ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവൻ
ഇന്നെന്റെ കൺകളിൽ മരണമുണ്ട്-
ദീനം പൊറുത്തുവരുന്ന പോലെ,
വീട്ടുവെളിയിൽ നടക്കുംപോലെ.
ഇന്നെന്റെ കൺകളിൽ മരണമുണ്ട്-
തെന്നലു വീശുന്ന പകലുനേരം
പാമരച്ചോട്ടിലിരിക്കുംപോലെ.
ഇന്നെന്റെ കൺകളിൽ മരണമുണ്ട്-
താമരപ്പൂവിന്റെ ഗന്ധം പോലെ,
കള്ളിന്റെ തീരത്തിരിക്കുംപോലെ.
ഇന്നെന്റെ കൺകളിൽ മരണമുണ്ട്-
ഏറെ നടന്നൊരു പാത പോലെ,
മറുനാടു വെട്ടിപ്പിടിക്കുവാൻ പോയ്
നാട്ടിൽ മടങ്ങിവരുന്ന പോലെ.
ഇന്നെന്റെ കൺകളിൽ മരണമുണ്ട്-
വിണ്ണിന്റെ പടുതയഴിച്ചിടുംപോൽ,
താനറിയാത്തോരകപ്പൊരുളെ
തന്നുള്ളംകൈയിൽ കിടച്ചിടുംപോൽ.
ഇന്നെന്റെ കൺകളിൽ മരണമുണ്ട്-
ആണ്ടുകളേറെത്തടവിലായോൻ
തൻ വീടു കാണാനുഴറുംപോലെ.
1 comment:
''ഇന്നെന്റെ കൺകളിൽ മരണമുണ്ട്-
വിണ്ണിന്റെ പടുതയഴിച്ചിടുംപോൽ,
താനറിയാത്തോരകപ്പൊരുളെ
തന്നുള്ളംകൈയിൽ കിടച്ചിടുംപോൽ''
നല്ല പരിഭാഷ. വിണ്ണിന്റെ പടുത എന്നുള്ള പ്രയോഗം ഇഷ്ടപ്പെട്ടു.
Post a Comment