Thursday, February 12, 2009

ഹാൻസ്‌ ആൻഡേഴ്‌സൺ - തീപ്പെട്ടി വിൽക്കുന്ന പെൺകുട്ടി





കുത്തിക്കയറുന്ന തണുപ്പായിരുന്നു. മഞ്ഞു പൊഴിയുന്നുണ്ടായിരുന്നു. ഇരുട്ട്‌ കനക്കുകയുമായിരുന്നു. ആ വർഷത്തെ അവസാനത്തെ രാത്രിയുമായിരുന്നു അത്‌: പുതുവർഷത്തിന്റെ തലേ രാത്രി. ആ ഇരുട്ടത്തും തണുപ്പത്തും തെരുവിലൂടെ നടന്നുപോവുകയാണ്‌ ഒരു കൊച്ചുപെൺകുട്ടി. അവളുടെ തല മറയ്ക്കാൻ ഒന്നുമില്ല; കാലിൽ ചെരുപ്പുമില്ല. വീട്ടിൽ നിന്നിറങ്ങുമ്പോൾ ചെരുപ്പുണ്ടായിരുന്നുവെന്നതു ശരിതന്നെ; പക്ഷേ അതുകൊണ്ട്‌ എന്തു പ്രയാജനം? ആ വള്ളിച്ചെരുപ്പുകൾ അവളുടെ കുഞ്ഞുകാലുകൾക്കു ചേരാത്തവയായിരുന്നു; മരിച്ചുപോയ അവളുടെ അമ്മയിട്ടിരുന്ന ചെരുപ്പുകളാണവ. രണ്ടു കുതിരവണ്ടികൾ പാഞ്ഞുവരുന്നതുകണ്ട്‌ പേടിച്ചോടിമാറുമ്പോൾ അവൾക്കവ നഷ്ടപ്പെടുകയും ചെയ്തു. ഒരു ചെരുപ്പ്‌ എവിടെപ്പോയെന്നു കണ്ടില്ല; മറ്റേതാവട്ടെ, ഒരു ചെറുക്കൻ എടുത്തുകൊണ്ടോടിപ്പോവുകയും ചെയ്തു; തനിക്കു കുഞ്ഞുങ്ങളുണ്ടാവുമ്പോൾ അവരെ കിടത്താൻ ഒരു തൊട്ടിലു വേണം എന്നു പറഞ്ഞുകൊണ്ടാണ്‌ അവൻ അതും കൊണ്ടോടിയത്‌.

തണുപ്പുകൊണ്ടു നീലിച്ച കുഞ്ഞുകാലടികളും വലിച്ചു നടന്നുപോവുകയാണ്‌ ആ കൊച്ചുപെൺകുട്ടി. അവൾ തോളത്തിട്ടിരിക്കുന്ന മാറാപ്പിൽ കുറേ തീപ്പെട്ടിക്കോലുകളുണ്ട്‌; അവളുടെ കൈയിലുമുണ്ട്‌ കുറേ. ഇന്നിത്ര നേരമായിട്ടും ഒരാളും അവളുടെ കൈയിൽ നിന്ന് ഒന്നും വാങ്ങിയിട്ടില്ല. ഒരാളും അവൾക്കൊരു ചില്ലിക്കാശു കൊടുത്തിട്ടുമില്ല. വിശപ്പും തണുപ്പും കൊണ്ടു പരവശയായി കൂനിപ്പിടിച്ചുനടക്കുകയാണ്‌ ആ പാവം കുട്ടി. അവളുടെ ചുമലിലേക്ക്‌ അഴകോടെ വീണുകിടക്കുന്ന ചുരുണ്ട സ്വർണ്ണമുടിയിലേക്ക്‌ മഞ്ഞു പൊഴിഞ്ഞുവീഴുന്നുണ്ട്‌. അവളുടെ മനസ്സിൽ പക്ഷേ അതൊന്നുമായിരുന്നില്ല. തെരുവിനിരുവശത്തുമുള്ള ജനാലകളിൽ നിന്നു പുറത്തേക്ക്‌ പ്രകാശം പരക്കുന്നുണ്ട്‌; പുതുവർഷത്തിന്റെ തലേന്നാളാണല്ലോ അന്ന്. അതെ, അവൾ ഓർത്തത്‌ അതിനെക്കുറിച്ചാണ്‌.

