Wednesday, February 29, 2012

യെവ്തുഷെങ്കോ–അമ്മേ, നിങ്ങളെ ഞാനഭിനന്ദിക്കട്ടെ...


മകന്റെ പിറന്നാൾദിവസം, അമ്മേ,
നിങ്ങളെ ഞാനഭിനന്ദിക്കട്ടെ.
നിങ്ങളവനെക്കുറിച്ചാധിപ്പെടുന്നു,
അതിൽ കാര്യമില്ലാതെയുമില്ല.
അവന്റെ കിടപ്പു നോക്കൂ,
മെലിഞ്ഞും, ക്ഷീണിച്ചും,
ബുദ്ധിശൂന്യമായൊരു വിവാഹത്തിൽപ്പെട്ടും,
കുടുംബത്തിനുപകരിക്കാതെയും.
തെളിഞ്ഞതും, നനവൂറിയതുമായ കണ്ണുകളാൽ
നിങ്ങളവനെ നോക്കിനിൽക്കുന്നു.
നിങ്ങളുടെ വേവലാതിയുടെ പിറന്നാളിന്‌
അമ്മേ, നിങ്ങൾക്കഭിനന്ദനങ്ങൾ!
നിങ്ങളവനു സമ്മാനമായി നൽകിയല്ലോ,
ഇക്കാലത്തിന്റെ പേർക്കു നിഷ്ഠുരമായൊരു സ്നേഹം,
വിപ്ലവത്തിനോട്
ഉറച്ചതും,
ധൃഷ്ടവുമായൊരു
വിശ്വാസവും.
നിങ്ങളവനു നല്കിയതു പണമല്ല,
പ്രശസ്തിയല്ല,
പകരം നിങ്ങളവനു നിർഭയത്വം നല്കി.
എങ്കിൽ ജനാലകൾ തുറന്നിടൂ,
ഇലകൾക്കു നേർക്ക്,
ചിലയ്ക്കുന്ന കിളികൾക്കു നേർക്ക്.
ഒരു ചുംബനം കൊടുത്തവന്റെ കണ്ണുകളുണർത്തൂ.
ഒരു നോട്ടുബുക്കും ഒരു മഷിപ്പേനയും
അവനു സമ്മാനമായിക്കൊടുക്കൂ,
അവനു വയറു നിറയെ പാലു കൊടുക്കൂ,
യാത്രയിലവനെ ആശീർവദിച്ചുവിടൂ.

1956


Tuesday, February 28, 2012

യെവ്തുഷെങ്കോ - മന്ദഹാസങ്ങൾ


ഒരു കാലത്തെത്ര മന്ദഹാസങ്ങളുണ്ടായിരുന്നതാണു നിനക്ക്:
വിസ്മയത്തിന്റെ, പ്രഹർഷത്തിന്റെ, തെമ്മാടിത്തത്തിന്റെ മന്ദഹാസങ്ങൾ,
ചിലനേരം വിഷാദത്തിന്റെ ഛായ കലർന്നതും, എന്നാലും മന്ദഹാസങ്ങളായിരുന്നവയും.

ഇന്നു നിന്റെ മന്ദഹാസങ്ങളിലൊന്നുപോലും ശേഷിക്കുന്നില്ല.
നൂറുനൂറു മന്ദഹാസങ്ങളുള്ളൊരു പാടം ഞാൻ കണ്ടുവരാം.
അതിമോഹനങ്ങളായ മന്ദഹാസങ്ങളൊരുപിടി ഞാനിറുത്തുവരാം.

ഇനി തനിയ്ക്കു മന്ദഹാസങ്ങളൊന്നും വേണ്ടെന്നു പക്ഷേ, നീ പറയും,
തന്റെയും അന്യരുടെയും മന്ദഹാസങ്ങൾ തനിയ്ക്കു മടുപ്പായെന്നു നീ പറയും.
എനിയ്ക്കുമന്യരുടെ മന്ദഹാസങ്ങൾ മടുത്തിരിയ്ക്കുന്നു.
...

എനിയ്ക്കുമന്യരുടെ മന്ദഹാസങ്ങൾ മടുത്തിരിയ്ക്കുന്നു.
ആത്മരക്ഷാർത്ഥമുള്ള മന്ദഹാസങ്ങളെത്രയുണ്ടായിരുന്നതാണെനിയ്ക്ക്,
മന്ദഹാസങ്ങളെനിയ്ക്കന്യമാക്കുന്ന മന്ദഹാസങ്ങൾ.

മന്ദഹാസങ്ങളെനിയ്ക്കില്ലെന്നതാണു പക്ഷേ, വസ്തുത.
നീയാണെന്റെ ജീവിതത്തിൽ ശേഷിച്ച മന്ദഹാസം,
മുഖത്തൊരു മന്ദഹാസവുമില്ലാത്ത ഒരു മന്ദഹാസം.

1959


 

Monday, February 27, 2012

യെവ്തുഷെങ്കോ - എന്റെ കാമുകി കയറിവരും...



എന്റെ കാമുകി കയറിവരും,
തന്റെ കൈകളിലെന്നെപ്പൊതിയും,
മാറ്റങ്ങളൊക്കെയുമവൾ കണ്ടുവയ്ക്കും,
എന്റെയുത്കണ്ഠകളവൾ മനസ്സിലാക്കും.

ചൊരിഞ്ഞുവീഴുന്ന ഇരുട്ടിൽ നിന്ന്,
ടാക്സിക്കാറിന്റെ വാതിലടയ്ക്കാൻ മറന്ന്,
ഉറയ്ക്കാത്ത കോണിപ്പടികളവളോടിക്കയറും,
ആഹ്ളാദവുമാസക്തിയും കൊണ്ടാകെത്തുടുത്തും.

വിയർത്തുകുളിച്ച്, കതകു തള്ളിത്തുറന്നവൾ കയറിവരും,
എന്റെ മുഖമവൾ കൈകളിൽ കോരിയെടുക്കും,
ഒരു കസേരയിൽ നിന്നവളുടെ നീലിച്ച രോമക്കുപ്പായം
പ്രഹർഷത്തോടെ തറയിലേക്കൂർന്നുവീഴും.

1956


 

Sunday, February 26, 2012

വീസ്വാവാ സിംബോഴ്സ്കാ - നിശ്ചലചിത്രം, ഒരു ബലൂണുമായി


ഓർമ്മകൾ മടക്കിത്തരികയോ?
വേണ്ട, മരിക്കുന്ന നേരത്ത്
കാണാതെപോയവ മടങ്ങിവന്നാൽ
അതു കാണാനാണെനിക്കിഷ്ടം.

കൈയുറകളുടെ, കോട്ടുകളുടെ, പെട്ടികളുടെ,
കുടകളുടെ മഞ്ഞിടിച്ചിലുകൾ-
വരൂ, ഞാനൊടുവിൽ പറയും,
ഇതൊക്കെക്കൊണ്ടെന്തു ഗുണം?

സേഫ്റ്റിപിന്നുകൾ, രണ്ടു ചീർപ്പുകൾ,
ഒരു കടലാസ്സുറോസ്സാപ്പൂ, ഒരു കത്തി,
അല്പം നൂലും- വരൂ, ഞാൻ പറയും,
നിങ്ങളില്ലാത്ത കുറവു ഞാനറിഞ്ഞില്ലല്ലോ.

പ്രത്യക്ഷപ്പെടൂ, ചാവീ, പുറത്തു വരൂ,
നീയെവിടെയൊളിച്ചാലുമവിടെനിന്നും;
നിന്നെക്കണ്ടെനിക്കു പറയാൻ:
നീയാകെത്തുരുമ്പിച്ചല്ലോ, ചങ്ങാതീ!

സത്യവാങ്മൂലങ്ങളുടെ പെരുമഴകൾ,
അനുവാദപത്രങ്ങളുടെയും ചോദ്യാവലികളുടെയും,
അവ പെയ്തിറങ്ങുമ്പോൾ ഞാൻ പറയും:
നിങ്ങൾക്കു പിന്നിൽ സൂര്യനെയും ഞാൻ കാണുന്നുണ്ടേ.

പുഴയിൽ വീണുപോയ വാച്ചേ,
പൊന്തിവരൂ, നിന്നെ ഞാൻ കടന്നുപിടിയ്ക്കട്ടെ-
പിന്നെ നിന്റെ മുഖത്തു നോക്കി ഞാൻ പറയും:
കാലമെന്നറിയപ്പെടുന്ന കാര്യം കഴിഞ്ഞുവല്ലോ.

പിന്നെ, ഒരു കളിബലൂൺ,
ഒരിക്കൽ കാറ്റു തട്ടിപ്പറിച്ചുകൊണ്ടുപോയത്-
അതു മടങ്ങിവരുന്നു, ഞാനിങ്ങനെ പറയും:
ഇവിടെ കുട്ടികളാരുമില്ല.

തുറന്ന ജനാലയിലൂടെ പറന്നുപൊയ്ക്കോളൂ,
വിശാലമായ ലോകത്തേക്കു കടന്നോളൂ;
മറ്റാരെങ്കിലുമുറക്കെപ്പറയട്ടെ “അതാ, നോക്കൂ!”
ഞാൻ കരയുകയും ചെയ്യും.


Saturday, February 25, 2012

ബോദ്‌ലെയർ- തിരയിളകുന്നൊരു പട്ടുടയാടയിൽ...

File:Paul Gauguin 074.jpg


തിരയിളകുന്നൊരു പട്ടുടയാടയിലവൾ നടന്നുപോകുമ്പോൾ
നൃത്തച്ചുവടു വയ്ക്കുകയാണവളെന്നു നിങ്ങൾക്കു തോന്നും;
പാമ്പാട്ടിയുടെ ദണ്ഡിളകുമ്പോളതിന്റെ താളത്തിൽ
പത്തി വിടർത്തിയാടുന്ന നെടിയ നാഗങ്ങളെപ്പോലെ.

മരുനിലങ്ങളിലെ വിവർണ്ണമായ മണൽത്തരികളെപ്പോലെ,
മനുഷ്യയാതനയോടുദാസീനമായ നീലമാനത്തെപ്പോലെ;
കടൽപ്പെരുക്കത്തിൽ തിരകളുടെ ദീർഘവിധാനം പോലെ,
അലസമായൊരനാസ്ഥയവളെടുത്തുവീശുന്നു.

കടഞ്ഞെടുത്ത മരതകങ്ങളാണവളുടെ കണ്ണുകൾ.
പ്രാക്തനം, പ്രതീകാത്മകം, അഭേദ്യമാണവളുടെ പ്രകൃതം,
അതിൽ കുടിയേറിരിക്കുന്നു, മാലാഖയുമൊരു സ്ഫിങ്ക്സും.

സർവതും പൊന്നുമുരുക്കും വെളിച്ചവും വജ്രവുമായൊരിടത്തിൽ
നിരുപയോഗമായൊരു വിദൂരനക്ഷത്രം പോലാളിക്കത്തുന്നു,
നിർവികാരയായൊരു സ്ത്രീയുടെ തണുത്ത ധാർഷ്ട്യം.


പാപത്തിന്റെ പൂക്കൾ - 28


link to image


Friday, February 24, 2012

വീസ്വാവാ സിംബോഴ്സ്കാ - ഓർത്തിരിക്കാതൊരു കൂടിക്കാഴ്ച

 



അമിതോപചാരത്തോടന്യോന്യം നാം പെരുമാറുന്നു,
ഇത്രകാലത്തിനു മേലിന്നു നാം തമ്മിൽക്കണ്ടതെത്ര നന്നായെന്നു നാം പറയുന്നു.

നമ്മുടെ കടുവകൾ പാലു കുടിയ്ക്കുന്നു,
നമ്മുടെ പ്രാപ്പിടിയന്മാർ നിലത്തിറങ്ങി നടക്കുന്നു,
നമ്മുടെ സ്രാവുകളൊക്കെയും മുങ്ങിത്താണിരിക്കുന്നു,
നമ്മുടെ ചെന്നായ്ക്കൾ തുറന്നിട്ട കൂട്ടിനുമപ്പുറം കോട്ടുവായുമിടുന്നു.

നമ്മുടെ പാമ്പുകൾ മിന്നൽപ്പിണറിന്റെ ഉറയൂരിയിരിക്കുന്നു,
നമ്മുടെ ആൾക്കുരങ്ങുകളവയുടെ സങ്കല്പവായുവിമാനങ്ങളുമുപേക്ഷിച്ചിരിക്കുന്നു,
നമ്മുടെ മയിലുകളവയുടെ പീലികൾ ത്യജിച്ചിരിക്കുന്നു,
കടവാതിലുകൾ നമ്മുടെ മുടിയിൽ നിന്നു പണ്ടേ പറന്നുപോയുമിരിക്കുന്നു.

വാചകമദ്ധ്യേ നമ്മുടെ നാവിറങ്ങിപ്പോകുന്നു,
പിന്നെ പുഞ്ചിരികൾ മാത്രം,
ഇനിയൊന്നും നമ്മെ തുണയ്ക്കുകയുമില്ല.
നമ്മിലെ മനുഷ്യന്മാർക്കറിയുന്നില്ല,
എങ്ങനെയന്യോന്യം സംസാരിക്കണമെന്നും.



Thursday, February 23, 2012

വീസ്വാവാ സിംബോഴ്സ്കാ - ദൃഷ്ടാന്തകഥ


ദൃഷ്ടാന്തകഥ


ചില മുക്കുവന്മാർക്കു വലയിലൊരു കുപ്പി തടഞ്ഞു. അതിനുള്ളിലൊരു കടലാസുകഷണമുണ്ടായിരുന്നു, ഇങ്ങനെ ചില വാക്കുകളുമായി: “ആരെങ്കിലും എന്നെയൊന്നു രക്ഷിക്കൂ! ഞാനിവിടെ നില്പുണ്ട്. കടലെന്നെ ഈ മരുത്തുരുത്തിലെറിഞ്ഞതാണ്‌. സഹായത്തിനു കാത്തു തീരത്തു നിൽക്കുകയാണു ഞാൻ. വേഗം! ഞാനിവിടെ നില്പുണ്ട്.”
“ഇതിൽ തീയതിയൊന്നും കാണാനില്ലല്ലോ. എന്തായാലും സമയം കഴിഞ്ഞെന്നാണ്‌ എന്റെ അഭിപ്രായം. ഇതൊഴുകി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിക്കാണും,” ആദ്യത്തെ മുക്കുവൻ പറഞ്ഞു.
“എവിടെയെന്നയാൾ പറയുന്നുമില്ല. ഏതു കടലെന്നു പോലുമറിയുകയുമില്ല,” രണ്ടാമത്തെ മുക്കുവൻ പറഞ്ഞു.
“അധികം വൈകിയിട്ടൊന്നുമില്ല, അധികം അകലെയുമല്ലത്. ഇവിടെ എന്ന തുരുത്ത് എവിടെയുമാവാം,” മൂന്നാമത്തെ മുക്കുവൻ പറഞ്ഞു.
അവരൊരു വിഷമാവസ്ഥയിലായി. ആരുമൊന്നും മിണ്ടിയില്ല. സനാതനസത്യങ്ങളുടെ കാര്യം വരുമ്പോൾ ഇതാണു നടക്കാറ്‌.



സംഗ്രഹം

ഇയ്യോബ്, തന്റെയുടലിലും സ്വത്തിലും ദാരുണമായി പരീക്ഷിക്കപ്പെട്ടവൻ, അവൻ മനുഷ്യന്റെ വിധിയെ പഴിക്കുന്നു. ഗംഭീരമായ കവിത തന്നെയത്. അയാളുടെ സ്നേഹിതന്മാർ വരുന്നു; തങ്ങളുടെ ഉടയാടകൾ ചീന്തിക്കൊണ്ട്, ദൈവത്തിനു മുന്നിൽ അവർ ഇയ്യോബിന്റെ അപരാധം തലനാരിഴ കീറി പരിശോധിക്കുന്നു. താൻ ധർമ്മിഷ്ടനായിരുന്നുവെന്ന് ഇയ്യോബ് കരഞ്ഞുപറയുന്നു. ദൈവം തന്നെ അടിച്ചുവീഴ്ത്തിയതെന്തിനെന്ന് ഇയ്യോബിനറിയുന്നില്ല. ഇയ്യോബിന്‌ അവരോടു സംസാരിക്കണമെന്നില്ല. ഇയ്യോബിന്‌ ദൈവത്തോടു സംസാരിച്ചാൽ മതി. കർത്താവായ ദൈവം ചണ്ഡവാതങ്ങളുടെ തേരിലേറി പ്രത്യക്ഷനാവുന്നു. എല്ലു പിളരുവോളം യാതനയേറ്റവനു മുന്നിൽ. അവൻ സ്വന്തം കൈകളുടെ സൃഷ്ടിപാടവത്തെ പുകഴ്ത്തുന്നു: ആകാശം, കടൽ, ഭൂമി, അതിലെ ജന്തുജാലം. വിശേഷിച്ചും ബെഹെമൊത്തും ലെവിയത്താനും: ദൈവത്തിനഭിമാനം തോന്നുന്ന സത്വങ്ങൾ. ഗംഭീരമായ കവിത തന്നെയിത്. ഇയ്യോബ് കാതോർത്തു കേൾക്കുന്നു. കർത്താവായ ദൈവം പൊന്തയിൽ തല്ലുകയാണ്‌; കർത്താവായ ദൈവത്തിനതാണിഷ്ടം. അതിനാൽ ഇയ്യോബ് എന്തു ചെയ്യുന്നു? അയാൾ തത്ക്ഷണം ദൈവത്തിനു മുന്നിൽ സാഷ്ടാംഗം വീഴുകയാണ്‌. പിന്നെ കാര്യങ്ങളൊക്കെ ദൃതഗതിയിലാവുന്നു: ഇയ്യോബിനു തന്റെ കഴുതകളെയും ഒട്ടകങ്ങളെയും, ആടുകളെയും കാളകളെയും രണ്ടിരട്ടിയായി തിരിച്ചുകിട്ടുന്നു; ഇളിച്ചുകാട്ടിയ തലയോട്ടിയ്ക്കു മേൽ മുടി വളരുന്നു. ഇയ്യോബും ഒപ്പം ചേർന്നഭിനയിക്കുന്നു. ഇയ്യോബിനു പ്രതിഷേധമില്ല. ഒരു മഹത്തായ കൃതി നശിച്ചുകാണാൻ ഇയ്യോബിനാഗ്രഹമില്ല.


