Wednesday, February 25, 2009

മുല്ലാനസ്രുദീൻ കഥകൾ


1. പൂച്ചയും ഇറച്ചിയും


വിരുന്നുകാർ വരുമ്പോൾ വിളമ്പാനായി നസ്രുദീൻ കുറേ ഇറച്ചി വാങ്ങി ഭാര്യയെ ഏൽപിച്ചു. വിഭവങ്ങൾ വന്നപ്പോൾ പക്ഷേ അതിൽ ഇറച്ചിയുണ്ടായിരുന്നില്ല. ഭാര്യ കൊതിനിൽക്കാതെ അതുമൊത്തം തിന്നുകളഞ്ഞിരുന്നു.

'ഒക്കെ പൂച്ച തിന്നുപോയി,' അവർ പറഞ്ഞു.

നസ്രുദീൻ പൂച്ചയെ തൂക്കിനോക്കി. കൃത്യം മൂന്നു റാത്തലുണ്ട്‌.

'ഇതു പൂച്ചയാണെങ്കിൽ,' നസ്രുദീൻ തന്റെ സംശയം പ്രകടമാക്കി, 'എവിടെ ഇറച്ചി? ഇനിയഥവാ, ഇതിറച്ചിയാണെങ്കിൽ-പൂച്ചയെവിടെ?'
*



2. തിരയുമ്പോൾ വെളിച്ചമുള്ളിടത്തു തിരയുക


നസ്രുദീൻ തന്റെ വീട്ടുമുറ്റത്തിരുന്ന് എന്തോ തിരയുന്നത്‌ അയൽക്കാരൻ കണ്ടു.

'എന്തെങ്കിലും കാണാതെപോയോ മുല്ലാ?' അയാൾ ചോദിച്ചു. 'ചാവി കാണാനില്ല,' മുല്ലാ പറഞ്ഞു. അങ്ങനെ രണ്ടുപേരും കുന്തിച്ചിരുന്ന് ചാവിതിരച്ചിലായി.

അൽപനേരം കഴിഞ്ഞ്‌ അയൽക്കാരൻ ചോദിച്ചു: 'ശരിക്കും എവിടെവച്ചാണു തനിക്കതു കാണാതെ പോയത്‌?'

'എന്റെ വീട്ടിനുള്ളിൽ.'

'പിന്നെ താനെന്തിനാ ഇവിടെക്കിടന്നു തിരയുന്നത്‌!'

'ഇവിടല്ലേ കൂടുതൽ വെളിച്ചമുള്ളത്‌!'
*


3. ആപത്തിന്‌ ഇന്നാരെന്നില്ല


ഒരു സ്ത്രീ തന്റെ കൊച്ചുമകനെ മുല്ലായുടെ പാഠശാലയിൽ കൊണ്ടുചെന്നു.

'ഞാൻ പറഞ്ഞിട്ട്‌ ഇവൻ കേൾക്കുന്നതേയില്ല,' സ്ത്രീ പറഞ്ഞു. 'മുല്ലാ ഇവനെയൊന്നു പേടിപ്പിക്കണേ.'

മുല്ലാ ഒരു പിശാചിന്റെ മട്ടെടുത്തുകൊണ്ട്‌ മുഖം വക്രിപ്പിക്കുകയും കണ്ണു തുറിപ്പിക്കുകയും ചെയ്തു. എന്നിട്ടു പെട്ടെന്ന് പുറത്തേക്കോടിപ്പോയി. വന്ന സ്ത്രീ പേടിച്ചു ബോധം കെട്ടു വീണു. ബോധം വീണപ്പോൾ മുല്ലാ പതുക്കെ അടുത്തുചെന്നു.

'കുട്ടിയെ പേടിപ്പിക്കാനല്ലേ മുല്ലാ, ഞാൻ പറഞ്ഞത്‌? എന്നെ പേടിപ്പിക്കാനല്ലല്ലോ.'

'അമ്മേ,' മുല്ലാ പറഞ്ഞു, 'എനിക്കുതന്നെ എന്നെ എന്തു പേടിയായിരുന്നുവെന്ന് നിങ്ങൾ കണ്ടതല്ലേ? ആപത്തു വരുമ്പോൾ അതിനു വേർതിരിവൊന്നുമില്ല.'
*


4. അവർക്കു വേണ്ടതു കിട്ടി


പാതിരാത്രിക്ക്‌ തന്റെ വീടിനു പുറത്ത്‌ ആരോ ശണ്ഠയിടുന്നത്‌ നസ്രുദീൻ കേട്ടു. ആകെയുള്ള ഒരു പുതപ്പുമെടുത്തു പുതച്ചുകൊണ്ട്‌ നസ്രുദീൻ ലഹള കേട്ടിടത്തേക്കു ചെന്നു. ശണ്ഠയൊതുക്കാനുള്ള ശ്രമത്തിനിടയിൽ മറ്റു രണ്ടുപേരും പുതപ്പും തട്ടിയെടുത്ത്‌ ഓടിമറഞ്ഞു.

'എന്തിനെച്ചൊല്ലിയായിരുന്നു അവരുടെ വഴക്ക്‌?' മുല്ലാ മടങ്ങിച്ചെന്നപ്പോൾ ഭാര്യ ചോദിച്ചു.

'അതാ പുതപ്പിനു വേണ്ടിയാണെന്നു തോന്നുന്നു. അതു കിട്ടിയപ്പോൾ അവരുടെ വഴക്കും തീർന്നു.'
*


5. കള്ളന്മാർ


പാതിരാത്രിക്ക്‌ ആരോ വിട്ടിനുള്ളിൽ കയറിയതറിഞ്ഞു പേടിച്ചുപോയ മുല്ല്ലാ ഒരു അലമാരക്കുള്ളിൽ കയറി ഒളിച്ചു. കള്ളന്മാർ തിരച്ചിലിനിടയിൽ അലമാര തുറന്നപ്പോൾ മുല്ലാ അതിനുള്ളിൽ പേടിച്ചരണ്ട്‌ കൂനിക്കൂടിയിരിക്കുന്നതു കണ്ടു.

'താനെന്താ ഇതിനുള്ളിൽ ഒളിച്ചിരിക്കുന്നത്‌?' കള്ളന്മാർ ചോദിച്ചു.

'നിങ്ങൾക്കു പറ്റിയതൊന്നും ഈ വീട്ടിലില്ലാത്തതിന്റെ നാണക്കേടുകൊണ്ട്‌ ഒളിച്ചുപോയതാണ്‌.'
*


6. തിന്നാനുള്ള വക-വായിക്കാനുള്ള വക


ആട്ടിൻകരളും വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു മുല്ലാ. ആട്ടിൻകരളു കൊണ്ട്‌ ഒരു വിശേഷവിഭവമുണ്ടാക്കാനുള്ള കുറിപ്പടി ഒരു ചങ്ങാതി എഴുതിക്കൊടുത്തയച്ചത്‌ മറ്റേക്കൈയിലുമുണ്ട്‌.

പെട്ടെന്ന് ഒരു പരുന്തു വന്ന് ആട്ടിൻകരളും കൊത്തിയെടുത്തു പറന്നു.

'കൊണ്ടുപോ,കൊണ്ടുപോ!' മുല്ലാ പരുന്തിനെ നോക്കി പറഞ്ഞു. 'നിനക്കു കരളല്ലേ കൈയിൽക്കിട്ടിയുള്ളു; അതുകൊണ്ടു കറിവയ്ക്കാനുള്ള കുറിപ്പടി എന്റെ കൈയിലല്ലേ!'
*


7. മരുഭൂമിയിൽ നടന്നത്‌


'ഞാൻ മരുഭൂമിയിലൂടെ യാത്രചെയ്യുമ്പോൾ,' മുല്ലാ ഒരു ദിവസം പറഞ്ഞു, 'ക്രൂരന്മാരും രക്തദാഹികളുമായ ഒരു പറ്റം മുഷ്കരന്മാരെ ഞാനിട്ടോടിച്ചു.'

'അതെങ്ങനെ മുല്ലാ?'

'അതെളുപ്പമായിരുന്നെന്നേ. അവരെക്കണ്ടപ്പോൾ ഞാൻ ഒരോട്ടം വച്ചുകൊടുത്തു. അവർ എന്റെ പിന്നാലെയും ഓടി!'
*


8. ഇരുട്ടത്തെന്തിടത്തുവലത്ത്‌


മുല്ലാ ചങ്ങാതിയുമായി സംസാരിച്ചിരിക്കുകയായിരുന്നു; കുറേക്കഴിഞ്ഞപ്പോൾ ഇരുട്ടായി.

'ഇരുട്ടായില്ലേ, ഒരു മെഴുകുതിരി കൊളുത്ത്‌, ചങ്ങാതീ,' കൂട്ടുകാരൻ പറഞ്ഞു. 'തന്റെ ഇടതുഭാഗത്ത്‌ ഒരു മെഴുകുതിരി കിടപ്പുണ്ട്‌.'

'ഈയിരുട്ടത്ത്‌ എന്റെ ഇടത്തും വലത്തും ഞാനെങ്ങനെയാടോ തിരിച്ചറിയുന്നത്‌!' മുല്ലാ ക്ഷോഭിച്ചു.
*


9. എന്തോ വീണു!


നസ്രുദീന്റെ മുറിയിൽ എന്തോ വീഴുന്ന ഒച്ച കേട്ട്‌ ഭാര്യ ഓടിച്ചെന്നു.

'പേടിക്കാനൊന്നുമില്ല,' ഭാര്യയോട്‌ മുല്ലാ പറഞ്ഞു. 'എന്റെ കുപ്പായം നിലത്തു വീണതാണ്‌.'

'കുപ്പായം നിലത്തു വീണാൽ ഇങ്ങനെ ഒച്ചയുണ്ടാകുമോ?'

'പിന്നില്ലാതെ, അതിനുള്ളിൽ ഞാനുമുണ്ടായിരുന്നു!'
*



10. ഒമ്പതെങ്കിൽ ഒമ്പത്


ആരോ തനിക്ക്‌ വെള്ളിനാണയങ്ങൾ എണ്ണിത്തരുന്നതായി നസ്രുദീൻ സ്വപ്നം കണ്ടു. ഒമ്പതു നാണയങ്ങൾ കൈയിലായപ്പോൾ അദൃശ്യനായ ദാതാവ്‌ തന്റെ ദാനകർമ്മം നിർത്തിക്കളഞ്ഞു.

'പത്തു തികച്ചുതാ!' നസ്രുദീൻ ഒച്ചയിട്ടു; അതോടെ അയാളുടെ സ്വപ്നവും മുറിഞ്ഞു.

നിരാശനായ നസ്രുദീൻ വീണ്ടും കണ്ണുകളടച്ചുകൊണ്ട്‌ ഇങ്ങനെ പിറുപിറുത്തു: 'ശരി ശരി, ഒമ്പതെങ്കിൽ ഒമ്പത്‌; അതിങ്ങു തന്നാട്ടെ!'
*


11. പ്രയോഗം


നസ്രുദീൻ തന്റെ വീടിനു ചുറ്റും അപ്പക്കഷണങ്ങൾ വിതറുകയായിരുന്നു.


'താനെന്തായീ ചെയ്യുന്നത്‌?' ആരോ ചോദിച്ചു.

'കടുവകൾ അടുക്കാതിരിക്കാനുള്ള വഴിയാണ്‌.'

'അതിന്‌ ഈ ഭാഗത്തൊന്നും കടുവയില്ലല്ലോ.'

'കണ്ടോ, എന്റെ പ്രയോഗം ഫലിച്ചില്ലേ!'
*



12. ജനിക്കുന്ന കലങ്ങൾ മരിക്കുന്ന കലങ്ങൾ


അയൽവീട്ടിൽ ഒരു സദ്യ ഒരുക്കാൻ നസ്രുദീൻ തന്റെ കലം കടംകൊടുത്തു. ആവശ്യം കഴിഞ്ഞ്‌ കലം തിരിച്ചുകൊടുക്കുമ്പോൾ അയൽക്കാരൻ ഒരു കുഞ്ഞുകലം കൂടി ഒപ്പം കൊടുത്തു.

'ഇതെന്താ?' മുല്ലാ ചോദിച്ചു.

'നിങ്ങളുടെ സ്വത്ത്‌ എന്റെ കൈവശമായിരുന്നപ്പോൾ അതിനു ജനിച്ച സന്തതിയാണിത്‌; നിയമമനുസരിച്ച്‌ അതിന്റെ അവകാശി നിങ്ങളാണ്‌,' അയൽക്കാരൻ മുല്ലായെ കളിയാക്കാനായി ചെയ്തതാണത്‌.

പിന്നൊരിക്കൽ നസ്രുദീൻ തന്റെ അയൽക്കാരന്റെ പക്കൽ നിന്ന് കുറേ കലങ്ങൾ കടം വാങ്ങി; പക്ഷേ പിന്നെ തിരിച്ചുകൊടുക്കാൻ പോയില്ല.

ഒടുവിൽ അയാൾ മുല്ലായുടെ വീട്ടിൽച്ചെന്ന് തന്റെ കലങ്ങൾ തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.

'എന്തു ചെയ്യാനാ കൂട്ടേ!,' മുല്ലാ പരിതപിച്ചു. 'ഒക്കെ ചത്തുപോയി. കലങ്ങൾ ജീവനുള്ളവയാണെന്ന് നമുക്കു മനസ്സിലായിട്ടുള്ളതല്ലേ! ജനിച്ചവ മരിക്കുകയും വേണമല്ലോ!'
*


13. ചുറ്റുപാടുകൾക്കനുസരിച്ച്‌


മഴ കോരിച്ചൊരിയുകയാണ്‌. നാട്ടിലെ ഒരു പ്രമാണി നനയാതെ കേറിനിൽക്കാൻ ഒരിടം തേടി ഓടുകയായിരുന്നു. നസ്രുദീൻ ഇതു കണ്ട്‌ അയാളെ ശാസിച്ചു: 'ദൈവത്തിന്റെ അനുഗ്രഹത്തിൽ നിന്ന് ഒളിച്ചോടാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു! മഴയെന്നു പറയുന്നത്‌ എല്ലാ സൃഷ്ടികൾക്കും മേലുള്ള അനുഗ്രഹവർഷമാണെന്ന് നിങ്ങൾ മനസ്സ്സിലാക്കേണ്ടതല്ലേ?'

താനൊരു മോശക്കാരനാണെന്നു വരുത്താൻ പ്രമാണിക്കു താൽപ്പര്യമുണ്ടായിരുന്നില്ല. 'ഓ, അതുകൊണ്ടൊന്നുമല്ല,' എന്നു പിറുപിറുത്തുകൊണ്ട്‌ അയാൾ നടത്തം മന്ദഗതിയിലാക്കി; ഒടുവിൽ നനഞ്ഞുകുളിച്ചുകൊണ്ട്‌ അയാൾ വീട്ടിൽച്ചെന്നുകേറി; ജലദോഷം പിടിച്ചുവെന്ന് പിന്നെ പറയേണ്ടല്ലോ.

അധികനേരം കഴിഞ്ഞില്ല, മൂടിപ്പുതച്ച്‌ ജനാലയ്ക്കലിരിക്കുമ്പോൾ അതേ നസ്രുദീൻ മഴയത്തോടിപ്പോകുന്നത്‌ പ്രമാണി കണ്ടു. അയാൾ മുല്ലായെ കൈകൊട്ടി വിളിച്ചു; 'താനല്ലേ പറഞ്ഞത്‌ ദൈവത്തിന്റെ അനുഗ്രഹവർഷമാണ്‌ മഴയെന്നും അതിൽനിന്നോടിപ്പോകരുതെന്നും? എന്നിട്ടു താനെന്താണീ കാണിക്കുന്നത്‌?'

'ഓ അതോ,' നസ്രുദീൻ കൂസലില്ലാതെ പറഞ്ഞു, 'ദൈവാനുഗ്രഹത്തെ എന്റെ കാലുകൊണ്ടു ചവിട്ടി അശുദ്ധമാക്കരുതെന്നു കരുതിയൈട്ടല്ലേ ഞാനങ്ങനെ ചെയ്തത്‌!'


14. നസ്രുദീന്റെ പ്രസംഗം


നസ്രുദീനെ ഒന്നു കളിയാക്കണമെന്ന് നാട്ടിൽ ചിലർക്കു തോന്നി. പള്ളിയിൽ ഒരു പ്രസംഗം നടത്താൻ അവർ ചെന്ന് മുല്ലായെ വിളിച്ചു. മുല്ലാ സമ്മതിച്ചു.

നസ്രുദീൻ പ്രസംഗപീഠത്തിൽ കയറിനിന്ന് ഇങ്ങനെ തുടങ്ങി:

'സഹോദരന്മാരേ, ഞാൻ എന്തിനെക്കുറിച്ചാണു സംസാരിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ?'

'ഇല്ല!' എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചുകൂവി.

'അപ്പോൾപ്പിന്നെ ഞാനെന്തു ചെയ്യാൻ? ഒന്നുമറിയാത്തവരോട്‌ എന്തിനെക്കുറിച്ചാണു പറഞ്ഞുതുടങ്ങുക!' തന്റെ സമയം നഷ്ടപ്പെടുത്തിയ അജ്ഞാനികൾക്കുമേൽ തന്റെ അവജ്ഞ പ്രകടമാക്കിക്കൊണ്ട്‌ മുല്ലാ പ്രസംഗവേദിയിൽ നിന്നിറങ്ങി നേരേ വീട്ടിലേക്കു പോയി.

നാട്ടുകാർ പക്ഷേ വിട്ടില്ല; ഒരു സംഘം വീണ്ടും മുല്ലായെ ചെന്നുകണ്ടു; അടുത്ത വെള്ളിയാഴ്ച ഒന്നുകൂടി പ്രസംഗിക്കാൻ വരണമെന്ന് അവർ അപേക്ഷിച്ചു.

നസ്രുദീൻ പ്രസംഗം തുടങ്ങിയത്‌ തന്റെ പഴയ ചോദ്യം ആവർത്തിച്ചുകൊണ്ടാണ്‌.

ഇത്തവണ എല്ലാവരുടെയും ഉത്തരം ഇതായിരുന്നു:

'ഉവ്വുവ്വ്‌, ഞങ്ങൾക്കെല്ലാം അറിയാം!'

'അങ്ങനെയാണെങ്കിൽപ്പിന്നെ ഞാൻ നിങ്ങളെ ഇവിടെപ്പിടിച്ചിരുത്തുന്നതെന്തിനാണ്‌?' മുല്ലാ പറഞ്ഞു. 'എല്ലാവരും വീട്ടിൽപ്പൊയ്ക്കോ!'

ഒരുതവണ കൂടി പ്രസംഗിക്കണമെന്ന നാട്ടുകാരുടെ അപേക്ഷ മാനിച്ച്‌ മുല്ലാ അടുത്ത വെള്ളിയാഴ്ചയും പ്രസംഗിക്കാൻ കയറി.

'ഞാൻ എന്തിനെക്കുറിച്ചാണു പ്രസംഗിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ?'

സദസ്യർ തയാറായിട്ടിരിക്കുകയായിരുന്നു.

'ഞങ്ങളിൽ ചിലർക്കറിയാം, ചിലർക്കറിയില്ല.'

'അതു നന്നായി!' നസ്രുദീൻ പറഞ്ഞു. 'അറിയാവുന്നവർ അറിയാത്തവർക്കു പറഞ്ഞുകൊടുക്കട്ടെ!'

