോധ്യമായി, യാതന അനുഭവിക്കാൻ വിശ്വസ്തനാവേണ്ടിവരുമെന്ന്.
ചിത്രം- ഹെര്‍ബെര്‍ട്ട് സഹോദരങ്ങള്‍ക്കൊപ്പം (വിക്കിമീഡിയ)
No comments:
Post a Comment