Wednesday, February 22, 2012

ബോദ് ലെയർ - ശത്രു


ഒരു ക്ഷുബ്ധചണ്ഡവാതമായിരുന്നു എന്റെ യൗവനം,
ദീപ്തസൂര്യനതിൽ തിരിനീട്ടിയെങ്കിലതെത്രയപൂർവ്വം,
കാറ്റിന്റെയും മഴയുടെയും കിരാതതാണ്ഡവത്തിൽപ്പിന്നെ
എന്റെ തോട്ടത്തിൽ ശേഷിക്കുന്നില്ലൊരു തുടുത്ത ഫലവും.

ഇന്നു മനസ്സതിന്റെ ശിശിരകാലമെത്തിയിരിക്കെ,
തൂമ്പയും കോരിയുമായിനി ഞാൻ മുന്നിട്ടിറങ്ങണം,
ശവക്കുഴികൾ പോലാഴത്തിൽ മഴ കുഴിച്ച കുഴികളിൽ നി-
ന്നെന്റെ കുഞ്ഞുതോപ്പിനെ ഞാൻ വീണ്ടെടുത്തുപോരണം.

തിരകൾ തല്ലിത്തകർത്ത കടലോരം പോലായ മണ്ണിൽ
നവസ്വപ്നങ്ങളുടെ വിത്തെറിയുമ്പോളതിൽ നിന്നു കിട്ടുമോ,
അവയ്ക്കു ജീവൻ നൽകാൻ നിഗൂഢമായൊരു പോഷണം?

കഷ്ടമേ, കാലം നമ്മുടെ ജീവനാർത്തിയോടെ വിഴുങ്ങുന്നു!
നമ്മുടെ ഹൃദയത്തിന്റെ മുരടും കാർന്നൊരു കറുത്ത ശത്രു പതുങ്ങുന്നു,
നമ്മുടെ പ്രാണരക്തം മോന്തിയവൻ ചീർത്തുമുതിർക്കുന്നു!


പാപത്തിന്റെ പൂക്കൾ - 10


Tuesday, February 21, 2012

വീസ്വാവാ സിംബോഴ്സ്കാ - ഓർമ്മപ്പെരുന്നാൾ


ഒരു ഹെയ്സൽത്തോപ്പിൽക്കിടന്നവർ പുണർന്നു,
മഞ്ഞുതുള്ളികളിൽ ബാലസൂര്യന്മാരന്നുദിച്ചുനിന്നിരുന്നു;
അവരുടെ മുടിയിഴകളിൽ കടന്നുകൂടി,
കരിയിലകളും, ചുള്ളികളും, ചെളിയുണങ്ങിയതും.

മീവൽപ്പക്ഷിയുടെ ഹൃദയമേ,
ഇവരോടു കരുണ വേണമേ.

ചിറക്കരെ ഇരുവരും മുട്ടുകുത്തി,
മുടിയിൽ നിന്നവർ കരിയിലകൾ കോതിക്കളഞ്ഞു,
ഒരു പരലുമീൻ, ഒരു നക്ഷത്രത്തിന്റെ രശ്മികൾ,
നോക്കിനിൽക്കാനവ നീന്തിയെത്തി.

മീവൽപ്പക്ഷിയുടെ ഹൃദയമേ,
ഇവരോടു കരുണ വേണമേ.

അലയിളകുന്ന ചിറയിൽ നിഴലുകളായി
മരങ്ങൾ വിറക്കൊണ്ടു, അവ്യക്തവും ധൂസരവുമായി;
ഹേ, മീവൽപ്പക്ഷീ,
ഒരുനാളുമൊരുനാളുമവരീനാളു മറക്കരുതേ.

ഹേ, മീവൽപ്പക്ഷീ,
മേഘമേറിയ മുള്ളേ,
വായുവിന്റെ നങ്കൂരമേ,
കുറ തീർത്ത ഇക്കാരസ്സേ,
കറുത്ത കോട്ടുകളുടെ തുമ്പുകളേ.

ഹേ, മീവൽപ്പക്ഷീ,
മാനത്തെ ചിത്രലിഖിതമേ,
മിനുട്ടുകൾ വീണുപോയ ഘടികാരസൂചികളേ,
പക്ഷികളുടെ ഗോത്തിക്ശില്പമേ.

ഹേ, മീവൽപ്പക്ഷീ,
മൂർച്ചപ്പെടുത്തിയ മൗനമേ,
പ്രണയികളുടെ പരിവേഷമേ,
ഇവരോടു കരുണ വേണമേ.


Sunday, February 19, 2012

ബോദ് ലെയർ - അറയ്ക്കുന്നൊരു ജൂതത്തിയ്ക്കരികിൽ...





അറയ്ക്കുന്നൊരു ജൂതത്തിയ്ക്കരികിലൊരുരാത്രി ഞാൻ കിടന്നു,
ഒരു ശവത്തിനരികിൽ മറ്റൊരു ശവത്തെപ്പോലെ;
ആ മലിനവസ്തുവിനടുത്തു കിടക്കെ ഞാനോർമ്മിച്ചുപോയി,
എന്റെ തൃഷ്ണകളെ വിഫലമാക്കിയൊരു ദാരുണസൗന്ദര്യത്തെ.



അവളുടെ നിസർഗപ്രതാപത്തെ ഞാൻ മനസ്സിൽ കണ്ടു,
പ്രബലവും സുഭഗവുമായ കടാക്ഷം ഞാൻ കണ്ടു,
ഓർമ്മകൾ കൊണ്ടുതന്നെ പ്രണയദാഹമുണർത്തുന്ന
വാസനച്ചെപ്പു പോലത്തെ  മുടിത്തഴപ്പും ഞാൻ കണ്ടു.



ഉത്കടാവേശത്തോടെ നിന്നെ ഞാൻ ചുംബിച്ചേനേ,
തണുത്ത കാലടി തൊട്ടു തഴച്ചിരുണ്ട മുടി വരെയ്ക്കും
ഊഷ്മളാശ്ളേഷങ്ങൾ കൊണ്ടു നിന്നെ ഞാൻ പൊതിഞ്ഞേനേ,



ഒരേയൊരു കണ്ണുനീർത്തുള്ളി കൊണ്ടൊരു രാത്രിയെങ്കിലും
നിന്റെ കണ്ണുകളുടെ ജ്വലനത്തെ, അതിനിന്ധനമായ ശൈത്യത്തെ,
ക്രൂരയായ റാണീ, നീയൊന്നു കെടുത്തിയെങ്കിൽ!


പാപത്തിന്റെ പൂക്കൾ- 34

പാപത്തിന്റെ പൂക്കൾക്ക് പ്രശസ്ത ചിത്രകാരനായ ഹെൻറി മത്തീസേ തയാറാക്കിയ കവർ

ബോദ് ലെയർ - ഞാനാരാധിക്കുന്നു നിന്നെ...

File:Baudelaire - Jeanne Duval.jpg


രാത്രിമാനത്തിന്റെ കമാനത്തെപ്പോലെ ഞാനാരാധിക്കുന്നു നിന്നെ,
കദനത്തിന്റെ ഭാജനമേ, മൗനം കൈവെടിയാത്തവളേ,
ഞാൻ സ്നേഹിക്കുന്നു നിന്നെ, അകലുന്നു നീയെന്നതിനാൽത്തന്നെ,
നീ വർദ്ധമാനമാക്കുകയാണെന്റെ രാത്രികൾക്കലങ്കാരമേ,
എനിയ്ക്കുമനന്തനീലിമയ്ക്കുമിടയിലെ കാതങ്ങ,ളതിനാൽത്തന്നെ.