എന്നിട്ടയാൾ തന്റെ വീട്ടിലേക്കും പോയി.
*

Tuesday, February 24, 2009

ബോർഹസ്‌ - പുരാവൃത്തം

ആബേലിന്റെ മരണത്തിനു ശേഷം കായേനും ആബേലും കണ്ടുമുട്ടി. അവർ മരുഭൂമിയിലൂടെ നടക്കുകയായിരുന്നു;ഇരുവരും കിളരം കൂടുതലുള്ളവരായതുകൊണ്ട്‌ ദൂരെനിന്നേ അവർ പരസ്പരം തിരിച്ചറിഞ്ഞു. ജ്യേഷ്ടനും അനുജനും നിലത്തിരുന്ന്, തീപൂട്ടി ആഹാരമുണ്ടാക്കിക്കഴിച്ചു. ഇരുട്ടുവീഴുമ്പോൾ തളർന്നുപോയവർ ചെയ്യുന്നപോലെ അവർ ഒന്നും മിണ്ടാതെയിരുന്നു. ആകാശത്ത്‌ ഒരു നക്ഷത്രം നിന്നുതിളങ്ങി; അതിനിനിയും പേരു വീണിട്ടില്ല. ആബേലിന്റെ നെറ്റിയിൽ കല്ലിന്റെ പാടു കിടക്കുന്നത്‌ തീയുടെ വെളിച്ചത്തിൽ കായേൻ കണ്ടു; അയാൾ വായിലേക്കു കൊണ്ടുപോയ ഉരുള താഴെയിട്ടിട്ട്‌ തന്റെ സഹോദരനോട്‌ മാപ്പിരന്നു.

"എന്നെ കൊന്നത്‌ നിങ്ങളായിരുന്നോ, അതോ ഞാൻ നിങ്ങളെ കൊല്ലുകയായിരുന്നോ?" ആബേൽ പറഞ്ഞു. "എനിക്കൊന്നും ഓർമ്മയില്ല; നമ്മൾ മുൻപത്തെപ്പോലെ ഇതാ ഇവിടെയുണ്ടല്ലോ."

"നീയെനിക്ക്‌ യഥാർത്ഥമായും മാപ്പുനൽകിയെന്ന് എനിക്കിപ്പോൾ മനസ്സിലായി," കായേൻ പറഞ്ഞു. "മറക്കുകയെന്നാൽ മാപ്പുനൽകുക എന്നുതന്നെയാണ്‌. ഞാനും മറക്കാൻ ശ്രമിക്കാം."

"അതെ," ആബേൽ സാവധാനം പറഞ്ഞു. "പശ്ചാത്താപമുള്ളിടത്തോളം കാലം ചെയ്തപാപവും തീരില്ല."
*

കാർലോ ഡ്രമണ്ട്‌ ഡി അന്ദ്രാദെ - വഴിയുടെ നടുക്ക്‌

വഴിയുടെ നടുക്ക്‌ ഒരു കല്ലുണ്ടായിരുന്നു.
ഒരു കല്ല് വഴിയുടെ നടുക്കുണ്ടായിരുന്നു;
ഒരു കല്ലുണ്ടായിരുന്നു
വഴിയുടെ നടുക്ക്‌ ഒരു കല്ലുണ്ടായിരുന്നു.

കാഴ്ചകൾ കണ്ടു തളർന്ന ഞാൻ
ഈ സംഭവം ഒരിക്കലും മറക്കാൻ പാടില്ല.
വഴിയുടെ നടുക്ക്‌ ഒരു കല്ലുണ്ടായിരുന്നു;
ഒരു കല്ലുണ്ടായിരുന്നു,
ഒരു കല്ല് വഴിയുടെ നടുക്കുണ്ടായിരുന്നു;
വഴിയുടെ നടുക്ക്‌ ഒരു കല്ലുണ്ടായിരുന്നു.
*



ബ്രസീലിയൻ കവിത(പോർട്ടുഗീസ്‌)

കാഫ്‌ക - തീരുമാനങ്ങൾ

മനസ്സുകെട്ടിരിക്കുന്ന ഒരവസ്ഥയിൽ നിന്ന് സ്വയം വിമുക്തനാക്കുക എന്നത്‌,ഇച്ഛാശക്തിയുടെ മന:പൂർവ്വമായ പ്രയോഗം കൊണ്ടേ അതു സാധ്യമാവൂ എന്നുണ്ടെങ്കിൽക്കൂടി,അത്ര അനായാസമായ ഒരു സംഗതിയായിരിക്കണം: ഞാൻ കസേരയിൽ നിന്നു കുതറിയിറങ്ങുന്നു,മേശക്കു ചുറ്റും കാൽനീട്ടിവച്ചു നടക്കുന്നു,തലയും കഴുത്തുമിളക്കി ആയാസം തീർക്കുന്നു,ചുറ്റുമുള്ള മാംസപേശികൾ മുറുക്കി കണ്ണുകളിൽ തീപ്പൊരി പാറിക്കുന്നു. ഈ സമയത്ത്‌ കടന്നുവരാനിടയായെന്നിരിക്കട്ടെ,എനിക്ക്‌ അയാളെക്കുറിച്ചുള്ള അഭിപ്രായങ്ങളൊക്കെ ഉള്ളിലൊതുക്കി ഞാൻ അയാളെ ആർഭാടത്തോടെ വരവേൽക്കുന്നു;എന്റെ മുറിയിൽ ബിയുടെ സാന്നിദ്ധ്യം ഹൃദയപൂർവ്വം സഹിക്കുന്നു;സിയുടെ അടുത്താകട്ടെ,അയാൾ പറയുന്നതൊക്കെ ആ ശ്രമത്തിലെ കഷ്ടപ്പാടും വേദനയുമൊന്നും കണക്കാക്കാതെതന്നെ, കവിളു നിറച്ചു കുടിച്ചിറക്കുകയും ചെയ്യുന്നു.

പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിൽക്കൂടി ഒരബദ്ധം പറ്റിയാൽ മതി-അതുണ്ടാവുമെന്നുള്ളതു നിശ്ചയവുമാണ്‌-എന്റെ എല്ലാ സംരംഭങ്ങൾക്കും,അനായാസമായതിനും ദുഷ്ക്കരമായതിനുമൊക്കെ, തടവീഴാൻ; നൂറ്റെമ്പതു ഡിഗ്രി പിന്നാക്കം തിരിഞ്ഞ്‌ തുടങ്ങിയേടത്തേക്കുതന്നെ എനിക്കു തിരിച്ചുനടക്കേണ്ടിയും വരും.

ഇതൊക്കെ കണക്കിലെടുക്കുമ്പോൾ ചെയ്യാവുന്നതായി ഒന്നുമാത്രമേയുള്ളു:വരുന്നതെന്തിനേയും നിർമ്മമമായി കൈക്കൊള്ളുക; ഒരു കൊടുങ്കാറ്റിൽപ്പെട്ട്‌ അടിപറിഞ്ഞുപായുകയാണെങ്കിൽക്കൂടി ഒരു നിശ്ചേഷ്ടപിണ്ഡമെന്നപോലെ പെരുമാറുക; അനാവശ്യമായ ഒരു ചുവടെങ്കിലും വയ്ക്കാനുള്ള പ്രലോഭനത്തിനൊന്നും വഴങ്ങിപ്പോവാതിരിക്കുക; അന്യജനത്തെ ഒരു മൃഗത്തിന്റെ ദൃഷ്ടിയിലൂടെ മാത്രം കാണുക; ഒരു മനസ്സാക്ഷിക്കുത്തും തോന്നാതിരിക്കുക-ചുരുക്കത്തിൽ,ജീവന്റെ നിഴൽ പോലെ എന്തെങ്കിലും ശേഷിപ്പുണ്ടെങ്കിൽ അതിനെ സ്വന്തം കൈകൊണ്ടുതന്നെ കഴുത്തുഞ്ഞെരിച്ചുകൊല്ലുക; എന്നുപറഞ്ഞാൽ ശവപ്പറമ്പിലെ അന്തിമശാന്തിയുടെ തീവ്രത വർദ്ധിപ്പിക്കുകയും അതിനപ്പുറം മറ്റൊന്നും ശേഷിക്കാതെ നോക്കുകയും ചെയ്യുക.

ഈയൊരവസ്ഥയിലത്തിയതിന്റെ ലക്ഷണം കാണിക്കുന്ന ഒരു ചേഷ്ടയാണ്‌ പുരികത്തിലൂടെ ചെറുവിരലോടിക്കുക എന്നത്‌.
*

Monday, February 23, 2009

ഷിരോ മുരാനോ - പാലം

നഗരത്തിൽ രാത്രികാലമാവുമ്പോൾ
ഒരായിരം മുറിവുകളിൽ നിന്ന്
രക്തം പൊട്ടിയൊഴുകുന്നു.

കനാലിലേക്കതൊഴുകുന്നു,
ഒഴുക്കില്ലാത്ത
മൂഢമായ കനാൽ;
അതിന്നു മീതെ പാലം:
പാലം ഭാവിയിലേക്കു പോകുന്നില്ല,
ഭൂതത്തിൽ നിന്നു വരുന്നുമില്ല;
അക്കരയിൽ നിന്നിക്കരയിലേക്കതു
വെറുതേ തൂങ്ങിനിൽക്കുന്നു,
ചത്തൊരൊഴുക്കിൻ മീതെ
രണ്ടു രാവുകളെ കൂട്ടിയിണക്കി.

രാവേറെച്ചെല്ലുമ്പോൾ
പാലത്തിനു മുകളിൽ രണ്ടുപേർ:
ഒരു വൃദ്ധനും ഒരു യുവതിയും;
അത്രയ്ക്കു നിശ്ചയം പോരാതെ
അവർ തമ്മിൽ പുണരുന്നു.
*

ഷിജുവോ ഇനോ - ചീവീടുകൾ

യാത്ര കഴിഞ്ഞു ഞാനെത്തുമ്പോൾ
തോട്ടത്തിൽ ചീവീടുകൾ കരയുന്നു;
കവിതപോലെന്തോയെഴുതാൻ
എനിക്കു തോന്നി;
തുറന്നുവച്ച കടലാസ്സിൽ
വെള്ളം പോലെ വരികളൊഴുകി.
പൊടുന്നനേ
ഞാനെഴുതിയതിനു മുന്നിൽ
അതിൽനിന്നു ഭിന്നമായി
ചീവീടുകൾ കരയുന്നതു ഞാൻ കേൾക്കുന്നു:
ഒരാദിമജീവിതബോധത്തോടെ,
തലകറക്കുന്നൊരരുതായ്കയോടെ.
*

ഷിജേഗി ത്‌സുബോയ്‌ - കവിതകള്‍

സൂര്യകാന്തി


സൂര്യകാന്തി-
ജ്വാലയിൽനിന്നുയിർക്കൊണ്ട ജ്വാല,
സൂര്യനിലേക്കൊരു സ്ഫോടനം...



അനക്കമറ്റ രാത്രി


തണുത്തിരുണ്ടൊരീ രാത്രിക്കു ചലനമില്ല,
എന്റെ കണ്ണുകളില്ല,
മിടിക്കുന്ന ഹൃദയമില്ല,
അഴകുള്ള പൂക്കളില്ല.
ഉറക്കം വരാത്തൊരു ജീവിക്ക്‌
ഉള്ളിൽ കാറ്റുവീശുന്നു.
പാതിരാത്രിക്ക്‌ ഘടികാരം നിലയ്ക്കുന്നു.
അതിനു ചാവികൊടുക്കാ-
നെനിക്കു തോന്നുന്നില്ല,
ഒഴിഞ്ഞൊരീ മുറിയിൽ
ഞാനൊറ്റയാവുകയും
അത്ഭുതങ്ങളൊന്നുമില്ലാതെ
രാത്രി കനക്കുകയും ചെയ്യുന്ന
ഈ മുറിയിൽ.
*

കിതഹര ഹാകുഷു - മണൽ

ജ്വലിക്കുന്ന നട്ടുച്ചയിൽ
ഒരു വെള്ളമണൽപ്പാതയിലൂടെ
ഞാൻ സാവധാനം നടന്നുപോകുന്നു.
അകലത്തെ മേൽക്കൂരകൾക്കു മേൽ
ഒരു ചുവന്ന കൊടി അഴഞ്ഞുതൂങ്ങുന്നു.
പാടങ്ങൾ തരിശ്‌ശാണ്‌;
തട്ടിമറിഞ്ഞപോലെയുള്ള കെട്ടിടങ്ങൾ
ചൂടിൽ മൊരിയുന്നു;
മൺകട്ടകളിൽ ചിതറിവീണ പഴങ്ങൾ
കെട്ടുനാറുന്നു.
കൊടുവേനൽ വിളയുന്ന പാടങ്ങളിൽ
വെളുത്ത മണൽപ്പാത
മുറിഞ്ഞും തുടർന്നും പോകുന്നു.
മധ്യാഹ്നത്തിന്റെ ഭീഷണതയിൽ
എല്ലാം നിശ്ചലമാണ്‌,
എല്ലാം നിശ്‌ശബ്ദമാണ്‌.
*

കിശ്വർ ശഹീദ്‌

***

ഞാൻ പറയുന്നതു കേൾക്കൂ
നിങ്ങൾക്കു സംസാരിക്കണമെന്നാണെങ്കിൽ
അതിനുള്ള ശിക്ഷ മരണമാണ്‌;
നിങ്ങൾക്കു ശ്വാസം വിടണമെന്നാണെങ്കിൽ
നിങ്ങളുടെയിടം തടവറയാണ്‌;
നിങ്ങൾക്കു നടക്കണമെന്നാണെങ്കിൽ
കാലു മുറിച്ചു കൈയ്യിലെടുക്കുക;
നിങ്ങൾക്കു ചിരിക്കണമെന്നാണെങ്കിൽ
തലകീഴായി മരത്തിൽ തൂങ്ങിക്കിടക്കുക;
നിങ്ങൾക്കു ചിന്തിക്കണമെന്നാണെങ്കിൽ
എല്ലാ വാതിലും കൊട്ടിയടച്ചിട്ട്‌
താക്കോൽ ദൂരെയെറിയുക;
നിങ്ങൾക്കു കരയണമെന്നാണെങ്കിൽ
ആറ്റിൽപ്പോയി മുങ്ങുക;
നിങ്ങൾക്കു ജീവിക്കണമെന്നാണെങ്കിൽ
സ്വപ്നങ്ങളുടെ ഗുഹയിലെ മാറാലയാവുക;
നിങ്ങൾക്കു സർവ്വതും മറക്കണമെന്നാണെങ്കിൽ
ഒരുനിമിഷം നിൽക്കുക;
എന്നിട്ട്‌ നിങ്ങൾ ആദ്യം പഠിച്ച വാക്ക്‌
ഓർത്തെടുക്കാൻ നോക്കുക.
*

Saturday, February 21, 2009

കാഫ്‌ക - ജനാലയിലൂടെയുള്ള കാഴ്ച

ആസന്നമായിക്കഴിഞ്ഞ ഈ വസന്തകാലം നമ്മൾ ഏതുരീതിയിലാണ്‌ ചെലവഴിക്കാൻ പോകുന്നത്‌? ഇന്നു രാവിലെ നോക്കുമ്പോൾ ആകാശത്തിനു നരച്ച നിറമായിരുന്നു; പക്ഷേ ഇപ്പോൾ ജനാലയുടെ അടുത്തു വന്നു നിൽക്കുമ്പോഴാകട്ടെ, നാം ആശ്ചര്യപ്പെട്ടുപോകുന്നു, ജനലഴികളിൽ കവിളമർത്തി നാം നിന്നുപോകുന്നു.

സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയാണെങ്കിൽക്കൂടി അങ്ങുതാഴെ ചുറ്റും നോക്കിനോക്കി നടന്നുവരുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ മുഖത്തെ അതു ദീപ്തമാക്കുന്നതു നിങ്ങൾക്കു കാണാം; അതേസമയം അവളെ പിന്നിലാക്കി നടന്നുകേറുന്ന ഒരു പുരുഷന്റെ നിഴൽ അവളുടെ മേൽ വന്നുവീഴുന്നതും നാം കാണുന്നുണ്ട്‌.

ഇപ്പോൾ ആ മനുഷ്യൻ കടന്നുപോയിക്കഴിഞ്ഞിരിക്കുന്നു; പെൺകുട്ടിയുടെ മുഖം പ്രകാശപൂർണ്ണവുമാണ്‌.
*

കാഫ്‌ക - വേഷങ്ങൾ

ധാരാളം മടക്കുകളും ഞൊറിവുകളും തൊങ്ങലുകളുമുള്ള വസ്ത്രങ്ങൾ അഴകുള്ള ദേഹങ്ങളിൽ അഴകോടെ വീണുകിടക്കുന്നതു കാണുമ്പോൾ പലപ്പോഴും എനിക്കു തോന്നിപ്പോവാറുണ്ട്‌ അവ അതേ രീതിയിൽ അധികകാലം നിൽക്കാൻ പോകുന്നില്ലെന്ന്; ഇസ്തിരിയിട്ടാലും നിവരാത്ത മാതിരി അവയിൽ ചുളിവുകൾ വന്നുവീഴുമെന്ന്; തുടച്ചാലും പോകാത്തപോലെ ആ ചിത്രത്തുന്നലുകളിൽ പൊടി കയറിക്കൂടുമെന്ന്; വിലപിടിപ്പുള്ള ഒരേ വേഷം എന്നും രാവിലെ എടുത്തണിയാനും വൈകുന്നേരം അഴിച്ചുമാറ്റാനും വേണ്ടി അത്ര അസന്തുഷ്ടരും ബുദ്ധിശൂന്യരുമാണ്‌ തങ്ങളെന്ന് അന്യരറിയാൻ ആഗ്രഹമുള്ളവരായി ആരുമുണ്ടാവില്ലെന്ന്.

എങ്കിൽക്കൂടി സൗൻദര്യവതികളെന്ന് സംശയിക്കാതെ പറയാവുന്ന പെൺകുട്ടികൾ, ആകർഷകമായ ഒരുപാടു മാംസപേശികളും തരുണമായ അസ്ഥികളും ഇറുകിയ ചർമ്മവും പട്ടുപോലത്തെ സമൃദ്ധമായ മുടിയുമുള്ളവർ- അവർ നിത്യവും സാധാരണമായ ഈ ഒരേ പ്രഛന്നവേഷത്തിൽ പ്രത്യക്ഷപ്പെടുന്നതും ഞാൻ കാണുന്നുണ്ട്‌: എപ്പോഴും അതേ മുഖം അതേ കൈത്തലങ്ങളിൽ താങ്ങി കണ്ണാടിയിൽ അതിന്റെ പ്രതിബിംബവും ഉറ്റുനോക്കിയിരിക്കുന്നവർ.

ഇടയ്ക്കെന്നെങ്കിലും ഒരു വിരുന്നിനു പോയിട്ടു വൈകിയെത്തുന്ന ഒരവസരത്തിലേ അവർ കണ്ണാടിയിൽ അതിനെ ഇഴപിഞ്ഞിയതും അഴഞ്ഞുതൂങ്ങിയതും പൊടിപിടിച്ചതും സകലർക്കും കണ്ടുമടുത്തതും ഇനിയൊട്ടും ധരിക്കാനാവാത്തതുമായി കാണുന്നുള്ളു.
*

Thursday, February 19, 2009

നിസ്സാർ ഖബാനി - പ്രണയഗാനങ്ങൾ

വേനൽക്കാലത്ത്‌

വേനൽക്കാലത്തു കടൽക്കരയിൽ
നിന്നെയോർത്തു കിടക്കുമ്പോൾ
നീയെനിക്കെന്താണെന്ന്
കടലിനോടൊന്നു പറഞ്ഞാലോ?
കടലതിന്റെ കരയും വിട്ട്‌
ചിപ്പിയും മീനും വിട്ട്‌
എന്റെ പിന്നാലെ പോന്നേനെ.
*

ഭാഷ

പ്രേമിക്കാൻ പോകുന്നൊരാൾക്ക്‌
പഴയ വാക്കുകൾ കൊണ്ടെന്തുപയോഗം?
പെണ്ണുങ്ങൾ കിടക്കേണ്ടത്‌
വ്യാകരണക്കാർക്കൊപ്പമോ?

