Saturday, February 14, 2009

ഹാൻസ്‌ ആൻഡേഴ്‌സൻ - കോളർ




ഒരിക്കൽ ഒരിടത്ത്‌ പരിഷ്കാരിയായ ഒരു കുതിരപ്പട്ടാളക്കാരനുണ്ടായിരുന്നു; അയാളുടെ കൈമുതൽ എന്നു പറയാൻ ഒരു തൂവാലയും ഒരു ചീർപ്പും മാത്രം. പക്ഷേ ലോകത്തെ ഏറ്റവും മനോഹരമായ കോളറിന്റെ ഉടമ അയാളായിരുന്നു. ആ കോളറിനെക്കുറിച്ചാണ്‌ നാം ഇനി കേൾക്കാൻ പോകുന്ന കഥ.


തനിക്കു വിവാഹപ്രായമായി എന്നു കോളറിനു വിചാരം വന്നുതുടങ്ങിയ കാലത്താണ്‌ ഒരു ദിവസം അയാളെ ഒരു അരപ്പട്ടയോടൊപ്പം അലക്കാനെടുത്തിട്ടത്‌.

'എന്റമ്മേ!' കോളർ വിളിച്ചുകൂവി. 'നിങ്ങളെപ്പോലെ മെലിഞ്ഞു സുന്ദരിയായ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല! പേരെന്താ?'

'ഞാൻ പറയില്ല!' കോളറിനു നാണമായി.

'കിടപ്പെവിടെയാ?' കോളർ വിട്ടില്ല.

അരപ്പട്ട ചൂളിപ്പോയി; മറുപടി പറയാൻ ഉചിതമായ ഒരു ചോദ്യമല്ല അതെന്ന് അവൾക്കു തോന്നി.

'അരയിൽക്കെട്ടുന്ന ഒരു നാടയല്ലേ നിങ്ങൾ!' കോളർ പിടിവിട്ടില്ല. 'ഉടുപ്പിനടിയിൽ കെട്ടുന്ന നാട! അലങ്കാരവും ഉപയോഗവും രണ്ടും നിങ്ങളെക്കൊണ്ടു നടക്കുമേ, കൊച്ചുസുന്ദരീ!'

'എന്നോടു മിണ്ടാൻ വരേണ്ട!' അരപ്പട്ട ചൊടിച്ചു. 'ഞാൻ അങ്ങോട്ടു മിണ്ടാൻ വന്നില്ലല്ലോ!'

'ഓ അതോ,' കോളർ പറഞ്ഞു. 'നിങ്ങളെപ്പോലെ ഒരു സുന്ദരിയെ കാണുമ്പോൾ അങ്ങോട്ടുകയറി മിണ്ടാതിരിക്കുന്നതെങ്ങനെ!'

'ശൊ, ഒന്നു മാറിനിൽക്കൂ!' അരപ്പട്ട ചൊടിച്ചു. 'നിങ്ങൾ വല്ലാത്തൊരാണു തന്നെ!'

'ഞാനൊരു പരിഷ്കാരിയായ കുതിരപ്പട്ടാളക്കാരനും കൂടിയാണേ!' കോളർ പറഞ്ഞു. 'എനിക്കൊരു തൂവാലയും ചീർപ്പും സ്വന്തമായിട്ടുണ്ടേ!' അപ്പറഞ്ഞതൊരു നുണയാണെന്നു നമുക്കറിയാം. അയാളുടെ യജമാനനാണ്‌ അതിന്റെയൊക്കെ ഉടമ; ഇയാൾ വെറുതെ ബഡായി പറയുകയാണ്‌!

'എന്റടുത്തോട്ടൊന്നും വരണ്ട!' അരപ്പട്ട വീണ്ടും പറഞ്ഞു. 'എനിക്കിതൊന്നും പരിചയമില്ല!'

'ഓ, ഒരു വലിയ നാണക്കാരി!' കോളർ പിന്മാറി; പക്ഷേ അപ്പോഴേക്കും അയാളെ അലക്കുതൊട്ടിയിൽ നിന്ന് പുറത്തേക്കെടുത്തിട്ടിരുന്നു. എന്നിട്ടയാളെ കഞ്ഞിയിൽ മുക്കി വെയിലത്തിട്ടുണക്കിയിട്ട്‌ ഇസ്തിരിയിടാനായി മേശപ്പുറത്തു വിരിച്ചു; അപ്പോഴാണ്‌ ഇസ്തിരിപ്പെട്ടിയുടെ ചൂടുപിടിച്ചുള്ള വരവ്‌.