യുദ്ധസജ്ജനായി ഞാൻ വരുന്നു, ഞാനാക്രമിച്ചുമുന്നേറുന്നു,
ശവക്കുഴിയിൽ ജഡത്തിനു മേൽ പുഴുക്കളും കൃമികളും പോൽ.
ഘോരവും ക്രൂരവുമായ മൃഗമേ, എനിയ്ക്കത്രമേലിഷ്ടം,
നിന്റെ സൗന്ദര്യമിരട്ടിപ്പിയ്ക്കുന്ന ആ അലക്ഷ്യമട്ടും.


പാപത്തിന്റെ പൂക്കൾ - 25


link to image


Saturday, February 18, 2012

റൂമി - ഞാൻ മരിക്കുമ്പോൾ…

File:Pigeonspearing.jpg


ഞാൻ മരിക്കുമ്പോൾ…


ഞാൻ മരിക്കുമ്പോൾ
ജഡത്തെ നിലത്തിറക്കിക്കിടത്തുക,
അഴുകാൻ തുടങ്ങിയവയെങ്കിലും
എന്റെ ചുണ്ടുകളിൽ ചുംബിക്കണമെന്നു
നിനക്കുണ്ടാവും.
ഭയന്നുപോകരുതേ,
ഞാനൊന്നു കണ്ണു തുറന്നാൽ.


പകലാകെ നിന്നോടൊപ്പം…


പകലാകെ നിന്നോടൊപ്പം പാടി ഞാനിരുന്നു,
രാത്രിയിലൊരേ കിടക്കയിൽ നാം കിടന്നു,
പകലും രാത്രിയുമെനിക്കു തിരിയാതെ പോയി,
ഞാനാരെന്നെനിക്കറിയാമെന്നു ഞാൻ കരുതി,
നീയാണു ഞാനെന്നുമറിഞ്ഞില്ല ഞാൻ.


എത്രനാൾ നിങ്ങൾ പറഞ്ഞിരിക്കും…

എത്രനാൾ നിങ്ങൾ പറഞ്ഞിരിക്കും,
ഈ ലോകത്തെ ഞാൻ കീഴടക്കും,
അതിലെന്നെക്കൊണ്ടു ഞാൻ നിറയ്ക്കുമെന്ന്?
ലോകമാകെപ്പുതമഞ്ഞു മൂടിയാലും
ഒരു സൂര്യകടാക്ഷം മതിയതാകെയുരുകാൻ.
ഒരു തീപ്പൊരിയോളം ദൈവകൃപ മതി,
കൊടുംവിഷം തെളിനീരാകാൻ.
സംശയങ്ങൾ വാണിടത്ത്
അവൻ തീർച്ചയെ പ്രതിഷ്ഠിക്കുന്നു.


ഇന്നതികാലത്തു ഞാനിറങ്ങിനടന്നു…

ഇന്നതികാലത്തു ഞാനിറങ്ങിനടന്നു,
അന്യർക്കൊരു പാനപാത്രവുമാക്കി
ഞാനെന്റെ തലയോട്ടി;
ഈ നഗരത്തിലെവിടെയോ താമസമുണ്ട്
മൗനിയായൊരു ജ്ഞാനി;
ഇനി താനെന്തു ചെയ്യാൻ പോകുന്നുവെന്ന്
താനായിട്ടറിയാത്തൊരാൾ.

 

Friday, February 17, 2012

ബോദ്ലേര്‍ - പൂച്ച



എന്റെ കാമാതുരഹൃദയത്തിലേക്കു വരൂ നീ, ഓമനപ്പൂച്ചേ,
നിന്റെ കൂർത്തുമൂർത്ത നഖരങ്ങളുറയിൽത്തന്നെ കിടക്കട്ടെ.
നിന്റെ മനോഹരനയനങ്ങളിലേക്കെന്റെ നോട്ടം കുതിക്കട്ടെ,
വൈഡൂര്യം ലോഹവുമായുരഞ്ഞു തീപ്പൊരി പാറിയ്ക്കുമവിടെ.


എന്റെ വിരൽത്തുമ്പുകളലസം നിന്നെത്തലോടുമ്പോൾ,
നിന്റെ തലയിലൂടെ, പുറവടിവിലൂടെന്റെ വിരലുകളോടുമ്പോൾ,
എന്റെ കൈ നിന്റെയുടലിന്റെ ആലക്തികസ്പർശനത്താൽ
പരമാനന്ദലഹരി കുടിച്ചിക്കിളിക്കൊള്ളുമ്പോൾ,


എന്റെ മനക്കണ്ണിൽ ഞാൻ കാണുന്നതെന്റെ പെണ്ണിനെ-
അവളുടെ നോട്ടം, അരുമമൃഗമേ, നിന്റേതു പോലെ ഗഹനം,
ശീതം, വീശുന്ന വാൾത്തല പോലരിഞ്ഞുവീഴ്ത്തുന്നതും.


പിന്നെയവളുടെ മുടി മുതൽ കാൽവിരൽത്തുമ്പിനോളം
അവളുടെയിരുണ്ട, വഴങ്ങുന്ന ദേഹത്തെച്ചുഴലുന്നു,
സൂക്ഷ്മമായൊരു ഭാവം, അപായപ്പെടുത്തുന്നൊരു പരിമളം.



പാപത്തിന്റെ പൂക്കൾ - 36



Thursday, February 16, 2012

ബോദ് ലെയർ - വിചിത്രപരിമളം


ഉഷ്ണിക്കുന്നൊരു ശരത്കാലരാത്രിയിൽ കണ്ണുകൾ പൂട്ടി
നിന്റെ ചുടുന്ന മാറിടത്തിന്റെ പരിമളം ശ്വസിച്ചു ഞാൻ കിടക്കുമ്പോൾ,
എന്റെ കണ്ണുകൾക്കു മുന്നിലനാവൃതമാവുന്നു ധന്യതയുടെ വിദൂരതീരങ്ങൾ,
കെടാത്തൊരു സൂര്യന്റെ ഭീഷണജ്വാലകളേറ്റു തിളങ്ങുന്നവ.

അവിടെ, ആലസ്യത്തിന്റെ ആ പ്രശാന്തദ്വീപത്തിൽ
വിചിത്രവൃക്ഷങ്ങളിൽ വിളയുന്നു തുടുത്ത മധുരക്കനികൾ:
മെലിഞ്ഞും വഴങ്ങിയുമാണാണുങ്ങൾക്കുടലുകളവിടെ:
ആശ്ചര്യപ്പെടുത്തുന്നൊരാർജ്ജവം സ്ത്രീകളുടെ നോട്ടങ്ങളിൽ.

തെന്നൽ പോലെ നിന്റെ പരിമളമെന്നെയവിടെയ്ക്കു നയിക്കുന്നു:
അവിടെ ഞാൻ കാണുന്നു തിക്കിത്തിരക്കുന്നൊരു തുറമുഖം,
പ്രയാണങ്ങളുടെ തളർച്ചകൾ മാറാത്ത നൗകകളും പാമരങ്ങളുമായി.

പച്ചപ്പുളിമരങ്ങളുടെ പരിമളങ്ങൾ വായുവിലുയരുമ്പോൾ,
അതിൽക്കലർന്നു നാവികഗീതങ്ങളെന്നിലേക്കെത്തുമ്പോൾ
സുഗന്ധവും സംഗീതവും മാത്രമായെന്റെയാത്മാവു മാറുന്നു.


പാപത്തിന്റെ പൂക്കൾ - 23

link to image

poet of the perfumed world


Wednesday, February 15, 2012

ബോദ് ലെയർ - പ്രണയത്തിന്റെ മരണശയ്യ


സൗമ്യസുഗന്ധം വീശുന്ന ശയ്യകൾ നമുക്കുണ്ടാവും,
ശവക്കുഴികൾ പോലാഴമേറിയ മഞ്ചങ്ങളിൽ നാം കിടക്കും,
ചുറ്റിനുമലമാരകളിൽ വിചിത്രപുഷ്പങ്ങൾ നിരന്നിരിക്കും,
മറ്റൊരാകാശത്തിൻ ചുവട്ടിൽ നമുക്കായി വിടർന്നവ.

ശേഷിച്ച തൃഷ്ണകളുമെരിച്ചുതീർക്കാൻ മത്സരിക്കെ,
നമ്മുടെ ഹൃദയങ്ങൾ രണ്ടെരിപന്തങ്ങൾ പോലെയാവും,
ഇരട്ടവെളിച്ചങ്ങളായവയുടെയഗ്നികൾ പ്രതിഫലിക്കും,
ഇരട്ടക്കണ്ണാടികളായ നിന്റെയുമെന്റെയുമാത്മാക്കളിൽ.

ആകാശം നിഗൂഢനീലിമയാളുന്നൊരു സന്ധ്യയിൽ,
നീയും ഞാനും കൈമാറുമൊരേയൊരു മിന്നൽപ്പിണർ,
യാത്രാവചനം കനക്കുന്ന ദീർഘമായ തേങ്ങൽ പോലെ.

