Monday, September 6, 2010

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് –ഗദ്യകവിതകള്‍ - 3

File:Fox and Sick Lion.jpg
ചാരുകസേരകൾ
ഊഷ്മളമായ ഒരു കഴുത്ത് ഒരു കസേരക്കൈയാകുമെന്ന് ആരോർത്തു? ആനന്ദത്തിനും പലായനത്തിനും വ്യഗ്രത പൂണ്ട കാലുകൾ വെറും നാലു പൊയ്ക്കാലുകളായി വെറുങ്ങലിക്കുമെന്നും? ചാരുകസേരകൾ പണ്ടൊരു കാലത്ത് പൂവു തിന്നു ജീവിക്കുന്ന കുലീനജന്തുക്കളായിരുന്നു. എന്നിട്ടുമവർ വളരെപ്പെട്ടെന്നു മെരുങ്ങിക്കൊടുത്തു; ഇന്ന് നാൽക്കാലികളിൽ വച്ചേറ്റവും നികൃഷ്ടരാണവർ. അവരുടെ മനസ്സുറപ്പും ധൈര്യവുമൊക്കെ നഷ്ടമായിരിക്കുന്നു. ഇന്നവർ തീരെ സാധുക്കൾ. അവർ ആരെയും ചവിട്ടിമെതിച്ചിട്ടില്ല, ആരുടെയെങ്കിലുമൊപ്പം കുതിച്ചുപാഞ്ഞിട്ടുമില്ല. പാഴായിപ്പോയ ഒരു ജീവിതത്തെക്കുറിച്ച് തികച്ചും ബോധവാന്മാരാണവരെന്നതും തീർച്ച.
ചാരുകസേരകളുടെ നൈരാശ്യം അവയുടെ ഞരക്കത്തിൽ വെളിപ്പെടുന്നു.

വയലിൻ
നഗ്നയാണു   വയലിൻ. ആകെച്ചടച്ചതാണതിന്റെ  കൊച്ചുകൈകൾ. ആ കൈകൾ കൊണ്ടു സ്വയം മറയ്ക്കാൻ പണിപ്പെടുകയാണത്. നാണക്കേടും തണുപ്പും കൊണ്ടു തേങ്ങുകയാണത്, അതാണു കാര്യം. അല്ലാതെ, സംഗീതനിരൂപകർ പറയുമ്പോലെ ചന്തം കൂട്ടാൻ നോക്കുകയല്ലത്. അതു സത്യമേയല്ല.

വസ്തുക്കൾ
അചേതനവസ്തുക്കൾക്ക് ഒരിക്കലും പിഴയ്ക്കാറില്ല; നിർഭാഗ്യമെന്നു പറയണം, ഒന്നിന്റെ പേരിലും നമുക്കവയെ പഴിക്കാനും പറ്റില്ല. കസേര ഒരു കാലിൽ നിന്നു മറ്റൊരു കാലിലേക്കു മാറുന്നതോ, കട്ടിൽ പിൻകാലുകളിൽ എഴുന്നേറ്റു നില്ക്കുന്നതോ ഇന്നേവരെ എനിക്കു കാണാനിടവന്നിട്ടില്ല. മേശകളാണെങ്കിൽ, തളർന്നാൽപ്പോലും മുട്ടു മടക്കാൻ തുനിയാറില്ല. വസ്തുക്കൾ ഇങ്ങനെ ചെയ്യുന്നത് പ്രബോധനപരമായ കാരണങ്ങൾ കൊണ്ടാണോയെന്നാണ്‌ എന്റെ സംശയം: നമ്മുടെ സ്ഥിരതയില്ലായ്മയ്ക്ക് നമ്മെ നിരന്തരം കുറ്റപ്പെടുത്താൻ.

ചെന്നായയും ആട്ടിൻകുട്ടിയും
കിട്ടിപ്പോയി- എന്നു പറഞ്ഞുകൊണ്ട് ചെന്നായ കോട്ടുവായിട്ടു. ആട്ടിൻകുട്ടി കണ്ണീരു തുളുമ്പുന്ന കണ്ണുകൾ ചെന്നായയുടെ നേർക്കു തിരിച്ചു- അങ്ങയ്ക്ക് എന്നെ തിന്നാതെ പറ്റില്ലേ? വേറെ വഴിയൊന്നുമില്ലേ?
-കഷ്ടമേ, ഞാനതു ചെയ്യാതെ പറ്റില്ല. എല്ലാ യക്ഷിക്കഥകളുടെയും പോക്കിങ്ങനെയല്ലേ: ഒരിക്കൽ ഒരാട്ടിൻകുട്ടി അമ്മയിൽ നിന്നു കൂട്ടം പിരിഞ്ഞുപോയി. കാട്ടിൽ വച്ച് അതൊരു ക്രൂരനായ ചെന്നായയെ കണ്ടുമുട്ടി...
-ക്ഷമിക്കണേ, ഇതു കാടൊന്നുമല്ല, എന്റെ ഉടമസ്ഥന്റെ വീട്ടുവളപ്പാണ്‌. ഞാൻ അമ്മയിൽ നിന്നു പിരിഞ്ഞുവന്നതുമല്ല. ഞാൻ അനാഥയാണ്‌. എന്റെ അമ്മയെയും ചെന്നായ തിന്നുകയായിരുന്നു.
-അതൊന്നും കാര്യമാക്കാനില്ല. നിന്റെ മരണശേഷം ഉദ്ബുദ്ധസാഹിത്യമെഴുതുന്നവർ നിന്റെ കാര്യം നോക്കിക്കോളും. കഥയുടെ ചട്ടക്കൂടും ഉദ്ദേശ്യവും ഗുണപാഠവുമൊക്കെ അവർ രൂപപ്പെടുത്തും. എന്നെ അധികം ഞെരുക്കരുതേ. ക്രൂരനായ ചെന്നായയാവുക എന്നത് എന്തുമാത്രം ബാലിശമാണെന്നു നിനക്കറിയാത്തതുകൊണ്ടാണ്‌.. ആ ഈസോപ്പില്ലായിരുന്നെങ്കിൽ ഞങ്ങളിവിടെ സൂര്യാസ്തമയവും കണ്ട് പിൻകാലിൽ കുത്തിയിരിക്കുമായിരുന്നു. എനിക്കതൊരു ലഹരിയായിരുന്നു.
അതെ, കുഞ്ഞുങ്ങളെ. ചെന്നായ ആ കുഞ്ഞാടിനെ കൊന്നുതിന്ന് കിറിയും നക്കി. എന്റെ കുഞ്ഞുങ്ങളേ, ചെന്നായയുടെ പിന്നാലെ പോകരുതേ. ഒരു ഗുണപാഠത്തിനു വേണ്ടി സ്വയം ബലിയാടാവരുതേ.

പിടക്കോഴി
മനുഷ്യരുമായി നിരന്തരസഹവാസം ചെയ്താൽ എന്തായിത്തീരുമെന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമത്രെ, പിടക്കോഴി. പക്ഷിയുടേതായ ആ ലാഘവവും അഴകും അവളിൽ ലവലേശമില്ല. ഉന്തിയ മുരട്ടിൽ നിന്നെറിച്ചുനില്ക്കുകയാണ്‌ ചേലുകെട്ട വലിയൊരു തൊപ്പി പോലത്തെ വാല്‌. ഒരു കാലിൽ നിന്നുകൊണ്ട് നേർത്ത പാട പോലത്തെ കൺപോളകളാൽ വട്ടക്കണ്ണുകളൊട്ടിച്ചും കൊണ്ടുള്ള അവളുടെ അപൂർവമായ ചില പരമാനന്ദമുഹൂർത്തങ്ങളുണ്ടല്ലോ, അത്രയ്ക്കറയ്ക്കുന്നതാണത്. അതിനൊക്കെപ്പുറമെയാണ്‌ സംഗീതത്തിന്റെ ആ ഹാസ്യാനുകരണം, തൊണ്ട പൊളിച്ചുള്ള പ്രാർത്ഥനകൾ; അതോ, പറയാൻ കൊള്ളാത്തവിധം തമാശ തോന്നിക്കുന്ന ഒരു സാധനത്തെച്ചൊല്ലി: വെളുത്തുരുണ്ട്, പുള്ളി കുത്തിയ ഒരു മുട്ട.

പിടക്കോഴി ചില കവികളെ ഓർമ്മപ്പെടുത്തുന്നു.

No comments: