ഏകാന്തജീവിതം നയിക്കുകയും അതേസമയം ഇടയ്ക്കൊക്കെ ഒരുതരം സമ്പർക്കമാവാം എന്നു വിചാരിക്കുകയും ചെയ്യുന്ന ഒരാൾ-
സമയം, കാലവസ്ഥ, ജോലിയുടെ ചുറ്റുപാടുകൾ എന്നിങ്ങനെയുള്ളവയുടെ വ്യതിയാനങ്ങൾക്കനുസരിച്ച് തനിക്കു പിടിച്ചുതൂങ്ങാൻ ഒരു കൈത്തണ്ട, അതിനി ഏതു പ്രായം ചെന്നതുമായിക്കോട്ടെ, ഒന്നു കാണാൻ മോഹിക്കുക മാത്രം ചെയ്യുന്ന ഒരാൾ-
അങ്ങനെയൊരാൾക്ക് തെരുവിനടുത്ത് ഒരു ജനാലയില്ലാതെ അധികകാലം പിടിച്ചുനിൽക്കാനാവില്ലതന്നെ.
പ്രത്യേകിച്ചെന്തിനെയെങ്കിലും നോക്കിനിൽക്കാനുള്ള മനസ്ഥിതിയിലല്ല അയാളെങ്കിൽക്കൂടി,
അയാൾ വെറുതെ ജനാലയ്ക്കടുത്തേക്കു വന്നു നിൽക്കുന്നതേയുള്ളു(പരിക്ഷീണനാണയാൾ,ആകാശത്തിനും ആൾക്കാർക്കുമിടയിൽ തെന്നിത്തെന്നിപ്പോവുകയാണയാളുടെ നോട്ടം)
അതും തലയൽപ്പം പിന്നാക്കം ചായ്ച്ച് മനസ്സില്ലാമനസ്സോടെയാണയാൾ ചെയ്യുന്നതെങ്കിൽക്കൂടി,
എങ്കിൽക്കൂടി അങ്ങുതാഴെയുള്ള ആ കുതിരകൾ വണ്ടികളുടെയും ഒച്ചപ്പാടിന്റെയും പിന്നാലെ അയാളെയും കോരിയെടുത്തുകൊണ്ടോടും;
അങ്ങനെ ഒടുവിൽ മനുഷ്യവർഗ്ഗവുമായുള്ള ലയത്തിൽ അയാളെക്കൊണ്ടെത്തിക്കുകയും ചെയ്യും.
1 comment:
aaraalum ariyappetaathe kazhiyunnavar bhaagyavaanmaar aano?
Post a Comment