പിന്നെ വാതിലുകൾ തുറന്നും കൊണ്ടൊരു മാലാഖ കടന്നുവരും,
ഒരാനന്ദത്തിന്റെ വശ്യത്തോടെ പുതുജീവനിലേക്കവനുയർത്തും,
മങ്ങിപ്പോയ കണ്ണാടികളെ, തവിഞ്ഞുപോയ ജ്വാലകളെ.


പാപത്തിന്റെ പൂക്കൾ - 127


Tuesday, February 14, 2012

നമ്മെ അസൂയപ്പെടുന്നവർ മാത്രമല്ല...

File:Fpessoa.jpg

നമ്മെ അസൂയപ്പെടുന്നവർ മാത്രമല്ല,
നമ്മെ വെറുക്കുന്നവർ മാത്രമല്ല,
നമ്മെ ഒതുക്കുന്നതും
നമ്മെ ഞെരുക്കുന്നതും.
നമ്മെ സ്നേഹിക്കുന്നവരും
അത്ര തന്നെ നമ്മെ ഒതുക്കുന്നു.
ദേവകളെനിക്കു തരുമാറാകട്ടെ,
സർവമമതകളിൽ നിന്നും മുക്തമായ,
ഇല്ലായ്മയുടെ ഉയരങ്ങളിലെ
തണുത്ത സ്വാതന്ത്ര്യം.
നിങ്ങൾക്കൊന്നും വേണ്ടെങ്കിൽ
നിങ്ങൾക്കെല്ലാമുണ്ടെന്നുതന്നെ.
ഒന്നും വേണ്ടാത്തവൻ,
അവൻ സ്വതന്ത്രൻ.
ഒന്നുമില്ലാത്തവൻ,
ഒന്നുമാശിക്കാത്തവൻ,
ദേവകൾക്കു തുല്യനവൻ,
മനുഷ്യനായിരിക്കെത്തന്നെ.

1930 നവംബർ 1


Monday, February 13, 2012

ഫെർണാണ്ടോ പെസ് വാ - ഇടവേള


നിന്റെ കാതിലാരു മന്ത്രിച്ചു,
ദേവിമാരിൽ ചിലരു മാത്രം കേട്ട ആ രഹസ്യം-
വിശ്വാസവും ഭീതിയും നിറഞ്ഞതൊന്നിനെ,
ഒളിച്ചുവച്ചാൽ മാത്രം യഥാർത്ഥമാകുന്നതിനെ?
അത്രവേഗം നിന്നോടതാരു പറഞ്ഞു?

ഞാനല്ല, പറയാനെനിക്കു പേടിയായിരുന്നു.
മറ്റൊരാളല്ല, മറ്റാർക്കുമതറിയുകയുമില്ല.
എങ്കിലാരുടെ നെറ്റിത്തടം നിന്റെ മുടിയിഴകളിലുരുമ്മി,
താനുള്ളിലറിഞ്ഞതിനെ നിന്റെ കാതിൽ നിറയ്ക്കാൻ?
അതാരെങ്കിലുമൊരാളായിരുന്നുവോ, അതെയോ?

അതോ നിന്റെയൊരു സ്വപ്നമോ,
നീയതു സ്വപ്നം കാണുന്നതു ഞാൻ സ്വപ്നം കണ്ടതോ?
ഇനിയതെന്റെയൊരസൂയയോ,
ഞാനൊരിക്കലും പറയാത്തതു പറഞ്ഞുകേട്ടതിൽ,
എന്റെ നാട്യമായിരുന്നതു നടന്നുകണ്ടതിൽ,
സ്വപ്നത്തിൽപ്പോലുമെനിക്കെറിയാതിരുന്നതിൽ?

അങ്ങനെയെങ്കിൽത്തന്നെയതാരായിരുന്നു,
താനാരെന്നു വെളിവാക്കാതെ,
നിന്റെ കാതരികിൽത്തങ്ങിനി-
ന്നെന്റെയുള്ളിലെ പ്രണയത്തെ നിന്നോടറിയിച്ചവൻ?
അതു,മനുഭൂതമാകാതൊരഭിലാഷം പോലെ
വന്നു,മാഞ്ഞുപോകുന്നതൊന്നിനെ?

അതു തൃഷ്ണയായിരുന്നു, ശബ്ദമില്ലാത്തതും, ഉടലില്ലാത്തതും,
നിന്നെ ഞാൻ സ്വപ്നം കാണുന്നുവെന്നു കേട്ടപ്പോൾ
അവനുരുവിടുകയായിരുന്നു,  ഭ്രാന്തൻ, വിശ്വാസഘാതകൻ-
ആ നിത്യവചനം,
ഒളിമ്പസ്സിനെയുമികഴ്ത്തുന്നൊരാനന്ദത്തിൽ നിന്നു
ദേവകൾ മോഹിക്കുന്നൊരാനിത്യവചനം.


link to image

Sunday, February 12, 2012

റിൽക്കെ - സുഖം പ്രാപിക്കുന്നവൾ


ഇടത്തെരുവിലെവിടെയോ കേട്ടൊരു ഗാനം പോലെ,
ആദ്യമാദ്യമടുത്തും, പിന്നെയകന്നകന്നു പോകുമ്പോലെയും,
(കൈയിൽ കിട്ടുമെന്നപോലരികിൽ വരുന്ന കിളികൾ
പിന്നെ വിരണ്ടുയർന്നു പറന്നുപോകുമ്പോലെ)

രോഗം പൊറുത്തുവരുന്നൊരുവളെ ജീവിതം കളിയാക്കുന്നു,
അത്ര ക്ഷീണിതയുമലസയുമായവൾ കിടക്കുമ്പോൾ
പരിത്യക്തയാ,യാത്മാനുകമ്പ നിറഞ്ഞവളായവൾ കിടക്കുമ്പോൾ
ഒരു വിലക്ഷണചലനത്തിലവളുടെ കൈയൊന്നനങ്ങുന്നു.

ഒരപരിചിതത്വം, ഒരു ദുഷ്ടത തന്നെയവളറിയുന്നു,
ജ്വരമപ്പോഴുമെരിയുന്ന തന്റെ ശുഷ്കിച്ച കൈ,
ജ്വരസ്വപ്നങ്ങളും ക്ഷീണങ്ങളുമിനിയും മാറാത്ത തന്റെ കൈത്തലം,
എരിയുന്ന പൂവു പോലെ വന്നു തന്റെ കവിളു തൊടുമ്പോൾ,
അതിന്റെ ചർമ്മത്തെ, അതിന്റെ അസ്ഥിയെ തലോടുമ്പോൾ.


പുതിയ കവിതകള്‍


link to image


Friday, February 10, 2012

ബ്രെഹ്ത് - ചായ തിളയ്ക്കുന്ന നേരം കൊണ്ട് പത്രം നോക്കുമ്പോൾ

v p3_brecht

വേർപാട്


നാം പുണരുന്നു.
എന്റെ വിരലുകൾക്കടിയിൽ പട്ടിന്റെ മൃദുലത.
നിന്റെ വിരൽ തൊടുന്നതു കോറത്തുണി.
തിടുക്കത്തിലൊരു പുണരൽ.
നിനക്കു ക്ഷണമൊരത്താഴവിരുന്നിന്‌.
എനിക്കു പിന്നാലെ നിയമത്തിന്റെ പാദസേവകർ.
പിന്നെ നാം സംസാരിക്കുന്നു,
കാലാവസ്ഥയെക്കുറിച്ച്,
ഒരുനാളുമിടറില്ല നമ്മുടെ സൗഹൃദമെന്നും.
കയ്ക്കുന്നതായേനേ മറ്റെന്തും



ചായ തിളയ്ക്കുന്ന നേരം കൊണ്ട് പത്രം നോക്കുമ്പോൾ

അതികാലത്തു പത്രമെടുത്തു ഞാൻ വായിക്കുന്നു,
ചരിത്രം കുറിയ്ക്കുന്ന പദ്ധതികളതിൽ,
മാർപ്പാപ്പയുടെ, രാജാക്കന്മാരുടെ, ബാങ്കർമാരുടെ,
എണ്ണമുതലാളിലാരുടെ വക.
മറ്റേക്കണ്ണു കൊണ്ടു ഞാൻ നോക്കുന്നു
എന്റെ ചായക്കു വെള്ളം തിളയ്ക്കുന്ന പാത്രം,
അതു കലങ്ങുന്നത്, തിള വരുന്നത്, പിന്നെത്തെളിയുന്നത്,
തിളച്ചുതൂവുന്ന വെള്ളം തീ കെടുത്തുന്നതും.



ഞാൻ അലക്സാണ്ടർക്കെതിരു പറയുകയല്ല

ലോകം കാൽക്കീഴിലാക്കാൻ മെനക്കെട്ടുവത്രെ, തിമൂർ.
എനിക്കതു മനസ്സിലാവുന്നില്ല;
ഒരല്പം പട്ടച്ചാരായമടിച്ചാൽ മറക്കാനുള്ളതേയുള്ളു ലോകം.
അലക്സാണ്ടർക്കെതിരു പറയുകയുമല്ല ഞാൻ.
പിന്നെ,
ശ്രദ്ധേയരായ മനുഷ്യരെ കണ്ടിട്ടുണ്ട്
ഞാനെന്നു മാത്രം-
ജിവിച്ചിരിക്കുന്നുവെന്നതു കൊണ്ടുമാത്രം
നിങ്ങളുടെ ബഹുമാനത്തിനത്രയുമർഹരായവർ.
ഒരുപാടു വിയർപ്പൊഴുക്കുകയാണു മഹാന്മാർ.
ഇതിലൊക്കെ ഞാൻ തെളിവു കണ്ടതിങ്ങനെ:
അവനവനാവാനവർക്കായില്ലെന്നു തന്നെ,
കുടിച്ചും,
പുക വലിച്ചും,
അതുമാതിരിയൊക്കെച്ചെയ്തും.
ഒരു പെണ്ണിനരികത്തിരുന്നാൽത്തന്നെ
മനസ്സു തൃപ്തമാകുന്നില്ലവർക്കെങ്കിൽ,
അത്ര ചെറ്റകളുമായിരിക്കണമവർ.


 

ഫെർണാണ്ടോ പെസ് വാ - എനിക്കൊരു തിടുക്കവുമില്ല...



എന്താണെന്റെ ജീവിതത്തിന്റെ വില?…


എന്താണെന്റെ ജീവിതത്തിന്റെ വില? ഒടുവിൽ, (ഏതൊടുവിലെന്നെനിക്കറിയില്ല)
ഒരാൾ പറയുന്നു:“ഞാൻ മൂന്നു ലക്ഷം ഡോളർ സമ്പാദിച്ചു.”
മറ്റൊരാൾ പറയുന്നു:“ പ്രശസ്തിയുടെ മൂവായിരം നാളുകൾ ഞാനനുഭവിച്ചു.”
ഇനിയുമൊരാൾ പറയുന്നു:“ എന്റെ മനഃസാക്ഷി തെളിഞ്ഞതായിരുന്നു, എനിക്കതു മതി.”
ഇനി ഞാൻ, ഞാനെന്തു ചെയ്തുവെന്നാരെങ്കിലുമെന്നോടു ചോദിച്ചാൽ
ഞാൻ പറയും:“വെറുതേ വസ്തുക്കളെ നോക്കിയിരുന്നതേയുള്ളു ഞാൻ,
അതാണു പ്രപഞ്ചമെനിക്കെന്റെ കീശയിൽ കിട്ടിയതും.“
ദൈവം ചോദിക്കുകയാണെന്നിരിക്കട്ടെ:” വസ്തുക്കളിൽ നീയെന്തു കണ്ടു?“
ഞാൻ പറയും:” വസ്തുക്കളെ മാത്രം. അവയല്ലേ നീയവിടെ വച്ചിട്ടുമുള്ളു.“
ദൈവം, കാര്യം മനസ്സിലാക്കുന്നയാളുമാണല്ലോ പുള്ളി,
എന്നെ മറ്റൊരു ജനുസ്സിലെ പുണ്യവാളനുമാക്കും.



പ്രകൃതിയെക്കുറിച്ചിതുവരെ ...

പ്രകൃതിയെക്കുറിച്ചിതേവരെ രൂപപ്പെടുത്തിയ അഭിപ്രായങ്ങൾ
ഒരു പൂവും വിടർത്തിയിട്ടില്ല, ഒരു പുൽക്കൊടിയും വളർത്തിയിട്ടില്ല.
വസ്തുക്കളെക്കുറിച്ചിതേവരെ ഉണ്ടായ അറിവുകളൊന്നും
എനിക്കു കയ്യിലെടുക്കാവുന്നതായിരുന്നില്ല, ഒരു വസ്തുവിനെപ്പോലെ.
സത്യമാകാനാണു ശാസ്ത്രം കാംക്ഷിക്കുന്നതെങ്കിൽ,
ശാസ്ത്രമില്ലാത്ത വസ്തുക്കളെക്കാൾ സത്യമായ ശാസ്ത്രവുമേത്?
കണ്ണുമടച്ചു ഞാൻ മലർന്നുകിടക്കുന്ന കട്ടിമണ്ണിന്റെ യാഥാർത്ഥ്യം
എന്റെ മുതുകു പോലുമറിയുന്നത്ര യഥാർത്ഥം.
തോളെല്ലുകളുള്ളിടത്ത് യുക്തിയുടെ ആവശ്യവും എനിക്കില്ല.

1918 മേയ് 29


എനിക്കൊരു തിടുക്കവുമില്ല...


എനിക്കൊരു തിടുക്കവുമില്ല. ഞാനെന്തിനു തിടുക്കപ്പെടാൻ?
സൂര്യനും ചന്ദ്രനും തിടുക്കമില്ല. അവരുടെ ഭാഗം ശരിയുമാണ്‌.
തിടുക്കപ്പെടുകയെന്നാൽ,
സ്വന്തം കാലുകളെ കവച്ചുവയ്ക്കാൻ നമുക്കാവുമെന്നു കരുതുകയാണ്‌,
സ്വന്തം നിഴലിനു മേൽക്കൂടി നമുക്കു ചാടാമെന്നും.
ഇല്ല, എനിക്കൊരു തിടുക്കവുമില്ല.
ഞാനെന്റെ കൈ നീട്ടുന്നുവെങ്കിൽ,
കൃത്യമായുമെന്റെ കൈയെത്തുന്നിടത്തോളമേ ഞാനെത്തു,
ഒരരയിഞ്ചപ്പുറമില്ല.
എന്റെ വിരൽ തൊടുന്നിടത്തേ, ഞാൻ തൊടൂ,
ഞാൻ വിചാരിക്കുന്നിടത്തല്ല.
എനിക്കാവുന്നിടത്തേ, എനിക്കിരിക്കാനാവൂ.
ഇതു കേട്ടാൽ വിഡ്ഢിത്തമായി തോന്നും,
എല്ലാ പരമസത്യങ്ങളെയും പോലെ,
എന്നാൽ ശരിക്കും വിഡ്ഢിത്തമെന്താണെന്നു വച്ചാൽ,
മറ്റേതോ ഒന്നിനെക്കുറിച്ചാണെപ്പോഴും നമ്മുടെ ചിന്തയെന്നതു തന്നെ.
നാമെപ്പോഴും അതിനു പുറത്തുമാണ്‌,
നാമിവിടെയാണെന്നതിനാൽ.

1919 ജൂൺ 20


link to image


Thursday, February 9, 2012

നിസാർ ഖബ്ബാനി - സ്പാനിഷ് നർത്തകി


തനിക്കു പറയാനുള്ളതൊക്കെപ്പറയാൻ
സ്പാനിഷ് നർത്തകിയ്ക്കു തന്റെ വിരലുകൾ മതി;
അവൾക്കു നാവ്, തന്റെ വിരൽ.
വികാരം കൊണ്ട കൂജനം,
വ്യഗ്രതയാർന്ന ദൗത്യങ്ങൾ,
രോഷം, പ്രസാദം,
ആസക്തിയും വിഭ്രമവും-
ഒക്കെപ്പറയാൻ വിരലൊന്നു വളച്ചാൽ മതി,
ഒരു വിരലൊന്നു ഞൊടിച്ചാൽ മതി.
വിരലുകളുടെ ലയത്തിൽ
ഇരിക്കുന്നിടത്തിരുന്നു ഞാൻ മാഞ്ഞുപോകുന്നു,
പൊള്ളുന്ന സ്പാനിഷ് പുഷ്പങ്ങളിടതൂർന്നൊരുടയാടയിലേക്കതെന്നെയുയർത്തുന്നു,
പകൽവെളിച്ചത്തിനു നേർക്കെന്റെ കണ്ണുകൾ കൊട്ടിയടയ്ക്കുന്നു.
ഇരുപതാമത്തെ ഗ്ളാസ്സും കാലിയാക്കി ഞാനിരിക്കുമ്പോൾ
വിരലുകളുടെ ലയമൊരു തിരപ്പെരുക്കം,
കണ്ണുകളുടെ വിടർച്ചയിൽ നിന്നൊരു കരിമഴ,
മഴയുടെ ചരിത്രത്തിനറിയാത്തതത്,
മഴയുടെ ഓർമ്മയിൽ നിന്നു തെന്നുന്നതത്.
ഇരിക്കുന്നിടത്തു ഞാനിരിയ്ക്കുന്നു,
ഈ കരിമിഴിമഴ നിലയ്ക്കരുതേയെന്ന നിവേദനവുമായി.


http://www.youtube.com/watch?v=xqxJMCQxb_Q

നിസാർ ഖബ്ബാനി - ആൻഡലൂഷ്യൻ ഡയറി


കിളികളുടെ വീട്


സെവിയേയിലോരോ സുന്ദരിയും
കടുംചെമലയൊരു പൂവു കൊണ്ടു
മുടിപ്പിന്നലലങ്കരിക്കുന്നു,
സ്പെയിനിലെ കിളികുലമാകെ
സന്ധ്യയ്ക്കു ചേക്കേറുന്നതുമവിടെ.



വിശറികൾ

കുന്നുകളിൽ വസന്തമൊടുങ്ങിയതിൽപ്പിന്നെ,
വേനൽ വന്നുപോയതിൽപ്പിന്നെ,
പുതുപൂക്കൾ വിടരുന്നുവെങ്കിൽ,
അതൊരായിരം വിശറികളിൽ.



കറുത്ത മുത്തുകൾ

ഉച്ചയ്ക്കു ഗ്രനാഡായിലെ തെരുവുകൾ
കറുത്ത മുത്തുകൾ വിളയുന്ന പാടങ്ങൾ;
കൺവിടർന്നിരുന്നു ഞാൻ കാണുന്നു,
എന്റെ ദമാസ്കസ്സിലെ മിനാരങ്ങൾ.



ഡോണാ മരിയാ

ഒരു മരുഭൂമിയെക്കാളും വിടർന്ന കണ്ണുകളോടെ,
എന്റെ നാട്ടുസൂര്യൻ തിളക്കുന്ന മുഖലക്ഷണങ്ങളോടെ,
പ്രഭാതചക്രവാളത്തിന്റെ സ്ഫോടനത്തോടെ,
എന്നെ വെട്ടിപ്പിളർക്കുന്നു, ഡോണാ മരിയാ.
എനിക്കോർമ്മ വരുന്നതു ദമാസ്കസിലെന്റെ ഭവനം,
അവിടെയൊരു ജലധാരയുടെ തെളിഞ്ഞ കൊഞ്ചൽ,
കിളരം വച്ച നാരകമരങ്ങൾ,
എന്റെ വീടിന്റെ പഴകിയ വാതിൽപ്പലകയിൽ
ഭംഗിയില്ലാത്ത കൈപ്പടയിൽ ഞാൻ കോറിയിട്ട പ്രണയകഥകൾ.
നിന്റെ കണ്ണുകളിൽ നോക്കിയിരിക്കെ, ഡോണാ മരിയാ,
പിന്നെയും ഞാൻ കാണുന്നതെന്റെ പെറ്റനാടിനെ.



മൂരി

ചോര കുത്തിയൊലിക്കട്ടെ,
ഉടലിലമ്പുകൾ തുളച്ചുകേറട്ടെ,
വിജയിയുടെ മഹിമയെ അതിജീവിക്കുന്നു,
ഇരയുടെ അഭിജാതമഹിമ.



പ്രവാചകന്റെ രക്തം

കൊരീദാ,
കൊരീദാ,
ചുവന്ന കൊടിയ്ക്കു നേരേ
മൂരി കുതിച്ചുചെല്ലുന്നു,
കരുത്തനായി, തടുക്കവയ്യാത്തതായി,
അരങ്ങിലവൻ വീഴുന്നു,
തന്റെ മാനമടിയറ വയ്ക്കുന്നുമില്ലവൻ,
രക്തസാക്ഷിയെപ്പോലെ,
പ്രവാചകനെപ്പോലെ.


കൊരീദാ- കാളപ്പോര്‌

link to image



Tuesday, February 7, 2012

വീസ്വാവാ സിംബോഴ്സ്കാ - വിയറ്റ്നാം

File:Boat people family.gif

“പെണ്ണേ, നിന്റെ പേരെന്താ?” “എനിക്കറിയില്ല.”
“നിന്റെ പ്രായമെന്താ? വീടെവിടെ?” “എനിക്കറിയില്ല.”
“നീ ആ മാളം കുഴിച്ചതെന്തിന്‌?” “എനിക്കറിയില്ല.”
“എത്ര കാലമായി നീ ഒളിച്ചിരിക്കുന്നു?” “എനിക്കറിയില്ല.”
“നീയെന്റെ വിരൽ കടിച്ചതെന്തിന്‌?” “എനിക്കറിയില്ല.”
“ഞങ്ങൾ നിന്നെ ഉപദ്രവിക്കില്ലെന്നു നിനക്കറിയില്ലേ?” “എനിക്കറിയില്ല.”
“നീ ആരുടെ പക്ഷത്താണ്‌?” “എനിക്കറിയില്ല.”
“യുദ്ധമാണിത്. നീ ഒരു പക്ഷം ചേർന്നേ മതിയാവൂ.” “എനിക്കറിയില്ല.”
“നിന്റെ ഗ്രാമം ഇപ്പോഴുമുണ്ടോ?” “എനിക്കറിയില്ല.”
“ആ കുട്ടികൾ നിന്റെയാണോ?” “അതെ.”


വീസ്വാവാ സിംബോഴ്സ്കാ (1923-2012) -പോളിഷ് കവയിത്രിയും വിവർത്തകയും. 1996ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി. വളരെക്കുറച്ചു കവിതകളേ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളു. അതിനു കാരണമായി അവർ പറഞ്ഞത് തന്റെ വീട്ടിൽ ഒരു ചവറ്റുകൊട്ടയുണ്ടെന്നായിരുന്നു.


link to szymborska


link to image


Sunday, February 5, 2012

റൂമി - മത് നവി

Blueflower.png

ആരോ പറഞ്ഞു, “ഞാനെന്തോ മറന്നു.” മറക്കരുതാത്തതായ ഒന്ന് ഈ ലോകത്തുണ്ട്. അതൊന്നൊഴികെ എന്തും നിങ്ങൾക്കു മറക്കാം; അതിൽ വേവലാതിപ്പെടാനുമില്ല. മറ്റെല്ലാം നിങ്ങൾക്കോർമ്മയുണ്ടായിരിക്കുകയും, അതൊന്നുമാത്രം മറന്നുകളയുകയും ചെയ്താൽ: നിങ്ങളൊന്നും നേടിയിട്ടില്ലെന്നേ വരൂ. ഒരു ദൗത്യവുമേൽപ്പിച്ചു രാജാവു നിങ്ങളെ ഗ്രാമത്തിലേക്കു വിടുമ്പോലെയാണത്. നിങ്ങളവിടെ ചെല്ലുകയും, മറ്റൊരു നൂറു ജോലികൾ ചെയ്യുകയും, നിങ്ങളെയേൽപ്പിച്ച ദൗത്യം നിറവേറ്റാതെ പോരുകയും ചെയ്താൽ നിങ്ങൾ യാതൊന്നും ചെയ്യാത്ത പോലെയാണത്. അപ്പോൾ മനുഷ്യജീവി ലോകത്തു വന്നിരിക്കുന്നത് കൃത്യമായ ഒരുദ്ദേശ്യവും ലക്ഷ്യവും വച്ചിട്ടാണ്‌. ആ ഉദ്ദേശ്യം അവൻ നിറവേറ്റുന്നില്ലെങ്കിൽ അവൻ യാതൊന്നു ചെയ്തിട്ടില്ല.

**


 

Blueflower.png

ഏതങ്ങാടിച്ചരക്കിന്റെയും വില നിങ്ങൾക്കറിയാം,
സ്വന്തമാത്മാവിന്റെ വില നിങ്ങൾക്കറിയില്ലെന്നേയുള്ളു.
ഭാഗ്യനക്ഷത്രങ്ങളേതൊക്കെ,
അശുഭനക്ഷത്രങ്ങളേതൊക്കെയെന്നു നിങ്ങൾക്കു നല്ല തിട്ടമാണ്‌;
താൻ ഭാഗ്യവാനോ, ഭാഗ്യഹീനനോയെന്നു
നിങ്ങൾക്കറിയുകയുമില്ല.
സർവശാസ്ത്രങ്ങൾക്കും സാരമിതൊന്നുതന്നെ-
അന്ത്യവിധിയുടെ നാളു വന്നുചേരുമ്പോൾ
താനാരാകുമെന്നു താനറിഞ്ഞിരിക്കണം.

**


Blueflower.png
സുന്ദരവും പ്രസന്നവുമാണു സർവതുമെങ്കിൽ,
കാണുന്നവന്റെ കണ്ണിനു വേണ്ടിത്തന്നെയത്.

