ഞാനിതു നേരത്തേ പറഞ്ഞിട്ടുള്ളതാണോ? കാണാൻ പഠിക്കുകയാണു ഞാൻ. അതെ, ഞാൻ തുടങ്ങിയിട്ടേയുള്ളു. അതിനിയും വേണ്ട വഴിക്കായിട്ടില്ല. എന്നാൽക്കൂടി കിട്ടിയ സമയം പരമാവധി പ്രയോജനപ്പെടുത്താൻ പോവുകയാണു ഞാൻ.
ഒരുദാഹരണം പറഞ്ഞാൽ, എത്രയാണു മുഖങ്ങൾ എന്നൊരു ചിന്ത എന്റെ മനസ്സിൽ മുമ്പുണ്ടായിട്ടേയില്ല. എത്രയാണു മനുഷ്യർ; അതിലധികമാണു മുഖങ്ങൾ പക്ഷേ; കാരണം ഒരാൾക്കു പലതുണ്ടല്ലോ മുഖങ്ങൾ. വർഷങ്ങളായി ഒരേ മുഖം തന്നെ വച്ചുനടക്കുന്നവരുണ്ട്; സ്വാഭാവികമായും അതു പഴകിത്തേയും, അതിൽ അഴുക്കു പുരളും, അതിന്റെ വക്കുകൾ അടരും; ഒരു നീണ്ടയാത്രയിൽ ധരിച്ച കൈയുറകൾ പോലെ അതു വലിഞ്ഞുനീളുകയും ചെയ്യും. മിതവ്യയക്കാരായ, സങ്കീർണ്ണതകളൊന്നുമില്ലാത്ത മനുഷ്യരാണവർ; അവർ അതു മാറ്റുകയേയില്ല; അതൊന്നു വൃത്തിയാക്കിച്ചിട്ടുമില്ല. ഇതിനെന്താ കുഴപ്പം? അവർ ചോദിക്കുകയാണ്; നേരേ മറിച്ചാണു കാര്യമെന്ന് അവരെ ബോധ്യപ്പെടുത്താൻ ആരെക്കൊണ്ടാവും? അവർക്കു വേറെയും പല മുഖങ്ങളുള്ള സ്ഥിതിയ്ക്ക് അവർ അവ എന്തു ചെയ്യുന്നുവെന്ന് തീർച്ചയായും നിങ്ങൾക്കു സംശയം തോന്നാം. ആ മുഖങ്ങൾ അടച്ചുപൂട്ടി വച്ചിരിക്കുകയാണവർ . അവരുടെ സന്തതികൾ അവയും ധരിച്ചു നടക്കും. ചിലപ്പോൾ പക്ഷേ, അവരുടെ നായ്ക്കളും പുറത്തു പോവുമ്പോൾ ആ മുഖങ്ങൾ എടുത്തു ധരിക്കാറുണ്ട്. എന്തു കൊണ്ടായിക്കൂടാ? മുഖം മുഖം തന്നെ.
അവിശ്വസനീയമായ വേഗത്തിൽ മുഖങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നവരാണ് മറ്റുള്ളവർ; മാറ്റിയും വച്ചും അവ പഴകും. എത്രയെടുത്താലും തീരാത്ത ഒരു ശേഖരം തങ്ങൾക്കുണ്ടെന്നാവും ആദ്യമൊക്കെ അവരുടെ വിചാരം; പക്ഷേ കഷ്ടിച്ചു നാല്പതിലെത്തുമ്പോഴേക്കും ഒന്നേ അവർക്കു ശേഷിക്കുന്നുണ്ടാവു. ഒരു ദുരന്തഛായ അതിനുണ്ടെന്നും പറയണം. മുഖങ്ങളെ വേണ്ടവിധം കൊണ്ടുനടക്കുക എന്നത് അവർക്കു ശീലത്തിലുള്ളതല്ല; അവരുടെ അവസാനത്തെ മുഖവും ഒരാഴ്ചയ്ക്കുള്ളിൽ പഴകുന്നു, അതിൽ തുള വീഴുന്നു, പലേടത്തും അതു കടലാസു പോലെ നേർത്തുപോകുന്നു; പിന്നെ പതിയെപ്പതിയെ അതിന്റെ ഉൾപ്പാളി പുറമേ കണ്ടുതുടങ്ങുകയും ചെയ്യുന്നു: മുഖമല്ലാത്ത ഒന്ന്. അതും വച്ച് അവർ ചുറ്റിനടക്കും.
No comments:
Post a Comment