ഞാനോ, ഞാൻ സ്നേഹിക്കുന്നവളോട്‌
യാതൊന്നും മിണ്ടിയില്ല;
പ്രേമത്തിന്റെ വിശേഷണങ്ങളെല്ലാം
തൂത്തുകൂട്ടി പെട്ടിയിലാക്കി
ഭാഷകളിൽ നിന്നൊക്കെ ഞാൻ ഒളിച്ചോടി.
*

ഞാൻ സ്നേഹിക്കുന്നവൾ ചോദിക്കുകയാണ്‌

ഞാൻ സ്നേഹിക്കുന്നവൾ ചോദിക്കുകയാണ്‌,
ഞാനും മാനവും തമ്മിൽ എന്തുണ്ടു വ്യത്യാസം?
വ്യതാസമുണ്ടല്ലോയെന്റെ പെണ്ണേ:
നീ ചിരിക്കുമ്പോൾ ഞാൻ
മാനത്തിന്റെ കാര്യമേ മറന്നുപോകുന്നു.
*

നിസ്സാർ ഖബാനി (1923-1998) സിറിയൻ കവി

Wednesday, February 18, 2009

വാങ്ങ്‌-വെയ്‌ - കവിതകൾ


ഒരു മുളങ്കാട്ടിനുള്ളിൽ


ചാരിയിരുന്നു മുളങ്കാവിലേകനായ്‌
നന്തുണി മീട്ടി ഞാൻ പാടി,
ആരുമേ കേൾക്കാതെ,
എന്നിഷ്ടതോഴനാം
വെൺചന്ദ്രനെന്നൊരാൾ കേൾക്കെ.
*


വിടപറയുമ്പോൾ


കുതിരയെ നിർത്തി ഞാൻ താഴെയിറങ്ങിവ-
ന്നങ്ങെയ്ക്കു വീഞ്ഞും ഞാൻ ചൊല്ലിനിന്നു.
എങ്ങാണു പോകുന്ന,തെന്താണു കാര്യമെ-
ന്നാരാഞ്ഞു നിൻവാക്കും പാർത്തുനിന്നു.
ചൊൽകയാണങ്ങുന്നു,"തൃപ്തനല്ലാകെ ഞാ-
നതിനാലീ വഴിയാത്ര ചെയ്തിടുന്നു.
അകലെയത്തെന്മലയ്ക്കടിവാരത്തൊരു മാടം
കെട്ടി ഞാൻ കുടികൊള്ളാൻ പോയിടുന്നു.
അതിനാലിന്നെ നീ വിട്ടയച്ചീടുക,
ചോദ്യങ്ങളൊന്നുമേ ചോദിക്കൊല്ല.
അവിടെയുണ്ടവിരാമം വെണ്മേഘസഞ്ചാരം,
അതു കണ്ടിരിക്കുവാൻ പോകുന്നു ഞാൻ."
*


വാങ്ങ്‌-വെയ്‌ (699-759) ടാങ്ങ്‌ കാലഘട്ടത്തിലെ ചൈനീസ്‌ കവി; ചിത്രകാരനും കൂടിയായിരുന്നു.

Tuesday, February 17, 2009

കാഫ്‌ക - ഒരു ദൃഷ്ടാന്തകഥ

'കഷ്ടം തന്നെ,' എലി പറഞ്ഞു. 'ദിവസം ചെല്ലുംതോറും ലോകം ചുരുങ്ങിച്ചുരുങ്ങിവരികയാണ്‌; ആദ്യമൊക്കെ ഇതിന്റെ വലിപ്പം കണ്ടു ഞാൻ ഭയന്നുപോയി; ഓടിയോടി ഒടുവിൽ അങ്ങകലെ ഇടത്തും വലത്തുമായി ചുമരുകൾ കണ്ടപ്പോൾ ഞാനെത്രയാഹ്ലാദിച്ചു; പക്ഷേ ആ നീണ്ട ചുമരുകളും എത്ര പെട്ടെന്നാണിടുങ്ങിക്കൂടിയത്‌. ഞാനിതാ അവസാനത്തെ അറയിൽ എത്തിക്കഴിഞ്ഞു; ഞാൻ ഓടിക്കയറേണ്ട കെണി ആ മൂലക്കിരിക്കുകയും ചെയ്യുന്നു.' 'നീ ഗതി മാറ്റേണ്ട കാര്യമേയുള്ളു,' പൂച്ച പറഞ്ഞു. എന്നിട്ടതിനെ അകത്താക്കുകയും ചെയ്തു.
*

കാഫ്‌ക - അവിവാഹിതന്റെ ഗതി

അവിവാഹിതനായി കഴിയേണ്ടിവരിക എന്നത്‌ എത്ര ഭയാനകമാണെന്നു തോന്നിപ്പോവുന്നു: മറ്റു മനുഷ്യരുമൊത്ത്‌ ഒരു വൈകുന്നേരം ചെലവഴിക്കാൻ മോഹം തോന്നുമ്പോൾ അതിലൊന്നുൾപ്പെട്ടുകിട്ടാൻ അത്ര കിഴിഞ്ഞപേക്ഷിക്കുമ്പോൾത്തന്നെ ബാക്കിയായ അൽപമെങ്കിലും അഭിമാനം പണയം വയ്ക്കാതെ സൂക്ഷിക്കാൻ പാടുപെടേണ്ടിവരുന്ന ഒരു വൃദ്ധനായിപ്പോവുക-
എപ്പോഴും മുൻവാതിലിൽവച്ചുതന്നെ യാത്രപറഞ്ഞുപോരേണ്ടിവരിക-
രോഗം പിടിച്ച്‌ ആഴ്ചകൾ തുടർച്ചയായി കട്ടിലിട്ടിരിക്കുന്ന മൂലയിൽ നിന്ന് സ്വന്തം മുറിയും നോക്കി കിടക്കേണ്ടിവരിക-
ഒരിക്കലും അരികിൽ സ്വന്തം ഭാര്യയുമൊത്ത്‌ കോണിപ്പടി ചവിട്ടിക്കയറിവരാനാകാതെവരിക-
സ്വന്തം മുറിക്ക്‌ അന്യരുടെ മുറികളിലേക്കു തുറക്കുന്ന വാതിലുകൾ മാത്രമുണ്ടായിരിക്കുക-
രാത്രിയിലേക്കുള്ള ആഹാരം വാങ്ങി കൈയിലെടുക്കേണ്ടിവരിക-
മറ്റുള്ളവരുടെ കുട്ടികളെ പുകഴ്ത്തേണ്ടിവരുമ്പോൾത്തന്നെ 'എനിക്കൊരു കുട്ടിയില്ല' എന്നു പറഞ്ഞുകൊണ്ടിരിക്കാനുംകൂടി അനുവാദം കിട്ടാതെ വരിക-
സ്വന്തം വേഷവും പെരുമാറ്റവും ചെറുപ്പത്തിൽക്കണ്ട ഓർമ്മയുള്ള ഒന്നോ രണ്ടോ അവിവാഹിതരെപ്പോലെയാക്കേണ്ടിവരിക.

ഇതുതന്നെയാണു ഗതിയെന്നതിൽ സംശയമില്ല. പക്ഷേ അതിനുമപ്പുറം, ഇന്നും ഇനി വരാനുള്ള നാളുകളിലും ജീവനോടെ നിങ്ങൾ നിൽക്കും-
മിടിക്കുന്ന ഒരു ശരീരവും യഥാർത്ഥത്തിലുള്ള ഒരു ശിരസ്സുമായി-
എന്നതിനർത്ഥം സ്വന്തം കൈകൊണ്ടടിക്കാൻ ഒരു നെറ്റിയുമായി.
*

കാഫ്‌ക - തെരുവിലേക്കു തുറക്കുന്ന ജാലകം

ഏകാന്തജീവിതം നയിക്കുകയും അതേസമയം ഇടയ്ക്കൊക്കെ ഒരുതരം സമ്പർക്കമാവാം എന്നു വിചാരിക്കുകയും ചെയ്യുന്ന ഒരാൾ-
സമയം, കാലവസ്ഥ, ജോലിയുടെ ചുറ്റുപാടുകൾ എന്നിങ്ങനെയുള്ളവയുടെ വ്യതിയാനങ്ങൾക്കനുസരിച്ച്‌ തനിക്കു പിടിച്ചുതൂങ്ങാൻ ഒരു കൈത്തണ്ട, അതിനി ഏതു പ്രായം ചെന്നതുമായിക്കോട്ടെ, ഒന്നു കാണാൻ മോഹിക്കുക മാത്രം ചെയ്യുന്ന ഒരാൾ-
അങ്ങനെയൊരാൾക്ക്‌ തെരുവിനടുത്ത്‌ ഒരു ജനാലയില്ലാതെ അധികകാലം പിടിച്ചുനിൽക്കാനാവില്ലതന്നെ.

പ്രത്യേകിച്ചെന്തിനെയെങ്കിലും നോക്കിനിൽക്കാനുള്ള മനസ്ഥിതിയിലല്ല അയാളെങ്കിൽക്കൂടി,
അയാൾ വെറുതെ ജനാലയ്ക്കടുത്തേക്കു വന്നു നിൽക്കുന്നതേയുള്ളു(പരിക്ഷീണനാണയാൾ,ആകാശത്തിനും ആൾക്കാർക്കുമിടയിൽ തെന്നിത്തെന്നിപ്പോവുകയാണയാളുടെ നോട്ടം)
അതും തലയൽപ്പം പിന്നാക്കം ചായ്ച്ച്‌ മനസ്സില്ലാമനസ്സോടെയാണയാൾ ചെയ്യുന്നതെങ്കിൽക്കൂടി,
എങ്കിൽക്കൂടി അങ്ങുതാഴെയുള്ള ആ കുതിരകൾ വണ്ടികളുടെയും ഒച്ചപ്പാടിന്റെയും പിന്നാലെ അയാളെയും കോരിയെടുത്തുകൊണ്ടോടും;
അങ്ങനെ ഒടുവിൽ മനുഷ്യവർഗ്ഗവുമായുള്ള ലയത്തിൽ അയാളെക്കൊണ്ടെത്തിക്കുകയും ചെയ്യും.

Sunday, February 15, 2009

ഹൈകു - ഷികി

*
ബധിരനൊരാൾ,
അന്ധനൊരാൾ,
മൂകനൊരാൾ-
ശരൽക്കാലസന്ധ്യയും.


*
ക്രിസാന്തമങ്ങൾ-
ക്കൊരുനൂറുനിറം,
വാടിവീഴും വേളയി-
ലൊരേ നിറം.


*
ബുദ്ധപ്രതിമയുടെ
കൃഷ്ണമണി,
അതിൽത്തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.


*
കടന്നുപോയോനെ
തിരിഞ്ഞുനോക്കി ഞാൻ;
മൂടൽമഞ്ഞി-
ലലിഞ്ഞുപോയയാൾ.



*
ദീർഗ്ഘ്ദീർഗ്ഘമാം പകൽ;
പൈൻമരക്കൊമ്പിൽ
കൊറ്റിക്കഴുത്തുകൾ.


*
ഒരു ശവമാടം,
പൈൻമരമരികിൽ,
കൂടെ കുയിലും.


*
മഴത്തുള്ളികളും മഞ്ഞുതുള്ളികളും
ഉരുണ്ടിറങ്ങിക്കണ്ടുമുട്ടി
താമരപ്പൂവിന്നുള്ളിൽ.


*

തന്നെപ്പണിതോന്റെ
മുതുകിലേറി
പാലം കടക്കുന്നു
നോക്കുകുത്തി.


*

മൂകനാണയാൾ,
ബധിരനാണയാൾ,
അമ്പലമണി നോക്കി
നിൽക്കയാണയാൾ.


*

ഇലയുടെ
സൂചിമുനത്തുമ്പിൽ
തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.


*

വീണുപോയ തൊപ്പി
ഏന്തിയെടുക്കാനെന്നപോലെ
ചാഞ്ഞുനിൽക്കുന്നു
നോക്കുകുത്തി.


*

മല കേറിപ്പോകുന്നു
ചൂട്ടുവെട്ടം,
മേപ്പിളിലകൾ-
ക്കിടയിലൂടെ.


*


ലാങ്ങ്സ്റ്റൺ ഹ്യൂഗ്‌സ്‌

ആത്മഹത്യാകുറിപ്പ്‌

നദിയുടെ ശാന്തമായ
തണുത്ത മുഖം
എന്നോടൊരു
ചുംബനം ചോദിച്ചു.
*


അന്ത്യം

ഭിത്തിയിൽ
ഘടികാരമില്ല,
കാലമില്ല,
പുലരി മുത-
ലന്തി വരെ
തറമുറിച്ചു-
കടക്കുന്ന
നിഴലുകളുമില്ല.

വാതിലിനപ്പുറം
വെളിച്ചമില്ല
ഇരുട്ടുമില്ല.

വാതിലുമില്ല.
*


വ്യക്തിപരം

വ്യക്തിപരം
എന്നു കുറിച്ചൊരു കവറിൽ
ദൈവം എനിക്കൊരു കത്തയച്ചു.

വ്യക്തിപരം
എന്നു കുറിച്ചൊരു കവറിൽത്തന്നെ
ഞാൻ കുറിമടക്കീട്ടുണ്ട്‌.
*

Saturday, February 14, 2009

ഹാൻസ്‌ ആൻഡേഴ്‌സൻ - കോളർ




ഒരിക്കൽ ഒരിടത്ത്‌ പരിഷ്കാരിയായ ഒരു കുതിരപ്പട്ടാളക്കാരനുണ്ടായിരുന്നു; അയാളുടെ കൈമുതൽ എന്നു പറയാൻ ഒരു തൂവാലയും ഒരു ചീർപ്പും മാത്രം. പക്ഷേ ലോകത്തെ ഏറ്റവും മനോഹരമായ കോളറിന്റെ ഉടമ അയാളായിരുന്നു. ആ കോളറിനെക്കുറിച്ചാണ്‌ നാം ഇനി കേൾക്കാൻ പോകുന്ന കഥ.


തനിക്കു വിവാഹപ്രായമായി എന്നു കോളറിനു വിചാരം വന്നുതുടങ്ങിയ കാലത്താണ്‌ ഒരു ദിവസം അയാളെ ഒരു അരപ്പട്ടയോടൊപ്പം അലക്കാനെടുത്തിട്ടത്‌.

'എന്റമ്മേ!' കോളർ വിളിച്ചുകൂവി. 'നിങ്ങളെപ്പോലെ മെലിഞ്ഞു സുന്ദരിയായ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല! പേരെന്താ?'

'ഞാൻ പറയില്ല!' കോളറിനു നാണമായി.

'കിടപ്പെവിടെയാ?' കോളർ വിട്ടില്ല.

അരപ്പട്ട ചൂളിപ്പോയി; മറുപടി പറയാൻ ഉചിതമായ ഒരു ചോദ്യമല്ല അതെന്ന് അവൾക്കു തോന്നി.

'അരയിൽക്കെട്ടുന്ന ഒരു നാടയല്ലേ നിങ്ങൾ!' കോളർ പിടിവിട്ടില്ല. 'ഉടുപ്പിനടിയിൽ കെട്ടുന്ന നാട! അലങ്കാരവും ഉപയോഗവും രണ്ടും നിങ്ങളെക്കൊണ്ടു നടക്കുമേ, കൊച്ചുസുന്ദരീ!'

'എന്നോടു മിണ്ടാൻ വരേണ്ട!' അരപ്പട്ട ചൊടിച്ചു. 'ഞാൻ അങ്ങോട്ടു മിണ്ടാൻ വന്നില്ലല്ലോ!'

'ഓ അതോ,' കോളർ പറഞ്ഞു. 'നിങ്ങളെപ്പോലെ ഒരു സുന്ദരിയെ കാണുമ്പോൾ അങ്ങോട്ടുകയറി മിണ്ടാതിരിക്കുന്നതെങ്ങനെ!'

'ശൊ, ഒന്നു മാറിനിൽക്കൂ!' അരപ്പട്ട ചൊടിച്ചു. 'നിങ്ങൾ വല്ലാത്തൊരാണു തന്നെ!'

'ഞാനൊരു പരിഷ്കാരിയായ കുതിരപ്പട്ടാളക്കാരനും കൂടിയാണേ!' കോളർ പറഞ്ഞു. 'എനിക്കൊരു തൂവാലയും ചീർപ്പും സ്വന്തമായിട്ടുണ്ടേ!' അപ്പറഞ്ഞതൊരു നുണയാണെന്നു നമുക്കറിയാം. അയാളുടെ യജമാനനാണ്‌ അതിന്റെയൊക്കെ ഉടമ; ഇയാൾ വെറുതെ ബഡായി പറയുകയാണ്‌!

'എന്റടുത്തോട്ടൊന്നും വരണ്ട!' അരപ്പട്ട വീണ്ടും പറഞ്ഞു. 'എനിക്കിതൊന്നും പരിചയമില്ല!'

'ഓ, ഒരു വലിയ നാണക്കാരി!' കോളർ പിന്മാറി; പക്ഷേ അപ്പോഴേക്കും അയാളെ അലക്കുതൊട്ടിയിൽ നിന്ന് പുറത്തേക്കെടുത്തിട്ടിരുന്നു. എന്നിട്ടയാളെ കഞ്ഞിയിൽ മുക്കി വെയിലത്തിട്ടുണക്കിയിട്ട്‌ ഇസ്തിരിയിടാനായി മേശപ്പുറത്തു വിരിച്ചു; അപ്പോഴാണ്‌ ഇസ്തിരിപ്പെട്ടിയുടെ ചൂടുപിടിച്ചുള്ള വരവ്‌.


'ചേടത്തീ!' കോളർ പറഞ്ഞു, 'ചൂട് സഹിക്കുന്നില്ലേ! ഞാൻ ഞാനല്ലാതായിപ്പോവുന്നു! എന്റെ ചുളിവുകളൊക്കെ ഇല്ലാതാവുന്നു! നിങ്ങളെന്റെ ചങ്കു തുളയ്ക്കുകയാണല്ലോ!- ഞാൻ നിങ്ങളെ കല്യാണം കഴിച്ചോട്ടെ?'

'ശപ്പൻ!' കോളറിനു മേലേകൂടി ധാർഷ്ട്യത്തോടെ നീങ്ങിക്കൊണ്ട്‌ ഇസ്തിരിപ്പെട്ടി പറഞ്ഞു. വാഗൺ വലിച്ചുകൊണ്ടുവരാൻ യാർഡിലേക്കു പോകുന്ന ആവിയെഞ്ചിനാണു താനെന്നായിരുന്നു അതിന്റെ ഭാവം.

'ശപ്പൻ!' അതു പറഞ്ഞു.


കോളറിന്റെ അറ്റം ഒന്നു ചുളിഞ്ഞിരുന്നു; അതു വെട്ടിശരിയാക്കാനായി അപ്പോൾ കത്രികയെത്തി.

'ഹൊ!' കോളർ അതിനു നേരെ തിരിഞ്ഞു. 'നിങ്ങളൊരൊന്നാന്തരം നൃത്തക്കാരി തന്നെ! എന്റമ്മേ, ആ കാലു പോകുന്ന പോക്കു കണ്ടോ! എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു കാഴ്ച ഞാൻ കണ്ടിട്ടില്ല! ഒരു മനുഷ്യനെക്കൊണ്ടും നടക്കാത്ത കാര്യമാണേയിത്‌!'

'അതൊക്കെ എനിക്കറിയാം!' കത്രിക പറഞ്ഞു.

'നിങ്ങളൊരു പണക്കാരന്റെ ഭാര്യയാകേണ്ടവളാണ്‌!' കോളർ നെടുവീർപ്പിട്ടു. 'എനിക്കാകെയുള്ളത്‌ പരിഷ്കാരിയായ ഒരു കുതിരപ്പട്ടാളക്കാരനും ഒരു തൂവാലയും ഒരു ചീർപ്പും മാത്രം! ഞാനൊരു പണക്കാരനായിരുന്നെങ്കിൽ!'

'അയാൾ കല്യാണമാലോചിക്കാൻ വരികയാണ്‌!' അരിശം വന്നുകൊണ്ട്‌ കത്രിക പറഞ്ഞു; നല്ലൊരു വെട്ടു കൊടുത്ത്‌ അവൾ കോളറിനെ മാറ്റിയിട്ടു.


'ഇനി ചീർപ്പിനെ കല്യാണമാലോചിക്കുക തന്നെ!' കോളർ പറഞ്ഞു. 'നീയീ പല്ലൊന്നും പോകാതെ വച്ചിരിക്കുന്നതൊരതിശയമാണല്ലോ, കൊച്ചേ! കല്യാണത്തെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലേ?'

