ആ വലിയ ഓപ്പറേഷൻ തിയേറ്ററിലെ വെളുത്തമേശമേൽ നിശിതമായ വെണ്മയിൽ മുങ്ങി നഗ്നനും ഏകാകിയുമായി മരിച്ചയാൾ കിടന്നു. അവസാനിക്കാത്ത പീഡനത്തിന്റെ ആക്രന്ദനങ്ങൾ അതിനുള്ളിൽ അപ്പോഴും അലയടിച്ചിരുന്നപോലെ തോന്നിയിരുന്നു.
മധ്യാഹ്നസൂര്യൻ അയാളെ ആവരണം ചെയ്തു. അത് അയാളുടെ നെറ്റിത്തടത്തിലെ കറുത്തുനീലിച്ച ബിന്ദുക്കളെ തെളിച്ചപ്പെടുത്തി; അയാളുടെ നഗ്നമായ അടിവയറ്റിൽ ഉജ്ജ്വലമായ ഒരു ഹരിതവർണ്ണം സൃഷ്ടിച്ചെടുത്തു; വെള്ളം നിറച്ച വലിയൊരു സഞ്ചി പോലെ അതിനെ ഊതിവീർപ്പിക്കുകയും ചെയ്തു.
അയാളുടെ ദേഹം ഒരു ഭീമപുഷ്പത്തിന്റെ ശോഭയുറ്റ ദളപുടം പോലെയായിരുന്നു: ഏതോ ഇന്ത്യൻ വനഹൃദയത്തിൽ നിന്നു പറിച്ചെടുത്ത് മരണത്തിന്റെ അൾത്താരയിൽ ആരോ കാതരഹൃദയത്തോടെ സമർപ്പിച്ച അജ്ഞാതപുഷ്പം.
അയാളുടെ നിതംബത്തിലൂടെ ചുവപ്പിന്റെയും നീലയുടെയും പ്രദീപ്തഛായകൾ പടർന്നുകേറി. അയാളുടെ പൊക്കിൾക്കുഴിക്കു താഴെ ദുഷിച്ച ഗന്ധം വമിച്ചിരുന്ന വലിയ മുറിവ് ചൂടത്ത് ചുവന്ന കൊഴുച്ചാലു പോലെ പതിയെ വിണ്ടുകീറി.
ഡോക്ടർമാർ കടന്നുവന്നു; വെള്ളക്കോട്ടു ധരിച്ച, മൂക്കിന്മേൽ സ്വർണ്ണക്കണ്ണടകൾ ഉറപ്പിച്ച ദയാലുക്കൾ.
അവർ മരിച്ചയാളിനടുത്തേക്കു നടന്നുചെന്ന് താൽപര്യത്തോടെയും തങ്ങളുടെ തൊഴിലിനു ചേർന്ന പരാമർശങ്ങൾ നടത്തിയും അയാളെ നോക്കിനിന്നു.
പിന്നെ അവർ വെളുത്ത ഭിത്തിയലമാരകൾ തുറന്ന് കീറിമുറിക്കാനുള്ള ഉപകരണങ്ങൾ പുറത്തെടുത്തു: പലതരം ചുറ്റികകൾ നിറഞ്ഞ വെളുത്ത പെട്ടികൾ, ഉരത്ത പല്ലുകളുള്ള അറുക്കവാളുകൾ, അരങ്ങൾ, ചവണകളുടെ ഭീഷണമായ നിരകൾ, കഴുകന്മാരുടെ വളർകൊക്കുകൾ പോലെ മാംസത്തിനാർത്തുവിളിക്കുന്ന വമ്പൻസൂചികൾ നിറച്ച കുഞ്ഞളുക്കുകൾ.
അവർ തങ്ങളുടെ ബീഭത്‌സമായ വേല തുടങ്ങി. ഭയങ്കരന്മാരായ പീഡകരെപ്പോലെയായിരുന്നു അവർ. അവരുടെ കൈകളിലൂടെ രക്തം ഒലിച്ചിറങ്ങി. വെളുത്ത പാചകക്കാർ വാത്തിന്റെ കുടൽ പുറത്തുചാടിക്കുന്നതുപോലെ അവർ ആ തണുത്ത ജഡത്തിനുള്ളിൽ കൈകളാഴ്ത്തി അതിനുള്ളിലുള്ളതൊക്കെ വലിച്ചു പുറത്തിടുകയായിരുന്നു.
പച്ചയും മഞ്ഞയും നിറമുള്ള പാമ്പുകളെപ്പോലെ കുടൽമാല അവരുടെ കൈകളിൽ ചുറ്റിപ്പിണഞ്ഞുകിടന്നു. മലം, ചെറുചൂടുള്ള അഴുകിയ ദ്രാവകം, അവരുടെ കോട്ടുകളിൽ ഇറ്റുവീണു. അവർ മൂത്രസഞ്ചി കുത്തിപ്പൊട്ടിച്ചു; തണുത്ത മൂത്രം മഞ്ഞനിറമുള്ള വീഞ്ഞു പോലെ അതിനുള്ളിൽക്കിടന്നു വെട്ടിത്തിളങ്ങി. അവർ അതു വലിയ കോപ്പകളിലേക്കു പകർന്നു; അമോണിയായുടേതു പോലെ രൂക്ഷമായ ക്ഷാരഗന്ധമായിരുന്നു അതിന്. പക്ഷേ മരിച്ചയാൾ ഉറങ്ങുകയായിരുന്നു. അവർ തന്നെ അങ്ങോട്ടുമിങ്ങോട്ടും തട്ടിമറിക്കുന്നതും തലമുടിയിൽ പിടിച്ചുവലിക്കുന്നതുമൊക്കെ അയാൾ ക്ഷമയോടെ സഹിച്ചു; അയാൾ ഉറങ്ങുകയായിരുന്നു.
