
കുഞ്ഞുങ്ങൾ മരിക്കുന്നതു കണ്ടുനിൽക്കാൻ എനിക്കിഷ്ടം.
നിങ്ങളും കണ്ടിട്ടില്ലേ, വിഷാദം പൂണ്ട ഉടലിനു പിന്നിൽ
ചിരിയുടെ വേലിയേറ്റത്തിന്റെ മങ്ങിയ തിരത്തള്ളൽ?
ഞാനോ, തെരുവുകളുടെ വായനമുറിയിൽ വ-
ച്ചെത്ര തവണ താളു മറിച്ചു നോക്കിയിരിക്കുന്നു
ശവപ്പെട്ടിയുടെ പുസ്തകം!
മഴനനഞ്ഞ വിരലുകളാൽ പാതിരാവെന്നെത്തൊട്ടു,
പൊളിഞ്ഞ വേലി മേൽത്തൊട്ടു.
മുണ്ഡനം ചെയ്ത കുംഭഗോപുരത്തിനു മേൽ
മഴ ചരലു വാരിയെറിയുമ്പോൾ
തലയ്ക്കു തുമ്പു കെട്ട ഭദ്രാസനപ്പള്ളി
ഒരു നൃത്തം വയ്ക്കുന്നു.
പൊന്നു പൂശിയ ചിത്രത്തിൽ നിന്ന്
ക്രിസ്തു ഓടിപ്പോകുന്നതു ഞാൻ കാണുന്നു,
കാറ്റിൽപ്പാറുന്ന അവന്റെ വസ്ത്രാഞ്ചലത്തിൽ
വിതുമ്പിക്കൊണ്ടുമ്മവയ്ക്കുന്നു കുഴഞ്ഞ ചെളി.
കൽക്കെട്ടു നോക്കി ഞാൻ ചീറി,
മാനത്തിന്റെ തുടുത്ത കവിളത്ത്
എന്റെ വാക്കിന്റെ കഠാരങ്ങൾ ചെന്നുകൊണ്ടു:
"ഹേ സൂര്യ!
എന്റെ പിതാവേ!
ഒന്നു കരുണ കാണിയ്ക്കണേ!
ഈ പീഡനമൊന്നു നിർത്തണേ!
എന്റെ ചോര നീ ചൊരിഞ്ഞതാണ്
വഴിയിലൊഴുകിപ്പരക്കുന്നു,
എന്റെ ആത്മാവാണ്
ഇപ്പോൾ കശാപ്പു ചെയ്ത ഒരു മേഘത്തിന്റെ തുണ്ടങ്ങൾ പോലെ
തുരുമ്പിച്ച മണിമേടക്കുരിശ്ശിനു മേൽ തൂങ്ങിക്കിടക്കുന്നു!
കാലമേ!
മുടന്തുന്ന ചിത്രകാരാ,
നീയെങ്കിലുമൊന്നു വരൂ,
ഈ ചപലമായ നൂറ്റാണ്ടിന്റെ കാൻവാസിൽ
എന്റെ മുഖമൊന്നു വരച്ചുചേർക്കൂ!
കാഴ്ച മങ്ങുന്നൊരുത്തന്റെ
മുഖത്തു ശേഷിച്ച ഒറ്റക്കണ്ണു പോലെ
ഏകനാണു ഞാൻ!"
3 comments:
:(
This comment has been removed by the author.
മയക്കോവ്സ്കിയെ പരിചയപ്പെടുത്തിയതില്‍ ഒത്തിരി നന്ദി രവിയേട്ടാ...ഭയങ്കരമായ ഒരു ആകുലത നുരഞ്ഞു പൊന്തുന്നെന്നില് ....
:(
Post a Comment