'ചേടത്തീ!' കോളർ പറഞ്ഞു, 'ചൂട് സഹിക്കുന്നില്ലേ! ഞാൻ ഞാനല്ലാതായിപ്പോവുന്നു! എന്റെ ചുളിവുകളൊക്കെ ഇല്ലാതാവുന്നു! നിങ്ങളെന്റെ ചങ്കു തുളയ്ക്കുകയാണല്ലോ!- ഞാൻ നിങ്ങളെ കല്യാണം കഴിച്ചോട്ടെ?'

'ശപ്പൻ!' കോളറിനു മേലേകൂടി ധാർഷ്ട്യത്തോടെ നീങ്ങിക്കൊണ്ട്‌ ഇസ്തിരിപ്പെട്ടി പറഞ്ഞു. വാഗൺ വലിച്ചുകൊണ്ടുവരാൻ യാർഡിലേക്കു പോകുന്ന ആവിയെഞ്ചിനാണു താനെന്നായിരുന്നു അതിന്റെ ഭാവം.

'ശപ്പൻ!' അതു പറഞ്ഞു.


കോളറിന്റെ അറ്റം ഒന്നു ചുളിഞ്ഞിരുന്നു; അതു വെട്ടിശരിയാക്കാനായി അപ്പോൾ കത്രികയെത്തി.

'ഹൊ!' കോളർ അതിനു നേരെ തിരിഞ്ഞു. 'നിങ്ങളൊരൊന്നാന്തരം നൃത്തക്കാരി തന്നെ! എന്റമ്മേ, ആ കാലു പോകുന്ന പോക്കു കണ്ടോ! എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു കാഴ്ച ഞാൻ കണ്ടിട്ടില്ല! ഒരു മനുഷ്യനെക്കൊണ്ടും നടക്കാത്ത കാര്യമാണേയിത്‌!'

'അതൊക്കെ എനിക്കറിയാം!' കത്രിക പറഞ്ഞു.

'നിങ്ങളൊരു പണക്കാരന്റെ ഭാര്യയാകേണ്ടവളാണ്‌!' കോളർ നെടുവീർപ്പിട്ടു. 'എനിക്കാകെയുള്ളത്‌ പരിഷ്കാരിയായ ഒരു കുതിരപ്പട്ടാളക്കാരനും ഒരു തൂവാലയും ഒരു ചീർപ്പും മാത്രം! ഞാനൊരു പണക്കാരനായിരുന്നെങ്കിൽ!'

'അയാൾ കല്യാണമാലോചിക്കാൻ വരികയാണ്‌!' അരിശം വന്നുകൊണ്ട്‌ കത്രിക പറഞ്ഞു; നല്ലൊരു വെട്ടു കൊടുത്ത്‌ അവൾ കോളറിനെ മാറ്റിയിട്ടു.


'ഇനി ചീർപ്പിനെ കല്യാണമാലോചിക്കുക തന്നെ!' കോളർ പറഞ്ഞു. 'നീയീ പല്ലൊന്നും പോകാതെ വച്ചിരിക്കുന്നതൊരതിശയമാണല്ലോ, കൊച്ചേ! കല്യാണത്തെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ലേ?'

'ഞാനും തൂവാലയുമായിട്ട്‌ നിശ്ചയം കഴിഞ്ഞല്ലോ!' ചീർപ്പു പറഞ്ഞു.

'നിശ്ചയവും കഴിഞ്ഞു!' കോളറിനു നിരാശയായി. ഇനി കല്യാണമാലോചിക്കാൻ ചെന്നിട്ടെന്തു കാര്യം? അതിനാൽ അയാൾക്കു കല്യാണാലോചന തന്നെ വെറുത്തു.

