Tuesday, September 7, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-17

 

File:Franz Kafka - Brief an den Vater - Cover Christian Mantey - Berlin 2009 vs .jpg

 

അങ്ങയോടുള്ള ഭയത്തിനു കാരണമായി ഞാൻ നിരത്തിയ ന്യായങ്ങൾ പരിശോധിച്ചിട്ട് അങ്ങയുടെ മറുപടി ഇതായിരിക്കാം: ‘ഞാനും നീയും തമ്മിലുള്ള ബന്ധം ഈ വിധമായതിന്റെ പഴി നിനക്കാണെന്നു സമർത്ഥിച്ചിട്ട് സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞുമാറുകയാണു ഞാനെന്നായിരിക്കും നിന്റെ മനസ്സിലിരുപ്പ്. പക്ഷേ എന്റെ വിശ്വാസം അങ്ങനെയല്ല; പുറമേ നീയെന്തൊക്കെ കാണിച്ചാലും നീയും സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നൊഴിഞ്ഞുമാറുകയാണ്‌; എന്നു തന്നെയല്ല, സംഗതികൾ നീ നിനക്കനുകൂലമായി മാറ്റുകയും ചെയ്യുകയാണ്‌. ഒന്നാമതായി താൻ തെറ്റുകാരനല്ലെന്നും, തനിക്കൊരു ചുമതലയില്ലെന്നും പറഞ്ഞൊഴിയുകയാണു നീ- അക്കാര്യത്തിൽ നമ്മുടെ പോക്ക് ഒരേ വഴിയിലൂടെ തന്നെ. എന്നിട്ടു പക്ഷേ, ഞാൻ എല്ലാ കുറ്റവും എന്റെ മനസ്സിലുള്ളപോലെ തുറന്ന രീതിയിൽ നിന്റെ മേൽ ചുമത്തുമ്പോൾ നീയാകട്ടെ, ‘വലിയ മിടുക്കനും’ ‘വലിയ ദയാലു’വും ചമഞ്ഞ് സകല പിഴകളിൽ നിന്നും ഒഴിവാക്കുകയാണെന്നെ. ശരി തന്നെ, നിനക്കതിൽ വലിയ വിജയം കണ്ടെത്താനും കഴിയുന്നില്ല( അതിലധികം നീ പ്രതീക്ഷിക്കുന്നുമില്ല, ഉവ്വോ?); സ്വഭാവത്തെയും വൈരുദ്ധ്യങ്ങളെയും നിസ്സഹായതയെയും കുറിച്ചുള്ള നിന്റെ സുന്ദരപ്രയോഗങ്ങളൊക്കെയിരിക്കെത്തന്നെ വരികൾക്കിടയിൽ തെളിഞ്ഞു വരുന്നത് അക്രമി ഞാനായിരുന്നുവെന്നും, നീ ചെയ്തതൊക്കെ സ്വരക്ഷയ്ക്കുള്ളതു മാത്രമായിരുന്നുവെന്നുമാണ്‌. അങ്ങനെ സ്വന്തം ആത്മവഞ്ചനയിലൂടെ സ്വയം തൃപ്തനാവാൻ വേണ്ടത് നീ നേടിക്കഴിഞ്ഞുകാണും; കാരണം നീ മൂന്നു കാര്യങ്ങൾ തെളിയിച്ചു കഴിഞ്ഞല്ലോ: ഒന്നാമതായി നീ നിരപരാധിയാണെന്ന്, രണ്ടാമത് ഞാനാണു കുറ്റക്കാരനെന്ന്, മൂന്നാമതാകട്ടെ, ശുദ്ധമായ ഹൃദയവിശാലതയോടെ എനിക്കു മാപ്പു തരാൻ തല്പരനാണു താനെന്നുമാത്രമല്ല, അതിനുമുപരി ഞാൻ നിരപരാധിയാണെന്ന്, സത്യത്തിനു നിരക്കുന്നതല്ല അതെങ്കിൽക്കൂടി, തെളിയിക്കാനും, സ്വയം വിശ്വസിപ്പിക്കാനും കൂടി തനിക്കു മടിയില്ലെന്നും. അത്രയും കൊണ്ടു തന്നെ നീ തൃപ്തനാവേണ്ടതാണ്‌, പക്ഷേ നിനക്കതു പോരാ. അവസാനത്തെ തുള്ളി വരെ എന്നെ ഊറ്റിയെടുത്തു ജീവിക്കാനാണ്‌ നിന്റെ പുറപ്പാട്. നമ്മൾ തമ്മിൽ യുദ്ധത്തിലാണെന്ന കാര്യം ഞാൻ സമ്മതിച്ചു; പക്ഷേ യുദ്ധങ്ങൾ രണ്ടു തരമാണ്‌. വീരോചിതമായ യുദ്ധത്തിൽ സ്വതന്ത്രരായ രണ്ടു പ്രതിയോഗികൾ അന്യോന്യം ബലം പരീക്ഷിക്കുകയാണ്‌; അവർ സ്വന്തം നിലയ്ക്കു നില്ക്കുന്നു, സ്വന്തം നിലയ്ക്കു തോല്ക്കുന്നു, സ്വന്തം നിലയ്ക്കു ജയിക്കുന്നു. പിന്നെ കീടങ്ങളുടെ യുദ്ധമുണ്ട്; അവ കടിയ്ക്കുക മാത്രമല്ല, സ്വന്തം ജീവൻ നിലനിർത്താൻ ചോരയൂറ്റിക്കുടിക്കുകയും ചെയ്യും. അതാണു യുദ്ധം തൊഴിലാക്കിയവന്റെ രീതി; നീയും അതു തന്നെ. ജീവിക്കാൻ യോഗ്യനല്ല നീ; പക്ഷേ അങ്ങനെയൊരവസ്ഥയിലും ഒരുവിധ മനശ്ശല്യമോ ആത്മനിന്ദയോ കൂടാതെ സുഖജീവിതം കഴിക്കാനായി നീ തെളിയിക്കുകയാണ്‌, ജീവിക്കാൻ വേണ്ടുന്ന യോഗ്യതയൊക്കെ നിനക്കുണ്ടായിരുന്നുവെന്നും ഞാനതു കവർന്നെടുത്ത്സ്വന്തം കീശയിലാക്കിയിരിക്കുകയാണെന്നും. ജീവിക്കാൻ യോഗ്യനല്ലെങ്കിൽ നിനക്കിനിയെന്തു പേടിക്കാൻ- ഉത്തരവാദി ഞാനല്ലേ. നിനക്കു സുഖമായി മലർന്നു കിടന്നാൽ മതി; ശാരീരികവും മാനസികവുമായി നിന്നെ ജീവിതത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകേണ്ട ചുമതല എനിക്കു വിട്ടുതന്നിരിക്കുകയാണല്ലോ. ഒരുദാഹരണം: വിവാഹം കഴിക്കണമെന്ന് അടുത്തകാലത്ത് നിനക്കൊരാഗ്രഹമുണ്ടായി; അതേസമയം തന്നെ-അതു നീ ഈ കത്തിൽ സമ്മതിക്കുന്നുമുണ്ടല്ലോ- വിവാഹം കഴിക്കണമെന്നും നിനക്കില്ല. പക്ഷേ, ഇക്കാര്യത്തിൽ നീ മുന്നിട്ടിറങ്ങാതെ ഇങ്ങനെയൊരു ബന്ധം കൊണ്ട് എന്റെ സല്പ്പേരിനുണ്ടാകാവുന്ന കളങ്കം ചൂണ്ടിക്കാട്ടി ഞാനതിനെ വിലക്കണമെന്നൊരു സഹായം എന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നായിരുന്നു നിന്റെ ആഗ്രഹം. പക്ഷേ അങ്ങനെയൊന്ന് എന്റെ സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല. ഒന്നാമതായി ‘നിന്റെ സന്തോഷത്തിനൊരു വിലങ്ങുതടി’യാവാൻ എനിക്കാഗ്രഹമുണ്ടായിരുന്നില്ല, മറ്റെന്തിലുമെന്നപോലെ ഇതിലും; രണ്ടാമതായി, സ്വന്തം മകനിൽ നിന്ന് ഇങ്ങനെയൊരു ആരോപണം കേൾക്കാൻ എനിക്കൊട്ടുമാഗ്രഹമില്ല. അതേസമയം സ്വന്തം വികാരങ്ങളെയൊന്നും പുറത്തു കാണിക്കാതെ വിവാഹത്തിന്റെ കാര്യം നിനക്കുതന്നെ വിട്ടുതന്നിട്ടും എന്തെങ്കിലും ഗുണമുണ്ടായോ? യാതൊന്നുമുണ്ടായില്ല. ആ വിവാഹത്തിനോടുള്ള എന്റെ ഇഷ്ടക്കേട് അതു നടത്താൻ ഒരു തടസ്സമാകുമായിരുന്നില്ല- മറിച്ച് ആ പെണ്ണിനെത്തന്നെ വിവാഹം ചെയ്യാൻ നിനക്കതൊരു അധികപ്രേരണയാവുകയേ ചെയ്യൂ; അങ്ങനെയാവുമ്പോൾ നിന്റെ ‘രക്ഷപ്പെടാനുള്ള ശ്രമം’ (അങ്ങനെയാണല്ലോ നീ പറയുക) പൂർണ്ണവുമായി. ഇനി, വിവാഹം കഴിക്കാൻ ഞാൻ സമ്മതം തന്നാൽക്കൂടി അതുകൊണ്ട് നിന്റെ കുറ്റപ്പെടുത്തൽ അവസാനിക്കുകയുമില്ല; താൻ വിവാഹം കഴിക്കാതിരിക്കാൻ ആകെയുള്ള കാരണം ഞാനാണെന്ന് നീ സമർത്ഥിച്ചുകഴിഞ്ഞിരിക്കുകയാണല്ലോ. ആത്യന്തികമായി നോക്കിയാൽ മറ്റെന്തിലുമെന്നപോലെ ഇക്കാര്യത്തിലും നീ എനിക്കു തെളിവു നല്കിക്കഴിഞ്ഞു, എന്റെ ആരോപണങ്ങൾ ഓരോന്നും ന്യായമുള്ളതായിരുന്നുവെന്ന്, അക്കൂട്ടത്തിൽ പ്രത്യേകിച്ചും ന്യായീകരണമുള്ള ഒരാരോപണം കാണാനില്ലെന്ന്, അതായത് ആത്മവഞ്ചന, കപടവിനയം, അന്യന്റെ ചോരയൂറ്റിക്കുടിക്കൽ എന്നിവയ്ക്കുള്ള നിന്റെ മിടുക്ക്. എനിക്കധികം തെറ്റു പറ്റിയിട്ടില്ലെങ്കിൽ നിന്റെ ഈ കത്തിലൂടെ നീ ഈ നിമിഷവും എന്റെ ചോരയൂറ്റിക്കുടിക്കുകയാണ്‌.‘

