മനസ്സുകെട്ടിരിക്കുന്ന ഒരവസ്ഥയിൽ നിന്ന് സ്വയം വിമുക്തനാക്കുക എന്നത്,ഇച്ഛാശക്തിയുടെ മന:പൂർവ്വമായ പ്രയോഗം കൊണ്ടേ അതു സാധ്യമാവൂ എന്നുണ്ടെങ്കിൽക്കൂടി,അത്ര അനായാസമായ ഒരു സംഗതിയായിരിക്കണം: ഞാൻ കസേരയിൽ നിന്നു കുതറിയിറങ്ങുന്നു,മേശക്കു ചുറ്റും കാൽനീട്ടിവച്ചു നടക്കുന്നു,തലയും കഴുത്തുമിളക്കി ആയാസം തീർക്കുന്നു,ചുറ്റുമുള്ള മാംസപേശികൾ മുറുക്കി കണ്ണുകളിൽ തീപ്പൊരി പാറിക്കുന്നു. ഈ സമയത്ത് എ കടന്നുവരാനിടയായെന്നിരിക്കട്ടെ,എനിക്ക് അയാളെക്കുറിച്ചുള്ള അഭിപ്രായങ്ങളൊക്കെ ഉള്ളിലൊതുക്കി ഞാൻ അയാളെ ആർഭാടത്തോടെ വരവേൽക്കുന്നു;എന്റെ മുറിയിൽ ബിയുടെ സാന്നിദ്ധ്യം ഹൃദയപൂർവ്വം സഹിക്കുന്നു;സിയുടെ അടുത്താകട്ടെ,അയാൾ പറയുന്നതൊക്കെ ആ ശ്രമത്തിലെ കഷ്ടപ്പാടും വേദനയുമൊന്നും കണക്കാക്കാതെതന്നെ, കവിളു നിറച്ചു കുടിച്ചിറക്കുകയും ചെയ്യുന്നു.
പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിൽക്കൂടി ഒരബദ്ധം പറ്റിയാൽ മതി-അതുണ്ടാവുമെന്നുള്ളതു നിശ്ചയവുമാണ്-എന്റെ എല്ലാ സംരംഭങ്ങൾക്കും,അനായാസമായതിനും ദുഷ്ക്കരമായതിനുമൊക്കെ, തടവീഴാൻ; നൂറ്റെമ്പതു ഡിഗ്രി പിന്നാക്കം തിരിഞ്ഞ് തുടങ്ങിയേടത്തേക്കുതന്നെ എനിക്കു തിരിച്ചുനടക്കേണ്ടിയും വരും.
ഇതൊക്കെ കണക്കിലെടുക്കുമ്പോൾ ചെയ്യാവുന്നതായി ഒന്നുമാത്രമേയുള്ളു:വരുന്നതെന്തിനേയും നിർമ്മമമായി കൈക്കൊള്ളുക; ഒരു കൊടുങ്കാറ്റിൽപ്പെട്ട് അടിപറിഞ്ഞുപായുകയാണെങ്കിൽക്കൂടി ഒരു നിശ്ചേഷ്ടപിണ്ഡമെന്നപോലെ പെരുമാറുക; അനാവശ്യമായ ഒരു ചുവടെങ്കിലും വയ്ക്കാനുള്ള പ്രലോഭനത്തിനൊന്നും വഴങ്ങിപ്പോവാതിരിക്കുക; അന്യജനത്തെ ഒരു മൃഗത്തിന്റെ ദൃഷ്ടിയിലൂടെ മാത്രം കാണുക; ഒരു മനസ്സാക്ഷിക്കുത്തും തോന്നാതിരിക്കുക-ചുരുക്കത്തിൽ,ജീവന്റെ നിഴൽ പോലെ എന്തെങ്കിലും ശേഷിപ്പുണ്ടെങ്കിൽ അതിനെ സ്വന്തം കൈകൊണ്ടുതന്നെ കഴുത്തുഞ്ഞെരിച്ചുകൊല്ലുക; എന്നുപറഞ്ഞാൽ ശവപ്പറമ്പിലെ അന്തിമശാന്തിയുടെ തീവ്രത വർദ്ധിപ്പിക്കുകയും അതിനപ്പുറം മറ്റൊന്നും ശേഷിക്കാതെ നോക്കുകയും ചെയ്യുക.
ഈയൊരവസ്ഥയിലത്തിയതിന്റെ ലക്ഷണം കാണിക്കുന്ന ഒരു ചേഷ്ടയാണ് പുരികത്തിലൂടെ ചെറുവിരലോടിക്കുക എന്നത്.
*
No comments:
Post a Comment