അങ്ങനെ കാലം കുറേ കടന്നുപോയി. കോളർ പേപ്പർമില്ലിലെ ഒരു പെട്ടിയിൽച്ചെന്നു വീണു. പഴന്തുണികൾ ഒരു വിരുന്നു നടത്തുകയായിരുന്നു; നേർത്ത തുണികൾക്ക്‌ അവരുടെ വക ഒരു വിരുന്ന്; പരുക്കൻ തുണികൾക്ക്‌ അവരുടെ വക വേറെ; അങ്ങനെയാകാതെ തരമില്ലല്ലോ. എല്ലാവർക്കും ഒരുപാടു പറയാനുണ്ടായിരുന്നു; പക്ഷേ ഏറ്റവുമധികം പറയാനുണ്ടായിരുന്നത്‌ നമ്മുടെ കോളറിനായിരുന്നു- അയാൾ ശരിക്കുമൊരു വീമ്പുപറച്ചിലുകാരനായിരുന്നല്ലോ!

'എനിക്കെത്ര കാമുകിമാരുണ്ടായിരുന്നെന്നോ!' കോളർ പറഞ്ഞു. 'ഒരു നിമിഷം സ്വൈരം കിട്ടണ്ടേ! അതെങ്ങനാ, ഞാനൊരു പരിഷ്കാരിയായ കുതിരപ്പട്ടാളക്കാരനായിരുന്നില്ലേ-അതും കഞ്ഞിമുക്കിയത്‌! എനിക്കൊരു തൂവാലയും ചീർപ്പുമുണ്ടായിരുന്നു, രണ്ടും ഞാൻ ഉപയോഗിച്ചിട്ടുമില്ലേ! നിങ്ങൾ എന്നെ അന്നൊന്നു കാണണമായിരുന്നു! എന്റെ ആദ്യത്തെ കാമുകിയെ ജീവിതത്തിൽ എനിക്കു മറക്കാൻ പറ്റില്ല! അവളൊരു അരപ്പട്ടയായിരുന്നു- എത്ര ലോലയും മൃദുലയുമായിരുന്നു അവൾ! എനിക്കു വേണ്ടി അവളൊരു വെള്ളത്തൊട്ടിയിൽച്ചെന്നു ചാടി! പിന്നെയൊരു വിധവയുണ്ടായിരുന്നു, ആകെ ചുട്ടുപഴുത്ത്‌-പക്ഷേ ഞാൻ അവരെ ഗൗനിക്കാൻ പോയില്ല; അവരങ്ങനെ നിന്നു തണുത്തുകറുത്തുപോയി! ഒരു നൃത്തക്കാരിയൊരുത്തിയുണ്ടായിരുന്നു- അവൾ തന്നിട്ടുപോയതാണ്‌ ഈ മുറിവ്‌. അവളൊരു മെരുങ്ങാത്ത ജാതിയായിരുന്നു! പക്ഷേ ഇപ്പോഴും എന്റെ നെഞ്ചു നീറുന്നത്‌ വെള്ളത്തൊട്ടിയിൽച്ചെന്നു ചാടിയ ആ അരപ്പട്ടയെ ഓർത്തിട്ടാണേ. എനിക്കു വല്ലാത്ത കുറ്റബോധം തോന്നുന്നു. ഞാനൊരു വെള്ളക്കടലാസ്സാകേണ്ട കാലമായി.'

അതങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു- പഴന്തുണികളൊക്കെ വെള്ളക്കടലാസ്സായി മാറി. പക്ഷേ നമ്മുടെ കോളറോ, നാം ഇപ്പോള്‍  വായിക്കുന്ന അതേ കടലാസ്സായിട്ടാണു മാറിയത്‌. അത്രയ്ക്കായിരുന്നു താനാകാത്തതും തനിക്കാകാത്തതുമായതിനെക്കുറിച്ച്‌ അയാളുടെ വീമ്പടിക്കൽ. നമുക്കിതോർമ്മയിൽ വേണം, നമ്മുടെ ഗതിയും അതുപോലാകാതിരിക്കണമെങ്കിൽ. നമ്മളും ഒരുനാൾ ഒരു പഴന്തുണിപ്പെട്ടിയിലൊടുങ്ങി വെള്ളക്കടലാസ്സായി മാറില്ലയെന്ന് ആരുകണ്ടു? എന്നിട്ട്‌ നമ്മുടെ സകലരഹസ്യങ്ങളുമുൾപ്പെടെ നമ്മുടെ ജീവിതകഥ അതിൽ അച്ചടിച്ചുവരികയും നാം തന്നെ അതു പറഞ്ഞുനടക്കേണ്ടിവരികയും ചെയ്യുക- ആ കോളറിനെപ്പോലെ!

(ഡാനിഷ്‌ കഥ)





'

No comments: