Wednesday, February 11, 2009

ഹാൻസ്‌ ആൻഡേഴ്‌സൺ - പയറുമണിമേൽ കിടന്ന രാജകുമാരി



ഒരിക്കൽ ഒരിടത്തൊരു രാജകുമാരനുണ്ടായിരുന്നു. രാജകുമാരന്‌ ഒരു രാജകുമാരിയെ വേണം, അതുപക്ഷേ ഒരു യഥാർത്ഥരാജകുമാരി ആയിരിക്കുകയും വേണം! അങ്ങനെയൊരാളെത്തേടി അയാൾ ലോകം മുഴുവൻ അലഞ്ഞു. പക്ഷേ എവിടൊക്കെപ്പോയിട്ടെന്താ, അവിടൊക്കെ എന്തിന്റെയെങ്കിലും ഒരു കുറവുണ്ടാവും. രാജകുമാരിമാർ എത്രയെങ്കിലുമുണ്ടായിരുന്നു; എന്നാൽ അവർ യഥാർത്ഥരാജകുമാരിമാരാണോ എന്നു കണ്ടുപിടിക്കാൻ അയാൾക്കു കഴിഞ്ഞില്ല. എവിടെയോ എന്തോ ഒന്നു പിശകുന്നു. അങ്ങനെ അയാൾ തിരച്ചിൽ അവസാനിപ്പിച്ച്‌ കൊട്ടാരത്തിലെത്തി മനസ്സുകെട്ട്‌ അടച്ചിരുപ്പുമായി; ഒരു യഥാർത്ഥരാജകുമാരിയെ വേണമെന്ന് അത്രമേൽ ആഗ്രഹിച്ചിരുന്നതാണല്ലോ അയാൾ.

അന്നൊരിക്കൽ രാത്രിയിൽ ഭയങ്കരമായ കാറ്റും മഴയുമുണ്ടായി. മിന്നൽ പാളിമറഞ്ഞു; ഇടിമുഴക്കം ഹുങ്കാരവം മുഴക്കി; മഴ കോരിച്ചൊരിയുകയും! ഹൊ, മനസ്സു കിടുകിടുത്തുപോകും! ഈ നേരത്താണ്‌ കൊട്ടാരവാതിൽക്കൽ ആരോ തട്ടുന്നത്‌; വൃദ്ധനായ രാജാവു ചെന്ന് വാതിൽ തുറന്നു.

ഒരു രാജകുമാരിയാണ്‌ പുറത്തുനിൽക്കുന്നത്‌. ദൈവമേ, ആ കാറ്റത്തും മഴയത്തും അവളുടെയൊരു കോലം! അവളുടെ മുടിയിലും ഉടുത്തിരിക്കുന്നതിലും നിന്ന് മഴവെള്ളം ഒലിച്ചിറങ്ങി ചെരുപ്പിലൂടെ കാൽമടമ്പിലേക്കൊഴുകയാണ്‌; എന്നിട്ടവൾ പറയുന്നതോ, താൻ ഒരു യഥാർത്ഥരാജകുമാരിയാണെന്നും!

'അതെയോ, എങ്കിൽ നമുക്കതു കണ്ടുപിടിക്കാവുന്നതല്ലെയുള്ളു,' മഹാറാണി മനസ്സിൽ പറഞ്ഞു; അവർ പക്ഷേ മറ്റാരോടും ഇക്കാര്യം മിണ്ടിയില്ല. അവർ നേരേ കിടപ്പുമുറിയിൽച്ചെന്ന് മെത്തയും പുതപ്പുമൊക്കെ വാരിമാറ്റിയിട്ട്‌ കട്ടിലിനു മുകളിൽ ഒരു പയറുമണി വച്ചു. പിന്നെ അതിനു മേൽ ഇരുപതു മെത്തകളും മെത്തകൾക്കു മേൽ ഇരുപതു തൂവൽക്കിടക്കകളും വിരിച്ചു. രാജകുമാരി അന്നു കിടന്നുറങ്ങേണ്ടത്‌ അതിലാണ്‌.

രാവിലെ എഴുന്നേറ്റപ്പോൾ ഉറക്കം എങ്ങനെയുണ്ടായിരുന്നുവെന്ന് എല്ലാവരും രാജകുമാരിയോടന്വേഷിച്ചു.

'ഹൊ, ഞാനങ്ങു കഷ്ടപ്പെട്ടുപോയി!' രാജകുമാരി പരാതിപ്പെട്ടു. 'രാതിയിൽ ഒരുപോള കണ്ണടയ്ക്കാൻ പറ്റിയില്ല! എന്റെ കിടക്കയിൽ എന്തായിരുന്നുവെന്ന് ദൈവത്തിനേ അറിയൂ. എന്തോ കട്ടിയുള്ളതിന്റെ മേൽ കിടന്ന് എന്റെ ദേഹമാകെ നീലിച്ചു!'

ഇവൾ ഒരു യഥാർത്ഥരാജകുമാരിയാണെന്നതിന്‌ വേറെന്തു തെളിവു വേണം! കാരണം ഇരുപതു തൂവൽക്കിടക്കകൾക്കും ഇരുപതു മെത്തകൾക്കുമടിയിലുള്ള ഒരു പയറുമണി തന്റെ ദേഹത്തു തൊടുന്നത്‌ അവൾ അറിഞ്ഞിരിക്കുന്നുവല്ലോ. അത്രയ്ക്കു മൃദുവായ ചർമ്മം ഒരു രാജകുമാരിക്കേ ഉണ്ടായിക്കൂടൂ!

അങ്ങനെ രാജകുമാരൻ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു; തനിക്ക്‌ ഒരു യഥാർത്ഥരാജകുമാരിയെത്തന്നെയാണു കിട്ടിയിരിക്കുന്നതെന്നതിൽ അയാൾക്കിനി സംശയത്തിനവകാശമില്ലല്ലോ! ആ പയറുമണി എന്തു ചെയ്തെന്നോ? അവരതിനെ കാഴ്ചബംഗ്ലാവിൽ പ്രദർശനത്തിനു വച്ചു. ആരും കട്ടുകൊണ്ടുപോയിട്ടില്ലെങ്കിൽ അതിന്നും അവിടെയുണ്ടാവും! ഞാൻ ഇപ്പറഞ്ഞത്‌ ഒരു യഥാർത്ഥകഥയാണേ!

(ഡാനിഷ്‌ കഥ)

3 comments:

വേറിട്ട ശബ്ദം said...

ഇന്നാണ്‌ ഞാനീ ബ്ലോഗ്‌ കണ്ടത്‌.....നന്നായിട്ടുണ്ട്‌.....പുതിയൊരു ലോകം തുറന്നു തരുന്നു....ആശം സകൾ......ഈ വേഡ്‌ വെരിഫിക്കേഷൻ ഒഴിവാക്കാമായിരുന്നു.....

revi said...

ബ്ലോഗ്‌ കാണുന്നതിന്‌ എന്തെങ്കിലും പ്രയാസമുണ്ടോ? വേഡ്‌ വെരിഫികേഷൻ എന്നാൽ എന്താണ്‌?

വേറിട്ട ശബ്ദം said...

രവി,
വേഡ്‌ വെരിഫിക്കേഷൻ എന്നാൽ ബ്ലോഗരിലെ ഒരു ഓപ്ഷനാണ്‌......ഇത്‌ നമുക്ക്‌ മാറ്റാവുന്നതാണ്‌....
ഇതൊന്നു വായിച്ചു നോക്കൂ....