ഇതിനെന്റെ മറുപടി, ഈ എതിർവാദം, ഇതു ഭാഗികമായി അങ്ങയ്ക്കെതിരെയും തിരിയ്ക്കാവുന്നതേയുള്ളു, രൂപമെടുക്കുന്നത് അങ്ങയിലല്ല, വാസ്തവത്തിൽ എന്നിലാണെന്നായിരിക്കും. മറ്റാരെക്കുറിച്ചെങ്കിലുമുള്ള അങ്ങയുടെ അവിശ്വാസം എനിക്ക് എന്നിൽത്തന്നെയുള്ള അവിശ്വാസത്തോളം വരികയില്ല; അങ്ങാണല്ലോ അതെന്നിൽ കടത്തിവിട്ടത്. അങ്ങയുടെ എതിർവാദത്തിന്‌ ഒരുതരത്തിലുള്ള ന്യായീകരണമുണ്ടെന്നതു ഞാൻ നിഷേധിക്കുന്നില്ല; നമ്മൾ തമ്മിലുള്ള ബന്ധത്തിന്‌ അതു പുതിയൊരു സ്വഭാവം കൂടി നല്കുകയാണല്ലോ. സ്വാഭാവികമായും, തെളിവുകൾ എന്റെ കത്തിൽ കൃത്യമായി ഇണങ്ങിച്ചേരുന്നതുപോലെ യഥാർത്ഥജീവിതത്തിലും സംഭവിക്കണമെന്നില്ല; ജീവിതമെന്നത ഒരു ചൈനീസ് പ്രഹേളികയൊന്നുമല്ലല്ലോ. എന്നാൽക്കൂടി ഈയൊരെതിർവാദത്തിൽ നിന്നു ജനിക്കുന്ന ഒരു നീക്കുപോക്കു വഴി- അതിന്റെ വിശദാംശങ്ങൾ വിവരിക്കാനുള്ള കഴിവെനിക്കില്ല, അതിനെനിക്കാഗ്രഹവുമില്ല- എന്റെ അഭിപ്രായത്തിൽ സത്യത്തോടു കുറച്ചുകൂടി അടുത്തുവരുന്ന ചിലതു നമുക്കു നേടാനായെന്നുവരാം; അതുവഴി നമുക്കല്പം മനശ്ശാന്തി ലഭിച്ചുവെന്നും വരാം, നമ്മുടെ ജീവിതവും നമ്മുടെ മരണവും അല്പം കൂടി ക്ളേശരഹിതമായെന്നും വരാം.

ഫ്രാൻസ്

 

No comments: