Wednesday, February 25, 2009

മുല്ലാനസ്രുദീൻ കഥകൾ


1. പൂച്ചയും ഇറച്ചിയും


വിരുന്നുകാർ വരുമ്പോൾ വിളമ്പാനായി നസ്രുദീൻ കുറേ ഇറച്ചി വാങ്ങി ഭാര്യയെ ഏൽപിച്ചു. വിഭവങ്ങൾ വന്നപ്പോൾ പക്ഷേ അതിൽ ഇറച്ചിയുണ്ടായിരുന്നില്ല. ഭാര്യ കൊതിനിൽക്കാതെ അതുമൊത്തം തിന്നുകളഞ്ഞിരുന്നു.

'ഒക്കെ പൂച്ച തിന്നുപോയി,' അവർ പറഞ്ഞു.

നസ്രുദീൻ പൂച്ചയെ തൂക്കിനോക്കി. കൃത്യം മൂന്നു റാത്തലുണ്ട്‌.

'ഇതു പൂച്ചയാണെങ്കിൽ,' നസ്രുദീൻ തന്റെ സംശയം പ്രകടമാക്കി, 'എവിടെ ഇറച്ചി? ഇനിയഥവാ, ഇതിറച്ചിയാണെങ്കിൽ-പൂച്ചയെവിടെ?'
*



2. തിരയുമ്പോൾ വെളിച്ചമുള്ളിടത്തു തിരയുക


നസ്രുദീൻ തന്റെ വീട്ടുമുറ്റത്തിരുന്ന് എന്തോ തിരയുന്നത്‌ അയൽക്കാരൻ കണ്ടു.

'എന്തെങ്കിലും കാണാതെപോയോ മുല്ലാ?' അയാൾ ചോദിച്ചു. 'ചാവി കാണാനില്ല,' മുല്ലാ പറഞ്ഞു. അങ്ങനെ രണ്ടുപേരും കുന്തിച്ചിരുന്ന് ചാവിതിരച്ചിലായി.

അൽപനേരം കഴിഞ്ഞ്‌ അയൽക്കാരൻ ചോദിച്ചു: 'ശരിക്കും എവിടെവച്ചാണു തനിക്കതു കാണാതെ പോയത്‌?'

'എന്റെ വീട്ടിനുള്ളിൽ.'

'പിന്നെ താനെന്തിനാ ഇവിടെക്കിടന്നു തിരയുന്നത്‌!'

'ഇവിടല്ലേ കൂടുതൽ വെളിച്ചമുള്ളത്‌!'
*


3. ആപത്തിന്‌ ഇന്നാരെന്നില്ല


ഒരു സ്ത്രീ തന്റെ കൊച്ചുമകനെ മുല്ലായുടെ പാഠശാലയിൽ കൊണ്ടുചെന്നു.

'ഞാൻ പറഞ്ഞിട്ട്‌ ഇവൻ കേൾക്കുന്നതേയില്ല,' സ്ത്രീ പറഞ്ഞു. 'മുല്ലാ ഇവനെയൊന്നു പേടിപ്പിക്കണേ.'

മുല്ലാ ഒരു പിശാചിന്റെ മട്ടെടുത്തുകൊണ്ട്‌ മുഖം വക്രിപ്പിക്കുകയും കണ്ണു തുറിപ്പിക്കുകയും ചെയ്തു. എന്നിട്ടു പെട്ടെന്ന് പുറത്തേക്കോടിപ്പോയി. വന്ന സ്ത്രീ പേടിച്ചു ബോധം കെട്ടു വീണു. ബോധം വീണപ്പോൾ മുല്ലാ പതുക്കെ അടുത്തുചെന്നു.

'കുട്ടിയെ പേടിപ്പിക്കാനല്ലേ മുല്ലാ, ഞാൻ പറഞ്ഞത്‌? എന്നെ പേടിപ്പിക്കാനല്ലല്ലോ.'

'അമ്മേ,' മുല്ലാ പറഞ്ഞു, 'എനിക്കുതന്നെ എന്നെ എന്തു പേടിയായിരുന്നുവെന്ന് നിങ്ങൾ കണ്ടതല്ലേ? ആപത്തു വരുമ്പോൾ അതിനു വേർതിരിവൊന്നുമില്ല.'
*


4. അവർക്കു വേണ്ടതു കിട്ടി


പാതിരാത്രിക്ക്‌ തന്റെ വീടിനു പുറത്ത്‌ ആരോ ശണ്ഠയിടുന്നത്‌ നസ്രുദീൻ കേട്ടു. ആകെയുള്ള ഒരു പുതപ്പുമെടുത്തു പുതച്ചുകൊണ്ട്‌ നസ്രുദീൻ ലഹള കേട്ടിടത്തേക്കു ചെന്നു. ശണ്ഠയൊതുക്കാനുള്ള ശ്രമത്തിനിടയിൽ മറ്റു രണ്ടുപേരും പുതപ്പും തട്ടിയെടുത്ത്‌ ഓടിമറഞ്ഞു.

'എന്തിനെച്ചൊല്ലിയായിരുന്നു അവരുടെ വഴക്ക്‌?' മുല്ലാ മടങ്ങിച്ചെന്നപ്പോൾ ഭാര്യ ചോദിച്ചു.

'അതാ പുതപ്പിനു വേണ്ടിയാണെന്നു തോന്നുന്നു. അതു കിട്ടിയപ്പോൾ അവരുടെ വഴക്കും തീർന്നു.'
*


5. കള്ളന്മാർ


പാതിരാത്രിക്ക്‌ ആരോ വിട്ടിനുള്ളിൽ കയറിയതറിഞ്ഞു പേടിച്ചുപോയ മുല്ല്ലാ ഒരു അലമാരക്കുള്ളിൽ കയറി ഒളിച്ചു. കള്ളന്മാർ തിരച്ചിലിനിടയിൽ അലമാര തുറന്നപ്പോൾ മുല്ലാ അതിനുള്ളിൽ പേടിച്ചരണ്ട്‌ കൂനിക്കൂടിയിരിക്കുന്നതു കണ്ടു.

'താനെന്താ ഇതിനുള്ളിൽ ഒളിച്ചിരിക്കുന്നത്‌?' കള്ളന്മാർ ചോദിച്ചു.

'നിങ്ങൾക്കു പറ്റിയതൊന്നും ഈ വീട്ടിലില്ലാത്തതിന്റെ നാണക്കേടുകൊണ്ട്‌ ഒളിച്ചുപോയതാണ്‌.'
*


6. തിന്നാനുള്ള വക-വായിക്കാനുള്ള വക


ആട്ടിൻകരളും വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു മുല്ലാ. ആട്ടിൻകരളു കൊണ്ട്‌ ഒരു വിശേഷവിഭവമുണ്ടാക്കാനുള്ള കുറിപ്പടി ഒരു ചങ്ങാതി എഴുതിക്കൊടുത്തയച്ചത്‌ മറ്റേക്കൈയിലുമുണ്ട്‌.

പെട്ടെന്ന് ഒരു പരുന്തു വന്ന് ആട്ടിൻകരളും കൊത്തിയെടുത്തു പറന്നു.

'കൊണ്ടുപോ,കൊണ്ടുപോ!' മുല്ലാ പരുന്തിനെ നോക്കി പറഞ്ഞു. 'നിനക്കു കരളല്ലേ കൈയിൽക്കിട്ടിയുള്ളു; അതുകൊണ്ടു കറിവയ്ക്കാനുള്ള കുറിപ്പടി എന്റെ കൈയിലല്ലേ!'
*


7. മരുഭൂമിയിൽ നടന്നത്‌


'ഞാൻ മരുഭൂമിയിലൂടെ യാത്രചെയ്യുമ്പോൾ,' മുല്ലാ ഒരു ദിവസം പറഞ്ഞു, 'ക്രൂരന്മാരും രക്തദാഹികളുമായ ഒരു പറ്റം മുഷ്കരന്മാരെ ഞാനിട്ടോടിച്ചു.'

'അതെങ്ങനെ മുല്ലാ?'

'അതെളുപ്പമായിരുന്നെന്നേ. അവരെക്കണ്ടപ്പോൾ ഞാൻ ഒരോട്ടം വച്ചുകൊടുത്തു. അവർ എന്റെ പിന്നാലെയും ഓടി!'
*


8. ഇരുട്ടത്തെന്തിടത്തുവലത്ത്‌


മുല്ലാ ചങ്ങാതിയുമായി സംസാരിച്ചിരിക്കുകയായിരുന്നു; കുറേക്കഴിഞ്ഞപ്പോൾ ഇരുട്ടായി.

'ഇരുട്ടായില്ലേ, ഒരു മെഴുകുതിരി കൊളുത്ത്‌, ചങ്ങാതീ,' കൂട്ടുകാരൻ പറഞ്ഞു. 'തന്റെ ഇടതുഭാഗത്ത്‌ ഒരു മെഴുകുതിരി കിടപ്പുണ്ട്‌.'

'ഈയിരുട്ടത്ത്‌ എന്റെ ഇടത്തും വലത്തും ഞാനെങ്ങനെയാടോ തിരിച്ചറിയുന്നത്‌!' മുല്ലാ ക്ഷോഭിച്ചു.
*


9. എന്തോ വീണു!


നസ്രുദീന്റെ മുറിയിൽ എന്തോ വീഴുന്ന ഒച്ച കേട്ട്‌ ഭാര്യ ഓടിച്ചെന്നു.

'പേടിക്കാനൊന്നുമില്ല,' ഭാര്യയോട്‌ മുല്ലാ പറഞ്ഞു. 'എന്റെ കുപ്പായം നിലത്തു വീണതാണ്‌.'

'കുപ്പായം നിലത്തു വീണാൽ ഇങ്ങനെ ഒച്ചയുണ്ടാകുമോ?'

'പിന്നില്ലാതെ, അതിനുള്ളിൽ ഞാനുമുണ്ടായിരുന്നു!'
*



10. ഒമ്പതെങ്കിൽ ഒമ്പത്


ആരോ തനിക്ക്‌ വെള്ളിനാണയങ്ങൾ എണ്ണിത്തരുന്നതായി നസ്രുദീൻ സ്വപ്നം കണ്ടു. ഒമ്പതു നാണയങ്ങൾ കൈയിലായപ്പോൾ അദൃശ്യനായ ദാതാവ്‌ തന്റെ ദാനകർമ്മം നിർത്തിക്കളഞ്ഞു.

'പത്തു തികച്ചുതാ!' നസ്രുദീൻ ഒച്ചയിട്ടു; അതോടെ അയാളുടെ സ്വപ്നവും മുറിഞ്ഞു.

നിരാശനായ നസ്രുദീൻ വീണ്ടും കണ്ണുകളടച്ചുകൊണ്ട്‌ ഇങ്ങനെ പിറുപിറുത്തു: 'ശരി ശരി, ഒമ്പതെങ്കിൽ ഒമ്പത്‌; അതിങ്ങു തന്നാട്ടെ!'
*


11. പ്രയോഗം


നസ്രുദീൻ തന്റെ വീടിനു ചുറ്റും അപ്പക്കഷണങ്ങൾ വിതറുകയായിരുന്നു.


'താനെന്തായീ ചെയ്യുന്നത്‌?' ആരോ ചോദിച്ചു.

'കടുവകൾ അടുക്കാതിരിക്കാനുള്ള വഴിയാണ്‌.'

'അതിന്‌ ഈ ഭാഗത്തൊന്നും കടുവയില്ലല്ലോ.'

'കണ്ടോ, എന്റെ പ്രയോഗം ഫലിച്ചില്ലേ!'
*



12. ജനിക്കുന്ന കലങ്ങൾ മരിക്കുന്ന കലങ്ങൾ


അയൽവീട്ടിൽ ഒരു സദ്യ ഒരുക്കാൻ നസ്രുദീൻ തന്റെ കലം കടംകൊടുത്തു. ആവശ്യം കഴിഞ്ഞ്‌ കലം തിരിച്ചുകൊടുക്കുമ്പോൾ അയൽക്കാരൻ ഒരു കുഞ്ഞുകലം കൂടി ഒപ്പം കൊടുത്തു.

'ഇതെന്താ?' മുല്ലാ ചോദിച്ചു.

'നിങ്ങളുടെ സ്വത്ത്‌ എന്റെ കൈവശമായിരുന്നപ്പോൾ അതിനു ജനിച്ച സന്തതിയാണിത്‌; നിയമമനുസരിച്ച്‌ അതിന്റെ അവകാശി നിങ്ങളാണ്‌,' അയൽക്കാരൻ മുല്ലായെ കളിയാക്കാനായി ചെയ്തതാണത്‌.

പിന്നൊരിക്കൽ നസ്രുദീൻ തന്റെ അയൽക്കാരന്റെ പക്കൽ നിന്ന് കുറേ കലങ്ങൾ കടം വാങ്ങി; പക്ഷേ പിന്നെ തിരിച്ചുകൊടുക്കാൻ പോയില്ല.

ഒടുവിൽ അയാൾ മുല്ലായുടെ വീട്ടിൽച്ചെന്ന് തന്റെ കലങ്ങൾ തിരിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.

'എന്തു ചെയ്യാനാ കൂട്ടേ!,' മുല്ലാ പരിതപിച്ചു. 'ഒക്കെ ചത്തുപോയി. കലങ്ങൾ ജീവനുള്ളവയാണെന്ന് നമുക്കു മനസ്സിലായിട്ടുള്ളതല്ലേ! ജനിച്ചവ മരിക്കുകയും വേണമല്ലോ!'
*


13. ചുറ്റുപാടുകൾക്കനുസരിച്ച്‌


മഴ കോരിച്ചൊരിയുകയാണ്‌. നാട്ടിലെ ഒരു പ്രമാണി നനയാതെ കേറിനിൽക്കാൻ ഒരിടം തേടി ഓടുകയായിരുന്നു. നസ്രുദീൻ ഇതു കണ്ട്‌ അയാളെ ശാസിച്ചു: 'ദൈവത്തിന്റെ അനുഗ്രഹത്തിൽ നിന്ന് ഒളിച്ചോടാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു! മഴയെന്നു പറയുന്നത്‌ എല്ലാ സൃഷ്ടികൾക്കും മേലുള്ള അനുഗ്രഹവർഷമാണെന്ന് നിങ്ങൾ മനസ്സ്സിലാക്കേണ്ടതല്ലേ?'

താനൊരു മോശക്കാരനാണെന്നു വരുത്താൻ പ്രമാണിക്കു താൽപ്പര്യമുണ്ടായിരുന്നില്ല. 'ഓ, അതുകൊണ്ടൊന്നുമല്ല,' എന്നു പിറുപിറുത്തുകൊണ്ട്‌ അയാൾ നടത്തം മന്ദഗതിയിലാക്കി; ഒടുവിൽ നനഞ്ഞുകുളിച്ചുകൊണ്ട്‌ അയാൾ വീട്ടിൽച്ചെന്നുകേറി; ജലദോഷം പിടിച്ചുവെന്ന് പിന്നെ പറയേണ്ടല്ലോ.

അധികനേരം കഴിഞ്ഞില്ല, മൂടിപ്പുതച്ച്‌ ജനാലയ്ക്കലിരിക്കുമ്പോൾ അതേ നസ്രുദീൻ മഴയത്തോടിപ്പോകുന്നത്‌ പ്രമാണി കണ്ടു. അയാൾ മുല്ലായെ കൈകൊട്ടി വിളിച്ചു; 'താനല്ലേ പറഞ്ഞത്‌ ദൈവത്തിന്റെ അനുഗ്രഹവർഷമാണ്‌ മഴയെന്നും അതിൽനിന്നോടിപ്പോകരുതെന്നും? എന്നിട്ടു താനെന്താണീ കാണിക്കുന്നത്‌?'

'ഓ അതോ,' നസ്രുദീൻ കൂസലില്ലാതെ പറഞ്ഞു, 'ദൈവാനുഗ്രഹത്തെ എന്റെ കാലുകൊണ്ടു ചവിട്ടി അശുദ്ധമാക്കരുതെന്നു കരുതിയൈട്ടല്ലേ ഞാനങ്ങനെ ചെയ്തത്‌!'


14. നസ്രുദീന്റെ പ്രസംഗം


നസ്രുദീനെ ഒന്നു കളിയാക്കണമെന്ന് നാട്ടിൽ ചിലർക്കു തോന്നി. പള്ളിയിൽ ഒരു പ്രസംഗം നടത്താൻ അവർ ചെന്ന് മുല്ലായെ വിളിച്ചു. മുല്ലാ സമ്മതിച്ചു.

നസ്രുദീൻ പ്രസംഗപീഠത്തിൽ കയറിനിന്ന് ഇങ്ങനെ തുടങ്ങി:

'സഹോദരന്മാരേ, ഞാൻ എന്തിനെക്കുറിച്ചാണു സംസാരിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ?'

'ഇല്ല!' എല്ലാവരും ഒരേ സ്വരത്തിൽ വിളിച്ചുകൂവി.

'അപ്പോൾപ്പിന്നെ ഞാനെന്തു ചെയ്യാൻ? ഒന്നുമറിയാത്തവരോട്‌ എന്തിനെക്കുറിച്ചാണു പറഞ്ഞുതുടങ്ങുക!' തന്റെ സമയം നഷ്ടപ്പെടുത്തിയ അജ്ഞാനികൾക്കുമേൽ തന്റെ അവജ്ഞ പ്രകടമാക്കിക്കൊണ്ട്‌ മുല്ലാ പ്രസംഗവേദിയിൽ നിന്നിറങ്ങി നേരേ വീട്ടിലേക്കു പോയി.

നാട്ടുകാർ പക്ഷേ വിട്ടില്ല; ഒരു സംഘം വീണ്ടും മുല്ലായെ ചെന്നുകണ്ടു; അടുത്ത വെള്ളിയാഴ്ച ഒന്നുകൂടി പ്രസംഗിക്കാൻ വരണമെന്ന് അവർ അപേക്ഷിച്ചു.

നസ്രുദീൻ പ്രസംഗം തുടങ്ങിയത്‌ തന്റെ പഴയ ചോദ്യം ആവർത്തിച്ചുകൊണ്ടാണ്‌.

ഇത്തവണ എല്ലാവരുടെയും ഉത്തരം ഇതായിരുന്നു:

'ഉവ്വുവ്വ്‌, ഞങ്ങൾക്കെല്ലാം അറിയാം!'

'അങ്ങനെയാണെങ്കിൽപ്പിന്നെ ഞാൻ നിങ്ങളെ ഇവിടെപ്പിടിച്ചിരുത്തുന്നതെന്തിനാണ്‌?' മുല്ലാ പറഞ്ഞു. 'എല്ലാവരും വീട്ടിൽപ്പൊയ്ക്കോ!'

ഒരുതവണ കൂടി പ്രസംഗിക്കണമെന്ന നാട്ടുകാരുടെ അപേക്ഷ മാനിച്ച്‌ മുല്ലാ അടുത്ത വെള്ളിയാഴ്ചയും പ്രസംഗിക്കാൻ കയറി.

'ഞാൻ എന്തിനെക്കുറിച്ചാണു പ്രസംഗിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയാമോ?'

സദസ്യർ തയാറായിട്ടിരിക്കുകയായിരുന്നു.

'ഞങ്ങളിൽ ചിലർക്കറിയാം, ചിലർക്കറിയില്ല.'

'അതു നന്നായി!' നസ്രുദീൻ പറഞ്ഞു. 'അറിയാവുന്നവർ അറിയാത്തവർക്കു പറഞ്ഞുകൊടുക്കട്ടെ!'

എന്നിട്ടയാൾ തന്റെ വീട്ടിലേക്കും പോയി.
*

1 comment:

നാടകക്കാരന്‍ said...

നന്നായിരിക്കുനു ..തീര്‍ച്ചയാ‍യും വായനക്കാര്‍ക്ക് ഉപകാരപ്രദം തന്നെ..