രണ്ടു വീടുകൾക്കിടയിലുള്ള ഒരു മൂലയ്ക്ക്‌ അവൾ കൂനിപ്പിടിച്ചിരുന്നു. തന്റെ കുഞ്ഞുകാലുകൾ ആവുന്നത്ര കൂട്ടിപ്പിടിച്ചിരുന്നിട്ടും അവൾ കിടുങ്ങിവിറയ്ക്കുകയായിരുന്നു. വീട്ടിലേക്കു പോകാൻ അവൾക്കു ധൈര്യം വന്നതുമില്ല. ഒരു തീപ്പെട്ടിക്കോലു പോലും വിൽക്കാൻ അവൾക്ക്‌ കഴിഞ്ഞിട്ടില്ല; ഒരു ചില്ലിക്കാശു പോലും അവൾക്കു കിട്ടിയിട്ടുമില്ല. അച്ഛൻ അവളെ തല്ലും; പിന്നെ വീട്ടിലേക്കു ചെന്നാലും ചൂടു കിട്ടാൻ പോകുന്നതുമില്ല. വീടെന്നു പറഞ്ഞാൽ തലയ്ക്കു മേൽ ഒരു കൂരയുണ്ടായിരുന്നുവെന്നേയുള്ളു. വലിയ വിടവുകൾ വയ്ക്കോലും പഴന്തുണിയും കൊണ്ടടച്ചിട്ടും തണുത്ത കാറ്റ്‌ ഉള്ളിലേക്കടിച്ചുകയറിയിരുന്നു. തണുപ്പു കൊണ്ട്‌ അവളുടെ കുഞ്ഞുവിരലുകൾ മരവിച്ചു. ഒരു തീപ്പെട്ടിക്കോലു കൊണ്ട്‌ എന്തു പ്രയോജനമുണ്ടായേനേ! ഒരു തീപ്പെട്ടിക്കോൽ ഊരിയെടുത്ത്‌ മതിലിന്മേലുരച്ച്‌  കൈകൾ ചൂടുപിടിപ്പിക്കാൻ അവൾക്കു ധൈര്യമുണ്ടാവുമോ? അവൾ ഒരു തീപ്പെട്ടിക്കോൽ വലിച്ചെടുത്തു. ശൂ! അതിന്റെയൊരു പൊട്ടലും ചീറ്റലും! ഇളംചൂടുള്ളൊരു തെളിഞ്ഞ നാളം; അവൾ അതു പൊതിഞ്ഞുപിടിച്ചപ്പോൾ ഒരു കുഞ്ഞുമെഴുകുതിരി പോലെ തോന്നി. അതൊരതിശയവെളിച്ചവുമായിരുന്നു. പിത്തളമൊട്ടുകളും പിത്തളച്ചുറ്റുമുള്ള വമ്പനൊരു നെരിപ്പോടിനു മുന്നിലിരിക്കുകയാണു താനെന്ന് ആ കുട്ടിക്കു തോന്നിപ്പോയി. കേമമായി തീ കത്തുന്ന അതിനരികത്തിരിക്കാൻ എന്തു സുഖം! അല്ല, അതെന്താ? കാലടി കൂടി ചൂടു പിടിപ്പിക്കാൻ അവൾ തന്റെ കാലു നീട്ടുമ്പോഴേക്കും നാളം അണഞ്ഞുപോയി. നെരിപ്പോട് കണ്ണിൽ നിന്നു മറയുകയും ചെയ്തു. തീപ്പെട്ടിക്കോലിന്റെ കരിഞ്ഞ അറ്റവും കൈയിൽപ്പിടിച്ച്‌ പെൺകുട്ടി ഇരുന്നു. അവൾ ഒരു കോലുകൂടി എടുത്തുരച്ചു. അതു കത്തിയെരിഞ്ഞു; മതിലിന്മേൽ അതിന്റെ വെളിച്ചം വീണ ഭാഗം ചില്ലു പോലെ സുതാര്യമായി. അതുവഴി അവൾ മുറിക്കുള്ളിലേക്കു കണ്ണോടിച്ചു; തിളങ്ങുന്ന വെള്ളത്തുണി വിരിച്ച്‌, ഒന്നാംതരം കവിടിപ്പിഞ്ഞാണങ്ങളും നിരത്തി തീൻമേശ ഒരുക്കിയിരിക്കുന്നു; അതിന്മേലിരിപ്പുണ്ട്‌ ഉണക്കമുന്തിരിയും ആപ്പിളുമൊക്കെ കുത്തിനിറച്ച്‌ പൊരിച്ചെടുത്ത കേമനൊരു വാത്ത്‌. അതുമല്ല അതിശയം, ആ വാത്ത്‌ തളികയിൽ നിന്നു ചാടിയിറങ്ങി മുതുകത്തു കുത്തിനിർത്തിയ കത്തിയും മുള്ളുമായി തറയിൽ ഉലാത്താനും തുടങ്ങി! ആ പാവം പെൺകുട്ടിയുടെ തൊട്ടടുത്തുവരെ അതെത്തിയതുമാണ്‌. അപ്പോഴേക്കും തീപ്പെട്ടിക്കോലണഞ്ഞു; തണുത്ത കട്ടിമതിൽ മാത്രമേ പിന്നെ കാണാനുണ്ടായിരുന്നുള്ളു.

അവൾ ഒരു കോലു കൂടി എടുത്തുരച്ചു. അവൾ ഇപ്പോൾ എത്രയും മനോഹരമായ ഒരു ക്രിസ്തുമസ്‌മരത്തിനു ചോട്ടിലിരിക്കുകയാണ്‌. കഴിഞ്ഞ ക്രിസ്തുമസിന്‌ ഒരു പണക്കാരൻകച്ചവടക്കാരന്റെ വീട്ടിൽ ചില്ലുവാതിലിലൂടെ അവൾ കണ്ട ക്രിസ്തുമസ്‌മരത്തേക്കാൾ വലുതും അതിനെക്കാൾ മോടിയായി അലങ്കരിച്ചതുമായിരുന്നു ഇത്‌. പച്ചനിറമുള്ള ചില്ലകളിൽ ഒരായിരം മെഴുകുതിരികൾ എരിയുന്നു; ഉജ്ജ്വലവർണ്ണങ്ങളിലുള്ള ചിത്രങ്ങൾ അവളെത്തന്നെ നോക്കുന്നു. ആ കൊച്ചുപെൺകുട്ടി അതിനു നേർക്ക്‌ തന്റെ കൈകൾ നീട്ടി. ആ സമയത്ത്‌ തീപ്പെട്ടിക്കോൽ എരിഞ്ഞുതീർന്നു; മെഴുകുതിരികൾ ഉയർന്നുയർന്ന് അകന്നുപോയി; അവ തിളങ്ങുന്ന നക്ഷത്രങ്ങളാവുന്നത്‌ അവൾ കണ്ടു. അതിൽ ഒരു നക്ഷത്രം താഴേക്കു വന്ന് ആകാശത്ത്‌ ഒരഗ്നിരേഖ വരച്ചുകൊണ്ട്‌ അപ്രത്യക്ഷമായി.

'ആരോ മരിച്ചു!' പെൺകുട്ടി സ്വയം പറഞ്ഞു. ഒരു നക്ഷത്രം വീഴുമ്പോൾ ഒരാത്മാവ്‌ ദൈവത്തിനടുത്തേക്കുയർന്നുപോവുകയാണെന്ന് അവളുടെ മുത്തശ്‌ശി- ഈ ലോകത്ത്‌ അവളോടു സ്നേഹമുണ്ടായിരുന്ന ഒരേയൊരാൾ, അവളുടെ മരിച്ചുപോയ മുത്തശ്‌ശി- പറയാറുണ്ടായിരുന്നു.

അവൾ വീണ്ടും ഒരു കോലെടുത്ത്‌ മതിലിന്മേലുരച്ചു കത്തിച്ചു. അത്‌ അവൾക്കു ചുറ്റും പ്രകാശം പരത്തിനിന്നെരിഞ്ഞു. ആ വെളിച്ചത്തിൽ അവൾ തന്റെ മുത്തശ്‌ശിയെ കണ്ടു; വിശുദ്ധിയും ശാന്തിയും നിറഞ്ഞ മുഖത്തോടെ ശോഭ ചിതറിനിൽക്കുകയാണ്‌ അവർ.

'മുത്തശ്‌ശീ!' ആ കൊച്ചുകുട്ടി വാവിട്ടു നിലവിളിച്ചു. 'എന്നെയുംകൂടി കൊണ്ടുപോ മുത്തശ്‌ശീ! ഇതണയുമ്പോൾ മുത്തശ്‌ശിയും പോവുമെന്നെനിക്കറിയാം; ആ നെരിപ്പോടു പോലെ, പൊരിച്ച വാത്തു പോലെ, ക്രിസ്തുമസ്‌മരം പോലെ!' അവൾ തിടുക്കത്തിൽ തന്റെ കൈയിലുണ്ടായിരുന്ന തീപ്പെട്ടിക്കോലുകൾ ഉരച്ചുതീർത്തു. അവൾക്ക്‌ തന്റെ മുത്തശ്‌ശിയെ വിടാതെ തന്നോടൊപ്പം നിർത്തണമായിരുന്നു. തീപ്പെട്ടിക്കോലുകളോ, പകൽവെളിച്ചത്തേക്കാൾ ശോഭയോടെയാണെരിഞ്ഞതും. ഇത്ര മനോഹരിയായി, ഇത്ര വലിയൊരാളായി അവൾ തന്റെ മുത്തശ്‌ശിയെ ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ല. അവർ ആ കൊച്ചുപെൺകുട്ടിയെ തന്റെ കൈകളിൽ വാരിയെടുത്തു; തേജസ്വികളായി, ആഹ്ലാദചിത്തരായി അവർ ഉയർന്നുയർന്നുപോയി. അവിടെ തണുപ്പില്ല, വിശപ്പില്ല, ഭയവുമില്ല- അവർ ഇപ്പോൾ ദൈവത്തോടൊപ്പമാണ്‌.

പക്ഷേ തെരുവിലെ ഒരു വീടിന്റെ മൂലയ്ക്ക്‌ ചുവന്ന കവിളുകളും മുഖത്തൊരു പുഞ്ചിരിയുമായി ഒരു കൊച്ചുപെൺകുട്ടി അനക്കമറ്റിരിക്കുകയായിരുന്നു- പോയ വർഷത്തിന്റെ അവസാനത്തെ രാത്രിയിൽ അവൾ തണുത്തുവിറച്ചു മരിക്കുകയായിരുന്നു. തീപ്പെട്ടിക്കോലുകളും കൈയിൽ പിടിച്ചിരിക്കുന്ന ഒരു കുഞ്ഞുശരീരത്തിനു മേൽ പുതുവർഷത്തിന്റെ പ്രഭാതം ഉദിച്ചുയർന്നു. ആ കുട്ടി ചൂടുകിട്ടാൻ വേണ്ടി ചെയ്തതായിരിക്കും, ആരോ പറഞ്ഞു. അവൾ കണ്ട അത്ഭുതകരമായ കാഴ്ചകളെക്കുറിച്ച്‌ അവരാരുമറിഞ്ഞില്ല; എന്തൊരു തേജസ്സോടെയാണ്‌ അവൾ തന്റെ മുത്തശ്‌ശിയോടൊപ്പം പുതുവർഷത്തിലേക്കു കടന്നതെന്നും അവരറിഞ്ഞിട്ടില്ല.

(ഡാനിഷ്‌ കഥ)

3 comments:

Melethil said...

സാഷയുടെ (?) കഥ ആരെഴുതിയതായിരുന്നു ? മുത്തച്ഛനു കത്തെഴുതുന്ന കുട്ടിയുടെ കഥ? കുട്ടിക്കാലത്ത് അത് വായിച്ച് കുറെ കരഞ്ഞതോര്‍ക്കുന്നു..ഇതു വായിച്ചപ്പോള്‍ അതോര്‍ത്തു .. നന്ദി ഇതിവിടെ പോസ്റ്റ് ചെയ്തതിന്.

revi said...

By checkov

ചങ്കരന്‍ said...

നല്ല കഥ, നല്ല പരിഭാഷ.