'ഞാനും തൂവാലയുമായിട്ട്‌ നിശ്ചയം കഴിഞ്ഞല്ലോ!' ചീർപ്പു പറഞ്ഞു.

'നിശ്ചയവും കഴിഞ്ഞു!' കോളറിനു നിരാശയായി. ഇനി കല്യാണമാലോചിക്കാൻ ചെന്നിട്ടെന്തു കാര്യം? അതിനാൽ അയാൾക്കു കല്യാണാലോചന തന്നെ വെറുത്തു.

അങ്ങനെ കാലം കുറേ കടന്നുപോയി. കോളർ പേപ്പർമില്ലിലെ ഒരു പെട്ടിയിൽച്ചെന്നു വീണു. പഴന്തുണികൾ ഒരു വിരുന്നു നടത്തുകയായിരുന്നു; നേർത്ത തുണികൾക്ക്‌ അവരുടെ വക ഒരു വിരുന്ന്; പരുക്കൻ തുണികൾക്ക്‌ അവരുടെ വക വേറെ; അങ്ങനെയാകാതെ തരമില്ലല്ലോ. എല്ലാവർക്കും ഒരുപാടു പറയാനുണ്ടായിരുന്നു; പക്ഷേ ഏറ്റവുമധികം പറയാനുണ്ടായിരുന്നത്‌ നമ്മുടെ കോളറിനായിരുന്നു- അയാൾ ശരിക്കുമൊരു വീമ്പുപറച്ചിലുകാരനായിരുന്നല്ലോ!

'എനിക്കെത്ര കാമുകിമാരുണ്ടായിരുന്നെന്നോ!' കോളർ പറഞ്ഞു. 'ഒരു നിമിഷം സ്വൈരം കിട്ടണ്ടേ! അതെങ്ങനാ, ഞാനൊരു പരിഷ്കാരിയായ കുതിരപ്പട്ടാളക്കാരനായിരുന്നില്ലേ-അതും കഞ്ഞിമുക്കിയത്‌! എനിക്കൊരു തൂവാലയും ചീർപ്പുമുണ്ടായിരുന്നു, രണ്ടും ഞാൻ ഉപയോഗിച്ചിട്ടുമില്ലേ! നിങ്ങൾ എന്നെ അന്നൊന്നു കാണണമായിരുന്നു! എന്റെ ആദ്യത്തെ കാമുകിയെ ജീവിതത്തിൽ എനിക്കു മറക്കാൻ പറ്റില്ല! അവളൊരു അരപ്പട്ടയായിരുന്നു- എത്ര ലോലയും മൃദുലയുമായിരുന്നു അവൾ! എനിക്കു വേണ്ടി അവളൊരു വെള്ളത്തൊട്ടിയിൽച്ചെന്നു ചാടി! പിന്നെയൊരു വിധവയുണ്ടായിരുന്നു, ആകെ ചുട്ടുപഴുത്ത്‌-പക്ഷേ ഞാൻ അവരെ ഗൗനിക്കാൻ പോയില്ല; അവരങ്ങനെ നിന്നു തണുത്തുകറുത്തുപോയി! ഒരു നൃത്തക്കാരിയൊരുത്തിയുണ്ടായിരുന്നു- അവൾ തന്നിട്ടുപോയതാണ്‌ ഈ മുറിവ്‌. അവളൊരു മെരുങ്ങാത്ത ജാതിയായിരുന്നു! പക്ഷേ ഇപ്പോഴും എന്റെ നെഞ്ചു നീറുന്നത്‌ വെള്ളത്തൊട്ടിയിൽച്ചെന്നു ചാടിയ ആ അരപ്പട്ടയെ ഓർത്തിട്ടാണേ. എനിക്കു വല്ലാത്ത കുറ്റബോധം തോന്നുന്നു. ഞാനൊരു വെള്ളക്കടലാസ്സാകേണ്ട കാലമായി.'

അതങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു- പഴന്തുണികളൊക്കെ വെള്ളക്കടലാസ്സായി മാറി. പക്ഷേ നമ്മുടെ കോളറോ, നാം ഇപ്പോള്‍  വായിക്കുന്ന അതേ കടലാസ്സായിട്ടാണു മാറിയത്‌. അത്രയ്ക്കായിരുന്നു താനാകാത്തതും തനിക്കാകാത്തതുമായതിനെക്കുറിച്ച്‌ അയാളുടെ വീമ്പടിക്കൽ. നമുക്കിതോർമ്മയിൽ വേണം, നമ്മുടെ ഗതിയും അതുപോലാകാതിരിക്കണമെങ്കിൽ. നമ്മളും ഒരുനാൾ ഒരു പഴന്തുണിപ്പെട്ടിയിലൊടുങ്ങി വെള്ളക്കടലാസ്സായി മാറില്ലയെന്ന് ആരുകണ്ടു? എന്നിട്ട്‌ നമ്മുടെ സകലരഹസ്യങ്ങളുമുൾപ്പെടെ നമ്മുടെ ജീവിതകഥ അതിൽ അച്ചടിച്ചുവരികയും നാം തന്നെ അതു പറഞ്ഞുനടക്കേണ്ടിവരികയും ചെയ്യുക- ആ കോളറിനെപ്പോലെ!

(ഡാനിഷ്‌ കഥ)





'

Friday, February 13, 2009

ജസ്റ്റിനാസ്‌ മാഴ്‌സിൻകെവിഷ്യസ്‌ - ലിത്വേനിയൻ കവിതകൾ

1. ഇന്നു രാവിൽ

ഇന്നു രാവിലെൻ ഹൃദയത്തെ
ഉലാത്താനയക്കും ഞാൻ,
ഞാനോ പോകില്ലൊരേടത്തും.
ഈ രാവിലത്രേ മനസ്സു പിടിവിട്ടു പായുന്നു.
എന്തെന്നുമേതെന്നുമറിയില്ലെന്നാൽ
നിർഭരമാണെന്റെ ഹൃദയം,
ഉല്ലാസിയാണെന്റെ ദേഹം.
ഈ രാവിലത്രേ മനസ്സു പിടിവിട്ടു പായുന്നു.

ഇന്നു രാവിലെൻ ഹൃദയത്തെ
ഉലാത്താനയക്കും ഞാൻ,
ഞാനോ പോകില്ലൊരേടത്തും.
വഴിയിലെൻ ഹൃദയത്തെ
ചവിട്ടിമെതിക്കരുതേ.
*


2. നിശ്‌ശബ്ദത

വാമൂടിയിരിക്കുവാൻ പോകുന്നു ഞാൻ,
ഉരിയാട്ടമില്ലാത്ത പുഴകൾക്കൊപ്പം വഴി-
യാത്ര പോകുന്നതു ഹിതമെനിക്ക്‌.

മൗനത്തിലെന്തിതു മുറ്റിത്തഴയ്ക്കുന്നു,
ചിന്തകൾ? മത്സ്യങ്ങൾ?
രണ്ടുമേ മൗനികൾ.
രാത്രിയിൽ സാന്ദ്രമാം ഹരിതമേഘം പോലെ
പുല്ലു മുതിർത്തുയരുന്നു,
പറയേണ്ടതൊക്കെയും
പറയാതെ പറയുന്നു.
*

Thursday, February 12, 2009

ഹാൻസ്‌ ആൻഡേഴ്‌സൺ - തീപ്പെട്ടി വിൽക്കുന്ന പെൺകുട്ടി





കുത്തിക്കയറുന്ന തണുപ്പായിരുന്നു. മഞ്ഞു പൊഴിയുന്നുണ്ടായിരുന്നു. ഇരുട്ട്‌ കനക്കുകയുമായിരുന്നു. ആ വർഷത്തെ അവസാനത്തെ രാത്രിയുമായിരുന്നു അത്‌: പുതുവർഷത്തിന്റെ തലേ രാത്രി. ആ ഇരുട്ടത്തും തണുപ്പത്തും തെരുവിലൂടെ നടന്നുപോവുകയാണ്‌ ഒരു കൊച്ചുപെൺകുട്ടി. അവളുടെ തല മറയ്ക്കാൻ ഒന്നുമില്ല; കാലിൽ ചെരുപ്പുമില്ല. വീട്ടിൽ നിന്നിറങ്ങുമ്പോൾ ചെരുപ്പുണ്ടായിരുന്നുവെന്നതു ശരിതന്നെ; പക്ഷേ അതുകൊണ്ട്‌ എന്തു പ്രയാജനം? ആ വള്ളിച്ചെരുപ്പുകൾ അവളുടെ കുഞ്ഞുകാലുകൾക്കു ചേരാത്തവയായിരുന്നു; മരിച്ചുപോയ അവളുടെ അമ്മയിട്ടിരുന്ന ചെരുപ്പുകളാണവ. രണ്ടു കുതിരവണ്ടികൾ പാഞ്ഞുവരുന്നതുകണ്ട്‌ പേടിച്ചോടിമാറുമ്പോൾ അവൾക്കവ നഷ്ടപ്പെടുകയും ചെയ്തു. ഒരു ചെരുപ്പ്‌ എവിടെപ്പോയെന്നു കണ്ടില്ല; മറ്റേതാവട്ടെ, ഒരു ചെറുക്കൻ എടുത്തുകൊണ്ടോടിപ്പോവുകയും ചെയ്തു; തനിക്കു കുഞ്ഞുങ്ങളുണ്ടാവുമ്പോൾ അവരെ കിടത്താൻ ഒരു തൊട്ടിലു വേണം എന്നു പറഞ്ഞുകൊണ്ടാണ്‌ അവൻ അതും കൊണ്ടോടിയത്‌.

തണുപ്പുകൊണ്ടു നീലിച്ച കുഞ്ഞുകാലടികളും വലിച്ചു നടന്നുപോവുകയാണ്‌ ആ കൊച്ചുപെൺകുട്ടി. അവൾ തോളത്തിട്ടിരിക്കുന്ന മാറാപ്പിൽ കുറേ തീപ്പെട്ടിക്കോലുകളുണ്ട്‌; അവളുടെ കൈയിലുമുണ്ട്‌ കുറേ. ഇന്നിത്ര നേരമായിട്ടും ഒരാളും അവളുടെ കൈയിൽ നിന്ന് ഒന്നും വാങ്ങിയിട്ടില്ല. ഒരാളും അവൾക്കൊരു ചില്ലിക്കാശു കൊടുത്തിട്ടുമില്ല. വിശപ്പും തണുപ്പും കൊണ്ടു പരവശയായി കൂനിപ്പിടിച്ചുനടക്കുകയാണ്‌ ആ പാവം കുട്ടി. അവളുടെ ചുമലിലേക്ക്‌ അഴകോടെ വീണുകിടക്കുന്ന ചുരുണ്ട സ്വർണ്ണമുടിയിലേക്ക്‌ മഞ്ഞു പൊഴിഞ്ഞുവീഴുന്നുണ്ട്‌. അവളുടെ മനസ്സിൽ പക്ഷേ അതൊന്നുമായിരുന്നില്ല. തെരുവിനിരുവശത്തുമുള്ള ജനാലകളിൽ നിന്നു പുറത്തേക്ക്‌ പ്രകാശം പരക്കുന്നുണ്ട്‌; പുതുവർഷത്തിന്റെ തലേന്നാളാണല്ലോ അന്ന്. അതെ, അവൾ ഓർത്തത്‌ അതിനെക്കുറിച്ചാണ്‌.

രണ്ടു വീടുകൾക്കിടയിലുള്ള ഒരു മൂലയ്ക്ക്‌ അവൾ കൂനിപ്പിടിച്ചിരുന്നു. തന്റെ കുഞ്ഞുകാലുകൾ ആവുന്നത്ര കൂട്ടിപ്പിടിച്ചിരുന്നിട്ടും അവൾ കിടുങ്ങിവിറയ്ക്കുകയായിരുന്നു. വീട്ടിലേക്കു പോകാൻ അവൾക്കു ധൈര്യം വന്നതുമില്ല. ഒരു തീപ്പെട്ടിക്കോലു പോലും വിൽക്കാൻ അവൾക്ക്‌ കഴിഞ്ഞിട്ടില്ല; ഒരു ചില്ലിക്കാശു പോലും അവൾക്കു കിട്ടിയിട്ടുമില്ല. അച്ഛൻ അവളെ തല്ലും; പിന്നെ വീട്ടിലേക്കു ചെന്നാലും ചൂടു കിട്ടാൻ പോകുന്നതുമില്ല. വീടെന്നു പറഞ്ഞാൽ തലയ്ക്കു മേൽ ഒരു കൂരയുണ്ടായിരുന്നുവെന്നേയുള്ളു. വലിയ വിടവുകൾ വയ്ക്കോലും പഴന്തുണിയും കൊണ്ടടച്ചിട്ടും തണുത്ത കാറ്റ്‌ ഉള്ളിലേക്കടിച്ചുകയറിയിരുന്നു. തണുപ്പു കൊണ്ട്‌ അവളുടെ കുഞ്ഞുവിരലുകൾ മരവിച്ചു. ഒരു തീപ്പെട്ടിക്കോലു കൊണ്ട്‌ എന്തു പ്രയോജനമുണ്ടായേനേ! ഒരു തീപ്പെട്ടിക്കോൽ ഊരിയെടുത്ത്‌ മതിലിന്മേലുരച്ച്‌  കൈകൾ ചൂടുപിടിപ്പിക്കാൻ അവൾക്കു ധൈര്യമുണ്ടാവുമോ? അവൾ ഒരു തീപ്പെട്ടിക്കോൽ വലിച്ചെടുത്തു. ശൂ! അതിന്റെയൊരു പൊട്ടലും ചീറ്റലും! ഇളംചൂടുള്ളൊരു തെളിഞ്ഞ നാളം; അവൾ അതു പൊതിഞ്ഞുപിടിച്ചപ്പോൾ ഒരു കുഞ്ഞുമെഴുകുതിരി പോലെ തോന്നി. അതൊരതിശയവെളിച്ചവുമായിരുന്നു. പിത്തളമൊട്ടുകളും പിത്തളച്ചുറ്റുമുള്ള വമ്പനൊരു നെരിപ്പോടിനു മുന്നിലിരിക്കുകയാണു താനെന്ന് ആ കുട്ടിക്കു തോന്നിപ്പോയി. കേമമായി തീ കത്തുന്ന അതിനരികത്തിരിക്കാൻ എന്തു സുഖം! അല്ല, അതെന്താ? കാലടി കൂടി ചൂടു പിടിപ്പിക്കാൻ അവൾ തന്റെ കാലു നീട്ടുമ്പോഴേക്കും നാളം അണഞ്ഞുപോയി. നെരിപ്പോട് കണ്ണിൽ നിന്നു മറയുകയും ചെയ്തു. തീപ്പെട്ടിക്കോലിന്റെ കരിഞ്ഞ അറ്റവും കൈയിൽപ്പിടിച്ച്‌ പെൺകുട്ടി ഇരുന്നു. അവൾ ഒരു കോലുകൂടി എടുത്തുരച്ചു. അതു കത്തിയെരിഞ്ഞു; മതിലിന്മേൽ അതിന്റെ വെളിച്ചം വീണ ഭാഗം ചില്ലു പോലെ സുതാര്യമായി. അതുവഴി അവൾ മുറിക്കുള്ളിലേക്കു കണ്ണോടിച്ചു; തിളങ്ങുന്ന വെള്ളത്തുണി വിരിച്ച്‌, ഒന്നാംതരം കവിടിപ്പിഞ്ഞാണങ്ങളും നിരത്തി തീൻമേശ ഒരുക്കിയിരിക്കുന്നു; അതിന്മേലിരിപ്പുണ്ട്‌ ഉണക്കമുന്തിരിയും ആപ്പിളുമൊക്കെ കുത്തിനിറച്ച്‌ പൊരിച്ചെടുത്ത കേമനൊരു വാത്ത്‌. അതുമല്ല അതിശയം, ആ വാത്ത്‌ തളികയിൽ നിന്നു ചാടിയിറങ്ങി മുതുകത്തു കുത്തിനിർത്തിയ കത്തിയും മുള്ളുമായി തറയിൽ ഉലാത്താനും തുടങ്ങി! ആ പാവം പെൺകുട്ടിയുടെ തൊട്ടടുത്തുവരെ അതെത്തിയതുമാണ്‌. അപ്പോഴേക്കും തീപ്പെട്ടിക്കോലണഞ്ഞു; തണുത്ത കട്ടിമതിൽ മാത്രമേ പിന്നെ കാണാനുണ്ടായിരുന്നുള്ളു.

അവൾ ഒരു കോലു കൂടി എടുത്തുരച്ചു. അവൾ ഇപ്പോൾ എത്രയും മനോഹരമായ ഒരു ക്രിസ്തുമസ്‌മരത്തിനു ചോട്ടിലിരിക്കുകയാണ്‌. കഴിഞ്ഞ ക്രിസ്തുമസിന്‌ ഒരു പണക്കാരൻകച്ചവടക്കാരന്റെ വീട്ടിൽ ചില്ലുവാതിലിലൂടെ അവൾ കണ്ട ക്രിസ്തുമസ്‌മരത്തേക്കാൾ വലുതും അതിനെക്കാൾ മോടിയായി അലങ്കരിച്ചതുമായിരുന്നു ഇത്‌. പച്ചനിറമുള്ള ചില്ലകളിൽ ഒരായിരം മെഴുകുതിരികൾ എരിയുന്നു; ഉജ്ജ്വലവർണ്ണങ്ങളിലുള്ള ചിത്രങ്ങൾ അവളെത്തന്നെ നോക്കുന്നു. ആ കൊച്ചുപെൺകുട്ടി അതിനു നേർക്ക്‌ തന്റെ കൈകൾ നീട്ടി. ആ സമയത്ത്‌ തീപ്പെട്ടിക്കോൽ എരിഞ്ഞുതീർന്നു; മെഴുകുതിരികൾ ഉയർന്നുയർന്ന് അകന്നുപോയി; അവ തിളങ്ങുന്ന നക്ഷത്രങ്ങളാവുന്നത്‌ അവൾ കണ്ടു. അതിൽ ഒരു നക്ഷത്രം താഴേക്കു വന്ന് ആകാശത്ത്‌ ഒരഗ്നിരേഖ വരച്ചുകൊണ്ട്‌ അപ്രത്യക്ഷമായി.

'ആരോ മരിച്ചു!' പെൺകുട്ടി സ്വയം പറഞ്ഞു. ഒരു നക്ഷത്രം വീഴുമ്പോൾ ഒരാത്മാവ്‌ ദൈവത്തിനടുത്തേക്കുയർന്നുപോവുകയാണെന്ന് അവളുടെ മുത്തശ്‌ശി- ഈ ലോകത്ത്‌ അവളോടു സ്നേഹമുണ്ടായിരുന്ന ഒരേയൊരാൾ, അവളുടെ മരിച്ചുപോയ മുത്തശ്‌ശി- പറയാറുണ്ടായിരുന്നു.

അവൾ വീണ്ടും ഒരു കോലെടുത്ത്‌ മതിലിന്മേലുരച്ചു കത്തിച്ചു. അത്‌ അവൾക്കു ചുറ്റും പ്രകാശം പരത്തിനിന്നെരിഞ്ഞു. ആ വെളിച്ചത്തിൽ അവൾ തന്റെ മുത്തശ്‌ശിയെ കണ്ടു; വിശുദ്ധിയും ശാന്തിയും നിറഞ്ഞ മുഖത്തോടെ ശോഭ ചിതറിനിൽക്കുകയാണ്‌ അവർ.

'മുത്തശ്‌ശീ!' ആ കൊച്ചുകുട്ടി വാവിട്ടു നിലവിളിച്ചു. 'എന്നെയുംകൂടി കൊണ്ടുപോ മുത്തശ്‌ശീ! ഇതണയുമ്പോൾ മുത്തശ്‌ശിയും പോവുമെന്നെനിക്കറിയാം; ആ നെരിപ്പോടു പോലെ, പൊരിച്ച വാത്തു പോലെ, ക്രിസ്തുമസ്‌മരം പോലെ!' അവൾ തിടുക്കത്തിൽ തന്റെ കൈയിലുണ്ടായിരുന്ന തീപ്പെട്ടിക്കോലുകൾ ഉരച്ചുതീർത്തു. അവൾക്ക്‌ തന്റെ മുത്തശ്‌ശിയെ വിടാതെ തന്നോടൊപ്പം നിർത്തണമായിരുന്നു. തീപ്പെട്ടിക്കോലുകളോ, പകൽവെളിച്ചത്തേക്കാൾ ശോഭയോടെയാണെരിഞ്ഞതും. ഇത്ര മനോഹരിയായി, ഇത്ര വലിയൊരാളായി അവൾ തന്റെ മുത്തശ്‌ശിയെ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ല. അവർ ആ കൊച്ചുപെൺകുട്ടിയെ തന്റെ കൈകളിൽ വാരിയെടുത്തു; തേജസ്വികളായി, ആഹ്ലാദചിത്തരായി അവർ ഉയർന്നുയർന്നുപോയി. അവിടെ തണുപ്പില്ല, വിശപ്പില്ല, ഭയവുമില്ല- അവർ ഇപ്പോൾ ദൈവത്തോടൊപ്പമാണ്‌.

പക്ഷേ തെരുവിലെ ഒരു വീടിന്റെ മൂലയ്ക്ക്‌ ചുവന്ന കവിളുകളും മുഖത്തൊരു പുഞ്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി അനക്കമറ്റിരിക്കുകയായിരുന്നു- പോയ വർഷത്തിന്റെ അവസാനത്തെ രാത്രിയിൽ അവൾ തണുത്തുവിറച്ചു മരിക്കുകയായിരുന്നു. തീപ്പെട്ടിക്കോലുകളും കൈയിൽ പിടിച്ചിരിക്കുന്ന ഒരു കുഞ്ഞുശരീരത്തിനു മേൽ പുതുവർഷത്തിന്റെ പ്രഭാതം ഉദിച്ചുയർന്നു. ആ കുട്ടി ചൂടുകിട്ടാൻ വേണ്ടി ചെയ്തതായിരിക്കും, ആരോ പറഞ്ഞു. അവൾ കണ്ട അത്ഭുതകരമായ കാഴ്ചകളെക്കുറിച്ച്‌ അവരാരുമറിഞ്ഞില്ല; എന്തൊരു തേജസ്സോടെയാണ്‌ അവൾ തന്റെ മുത്തശ്‌ശിയോടൊപ്പം പുതുവർഷത്തിലേക്കു കടന്നതെന്നും അവരറിഞ്ഞിട്ടില്ല.

(ഡാനിഷ്‌ കഥ)

കാഫ്‌കയുടെ വചനങ്ങൾ



*
രക്തസാക്ഷികൾ തങ്ങളുടെ ഉടലുകളെ വിലകുറച്ചുകാണുന്നില്ല; അവർ അതിനെ കുരിശിലേക്കുയർത്താൻ വിട്ടുകൊടുക്കുകയാണ്‌. ഇക്കാര്യത്തിൽ അവർ തങ്ങളുടെ പ്രതിയോഗികൾക്കൊപ്പവുമാണ്‌.

*
യുദ്ധം കഴിഞ്ഞു വരുന്ന മൽപ്പിടുത്തക്കാരന്റേതു പോലെയായിരുന്നു അയാളുടെ ക്ഷീണം; അയാളുടെ ജോലിയാവട്ടെ, ഒരു സർക്കാരോഫീസിന്റെ ഒരു മൂല വെള്ളവലിക്കുകയും.



*
വേട്ടനായ്ക്കൾ മുറ്റത്തു കളിച്ചുകൊണ്ടുനിൽക്കുകയാണെങ്കിൽക്കൂടി അവയുടെ ഇര രക്ഷപ്പെടാൻ പോകുന്നില്ല, അതിനി എത്രവേഗം കാട്ടിനുള്ളിലൂടെ പാഞ്ഞാൽപ്പോലും.

*
ലോകത്തിനും നിങ്ങൾക്കുമിടയിലുള്ള സംഘർഷത്തിൽ ലോകത്തെ പിന്തുണയ്ക്കൂ.

*
കിട്ടേണ്ടത്‌ ആർക്കും കിട്ടാതെയാക്കരുത്‌, ലോകത്തിനാണു ജയമെങ്കിൽ അതുപോലും.

*
ഒരു കുടുംബദൈവത്തിലുള്ള വിശ്വാസത്തേക്കാൾ മനസ്സിനുന്മേഷമേകാൻ വേറെന്തിനാകും?

*
ജീവിക്കാൻ തുടങ്ങുമ്പോൾ രണ്ടു കാര്യങ്ങൾ ചെയ്യണം: നിങ്ങളുടെ ഭ്രമണപഥം ചുരുക്കിച്ചുരുക്കി കൊണ്ടുവരിക; പിന്നെ സ്വന്തം ഭ്രമണപഥത്തിനു പുറത്തെവിടെയെങ്കിലും ഒളിച്ചിരിക്കുകയല്ല നിങ്ങളെന്ന് നിരന്തരം ഉറപ്പുവരുത്തുക.

*
പാപത്തിന്റെ വരവ്‌ മറയില്ലാതെയാണ്‌; ഇന്ദ്രിയങ്ങൾ അതു വേഗം പിടിച്ചെടുത്തോളും. പിഴുതെടുക്കേണ്ടതില്ല, വേരും പറിച്ചാണ്‌ അതിന്റെ സഞ്ചാരം.

*
ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ തിരിച്ചെത്തൽ എന്നതില്ല. ആ ഘട്ടം എത്തേണ്ടിയിരിക്കുന്നു.

*
തിന്മയുടെ ഏറ്റവും ഫലപ്രദമായ വശീകരണതന്ത്രങ്ങളിലൊന്നാണ്‌ ഒരുകൈ നോക്കാം എന്നു നിങ്ങളോടുള്ള വെല്ലുവിളി. സ്ത്രീകളോടുള്ള യുദ്ധം പോലെയാണത്‌, കിടക്കയിലാണതിന്റെ അവസാനം.

*
തിന്മയിൽ നിന്ന് രഹസ്യങ്ങൾ സൂക്ഷിക്കാൻ പറ്റുമെന്ന് അതു നിങ്ങളെ വിശ്വസിപ്പിക്കാതിരിക്കട്ടെ.

*
ആശ്രയം തേടി ലോകത്തിന്റെ മടിയിലേക്കോടിച്ചെന്നാലല്ലാതെ നിങ്ങൾ അതിൽ നിന്ന് ഏങ്ങനെ സുഖം കണ്ടെത്തും?

*
തിന്മയ്ക്ക്‌ പാർക്കാൻ ഒരിടം കൊടുത്തുകഴിഞ്ഞാൽപ്പിന്നെ നിങ്ങൾ അതിനെ വിശ്വസിക്കണമെന്ന് അതിനുമില്ല.

*
ആകാശത്തെ തകർക്കാൻ ഒരു കാക്ക മതിയെന്ന് കാക്കകൾ സമർത്ഥിക്കുന്നു;അതിൽ സംശയമൊന്നുമില്ല; പക്ഷേ അതുകൊണ്ട്‌ ആകാശം നിഷേധിക്കപ്പെടുന്നുമില്ല.കാരണം ആകാശമെന്നാൽ ഇത്രേയുള്ളു: കാക്കകൾക്കസാധ്യമായത്‌.


*
ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ ആദ്യലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം നിങ്ങൾക്ക്‌ അസഹ്യമായിത്തോന്നുന്നു; മറ്റൊന്നാവട്ടെ അപ്രാപ്യവും. മരിക്കാനാഗ്രഹിക്കുന്നതിൽ നിങ്ങൾക്കിപ്പോൾ യാതൊരു നാണക്കേടും തോന്നുന്നില്ല. പഴയ തടവറയിൽ നിന്ന്(നിങ്ങൾക്കതിനെ വെറുപ്പാണ്‌) പുതിയൊരു തടവറയിലേക്ക്‌(അതിനെ വെറുക്കാൻ പഠിക്കുകയും വേണം) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌.


*
സത്യമായ മാർഗ്ഗം ഒരു കമ്പക്കയറിലൂടെയാണ്‌; അതു വലിച്ചുകെട്ടിയിരിക്കുന്നതു പക്ഷേ, ഉയരത്തിലല്ല തറനിരപ്പിനു തൊട്ടു മുകളിലായിട്ടാണെന്നേയുള്ളു. നടന്നുപോവുകയല്ല, തടഞ്ഞുവീഴുകയാണ്‌ അതുകൊണ്ടുദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.


*
മനുഷ്യന്റെ മുഖ്യമായ പാപങ്ങൾ രണ്ടാണ്‌: അക്ഷമയും ആലസ്യവും. മറ്റു പാപങ്ങൾ ജന്മമെടുക്കുന്നതും ഈ രണ്ടിൽ നിന്നുതന്നെ. അക്ഷമ കാരണം അവർ പറുദീസയിൽ നിന്നു ഭ്രഷ്ടരായി; ആലസ്യം കാരണമായി അവർ പിന്നെ മടങ്ങിയതുമില്ല. ഇനിയഥവാ പാപം ഒന്നേയുള്ളുവെന്നും പറയാം: അക്ഷമ. അക്ഷമ കാരണം അവർ ഭ്രഷ്ടരായി; അതുകാരണം തന്നെ അവർ മടങ്ങിയതുമില്ല.


*
ഒരാപ്പിളിന്റെ കാര്യം തന്നെയെടുക്കൂ: എത്ര വ്യത്യസ്തമായ രീതികളിൽ അതിനെ കാണാനാകും. ഒരു കൊച്ചുകുട്ടിക്ക്‌ കഷ്ടപ്പെട്ടു കഴുത്തുനീട്ടി നോക്കിയാൽ മാത്രമേ മേശപ്പുറത്തിരിക്കുന്ന ആപ്പിൾ കഷ്ടിച്ചൊന്നു കാണാനാവൂ; അതേസമയം ഗൃഹനാഥനാവട്ടെ, ആപ്പിൾ കൈയിലെടുത്ത്‌ എതിർവശത്തിരിക്കുന്ന വിരുന്നുകാരനു കൊടുക്കുകയും ചെയ്യുന്നു.


*
പുള്ളിപ്പുലികൾ അമ്പലത്തിനുള്ളിൽ ചാടിക്കയറി ബലിപാത്രങ്ങൾ കുടിച്ചുവറ്റിക്കുന്നു; ഇതു പലതവണ ആവർത്തിച്ചുകഴിയുമ്പോൾ ഇനിയതെന്നുണ്ടാവുമെന്ന് ഗണിച്ചെടുക്കാമെന്നുമാകുന്നു; അത്‌ അനുഷ്ഠാനത്തിന്റെ ഭാഗവുമാകുന്നു.


*
ഒളിച്ചിരിക്കാനുള്ള ഇടങ്ങൾ അസംഖ്യമാണ്‌; മോചനമോ ഒന്നു മാത്രം. എന്നാൽ മോചനത്തിനുള്ള സാദ്ധ്യതകൾ ഒളിയിടങ്ങൾ പോലെതന്നെ എണ്ണമറ്റവയത്രേ.


*
ലക്ഷ്യമുണ്ട്‌, മാർഗ്ഗമില്ല; മാർഗ്ഗമെന്നു നാം പറയുന്നത്‌ ഒരിടർച്ചയാണ്‌.


*
ഏതു ഗൂഢോദ്ദേശ്യത്തോടെയാണോ നിങ്ങൾ തിന്മയ്ക്കു പാർക്കാൻ ഒരിടം കൊടുക്കുന്നത്‌, അതു നിങ്ങളുടേതല്ല തിന്മയുടേതു തന്നെയാണ്‌.


*
എന്റെ ചോദ്യത്തിനുത്തരം കിട്ടാത്തതെന്തുകൊണ്ടെന്നായിരുന്നു മുൻപെനിക്കു മനസ്സിലാകാതിരുന്നത്‌; പക്ഷെ ചോദ്യം ചോദിക്കാൻ കെൽപ്പുള്ളവനാണു ഞാനെന്നു വിശ്വസിക്കാൻ എനിക്കെങ്ങനെ കഴിഞ്ഞു എന്നതാണ്‌ ഇപ്പോഴെനിക്കു മനസ്സിലാകാത്തത്‌. സത്യത്തിൽ ഞാൻ ചോദിച്ചുവെന്നേയുള്ളു, വിശ്വാസം എനിക്കുണ്ടായിരുന്നില്ല.


*
നിത്യതയുടെ പാതയിലൂടെ എത്ര നിഷ്പ്രയാസമായിട്ടാണു തന്റെ സഞ്ചാരം എന്ന് ആശ്ചര്യപ്പെട്ട ഒരാളുണ്ടായിരുന്നു; അയാൾ ഒരു കൊടുംചരിവ്‌ ഓടിയിറങ്ങുകയായിരുന്നു എന്നതാണു വാസ്തവം.


*
അന്ത്യവിധിയെ നാം ആ പേരെടുത്തു വിളിക്കുന്നത്‌ കാലത്തെക്കുറിച്ച്‌ നമ്മുടെ സങ്കൽപം ആ വിധമായതുകൊണ്ടുമാത്രമാണ്‌; യഥാർത്ഥത്തിൽ അതൊരു നിത്യവിചാരണയത്രെ.


*
പുരോഗതിയിൽ വിശ്വസിക്കുക എന്നാൽ പുരോഗതിയെന്തെങ്കിലുമുണ്ടായി എന്നു വിശ്വസിക്കലല്ല; അങ്ങനെ ചെയ്താൽ അതു യഥാർത്ഥമായ ഒരു വിശ്വാസപ്രകടനവുമല്ല.


*
സർപ്പത്തിന്റെ മാധ്യസ്ഥം ഒഴിവാക്കാനാവുമായിരുന്നില്ല; പാപത്തിനു മനുഷ്യനെ വശീകരിക്കാമെന്നേയുള്ളു, മനുഷ്യനാവാൻ പറ്റില്ലല്ലോ.


*
ഒരാൾ ഏറ്റവും കുറവു കള്ളം പറയുന്നത്‌ അയാൾ ഏറ്റവും കുറച്ച്‌ കള്ളം പറയുമ്പോൾ മാത്രമാണ്‌!, അല്ലാതെ കള്ളം പറയാനുള്ള അവസരങ്ങൾ ഏറ്റവും കുറവുള്ളപ്പോഴല്ല.


*
നാശമില്ലാത്ത്‌ ഒന്ന് തന്നിൽത്തന്നെയുണ്ടെന്നുള്ള സ്ഥിരവിശ്വാസമില്ലാതെ മനുഷ്യനു ജീവിക്കാനാവില്ല. പക്ഷേ ആ നാശമില്ലാത്ത വസ്തുവും അതിന്മേലുള്ള വിശ്വാസവും ഒരുകാലത്തും അയാൾക്കു വെളിപ്പെട്ടുകിട്ടിയില്ലെന്നും വരാം. ആ നിത്യമായ ഗോപനത്തിനു പുറത്തേക്കു വരാനുള്ള ഒരു വഴിയാണ്‌ രൂപമെടുത്ത ദൈവത്തിലുള്ള വിശ്വാസം.

അഹമ്മദ്‌ ഫാരാസ്‌ - വചനത്തിന്റെ കുരിശേറ്റം

വരൂ,
നാം ക്രൂശിച്ച ക്രിസ്തുവിന്റെ
രക്താഭിഷിക്തമായ ജഡത്തെച്ചൊല്ലി
നമുക്കു വിലപിക്കാം,
നമുക്കു നിലവിളിക്കാം;
നമ്മെ ഏൽപ്പിച്ച ജോലി
നാം ഭംഗിയായി ചെയ്തുതീർത്തുവല്ലോ.
ഇനി കണക്കു തീർക്കേണ്ട നേരമായി.

ചെരിപ്പുകൾ
കുരിശു പണിഞ്ഞവനെടുത്തോട്ടെ;
ശവക്കച്ച കവചമണിയിച്ചവനുള്ളത്‌;
മുൾക്കിരീടം
കണ്ണിൽ കണ്ണീരുള്ളവനർഹതപ്പെട്ടതത്രേ.

വരൂ,
ഇനി നമ്മുടെ അവകാശം സ്ഥാപിക്കാം.
നാമൊക്കെ ക്രിസ്തുവത്രേ.
മരിച്ചവരെ ജീവിപ്പിക്കാനാവുമെന്ന്
നമുക്കു തെളിയിക്കണം.
പക്ഷേ അവന്റെ വചനമായിരുന്നു എല്ലാം.
വചനമെവിടെ?
*

ബിരാഗോ ഡിയോപ്‌-ശകുനം



ഒരു നഗ്നസൂര്യൻ-ഒരു മഞ്ഞസൂര്യൻ
മഞ്ഞപ്പുഴയോരത്ത്‌
പൊൻതിര കോരിയൊഴിക്കുന്നു
പുലർച്ചയ്ക്കൊരു നഗ്നസൂര്യൻ.

ഒരു നഗ്നസൂര്യൻ-ഒരു വെള്ളസൂര്യൻ
വെൺപുഴ മേൽ
വെള്ളിത്തിര കോരിയൊഴിക്കുന്നു
വെളുത്തുനഗ്നനായൊരു സൂര്യൻ.

ഒരു നഗ്നസൂര്യൻ-ഒരു ചുവന്നസൂര്യൻ
ചെമ്പുഴ മേൽ
ചെഞ്ചോരത്തിര കോരിയൊഴിക്കുന്നു
ചുവന്നുനഗ്നനായൊരു സൂര്യൻ.
*
(സെനെഗൾ-ഫ്രെഞ്ച്‌)

Wednesday, February 11, 2009

ഹാൻസ്‌ ആൻഡേഴ്‌സൺ - കഥ കൈചൂണ്ടുന്നതു നിങ്ങളെ



മുഖത്തു നോക്കി പരുഷം പറയുകയാണെന്നു തോന്നാതെതന്നെ ഉള്ളകാര്യം തുറന്നുപറയുന്നതിന്‌ പണ്ടുള്ളവർ ഒരു വിദ്യ കണ്ടുപിടിച്ചിരുന്നു:ആളുകളുടെ മുഖത്തേക്ക്‌ അവർ വിശേഷപ്പെട്ടൊരു കണ്ണാടി എടുത്തുപിടിച്ചുകൊടുത്തു; അതിൽ നോക്കിയാൽ കാണാം,നാനാജാതി ജന്തുക്കളും വിചിത്രവസ്തുക്കളും ചേർന്നു സൃഷ്ടിക്കുന്ന ഒരു മായികദൃശ്യം; രസിപ്പിക്കുന്നതോടൊപ്പം ഉദ്ബുദ്ധരാക്കുകയും ചെയ്യുന്ന കെട്ടുകാഴ്ച. അതിനവർ 'കെട്ടുകഥ' എന്നു പേരുമിട്ടു. അതിൽ ജന്തുക്കൾ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങളെയും മിടുക്കുകളെയും മനുഷ്യർ തങ്ങളോടൊന്നു ചേർത്തുവായിക്കുകയേ വേണ്ടു, അവർക്കുടനേ മനസ്സിലാകും, കഥ കൈചൂണ്ടുന്നതു തങ്ങളെ. ഒരുദാഹരണമെടുക്കാം.

