Tuesday, February 10, 2009
യൊരൂബാ നാടൻപാട്ടുകൾ
സൃഷ്ടാവായ ഒബാട്ടാല
പൊറുതി മുഴുത്തോൻ,മിണ്ടാത്തേവർ
കലി കലരാതെ തീർപ്പരുൾ ചെയ്‌വോൻ.
അകലത്തുള്ളോനെന്നാലെന്തീ-
യൂരിൽത്തന്നെ കണ്ണുള്ളോൻ.
ചോരപ്പിള്ളയെ കൊന്നാലും മറു-
പിറവിക്കവനെയുണർത്തുന്നോൻ.
മരണം പോലെ തമാശ കാട്ടും,
കുഞ്ഞിനെ തട്ടിയെടുത്തോടും.
കൂനൻമുതുകിൽ സവാരിപോകും,
ഇടവും വലവും കൈവീശും.
പൈതങ്ങൾക്കവൻ തുണയായ് നിൽക്കൂം,
അവരെ ഇക്കിളിയാക്കീടും.
ചിരിയുടെ തന്ത, കണ്ണുകളിൽ ചിരി
മാനത്തെപ്പെരുമ്പത്തായം.
ചെറുമന്നൂറ്റം പെരുത്ത കിഴവൻ,
മാനത്തെക്കൊടുംകടന്നൽക്കൂട്.
ഉള്ളവർ നിന്നാലുള്ളവരായി,
ഇല്ലാതവരും അതുപോലെ.
ഉള്ളവരിൽ നിന്നുള്ളതെടുത്ത്
ഇല്ലാതവർക്കു നീ നൽകും.
ഉള്ളവരിൽ നിന്നെടുത്തു നീയ-
തെനിക്കു നൽകുക തമ്പ്രാനേ.
ചോരയെ കുഞ്ഞാക്കുന്നവനേ,
ഒന്നുരുവാക്കണമെന്റെ വയറ്റിലും.
നീലം മുക്കാനൊരു മുണ്ട്,
കാവി മുക്കാനൊരു തട്ടം-
ഇത്രേയുള്ളെൻ സ്വത്തെന്നാലും
അറിയാമേ നിന്നുള്ളിലിരുപ്പ്.
എന്റെ കണക്കായ് വച്ചിട്ടുണ്ടേ
ഇരുപതുമുപ്പതു പിള്ളകളെ!
*
ഏഷു-ഭാഗ്യത്തിന്റെ ദേവത
ശരിയും തെറ്റും, തെറ്റും ശരിയും
മാറ്റിമറിപ്പോനിവൻ-ഏഷു.
ഈറപിടിച്ചാൽ കല്ലിന്മേലിവ-
നാഞ്ഞിടിക്കും ചോര തുളിക്കും;
ഈറപിടിച്ചാൽ കൂനനുറുമ്പിൻ
തോലിന്മേലിവനമർന്നിരിക്കും.
ഈറപിടിച്ചാൽ ഇവന്നൊഴുക്കും
ചോരക്കണ്ണീരോലോല.
ഒരുനാളിവനോ വീട്ടിലുറങ്ങി,
അവനു കിടക്കാനതുപോര;
പിന്നെ വരാന്തയിൽ കിടന്നുനോക്കി,
അവനു കിടക്കാനതുപോര;
പിന്നെയടയ്ക്കത്തോടിലുറങ്ങി,
നീണ്ടുനിവർന്നവനന്നു കിടന്നു.
മലർന്നുകിടക്കാനവനാവില്ല,
മേൽപ്പുര തട്ടി തല പൊങ്ങും;
നിവർന്നുനിന്നാലരിക്കലത്തിൽ
കുനിഞ്ഞുനോക്കാനാവില്ല.
ഇന്നൊരു കല്ലവനെറിഞ്ഞുവെന്നാൽ
ഇന്നലെയാണൊരു കിളി വീണു.
*
പുള്ളിമാൻ
മടിയിൽ വച്ചോമനിക്കാനുള്ളതാണു നീ,
നിൻനീൾക്കഴുത്തിനിതെന്തു ചന്തം.
മെലിവറിയാതെ നീ പാർക്കുന്നു പൊന്തയിൽ,
പുതുമണവാട്ടി പോൽ നീ കൊഴുത്തോൾ.
പൂമ്പാറ്റ ചിറകു കുടയുന്നപോലല്ലേ
പായുമ്പോൾ നീ പൂഴി പാറ്റിടുന്നു.
കാതൽ കടഞ്ഞ പോൽ സുന്ദരി നീ, നിന്റെ
കണ്ണുകൾ പ്രാവിന്റെ കണ്ണു പോലെ.
നായാട്ടുകാരന്റെ ദുരമൂത്ത കൺകളിൽ
നിന്റെ കഴുത്തെത്ര നീണ്ടുനീണ്ട്!
*
പുള്ളിപ്പുലി
സൗമ്യനാം നായാടി-
തലയോടുടയ്ക്കുമ്പോൾ
തറയിൽക്കളിക്കുന്നവന്റെ നീൾവാൽ.
ചന്തക്കാരൻ മരണം-
ഇരയെക്കാണാൻ പോകെ
അവനെടുത്തണിയുന്നു പുള്ളിയാട.
കളിയാടും കൊലയാളി-
അവനാഞ്ഞുപുണരുമ്പോൾ
മാൻപേട ചങ്കുനുറുങ്ങിച്ചത്തു.
*
ആന
ചാവുടൽപൂണ്ടുവരുന്നവനാണേ,
പൊന്തയിൽപ്പാർക്കുന്ന പൂതത്താനാണേ.
ഒറ്റക്കൈയെത്തിച്ചു രണ്ടു കരിമ്പന
മൂടോടെ കുത്തിമറിപ്പോനാണേ.
രണ്ടുകൈയ്യുണ്ടെന്നാൽ മാനം വലിച്ചിട്ടു
ഞാത്തിയേനേ പഴംകൂറ പോലെ.
നായയെത്തിന്നുന്ന പൂതത്താനാണേ,
ആടിനെത്തിന്നുന്ന പൂതത്താനാണേ.
കൊല്ലുന്ന നാലുകാൽ കൊണ്ടിവൻ മണ്ണിലെ
പുല്ലു ചവിട്ടിയരച്ചിടുന്നു-
താനെഴുന്നെള്ളിനടക്കും വഴികളിൽ
പുല്ലു നിലംപറ്റിനിൽക്കവേണം.
*
Labels:
ആഫ്രിക്ക,
കവിത,
യൊരൂബ,
വാമൊഴിക്കവിത,
വിവര്ത്തനം
Subscribe to:
Post Comments (Atom)
1 comment:
ചിലതു പാഴ്വേലയല്ലേ എന്നു സംശയം തോന്നാം,എങ്കിലും ലോകത്തിന്റെ കവിതകള് അറിയുകയാണല്ലൊ എന്നാശ്വസിക്കാം
Post a Comment