പിന്നെ, തലയ്ക്കുള്ളിൽ ചുറ്റികയടികൾ പ്രതിധ്വനിച്ചപ്പോൾ ഒരു സ്വപ്നം, ഒരു പ്രണയത്തിന്റെ അവശിഷ്ടം, അയാളുടെ രാത്രിയിൽ പ്രകാശിക്കുന്ന ശലാക പോലെ ഉണർന്നുവന്നു.
ആ വലിയ ജാലകത്തിനു മുന്നിൽ വിപുലമായ ഒരാകാശം തുറന്നു: സായാഹ്നത്തിന്റെ പ്രശാന്ത തയിൽ വെളുത്ത കുഞ്ഞുമാലാഖമാരെപ്പോലെ വെയിലിൽ കുളിച്ചുനീന്തുന്ന കുഞ്ഞുമേഘങ്ങൾ നിറഞ്ഞ മഹാകാശം.
അഴുകിനീലിച്ച നെറ്റിയിലൂടെ മരിച്ചയാളിന്റെ കറുത്ത രക്തം ഒലിച്ചിറങ്ങി. ചൂടത്ത് ഭീഷണമായൊരു മേഘം പോലെ അതുറഞ്ഞുകൂടി. മരണത്തിന്റെ ജീർണ്ണത ഉജ്ജ്വലവർണ്ണങ്ങളുള്ള നഖരങ്ങളുമായി അയാളുടെ മേൽ ഇഴഞ്ഞുകേറി. അയാളുടെ തൊലി ഇളകിമാറാൻ തുടങ്ങി. ഡോക്ടർമാരുടെ ആർത്തി പൂണ്ട വിരലുകൾക്കു കീഴിൽ അയാളുടെ അടിവയർ ഒരു ഈൽമത്സ്യത്തിന്റേതുപോലെ വിളറിവെളുത്തു. അയാളുടെ നനഞ്ഞ മാംസത്തിനുള്ളിൽ മുട്ടോളം പൂണ്ടിറങ്ങിയിരുന്നു അവരുടെ കൈകൾ.
ജീർണ്ണത മരിച്ചയാളിന്റെ വായ വലിച്ചുകീറി. അയാൾ പുഞ്ചിരിക്കൊള്ളുകയാണെന്നു തോന്നി. സുഗന്ധം നിറഞ്ഞ ഒരു ഗ്രീഷ്മസന്ധ്യയിൽ ഉദിച്ചുയരുന്ന ഒരു ധന്യതാരത്തെ അയാൾ സ്വപ്നം കണ്ടു.
ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്നോ? എനിക്കു നിന്നെ എന്തു സ്നേഹമായിരുന്നു. ഞാൻ നിന്നെ എത്രമേൽ സ്നേഹിച്ചിരുന്നുവെന്നു പറയട്ടെയോ? പോപ്പിപ്പാടത്തു കൂടി ഒരു പോപ്പിജ്വാല പോലെ നീ നടന്നുപോകുമ്പോൾ ആ സായാഹ്നമൊന്നാകെ നീ നിന്നിലേക്കു വലിച്ചെടുത്തിരുന്നുവല്ലോ. കണംകാലിൽ പാറിച്ചുഴന്നുകിടന്ന നിന്റെ ഉടയാടയാവട്ടെ അസ്തമയസൂര്യന്റെ പ്രഭയിൽ ഒരഗ്നിത്തിരപോലെയുമായിരുന്നു. ആ വെളിച്ചത്തിൽ നീ തലകുമ്പിട്ടുനിന്നപ്പോൾ എന്റെ ചുംബനങ്ങളേറ്റ് നിന്റെ മുടി ആളിക്കത്തി.
അങ്ങനെ നീ നടന്നകന്നു, എന്നെയും തിരിഞ്ഞുനോക്കി. നീ പോയിക്കഴിഞ്ഞിട്ടും നിന്റെ കൈയിലെ ദീപം അസ്തമയത്തിൽ തിളങ്ങുന്ന റോസാപുഷ്പം പോലെ ചാഞ്ചാടുകയായിരുന്നു.
നാളെ ഞാൻ നിന്നെ വീണ്ടും കാണാൻ വരും ഇവിടെ, ഈ പള്ളിയുടെ ജാലകത്തിന്റെ ചുവട്ടിൽ, മെഴുകുതിരിവെട്ടം ഒഴുകിയിറങ്ങി നിന്റെ മുടിയെ സുവർണ്ണവനമാക്കുന്ന ഇവിടെ, മൃദുചുംബനങ്ങൾ പോലെ മൃദുവായി നാർസിസസ്‌പൂവുകൾ നിന്റെ കണംകാലുകളിൽ പറ്റിപ്പിടിക്കുന്ന ഇവിടെ.
ഇനിയെല്ലാ രാത്രിയിലും സന്ധ്യനേരത്ത് ഞാൻ നിന്നെക്കാണാനെത്തും. നമ്മൾ ഇനി പിരിയുകയേയില്ല. എനിക്കു നിന്നെ എന്തു സ്നേഹമാണെന്നോ? ഞാൻ നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്നു പറയട്ടെയോ?
ആ വെളുത്തമേശമേൽ കിടന്നുകൊണ്ട് മരിച്ചയാൾ പ്രഹർഷത്തോടെ ഒന്നു വിറപൂണ്ടു. ആ സമയത്ത് ഡോക്ടറുടെ കൈയിലെ ഇരുമ്പുളി അയാളുടെ ചെന്നിയിലെ അസ്ഥികൾ വെട്ടിപ്പൊളിക്കുകയായിരുന്നു.
*
No comments:
Post a Comment