രണ്ടു മലകളുണ്ട്‌; ഓരോ മലയ്ക്കു മുകളിലും ഓരോ കോട്ടയുമുണ്ട്‌. മലയടിവാരത്തിലൂടെ അതാ ഒരു നായ ഓടിപ്പോവുന്നു; വിശപ്പടക്കാൻ വല്ല എലിയോ കിളിയോ കിട്ടിയാലോയെന്നോർത്ത്‌ നിലം മണത്തുമണത്താണ്‌ അവന്റെ പാച്ചിൽ. അപ്പോഴുണ്ട്‌, ഒരു കോട്ടയിൽ നിന്ന് ഭക്ഷണം തയാറായി എന്നറിയിക്കുന്ന കുഴൽവിളി കേൾക്കാറായി. നായ ഉടനെ തനിക്കും ഒരംശം കിട്ടുമെന്ന പ്രതീക്ഷയോടെ ആ കോട്ട നിൽക്കുന്ന മല ഓടിക്കയറാൻ തുടങ്ങി. പക്ഷേ അവൻ പാതിവഴിയെത്തിയപ്പോഴേക്കും കുഴൽവിളി നിലച്ചു; മറ്റേ കോട്ടയിൽ നിന്ന് കുഴൽവിളി കേൾക്കാനും തുടങ്ങി. അപ്പോൾ നായ വിചാരിച്ചു,'ഇനി ഞാൻ ഇവിടെക്കയറിച്ചെല്ലുമ്പോഴേക്കും ഇവിടുള്ളവർ ആഹാരം കഴിച്ചെഴുന്നേറ്റിട്ടുണ്ടാവും; പക്ഷേ അവിടെ അവർ ഇരുന്നിട്ടേയുണ്ടാവു.' അങ്ങനെ അവൻ ആ മലയിൽ നിന്നിറങ്ങി മറ്റേ മല കയറാൻ തുടങ്ങി.എന്നാൽ ഈ സമയത്ത്‌ ആദ്യത്തെ കോട്ടയിൽ നിന്നു വീണ്ടും കുഴൽവിളി കേട്ടുതുടങ്ങി; മറ്റേ കോട്ടയിൽ അതു നിലയ്ക്കുകയും ചെയ്തു. നായ വീണ്ടും ഒരു മലയിറങ്ങി മറ്റേ മല കയറുകയായി. അവനിങ്ങനെ കയറ്റവും ഇറക്കവും നടത്തുന്നതിനിടയിൽ രണ്ടു കുഴൽവിളികളും നിലച്ചു; ഇനി എവിടെക്കയറിച്ചെന്നാലും ഒന്നും കിട്ടാൻ പോകുന്നില്ലെന്ന് അതോടെ വ്യക്തമാവുകയും ചെയ്തു.

ഈ കഥയിലൂടെ പഴമക്കാർ എന്തുപദേശമാണു നമുക്കു നൽകുന്നത്‌? അവിടെയുമിവിടെയുമില്ലാതെ ജീവിതം മുഴുവൻ ഓടിത്തളരുന്ന നമ്മിലാരെയാണ്‌ ഈ കഥ കൈചൂണ്ടുന്നത്‌?
*

ഹാൻസ്‌ ആൻഡേഴ്‌സൺ - പയറുമണിമേൽ കിടന്ന രാജകുമാരി



ഒരിക്കൽ ഒരിടത്തൊരു രാജകുമാരനുണ്ടായിരുന്നു. രാജകുമാരന്‌ ഒരു രാജകുമാരിയെ വേണം, അതുപക്ഷേ ഒരു യഥാർത്ഥരാജകുമാരി ആയിരിക്കുകയും വേണം! അങ്ങനെയൊരാളെത്തേടി അയാൾ ലോകം മുഴുവൻ അലഞ്ഞു. പക്ഷേ എവിടൊക്കെപ്പോയിട്ടെന്താ, അവിടൊക്കെ എന്തിന്റെയെങ്കിലും ഒരു കുറവുണ്ടാവും. രാജകുമാരിമാർ എത്രയെങ്കിലുമുണ്ടായിരുന്നു; എന്നാൽ അവർ യഥാർത്ഥരാജകുമാരിമാരാണോ എന്നു കണ്ടുപിടിക്കാൻ അയാൾക്കു കഴിഞ്ഞില്ല. എവിടെയോ എന്തോ ഒന്നു പിശകുന്നു. അങ്ങനെ അയാൾ തിരച്ചിൽ അവസാനിപ്പിച്ച്‌ കൊട്ടാരത്തിലെത്തി മനസ്സുകെട്ട്‌ അടച്ചിരുപ്പുമായി; ഒരു യഥാർത്ഥരാജകുമാരിയെ വേണമെന്ന് അത്രമേൽ ആഗ്രഹിച്ചിരുന്നതാണല്ലോ അയാൾ.

അന്നൊരിക്കൽ രാത്രിയിൽ ഭയങ്കരമായ കാറ്റും മഴയുമുണ്ടായി. മിന്നൽ പാളിമറഞ്ഞു; ഇടിമുഴക്കം ഹുങ്കാരവം മുഴക്കി; മഴ കോരിച്ചൊരിയുകയും! ഹൊ, മനസ്സു കിടുകിടുത്തുപോകും! ഈ നേരത്താണ്‌ കൊട്ടാരവാതിൽക്കൽ ആരോ തട്ടുന്നത്‌; വൃദ്ധനായ രാജാവു ചെന്ന് വാതിൽ തുറന്നു.

ഒരു രാജകുമാരിയാണ്‌ പുറത്തുനിൽക്കുന്നത്‌. ദൈവമേ, ആ കാറ്റത്തും മഴയത്തും അവളുടെയൊരു കോലം! അവളുടെ മുടിയിലും ഉടുത്തിരിക്കുന്നതിലും നിന്ന് മഴവെള്ളം ഒലിച്ചിറങ്ങി ചെരുപ്പിലൂടെ കാൽമടമ്പിലേക്കൊഴുകയാണ്‌; എന്നിട്ടവൾ പറയുന്നതോ, താൻ ഒരു യഥാർത്ഥരാജകുമാരിയാണെന്നും!

'അതെയോ, എങ്കിൽ നമുക്കതു കണ്ടുപിടിക്കാവുന്നതല്ലെയുള്ളു,' മഹാറാണി മനസ്സിൽ പറഞ്ഞു; അവർ പക്ഷേ മറ്റാരോടും ഇക്കാര്യം മിണ്ടിയില്ല. അവർ നേരേ കിടപ്പുമുറിയിൽച്ചെന്ന് മെത്തയും പുതപ്പുമൊക്കെ വാരിമാറ്റിയിട്ട്‌ കട്ടിലിനു മുകളിൽ ഒരു പയറുമണി വച്ചു. പിന്നെ അതിനു മേൽ ഇരുപതു മെത്തകളും മെത്തകൾക്കു മേൽ ഇരുപതു തൂവൽക്കിടക്കകളും വിരിച്ചു. രാജകുമാരി അന്നു കിടന്നുറങ്ങേണ്ടത്‌ അതിലാണ്‌.

രാവിലെ എഴുന്നേറ്റപ്പോൾ ഉറക്കം എങ്ങനെയുണ്ടായിരുന്നുവെന്ന് എല്ലാവരും രാജകുമാരിയോടന്വേഷിച്ചു.

'ഹൊ, ഞാനങ്ങു കഷ്ടപ്പെട്ടുപോയി!' രാജകുമാരി പരാതിപ്പെട്ടു. 'രാതിയിൽ ഒരുപോള കണ്ണടയ്ക്കാൻ പറ്റിയില്ല! എന്റെ കിടക്കയിൽ എന്തായിരുന്നുവെന്ന് ദൈവത്തിനേ അറിയൂ. എന്തോ കട്ടിയുള്ളതിന്റെ മേൽ കിടന്ന് എന്റെ ദേഹമാകെ നീലിച്ചു!'

ഇവൾ ഒരു യഥാർത്ഥരാജകുമാരിയാണെന്നതിന്‌ വേറെന്തു തെളിവു വേണം! കാരണം ഇരുപതു തൂവൽക്കിടക്കകൾക്കും ഇരുപതു മെത്തകൾക്കുമടിയിലുള്ള ഒരു പയറുമണി തന്റെ ദേഹത്തു തൊടുന്നത്‌ അവൾ അറിഞ്ഞിരിക്കുന്നുവല്ലോ. അത്രയ്ക്കു മൃദുവായ ചർമ്മം ഒരു രാജകുമാരിക്കേ ഉണ്ടായിക്കൂടൂ!

അങ്ങനെ രാജകുമാരൻ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു; തനിക്ക്‌ ഒരു യഥാർത്ഥരാജകുമാരിയെത്തന്നെയാണു കിട്ടിയിരിക്കുന്നതെന്നതിൽ അയാൾക്കിനി സംശയത്തിനവകാശമില്ലല്ലോ! ആ പയറുമണി എന്തു ചെയ്തെന്നോ? അവരതിനെ കാഴ്ചബംഗ്ലാവിൽ പ്രദർശനത്തിനു വച്ചു. ആരും കട്ടുകൊണ്ടുപോയിട്ടില്ലെങ്കിൽ അതിന്നും അവിടെയുണ്ടാവും! ഞാൻ ഇപ്പറഞ്ഞത്‌ ഒരു യഥാർത്ഥകഥയാണേ!

(ഡാനിഷ്‌ കഥ)

Tuesday, February 10, 2009

യൊരൂബാ നാടൻപാട്ടുകൾ




സൃഷ്ടാവായ ഒബാട്ടാല

പൊറുതി മുഴുത്തോൻ,മിണ്ടാത്തേവർ
കലി കലരാതെ തീർപ്പരുൾ ചെയ്‌വോൻ.
അകലത്തുള്ളോനെന്നാലെന്തീ-
യൂരിൽത്തന്നെ കണ്ണുള്ളോൻ.
ചോരപ്പിള്ളയെ കൊന്നാലും മറു-
പിറവിക്കവനെയുണർത്തുന്നോൻ.
മരണം പോലെ തമാശ കാട്ടും,
കുഞ്ഞിനെ തട്ടിയെടുത്തോടും.
കൂനൻമുതുകിൽ സവാരിപോകും,
ഇടവും വലവും കൈവീശും.
പൈതങ്ങൾക്കവൻ തുണയായ്‌ നിൽക്കൂം,
അവരെ ഇക്കിളിയാക്കീടും.
ചിരിയുടെ തന്ത, കണ്ണുകളിൽ ചിരി
മാനത്തെപ്പെരുമ്പത്തായം.
ചെറുമന്നൂറ്റം പെരുത്ത കിഴവൻ,
മാനത്തെക്കൊടുംകടന്നൽക്കൂട്‌.
ഉള്ളവർ നിന്നാലുള്ളവരായി,
ഇല്ലാതവരും അതുപോലെ.
ഉള്ളവരിൽ നിന്നുള്ളതെടുത്ത്‌
ഇല്ലാതവർക്കു നീ നൽകും.
ഉള്ളവരിൽ നിന്നെടുത്തു നീയ-
തെനിക്കു നൽകുക തമ്പ്രാനേ.
ചോരയെ കുഞ്ഞാക്കുന്നവനേ,
ഒന്നുരുവാക്കണമെന്റെ വയറ്റിലും.
നീലം മുക്കാനൊരു മുണ്ട്‌,
കാവി മുക്കാനൊരു തട്ടം-
ഇത്രേയുള്ളെൻ സ്വത്തെന്നാലും
അറിയാമേ നിന്നുള്ളിലിരുപ്പ്‌.
എന്റെ കണക്കായ്‌ വച്ചിട്ടുണ്ടേ
ഇരുപതുമുപ്പതു പിള്ളകളെ!
*


ഏഷു-ഭാഗ്യത്തിന്റെ ദേവത


ശരിയും തെറ്റും, തെറ്റും ശരിയും
മാറ്റിമറിപ്പോനിവൻ-ഏഷു.
ഈറപിടിച്ചാൽ കല്ലിന്മേലിവ-
നാഞ്ഞിടിക്കും ചോര തുളിക്കും;
ഈറപിടിച്ചാൽ കൂനനുറുമ്പിൻ
തോലിന്മേലിവനമർന്നിരിക്കും.
ഈറപിടിച്ചാൽ ഇവന്നൊഴുക്കും
ചോരക്കണ്ണീരോലോല.
ഒരുനാളിവനോ വീട്ടിലുറങ്ങി,
അവനു കിടക്കാനതുപോര;
പിന്നെ വരാന്തയിൽ കിടന്നുനോക്കി,
അവനു കിടക്കാനതുപോര;
പിന്നെയടയ്ക്കത്തോടിലുറങ്ങി,
നീണ്ടുനിവർന്നവനന്നു കിടന്നു.
മലർന്നുകിടക്കാനവനാവില്ല,
മേൽപ്പുര തട്ടി തല പൊങ്ങും;
നിവർന്നുനിന്നാലരിക്കലത്തിൽ
കുനിഞ്ഞുനോക്കാനാവില്ല.
ഇന്നൊരു കല്ലവനെറിഞ്ഞുവെന്നാൽ
ഇന്നലെയാണൊരു കിളി വീണു.
*


പുള്ളിമാൻ


മടിയിൽ വച്ചോമനിക്കാനുള്ളതാണു നീ,
നിൻനീൾക്കഴുത്തിനിതെന്തു ചന്തം.
മെലിവറിയാതെ നീ പാർക്കുന്നു പൊന്തയിൽ,
പുതുമണവാട്ടി പോൽ നീ കൊഴുത്തോൾ.
പൂമ്പാറ്റ ചിറകു കുടയുന്നപോലല്ലേ
പായുമ്പോൾ നീ പൂഴി പാറ്റിടുന്നു.
കാതൽ കടഞ്ഞ പോൽ സുന്ദരി നീ, നിന്റെ
കണ്ണുകൾ പ്രാവിന്റെ കണ്ണു പോലെ.
നായാട്ടുകാരന്റെ ദുരമൂത്ത കൺകളിൽ
നിന്റെ കഴുത്തെത്ര നീണ്ടുനീണ്ട്‌!
*


പുള്ളിപ്പുലി


സൗമ്യനാം നായാടി-
തലയോടുടയ്ക്കുമ്പോൾ
തറയിൽക്കളിക്കുന്നവന്റെ നീൾവാൽ.

ചന്തക്കാരൻ മരണം-
ഇരയെക്കാണാൻ പോകെ
അവനെടുത്തണിയുന്നു പുള്ളിയാട.

കളിയാടും കൊലയാളി-
അവനാഞ്ഞുപുണരുമ്പോൾ
മാൻപേട ചങ്കുനുറുങ്ങിച്ചത്തു.
*


ആന

ചാവുടൽപൂണ്ടുവരുന്നവനാണേ,
പൊന്തയിൽപ്പാർക്കുന്ന പൂതത്താനാണേ.
ഒറ്റക്കൈയെത്തിച്ചു രണ്ടു കരിമ്പന
മൂടോടെ കുത്തിമറിപ്പോനാണേ.
രണ്ടുകൈയ്യുണ്ടെന്നാൽ മാനം വലിച്ചിട്ടു
ഞാത്തിയേനേ പഴംകൂറ പോലെ.
നായയെത്തിന്നുന്ന പൂതത്താനാണേ,
ആടിനെത്തിന്നുന്ന പൂതത്താനാണേ.
കൊല്ലുന്ന നാലുകാൽ കൊണ്ടിവൻ മണ്ണിലെ
പുല്ലു ചവിട്ടിയരച്ചിടുന്നു-
താനെഴുന്നെള്ളിനടക്കും വഴികളിൽ
പുല്ലു നിലംപറ്റിനിൽക്കവേണം.
*

റെഡ്‌ ഇന്ത്യൻ നാടൻപാട്ടുകൾ



ഞങ്ങളെപ്പെറ്റിട്ട മണ്ണേ,
ഞങ്ങൾക്കുയിർ തന്ന വിണ്ണേ,
നിങ്ങടെ പൈതങ്ങളെങ്ങളിതാ
നിങ്ങടെയിഷ്ടങ്ങൾ കൊണ്ടുവന്നു.
ഇനി നെയ്തുതന്നാലും ഞങ്ങൾക്കായി
കണ്ണഞ്ചിപ്പോവുന്ന പുടവയൊന്ന്.
ഊടതിന്നാവണം പുലരിവെട്ടം,
പാവതിന്നാകണം അന്തിവെട്ടം;
മഴ നൂൽക്കും പൊൻനൂലതിന്നലുക്ക്‌,
കര വയ്ക്കുവാൻ വേണം മാരിവില്ല്.
ഇങ്ങനെ നെയ്താലും ഞങ്ങൾക്കായി
കണ്ണഞ്ചിപ്പോവുന്ന പുടവയൊന്ന്.
എങ്കിൽപ്പറവകൾ പാടുമിട-
ത്തെങ്ങൾ നടക്കുമേ മാനമായി;
പുല്ലുകൾ പച്ചവിരിക്കുമിട-
ത്തെങ്ങൾ നടക്കുമേ മാനമായി.
*


ഉയിരോടിരുന്നവൻ ചെറ്റുമുന്നേ,
നീയിതാ പ്രാണനൊഴിഞ്ഞവനായ്‌;
ആണുമല്ലാതെയായ്‌, പെണ്ണുമല്ലാതെയായ്‌
-കൊന്നുവല്ലോ നവഹോക്കൾ നിന്നെ.
ഇനിയെന്തിനോർക്കണം ഞങ്ങളെ നീ
നിൻ ചോറു ഞങ്ങൾ കുഴിയിൽ വയ്പ്പൂ;
കൈക്കൊൾക, പിന്നെയുറങ്ങിക്കൊൾക,
മൺചുമരറയിലടങ്ങിക്കൊൾക;
ഒരുവട്ടം, ഇരുവട്ടം, മൂന്നാമതൊരുവട്ടം
ഇനി ഞങ്ങളെ വിട്ടു പൊയ്ക്കൊള്ളുക.
*


തീനാളമണയുന്നു, പുകയുമടങ്ങുന്നു
കഷ്ടമേ, കെടുതി നമുക്കു വന്നു.
പകലോനെത്തേടിയിറങ്ങുകയായിതാ
പെരുമ തിരളുന്ന ദൈവത്താരും.
മാനത്തെ നായാടിയാമവൻ തന്നുടെ
കൈയ്യിൽത്തിളങ്ങുന്നു മാരിവില്ല്.
തന്നുടെ പൈതങ്ങൾ കേഴുന്ന കേട്ടവൻ
പകലോനെത്തേടിയിറങ്ങിയല്ലോ.
മാനത്തെപ്പാലാറിൽ നിന്നു താരങ്ങളെ
വാരിയെടുത്തവൻ കൂട്ടുകയായ്‌.
ചൊടിയാർന്ന കൈകളാൽ വരിയെടുത്തവൻ
കൂടയിൽ കൂമ്പാരം കൂട്ടുകയായ്‌,
ചൊടിയാർന്ന കൈകളാലൊരുവൾ തൻ മൺകുടം
പല്ലിയെ വാരി നിറയ്ക്കുമ്പോലെ.
അങ്ങനെ കുടവും നിറഞ്ഞുതുളുമ്പുന്നു
തൂവിവീണിഴയുന്നു വെൺപല്ലികൾ;
അങ്ങനെ കൂട നിറഞ്ഞുതുളുമ്പുന്നു
തൂവിപ്പരക്കുന്നു വെള്ളിവെട്ടം.
*

ഈജിപ്തിലെ പഴയ കവിത

ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവൻ


ഇന്നെന്റെ കൺകളിൽ മരണമുണ്ട്‌-
ദീനം പൊറുത്തുവരുന്ന പോലെ,
വീട്ടുവെളിയിൽ നടക്കുംപോലെ.

ഇന്നെന്റെ കൺകളിൽ മരണമുണ്ട്‌-
തെന്നലു വീശുന്ന പകലുനേരം
പാമരച്ചോട്ടിലിരിക്കുംപോലെ.

ഇന്നെന്റെ കൺകളിൽ മരണമുണ്ട്‌-
താമരപ്പൂവിന്റെ ഗന്ധം പോലെ,
കള്ളിന്റെ തീരത്തിരിക്കുംപോലെ.

ഇന്നെന്റെ കൺകളിൽ മരണമുണ്ട്‌-
ഏറെ നടന്നൊരു പാത പോലെ,
മറുനാടു വെട്ടിപ്പിടിക്കുവാൻ പോയ്‌
നാട്ടിൽ മടങ്ങിവരുന്ന പോലെ.

ഇന്നെന്റെ കൺകളിൽ മരണമുണ്ട്‌-
വിണ്ണിന്റെ പടുതയഴിച്ചിടുംപോൽ,
താനറിയാത്തോരകപ്പൊരുളെ
തന്നുള്ളംകൈയിൽ കിടച്ചിടുംപോൽ.

ഇന്നെന്റെ കൺകളിൽ മരണമുണ്ട്‌-
ആണ്ടുകളേറെത്തടവിലായോൻ
തൻ വീടു കാണാനുഴറുംപോലെ.

Monday, February 9, 2009

ഹൈകു

ഷോഹ

*
ഓത്തുകേട്ടെച്ചിലായോ-
രെന്റെ കാതിൽ
കുയിലിൻപാട്ടിതാഹാ!

*
വാനമ്പാടികളൊരുപക്ഷം,
തവളക്കൂട്ടം മറുപക്ഷം;
പാട്ടുകൾ കൊണ്ടവർ വാഗ്വാദം.

*
ശരൽക്കാലവാതങ്ങളേ,
പുരാതനർ ദേവകളില്ലെനിക്ക്‌,
അതുപോലെ ബുദ്ധന്മാരില്ലെനിക്ക്‌.



സോഗി

*
മഞ്ഞുമഴ കൊള്ളാതെ
നാം കേറിനിന്നനേരം-
ലോകത്തിലായുസ്സു
നമുക്കത്ര നേരം.


ഒനിറ്റ്‌സു

*
പൊന്തിച്ചാടിയ കണ്ണൻമീൻ
തനിക്കുതാഴെക്കണ്ടല്ലോ
ഒഴുകുന്നു ചില മേഘങ്ങൾ.

ഹൈകു

ഷോഹ

*
ഓത്തുകേട്ടെച്ചിലായോ-
രെന്റെ കാതിൽ
കുയിലിൻപാട്ടിതാഹാ!

*
വാനമ്പാടികളൊരുപക്ഷം,
തവളക്കൂട്ടം മറുപക്ഷം;
പാട്ടുകൾ കൊണ്ടവർ വാഗ്വാദം.

*
ശരൽക്കാലവാതങ്ങളേ,
പുരാതനർ ദേവകളില്ലെനിക്ക്‌,
അതുപോലെ ബുദ്ധന്മാരില്ലെനിക്ക്‌.



സോഗി

*
മഞ്ഞുമഴ കൊള്ളാതെ
നാം കേറിനിന്നനേരം-
ലോകത്തിലായുസ്സു
നമുക്കത്ര നേരം.


ഒനിറ്റ്‌സു

*
പൊന്തിച്ചാടിയ കണ്ണൻമീൻ
തനിക്കുതാഴെക്കണ്ടല്ലോ
ഒഴുകുന്നു ചില മേഘങ്ങൾ.

Sunday, February 8, 2009

നിപ്പൺ കവിതകൾ



എന്നെക്കൊലചെയ്തിട്ടപ്പിണത്തിന്മേൽ
ആർത്തുനൃത്തംവയ്ക്കുകയാണവൻ, എന്റെ മനസ്സ്‌;
എത്ര ചെറ്റയാ,ണെത്ര നീചനാണെന്റെ മനസ്സ്‌!

(സസാകി നൊബോത്സു)


***

മുളംകാടിൻ ചോടെ നിന്നു
നോക്കവേ കാഴ്ച കണ്ടു ഞാൻ:
മിന്നാമിന്നി പോലെ മങ്ങി
ശോഭകെട്ടൊരു സൂര്യനെ.

(ഷോസുകോ)


***

എന്നെ ജനിപ്പിച്ചവരച്ഛനുമമ്മയ്ക്കും
തിരിച്ചുനൽകാമെന്നസ്ഥിയും മാംസവും;
ഹാ,യെന്നാത്മാവേ,
ആർക്കു, ഞാനാർക്കു നിന്നെ
മടക്കുവാൻ!

(അകികോ)


***

കൺവിടർന്നെന്റെ മകൻ
വിരൽ ചൂണ്ടിയ ദിക്കിലതാ,
കണ്ടു ഞാനൊരു വിസ്മയം
-പൂർണ്ണചന്ദ്രമഹോദയം!

(കിഷി കോ)


***

രാത്രി കടന്നൊരീ നേരത്ത്‌,
ബുദ്ധനും സ്വപ്നലീനനാമീ നേരത്ത്‌
ഒച്ചയനക്കമില്ലാതെ കടന്നുവ-
ന്നമ്പലമണി മുഴക്കുന്നതാരോ?

(എയ്ത്‌സു)


***

അവസാനയാത്രയൊന്നുണ്ടെ-
ന്നന്നേ കേട്ടതാണെന്നാ-
ലിന്നാണതെന്നു തെല്ലുമേ-
യോർത്തതില്ല ഞാനിന്നലെ.

(നരിഹിര)



***

വീണപൂവും ദു:ഖവും
ഒന്നുപോലെന്നു ചൊല്ലരുതേ:
പൂക്കളെണ്ണിത്തീർന്നാലും
ദു:ഖം തോരുകയില്ലല്ലോ.

(അജ്ഞാതം)


***

വസന്തത്തിൽ സ്വസ്ഥമാനസം
വിധിച്ചതല്ല നമുക്കെടോ
അപ്പരിഷകൾ ചെറിപ്പൂക്കൾ
പാരിലുണ്ടാക കാരണം!

(അജ്ഞാതം)


***

ഒരു ക്രിസാന്തമത്തിന്റെ
നിഴൽ വീണ പൊയ്കയിൽ
ഒരായിരമാണ്ടിനുള്ള
ശരത്താകെക്കണ്ടു ഞാൻ.

(അജ്ഞാതം)


***

അന്തിമയങ്ങിമയങ്ങിയടുക്കെ
എന്നറയോരത്തില്ലിക്കാട്ടിൽ
തെന്നലു വീശിയ ചെറുചെത്തം.

(അജ്ഞാതം)


***

എന്റെ മനസ്സിലുറന്നതൊക്കെ
നേരേയെഴുതി ഞാൻ കവിതയാക്കി;
പിന്നെ ഞാനവയൊക്കെ തീയിലിട്ടു.

(മിച്ചിസാനെ)


***

അഴിവു വാഴുമിപ്പാരിൽ
മഴ തോരാതെ പെയ്യുമിപ്പാരിൽ
ചെറിപ്പൂ നിറംകെട്ടു വാടിയല്ലോ.

(ഒനോനോ കോമാച്ചി)


***

നാടേതെന്നു പറയാതെ
വീടേതെന്നു പറയാതെ
യാത്ര മുഴുമിക്കാതെയൊരാൾ
വീണുകിടപ്പാണീ വഴിയിൽ.

(അജ്ഞാതം)


***

പടി കൊട്ടിയടച്ചാലും
വാതിൽ തഴുതിട്ടാലും
നിൻ കിനാവിൽ ഞാൻ വരും
-കള്ളൻ തുരന്ന പഴുതില്ലേ!

(അജ്ഞാതം)


***

എനിക്കു നിശ്ചയമത്രമേൽ
വരാനല്ലവനെന്നാലും
സന്ധ്യയ്ക്കു ചീവീടു കരയുമ്പോൾ
വാതിലെത്തി നിൽപ്പു ഞാൻ.

(അജ്ഞാതം)


***

കണ്ണാടി നോക്കുമ്പോൾ
കാണുന്നതതേ മുഖം,
പരിക്ഷീണം പരാജിതമെന്റെ മുഖം
-ലജ്ജിതനായ്‌ മുഖം തിരിച്ചുപോയ്‌ ഞാൻ

(അജ്ഞാതം)



***

പാഴ്‌പ്പുല്ലു വായ്ച്ചുകേറിയെൻ
നടവഴി കാണാതെയായല്ലോ:
വരാത്തൊരാൾക്കു വേണ്ടി ഞാൻ
കാത്തിരുന്ന കഥയിങ്ങനെ.

(ഹെൻജോ)


***

പൂക്കൾ വാടിവീഴുന്നു,
നിറംമങ്ങിമായുന്നു.
കഥയില്ലാതിങ്ങു ജീവിതം
ഞാൻ കഴിച്ച കഥയിങ്ങനെ;
തോരാതെ തോരാതെ
മഴ നിന്നുപെയ്തതുമിങ്ങനെ.

(ഒനോനോ കോമാച്ചി)


***

രുഷ്ടനാ ദേവന്റെ മനസ്സിന്നാഴമളക്കുവാൻ
കോൾകൊണ്ടലറും കടലിൽ
കണ്ണാടിച്ചീളെറിഞ്ഞു നാം;
അതിൽത്തെളിഞ്ഞു കാണുന്നു
അവന്റെ ഗുപ്തപ്രതിബിംബം.

(അജ്ഞാതം)


***

പൂക്കളിറങ്ങിയ പാടം,
പാടത്താർത്തുതിമിർത്തു ഞാൻ;
വന്നിരിക്കയെന്റെ മേൽ,
കൊഞ്ചി പൂമ്പാറ്റയോടു ഞാൻ.
വന്നിരുന്നിതതെന്റെ മേൽ.

(കഗാവ കഗേകി)


***

വിളക്കുവെട്ടത്തിലാണിനിയും
വായനയെന്നു ഞാനൊർത്തതും,നോക്കൂ
പുസ്തകത്താളിൽ പകലുദയമായി!

(കഗാവ കഗേകി)


***

മലയോരമിറങ്ങി ഞാൻ മടങ്ങുമ്പോൾ
ചന്ദ്രനെന്റെ പിമ്പേ വന്നു;
പിന്നെ ഞാനെൻ പടി തുറക്കുമ്പോൾ
ചന്ദ്രനും പടി കയറിവന്നു.

(ഒകുമാ കോടോമിച്ചി)


***

പൂർണ്ണചന്ദ്രവിഗ്രഹം
പ്രതിബിംബിതമാകയാൽ
കൽത്തൊട്ടിയിലൽപ്പജലത്തിനും
ആയിരമാളാഴം.

(നോമുരാ ബോട്ടോ)


***

ദൂരതീരങ്ങൾ, ഗിരിവിലങ്ങൾ
ഒക്കെത്തിരഞ്ഞുപോകും ഞാൻ;
കണ്ടെത്താമൊരുവേളയൊരുനാൾ
ഗുഹ്യനാമൊരാളെ ഞാൻ:
മഹാനിവനെന്നു ലോകം
ശങ്കിക്കാത്തതാമൊരാൾ.

(മെയ്ജി)


***

അന്തിമരങ്ങൾക്കു ചോടെ ഞാൻ
ഓരോന്നോർത്തു കിടക്കുമ്പോൾ
തെന്നിപ്പറന്നുവന്നതാ
മഞ്ഞയായൊരു പൂമ്പാറ്റ.

(യൊസാനോ ഹിരോഷി)

***
അഴിവു വാഴുമിപ്പാരിൽ
മഴ തോരാതെ പെയ്യുമിപ്പാരിൽ
ചെറിപ്പൂ നിറംകെട്ടു വാടിയല്ലോ.

(ഒനോനോ കോമാച്ചി)


***

കടലോരത്തിടിവെട്ടിക്കൊ-
ണ്ടാഞ്ഞടിക്കും തിര പോലെ
എന്നെപ്പേടിപ്പെടുത്തുവോനേ നിന്നി-
ലെൻപ്രേമമെത്രയചഞ്ചലം.

(കാജാ പ്രഭ്വി)


***

കടവിലെത്തി വിളിച്ചു ഞാൻ
വിളിമടക്കിയില്ലാരും.
-നഗരാപുഴയോരത്ത്‌
രാപ്രാണികൾ കരയുന്നു.

(കിനോഷിത തകാബുനി)


***

എന്തിതിൻ കാരണ-
മെന്നെനിക്കജ്ഞാതം:
എൻശിരസ്സിന്നകം
മലയൊന്നു നിൽക്കുംപോൽ,
അതിൽ നിന്നു നിത്യവും
മൺകട്ടയിടിയുംപോൽ.

(ഇഷികാവാ തകുബോകു)


***



Saturday, February 7, 2009

ജോർജ്ജ്‌ ഹെയിം - പോസ്റ്റ്‌മോർട്ടെം



ആ വലിയ ഓപ്പറേഷൻ തിയേറ്ററിലെ വെളുത്തമേശമേൽ നിശിതമായ വെണ്മയിൽ മുങ്ങി നഗ്നനും ഏകാകിയുമായി മരിച്ചയാൾ കിടന്നു. അവസാനിക്കാത്ത പീഡനത്തിന്റെ ആക്രന്ദനങ്ങൾ അതിനുള്ളിൽ അപ്പോഴും അലയടിച്ചിരുന്നപോലെ തോന്നിയിരുന്നു.

മധ്യാഹ്നസൂര്യൻ അയാളെ ആവരണം ചെയ്തു. അത്‌ അയാളുടെ നെറ്റിത്തടത്തിലെ കറുത്തുനീലിച്ച ബിന്ദുക്കളെ തെളിച്ചപ്പെടുത്തി; അയാളുടെ നഗ്നമായ അടിവയറ്റിൽ ഉജ്ജ്വലമായ ഒരു ഹരിതവർണ്ണം സൃഷ്ടിച്ചെടുത്തു; വെള്ളം നിറച്ച വലിയൊരു സഞ്ചി പോലെ അതിനെ ഊതിവീർപ്പിക്കുകയും ചെയ്തു.

അയാളുടെ ദേഹം ഒരു ഭീമപുഷ്പത്തിന്റെ ശോഭയുറ്റ ദളപുടം പോലെയായിരുന്നു: ഏതോ ഇന്ത്യൻ വനഹൃദയത്തിൽ നിന്നു പറിച്ചെടുത്ത്‌ മരണത്തിന്റെ അൾത്താരയിൽ ആരോ കാതരഹൃദയത്തോടെ സമർപ്പിച്ച അജ്ഞാതപുഷ്പം.

അയാളുടെ നിതംബത്തിലൂടെ ചുവപ്പിന്റെയും നീലയുടെയും പ്രദീപ്തഛായകൾ പടർന്നുകേറി. അയാളുടെ പൊക്കിൾക്കുഴിക്കു താഴെ ദുഷിച്ച ഗന്ധം വമിച്ചിരുന്ന വലിയ മുറിവ്‌ ചൂടത്ത്‌ ചുവന്ന കൊഴുച്ചാലു പോലെ പതിയെ വിണ്ടുകീറി.

ഡോക്ടർമാർ കടന്നുവന്നു; വെള്ളക്കോട്ടു ധരിച്ച, മൂക്കിന്മേൽ സ്വർണ്ണക്കണ്ണടകൾ ഉറപ്പിച്ച ദയാലുക്കൾ.

അവർ മരിച്ചയാളിനടുത്തേക്കു നടന്നുചെന്ന് താൽപര്യത്തോടെയും തങ്ങളുടെ തൊഴിലിനു ചേർന്ന പരാമർശങ്ങൾ നടത്തിയും അയാളെ നോക്കിനിന്നു.

പിന്നെ അവർ വെളുത്ത ഭിത്തിയലമാരകൾ തുറന്ന് കീറിമുറിക്കാനുള്ള ഉപകരണങ്ങൾ പുറത്തെടുത്തു: പലതരം ചുറ്റികകൾ നിറഞ്ഞ വെളുത്ത പെട്ടികൾ, ഉരത്ത പല്ലുകളുള്ള അറുക്കവാളുകൾ, അരങ്ങൾ, ചവണകളുടെ ഭീഷണമായ നിരകൾ, കഴുകന്മാരുടെ വളർകൊക്കുകൾ പോലെ മാംസത്തിനാർത്തുവിളിക്കുന്ന വമ്പൻസൂചികൾ നിറച്ച കുഞ്ഞളുക്കുകൾ.

അവർ തങ്ങളുടെ ബീഭത്‌സമായ വേല തുടങ്ങി. ഭയങ്കരന്മാരായ പീഡകരെപ്പോലെയായിരുന്നു അവർ. അവരുടെ കൈകളിലൂടെ രക്തം ഒലിച്ചിറങ്ങി. വെളുത്ത പാചകക്കാർ വാത്തിന്റെ കുടൽ പുറത്തുചാടിക്കുന്നതുപോലെ അവർ ആ തണുത്ത ജഡത്തിനുള്ളിൽ കൈകളാഴ്ത്തി അതിനുള്ളിലുള്ളതൊക്കെ വലിച്ചു പുറത്തിടുകയായിരുന്നു.

പച്ചയും മഞ്ഞയും നിറമുള്ള പാമ്പുകളെപ്പോലെ കുടൽമാല അവരുടെ കൈകളിൽ ചുറ്റിപ്പിണഞ്ഞുകിടന്നു. മലം, ചെറുചൂടുള്ള അഴുകിയ ദ്രാവകം, അവരുടെ കോട്ടുകളിൽ ഇറ്റുവീണു. അവർ മൂത്രസഞ്ചി കുത്തിപ്പൊട്ടിച്ചു; തണുത്ത മൂത്രം മഞ്ഞനിറമുള്ള വീഞ്ഞു പോലെ അതിനുള്ളിൽക്കിടന്നു വെട്ടിത്തിളങ്ങി. അവർ അതു വലിയ കോപ്പകളിലേക്കു പകർന്നു; അമോണിയായുടേതു പോലെ രൂക്ഷമായ ക്ഷാരഗന്ധമായിരുന്നു അതിന്‌. പക്ഷേ മരിച്ചയാൾ ഉറങ്ങുകയായിരുന്നു. അവർ തന്നെ അങ്ങോട്ടുമിങ്ങോട്ടും തട്ടിമറിക്കുന്നതും തലമുടിയിൽ പിടിച്ചുവലിക്കുന്നതുമൊക്കെ അയാൾ ക്ഷമയോടെ സഹിച്ചു; അയാൾ ഉറങ്ങുകയായിരുന്നു.

പിന്നെ, തലയ്ക്കുള്ളിൽ ചുറ്റികയടികൾ പ്രതിധ്വനിച്ചപ്പോൾ ഒരു സ്വപ്നം, ഒരു പ്രണയത്തിന്റെ അവശിഷ്ടം, അയാളുടെ രാത്രിയിൽ പ്രകാശിക്കുന്ന ശലാക പോലെ ഉണർന്നുവന്നു.

ആ വലിയ ജാലകത്തിനു മുന്നിൽ വിപുലമായ ഒരാകാശം തുറന്നു: സായാഹ്നത്തിന്റെ പ്രശാന്ത തയിൽ വെളുത്ത കുഞ്ഞുമാലാഖമാരെപ്പോലെ വെയിലിൽ കുളിച്ചുനീന്തുന്ന കുഞ്ഞുമേഘങ്ങൾ നിറഞ്ഞ മഹാകാശം.

അഴുകിനീലിച്ച നെറ്റിയിലൂടെ മരിച്ചയാളിന്റെ കറുത്ത രക്തം ഒലിച്ചിറങ്ങി. ചൂടത്ത്‌ ഭീഷണമായൊരു മേഘം പോലെ അതുറഞ്ഞുകൂടി. മരണത്തിന്റെ ജീർണ്ണത ഉജ്ജ്വലവർണ്ണങ്ങളുള്ള നഖരങ്ങളുമായി അയാളുടെ മേൽ ഇഴഞ്ഞുകേറി. അയാളുടെ തൊലി ഇളകിമാറാൻ തുടങ്ങി. ഡോക്ടർമാരുടെ ആർത്തി പൂണ്ട വിരലുകൾക്കു കീഴിൽ അയാളുടെ അടിവയർ ഒരു ഈൽമത്സ്യത്തിന്റേതുപോലെ വിളറിവെളുത്തു. അയാളുടെ നനഞ്ഞ മാംസത്തിനുള്ളിൽ മുട്ടോളം പൂണ്ടിറങ്ങിയിരുന്നു അവരുടെ കൈകൾ.

ജീർണ്ണത മരിച്ചയാളിന്റെ വായ വലിച്ചുകീറി. അയാൾ പുഞ്ചിരിക്കൊള്ളുകയാണെന്നു തോന്നി. സുഗന്ധം നിറഞ്ഞ ഒരു ഗ്രീഷ്മസന്ധ്യയിൽ ഉദിച്ചുയരുന്ന ഒരു ധന്യതാരത്തെ അയാൾ സ്വപ്നം കണ്ടു.

ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്നോ? എനിക്കു നിന്നെ എന്തു സ്നേഹമായിരുന്നു. ഞാൻ നിന്നെ എത്രമേൽ സ്നേഹിച്ചിരുന്നുവെന്നു പറയട്ടെയോ? പോപ്പിപ്പാടത്തു കൂടി  ഒരു പോപ്പിജ്വാല പോലെ നീ നടന്നുപോകുമ്പോൾ ആ സായാഹ്നമൊന്നാകെ നീ നിന്നിലേക്കു വലിച്ചെടുത്തിരുന്നുവല്ലോ. കണംകാലിൽ പാറിച്ചുഴന്നുകിടന്ന നിന്റെ ഉടയാടയാവട്ടെ അസ്തമയസൂര്യന്റെ പ്രഭയിൽ ഒരഗ്നിത്തിരപോലെയുമായിരുന്നു. ആ വെളിച്ചത്തിൽ നീ തലകുമ്പിട്ടുനിന്നപ്പോൾ എന്റെ ചുംബനങ്ങളേറ്റ്‌ നിന്റെ മുടി ആളിക്കത്തി.

അങ്ങനെ നീ നടന്നകന്നു, എന്നെയും തിരിഞ്ഞുനോക്കി. നീ പോയിക്കഴിഞ്ഞിട്ടും നിന്റെ കൈയിലെ ദീപം അസ്തമയത്തിൽ തിളങ്ങുന്ന റോസാപുഷ്പം പോലെ ചാഞ്ചാടുകയായിരുന്നു.

നാളെ ഞാൻ നിന്നെ വീണ്ടും കാണാൻ വരും ഇവിടെ, ഈ പള്ളിയുടെ ജാലകത്തിന്റെ ചുവട്ടിൽ, മെഴുകുതിരിവെട്ടം ഒഴുകിയിറങ്ങി നിന്റെ മുടിയെ സുവർണ്ണവനമാക്കുന്ന ഇവിടെ, മൃദുചുംബനങ്ങൾ പോലെ മൃദുവായി നാർസിസസ്‌പൂവുകൾ നിന്റെ കണംകാലുകളിൽ പറ്റിപ്പിടിക്കുന്ന ഇവിടെ.

ഇനിയെല്ലാ രാത്രിയിലും സന്ധ്യനേരത്ത്‌ ഞാൻ നിന്നെക്കാണാനെത്തും. നമ്മൾ ഇനി പിരിയുകയേയില്ല. എനിക്കു നിന്നെ എന്തു സ്നേഹമാണെന്നോ? ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്നു പറയട്ടെയോ?

ആ വെളുത്തമേശമേൽ കിടന്നുകൊണ്ട്‌ മരിച്ചയാൾ പ്രഹർഷത്തോടെ ഒന്നു വിറപൂണ്ടു. ആ സമയത്ത്‌ ഡോക്ടറുടെ കൈയിലെ ഇരുമ്പുളി അയാളുടെ ചെന്നിയിലെ അസ്ഥികൾ വെട്ടിപ്പൊളിക്കുകയായിരുന്നു.
*


കൊറിയയിലെ പഴയ പാട്ടുകൾ

1 ***

എത്ര വിപുലമാണിപ്രപഞ്ചം
എത്രപേർ നൂറു തികച്ചിരിക്കും!


2 തുഴയുമെടുത്ത്‌ - യുൻ സോൻ യോ


തുഴയുമെടുത്തെൻ വഞ്ചിയിലേറാൻ
മുതിരേ നെഞ്ചു പിടയ്ക്കുന്നു:
ആരെഴുതിയതീ ചിത്രപടം?
- പുകമഞ്ഞലിയും പുഴയും
ചൂഴെ മൂകം ഘനഗിരിനിരയും.


3 കടത്തുകാരൻ പാടിയത്‌

പുഴയിൽ തെളിനീരൊഴുകുമ്പോൾ
ഞാനതിലെന്റെ മുഖം കഴുകും;
പുഴയിൽ ചെളിനീരൊഴുകുമ്പോൾ
ഞാനതിലെൻകാലടി കഴുകും.

ഷിൻജിരൊ കുരഹര - കാൽപ്പാടുകൾ

ആറ്റോരത്തെ ചെളിപ്പാടത്തൂടെ
ഒരു കുറുനരി ഓടിപ്പോവുകയായിരുന്നു.
അതിൽപ്പിന്നെ\വർഷങ്ങളായിരമായിരം കടന്നുപോയി.
ആ ചളിപ്പാടം ഉറഞ്ഞുകട്ടകുത്തി.
ആ കാൽപ്പാടുകൾ ഇന്നും അവിടെയുണ്ട്‌;
അവ കണ്ടാൽ
ഓടുമ്പോഴാ കുറുനരിയുടെ ചിന്തകളെന്തായിരുന്നുവെ-
ന്നറിയാനാകും.

Thursday, February 5, 2009

ചാൾസ്‌ സിമിക്‌ -തണ്ണിമത്തങ്ങകൾ

പഴക്കടകളിൽ
ഹരിതബുദ്ധന്മാർ;
നമ്മൾ പുഞ്ചിരി കഴിക്കുന്നു
പല്ലുകൾ
തുപ്പിക്കളയുന്നു.


Wednesday, February 4, 2009

ബോർഹസ്‌ കവിതകൾ

1. 1890-ലെ ഒരു പ്രേതം

ഒന്നുമില്ല.
മുരാനായുടെ കത്തി മാത്രം.
നരച്ചൊരപരാഹ്നത്തിൽ
പാതിപറഞ്ഞുനിർത്തിയ കഥ മാത്രം.
ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഈ കൊലയാളി
ത്രിസന്ധ്യയിൽ
എന്നോടൊത്തുനടക്കുന്നതെന്തിനെന്ന്
എനിക്കറിയില്ല.
നഗരത്തിനു പുറത്ത്‌
തടവറയുടെ മഞ്ഞമതിൽ ഉയർന്നുനിന്നു.
ആ വന്യമായ ഇടത്തിലൂടെ
മുരാന നടന്നു.
മുരാന. പരുക്കനായ കത്തി.
അവന്റെ മുഖം മാഞ്ഞുകഴിഞ്ഞിരുന്നു.
ആ കൊലയാളിയെക്കുറിച്ച്‌
എനിക്കോർക്കാൻ കഴിയുന്നത്‌
ഒരു നിഴലും അലകിന്റെ പാളലും മാത്രം.
കരിങ്കല്ലിനെയും തേയിക്കുന്ന കാലം
ആ പേരു വിളക്കിനിർത്തട്ടെ.


2. ഇന്നലെയുടെ സമ്പാദ്യങ്ങൾ

എണ്ണിയാലൊടുങ്ങാത്തവയാണെന്റെ നഷ്ടങ്ങൾ.
ആ നഷ്ടങ്ങൾ മാത്രമാണെന്റെ സമ്പാദ്യവും.
മഞ്ഞയും കറുപ്പും എനിക്കു നഷ്ടമായി.
ആ അപാരവർണ്ണങ്ങളെക്കുറിച്ചു ഞാനറിയുന്നതോ
കണ്ണുള്ളവർക്കറിയാത്തതും.
എന്റെ അച്ഛൻ മരിച്ചു.
അദ്ദേഹമിപ്പോഴും എന്നോടൊത്തു നിൽക്കുന്നു.
സ്വിൻബേണിന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ,
ആളുകൾ പറയുന്നു,
എനിക്കെന്റെ അച്ഛന്റെ സ്വരമാണത്രെ.
മരിച്ചവരേ നമുക്കുറ്റവരാകുന്നുള്ളു,
നഷ്ടമായവയേ നമുക്കുള്ളതാകുന്നുള്ളു.
ഇലിയം മണ്ണടിഞ്ഞു;
എന്നാലും ഹോമറിന്റെ വരികളിൽ
അതു ജീവിക്കുന്നു.
ഇസ്രായേൽ ഇസ്രായേലായത്‌
അതൊരു പ്രാചീനഗൃഹാതുരത്വമായപ്പോഴാണ്‌.
എല്ലാ കവിതയും കാലം കഴിയുമ്പോൾ
വിലാപഗീതമായി മാറുന്നു.
നമ്മെ വിട്ടുപോയ സ്ഠ്രീകൾ നമ്മുടേതാണ്‌.
ഇപ്പോൾ നമുക്കു തെറ്റിധാരണകളും
പീഡകളും ആശയുടെ അശാന്തിയും
ഭീതിയും ഇല്ലതാനും.

നഷ്ടസ്വർഗ്ഗമല്ലാതെ മറ്റൊരു സ്വർഗ്ഗവുമില്ല.


3. ഒരു ശനിയാഴ്ച

ഒഴിഞ്ഞൊരു വീട്ടിൽ
അന്ധനായൊരു മനുഷ്യൻ
തന്റെ നിശ്ചിതവും പരിമിതവുമായ പഥങ്ങൾ
നടന്നുതീർക്കുന്നു.
നീണ്ടുനീണ്ടുപോകുന്ന ഭിത്തികൾ
അയാൾ സ്പർശ്ശിച്ചറിയുന്നു.
ഉൾവാതിൽക്കണ്ണാടികൾ,
തന്റെ സ്നേഹത്തിനു വിലക്കപ്പെട്ട ഗ്രന്ഥങ്ങളുടെ
പരുത്ത പുറംചട്ടകൾ,
നിറംകെട്ട വെള്ളിയുരുപ്പടികൾ,
ജലനാളികൾ, വാർപ്പുകൾ
എടുക്കാത്ത സില നാണയങ്ങൾ, താക്കോൽ
ഒക്കെയും അയാൾ തൊട്ടറിയുന്നു.
വന്നും പോയും അയാൾ ഒറ്റയ്ക്കാണ്‌.
കണ്ണാടിയിൽ ആരുമില്ല.
അയാളുടെ കൈ
ഗ്രന്ഥങ്ങളുടെ വിളുമ്പുരുമ്മുന്നു.
നിരുദ്ദേശമായി
ഏകാന്തമായ കിടക്കയിലേക്കു ചായുമ്പോൾ
അയാളറിയുന്നു,
അസ്തമയമാകുമ്പോൾ
മുടക്കമില്ലാതെ താൻ ചെയ്യുന്ന പ്രവൃത്തികൾ
തനിക്കു ദുരൂഹമായ ഒരു കളിയുടെ
നിയമങ്ങൾക്കനുസൃതമാണെന്ന്.
പൊരുളുതിരിയാത്ത ഒരു ദൈവം
ആ കളി നിയന്ത്രിക്കുന്നുവെന്ന്.
ഉച്ചത്തിലും താളത്തിലും
അയാൾ മഹാഗ്രന്ഥങ്ങളിലെ വരികാളവർത്തിക്കുന്നു
ക്രിയകളിലും വിശേഷണങ്ങളിലും
വ്യതിയാനം വരുത്തിനോക്കുന്നു
നല്ലതോ കെട്ടതോ ആകട്ടെ,
അയാളീ കവിതയെഴുതുന്നു.

മിരൊസ്ലാവ്‌ ഹോലുബ്‌- - യക്ഷിക്കഥ



അയാൾ സ്വന്തമായൊരു വീടുണ്ടാക്കി:
സ്വന്തം അസ്ഥിവാരം,
സ്വന്തം കല്ലുകൾ,
സ്വന്തം ഭിത്തികൾ,
സ്വന്തം മേൽക്കൂര,
സ്വന്തം ചീമ്മിനിയും പുകയും,
സ്വന്തം വാതിൽപ്പുറക്കാഴ്ച.

അയാൾ സ്വന്തമായൊരു പൂന്തോട്ടമുണ്ടാക്കി:
സ്വന്തം പുറവേലി,
സ്വന്തം കാശിത്തുമ്പ,
സ്വന്തം മണ്ണിര,
സ്വന്തം അന്തിമഞ്ഞ്‌.

അയാൾ ആകാശത്തു നിന്ന്‍ തന്റെ പങ്കു  മുറിച്ചെടുത്തു.

തന്റെ തോട്ടത്തെ ആകാശത്തിൽ പൊതിഞ്ഞുകെട്ടി;
വീട്‌ തോട്ടത്തിൽ പൊതിഞ്ഞുകെട്ടി,
പിന്നെ എല്ലാം കൂടി ഒരു തൂവാലയിൽ പൊതിഞ്ഞെടുത്തു;
എന്നിട്ട്‌
അയാൾ ഇറങ്ങിപ്പോയി

ഒരു ധ്രുവക്കുറുക്കനെപ്പോലെ എകാകിയായി,

തണുത്ത
തോരാത്ത മഴയിലൂടെ

ലോകത്തിലേക്ക്‌.
____________________________________________________________


Fairy Tale
by Miroslav Holub



He built himself a house,
his foundations,
his stones,
his walls,
his roof overhead,
his chimney and smoke.


He made himself a garden,
his fence,
his thyme,
his earthworm,
his evening dew.

He cut out his bit of sky above.

And he wrapped the garden in the sky
and the house in the garden
and packed the lot in a handkerchief


and went off
lone as an arctic fox
through the cold
unending
rain
into the world.



Monday, February 2, 2009

ഇസ്സ-ഹൈകു


*
കാണാമറയത്താണെൻ ഗ്രാമം,
കുയിലുണ്ടവിടെ-
പ്പാടുന്നു.


*
വെള്ളക്രിസാന്തമപ്പൂവേ,
പാത്രം മോറിയ വെള്ളമെടുത്തവർ
നിന്മേൽത്തന്നെയൊഴിച്ചല്ലോ!


*
ഒരു മഞ്ഞുതുള്ളിയീ ലോകം,
എന്താണതിന്നുള്ളിലെക്കലാപം!


*
കുയിലേ നിന്നുടെ പ്രഭാതരാഗം
മഴയിൽ നനഞ്ഞുകുതിരുന്നു.


*
പൊന്തക്കാടിൻ മറയത്ത്‌
ആരും കേൾക്കാനല്ലാതെ
പാടുകയാണവൾ,
ഞാറു നടുന്നവൾ.



*
തുമ്പപ്പൂവേ
നിന്നെക്കാൺകെ
എൻതല താനേ താഴുന്നു.


*
മലയോരക്കോലായിൽ
നമ്മുടെ കഞ്ഞിക്കിണ്ണത്തിൽ
വെണ്മതി വീണുതിളങ്ങുന്നു.


*
ഞാറു പറിയ്ക്കും
പെണ്ണിൻചുമലിൽ
ഒരു പൂമ്പാറ്റയുറങ്ങുന്നു.


*
തമോമയം സ്വപ്നതുല്യം
നാം ചരിക്കും പാതകൾ
-ചോടൊന്നു വച്ചതും ഹാ,
മുങ്ങിത്താഴുന്നു നാമതിൽ.


*
മഞ്ഞുതുള്ളിയിറ്റുംപോൽ
കാലം പോകുന്നതോർക്കാതെ
തമ്മിലൊട്ടിച്ചേരുന്നു നാം.


*
ദൈവത്തിനും
യാചകനും മദ്ധ്യേ
പൂത്തുനിൽക്കുന്നു തുമ്പപ്പൂ.


*
എന്നെപ്പെറ്റ നാടേ,
നിന്നെത്തൊട്ടേടമൊക്കെയും
കാരമുള്ളായ്‌ മാറ്റി നീ.
*

പിറക്കുമ്പോളൊരു കുളി
മരിക്കുമ്പോളൊരു കുളി
-കഥയില്ലാത്തതിക്കളി.
*


ഒരു കുയിലു പാടുന്നു-
എനിക്കായി, മലയ്‌ക്കായി
മലയ്‌ക്കായി,എനിക്കായി.
*


ഞാനുമൊരു പൊന്തൻതവളയും
കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്നു-
ഇളക്കമില്ലിരുവർക്കും.
*


പ്രായമെന്തെന്നു ചോദിച്ചപ്പോൾ
പുത്തൻകിമോണയിട്ട കുട്ടി
വിരലഞ്ചും വിരിച്ചുകാട്ടി.
*


പ്രാണികൾക്കിടയിലുമുണ്ട്‌
പാടാനറിയുന്നവർ,
പാടാനറിയാത്തവർ.
*


ചന്ദ്രന്റെ മുഖം കണ്ടോ?
പന്ത്രണ്ടു വയസ്സെന്നു
ഞാൻ പറയും.
*


മയക്കംവിട്ട പൂച്ചകൾ
മൂരിനിവർക്കുന്നു,എഴുന്നേറ്റുനടക്കുന്നു
പ്രേമിക്കാൻ യാത്രയാവുന്നു.
*


കുരുവീ, വഴിമാറൂ
കുതിരയുടെ
വരവുണ്ട്‌!
*


ഉച്ചയ്ക്കു മയങ്ങുമ്പോൾ
കേട്ടു ഞാറ്റുപാട്ട്‌;
നാണിച്ചുപോയി ഞാൻ.
*


നിലമുഴുന്നയാളെപ്പോൽ
നടന്നുപോകുന്നു
കാക്ക.
*


വഴിചോദിച്ചപ്പോൾ
മുള്ളങ്കി പറിക്കുന്നവൻ
മുള്ളങ്കി കൊണ്ടു വഴികാട്ടി.
*


ഒരു പെണ്ണിന്റെ മുറിയിൽ
വെളിച്ചം കണ്ടു ശലഭം;
മൊരുമൊരാ കരിഞ്ഞുവീണു.
*


എന്തൊരതിശയം!
ചെറിപ്പൂക്കൾക്കടിയിൽ
ജീവനോടിരിക്കുക!
*


എന്റെ വസന്തം?-
ഒരു മുളന്തണ്ട്‌,
ഒരരളിച്ചില്ല.
*


ഞാനിങ്ങു പോരും-
മുമ്പാരാരിവിടെ ജീവിച്ചു?
ശവംനാറിപ്പൂവുകൾ ബാക്കി.
*


വീശുന്നു ശരൽക്കാലവാതം-
ഞാനിന്നു പോകുമീ
യാത്ര തന്നന്ത്യത്തിൽ
ഏതുപേരുള്ളതാണാ നരകം?
*


നരകത്തിൻ മേൽപ്പുരയിൽക്കൂടി
പൂക്കളെ നോക്കിനടപ്പൂ നാം-
ഇതാണു നമ്മുടെ ലോകഗതി.
*


ഒരു നോക്കു ചന്ദ്രനെ കണ്ടു,
ഒരു കുറി കുയിൽപ്പാട്ടു കേട്ടു,
ഒരു രാവങ്ങനെ കഴിഞ്ഞു.
*


കിഴവനായ്‌പ്പോയി ഞാനെന്നാകിലും
അപ്രിയമെൻമേലി-
പ്പൂക്കൾക്കില്ല.
*


ആണ്ടു പിറക്കുന്നതിന്ന്-
വഴിയമ്പലത്തിലിരുന്നു ഞാ-
നെന്തോർക്കുവാൻ?
*


നീയില്ല്ലാതെന്നോമനേ,
എത്രയസംഖ്യമാണവ,
എത്ര ദീർഗ്ഘങ്ങളാണവ-
നാം നടന്ന പാതകൾ.
*


എന്നു കാണും നാമിനി?
പൊട്ടിച്ചൂട്ടു മിന്നുന്ന
ദൂരതീരം തേടി
ഞാൻ യാത്ര പോകുന്നു.
*


രാജാവും കാലാളുമൊന്നുപോലെ,
കളികഴിഞ്ഞാൽ കരുക്ക-
ളൊരു പെട്ടിയിൽ.
*


ആണ്ടുപിറക്കുന്നതിന്ന്-
കണ്ണീരിൻ വെളിയടയ്‌ക്കുള്ളിലൂടെ
സ്വപ്നത്തിൽ ഞാനെന്റെ വീടു കണ്ടു.
*



ആണ്ടിന്നാദ്യത്തെ നാളിന്ന്-
ഞാൻ മാത്രമല്ലല്ലോ
കൂടില്ലാത്ത കിളിയായി.
*


കുഴിമാടങ്ങൾ
കാണാൻ പോകെ
മുന്നിൽ നടന്നതു
കിഴവൻനായ.
*