**



ഒരു രാജാവ് ഒരു ദർവീശിനോടു പറഞ്ഞു, “അങ്ങയ്ക്കു ദൈവസാമീപ്യം കിട്ടുമ്പോൾ എന്നെക്കൂടി ഓർക്കേണമേ.“ അതിനു ദർവീശ് ഇങ്ങനെ പറഞ്ഞു, ”ആ സാമീപ്യത്തിലേക്കു ഞാനെത്തുമ്പോൾ, ആ സൂര്യന്റെ വെളിച്ചമെന്നിൽ വീഴുമ്പോൾ, എനിക്കെന്നെത്തന്നെ ഓർമ്മയുണ്ടാവില്ല. പിന്നെ ഞാനെങ്ങനെ നിങ്ങളെയോർക്കാൻ?“Blueflower.png

**

 



ദൈവം നിങ്ങളോടു പറയുന്നു, “നിന്നെ ഞാൻ വിലയ്ക്കു വാങ്ങാം...നിന്റെ നിമിഷങ്ങൾ, നിന്റെ ശ്വാസങ്ങൾ, നിന്റെ സമ്പാദ്യങ്ങൾ, നിന്റെ ജീവിതങ്ങൾ. നീ അവയെന്റെമേൽ ചെലവഴിക്കുക. അവയെ എന്റെ നേർക്കു തിരിയ്ക്കുക. വിലയായി സ്വാതന്ത്ര്യവും, പ്രസാദവും, ജ്ഞാനവും ഞാൻ നൽകാം. എന്റെ കണ്ണുകളിൽ നിന്റെ മൂല്യമതത്രെ.” എന്നാൽ ജീവിതം നാം നമ്മിലേക്കൊതുക്കുകയാണെങ്കിൽ, നമുക്കായി മാറ്റിവച്ച നിധികൾ നമുക്കു കിട്ടാതെപോകുന്നു. നൂറു വരാഹൻ വിലയുള്ള കഠാര ചുമരിലടിച്ചുകേറ്റി, അതിൽ ഒരു ചുരയ്ക്കാത്തൊണ്ടു തൂക്കിയിടുന്നവനെപ്പോലെയാവുകയാണു നാം: തന്റെ മഹാനിധിയ്ക്ക് ഒരാണിയുടെ വിലയേ അയാള്‍ കണ്ടുള്ളു.Blueflower.png

**



Saturday, February 4, 2012

ഹൈക്കു

File:Tsuji Kako Paintings.jpg



പുൽത്തുമ്പത്തൊരു
തുമ്പി-
മനോഗതങ്ങളിൽ
മുഴുകി.

(സാന്റോക്കാ)


നിശാഗന്ധി-
മണത്തിലൊളിച്ചോ
നിറം?

(ബുസോൺ)


ആളുകളുള്ളിട-
ത്തീച്ചകളുണ്ട്;
അവിടെയുണ്ട്
ബുദ്ധന്മാരും.

(ഇസ്സ)


ഒരു ചേമ്പിലയ്ക്കകം
ഒരു മഴത്തുള്ളിയ്ക്കു
ലോകം.

(കികാകു)


മാനത്തുമുണ്ടോ
കുറുക്കുവഴികൾ,
വേനൽച്ചന്ദ്രാ?

(സൂതേ ജോ -1633-98)


എന്തു കുളിര്‌,
പച്ചപ്പുൽത്തടുക്കിൽ
നെറ്റി തൊടുമ്പോൾ!

(സോനോ ജോ പ്രഭ്വി 1649-1723)



സ്വപ്നത്തിൽ നിന്നുണരുമ്പോൾ
എത്ര യഥാർത്ഥം,
പൂക്കൾ!

(ഷുഷുക്കി 1669-1725)



വേർപാടിന്റെ മഞ്ഞുവീഴ്ച-
ഒരേ പുതപ്പിനടിയിൽ
അച്ഛനും കുഞ്ഞും.

(ഷുഷുക്കി)



ഒരുമിച്ചു വിറയ്ക്കുന്നു-
ബാർലിക്കതിരുകൾ,
പൂമ്പാറ്റച്ചിറകുകൾ.

(കാനാ ജോ പ്രഭ്വി)



ഒറ്റത്തുമ്മൽ-
എങ്ങോ പോയി
വാനമ്പാടി.

(യായു 1701-83)



കടം വാങ്ങിയ
ഒരു കുടം വെള്ളത്തിൽ
ഒരുഷമലരി.

(ചിയോ ജോ പ്രഭ്വി 1701-75)


കുന്തിച്ചിരുന്നു
മേഘങ്ങളെ പഠിക്കുന്നു
ഒരു തവള.

(ചിയോ ജോ)



താമരയ്ക്കു മേൽ
ഒരു മേഘം-
അതുമൊരു ചന്ദ്രൻ.

(ബോര്യു -പതിനെട്ടാം നൂറ്റാണ്ട്)



പ്രണയം കൊണ്ടു തുളുമ്പുമ്പോൾ
അഭിസാരികയെപ്പോലെ ശൃംഗാരി-
ചക്കിപ്പൂച്ച.

(സൈമാരോ)



ഇരുകക്ഷികളും
മീശ വച്ചവർ-
പൂച്ചപ്രണയം.

(റെയ്സാൻ)



കുളിരുന്ന വസന്തം-
നെൽക്കതിരുകൾക്കു മേൽ
വേരറുത്ത മേഘങ്ങൾ

(ഹെക്കിഗൊദോ)


പൂക്കളെക്കൊണ്ടു തല തിരിഞ്ഞും
ചന്ദ്രനെക്കണ്ടു പകച്ചും
ഒരു ചിത്രശലഭം.

(ചോരാ)


അവയും മന്ത്രങ്ങളോ?
അമ്പലക്കിണറ്റിൽ
തവളകരച്ചിൽ.

(കാൻത്സെറ്റ്സു)


പൂക്കളെ തിളക്കുന്നു
ചന്ദ്രൻ,
പൂക്കൾ മറയ്ക്കുന്നു
ചന്ദ്രനെ.

(ചോരാ)



ഒരേയൊരു പാട്ടു കൊണ്ടു
വേനലിനെ പ്രതിഷ്ഠിച്ചുവല്ലോ
കുയിൽ.

(റിയോട്ട)



ഇന്നലത്തെ നിലാവിൽ
മലകളത്രയകലെ,
പുലരിമഞ്ഞിൽ
അവയത്രയരികെ.

(അസയമ ബൊന്റോ 1349-1427)


വിടരാനൊരു തിടുക്കവുമില്ല
എന്റെ വേലിപ്പത്തലിൽ
ഒരു പൂമൊട്ട്.

(ഇസ്സാ)



File:Gejou Keikoku Painting.jpg

നിസാർ ഖബ്ബാനി - ആയിരം ചന്ദ്രന്മാർ

File:Carl Spitzweg 011.jpg


കുട്ടിയുടെ കുത്തിക്കുറിയ്ക്കലുകൾ


എന്റെ പിഴ, എന്റെ വലിയ പിഴ,
കണ്ണുകൾ കടലുകളായ റാണീ,
ഒരു ശിശുവിനെപ്പോലെ
നിന്നെ സ്നേഹിച്ചുവെന്നതായിരുന്നു.
(ലോകത്തേറ്റവും വലിയ കാമുകർ
ശിശുക്കളുമാണല്ലോ.)

ഞാനാദ്യം ചെയ്ത അബദ്ധം
(അതവസാനത്തേതുമല്ല)
വിസ്മയത്തിന്റെ രുചിയറിഞ്ഞത്
നാവിൽ കൊണ്ടുനടന്നതായിരുന്നു,
ദിനരാത്രങ്ങളുടെ സരളവ്യാപ്തിയാൽത്തന്നെ
വിസ്മയപ്പെടാൻ തയാറായതായിരുന്നു

സ്നേഹിച്ച ഓരോ സ്ത്രീയും
ആയിരം നുറുങ്ങായി എന്നെ നുറുക്കാൻ,
തുറന്ന നഗരം പോലെന്നെ മാറ്റാൻ
ധൂളി പോലെന്നെ പിന്നിൽ വിട്ടുപോകാൻ
ഞാൻ നിന്നുകൊടുത്തതായിരുന്നു.

എന്റെ ദൗർബല്യം
ഒരു ശിശുവിന്റെ യുക്തി വച്ച്
ലോകത്തെ നോക്കിക്കണ്ടുവെന്നതായിരുന്നു.
ഞാൻ ചെയ്ത അബദ്ധം
ഗുഹയിലൊളിച്ചിരുന്ന പ്രണയത്തെ
തുറസ്സിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നതായിരുന്നു,
എന്റെ നെഞ്ചിനെ
സർവ കാമുകർക്കുമായിത്തുറന്ന ദേവാലയമാക്കിയതും.



ഉല്പത്തിക്കവിത

ആദിയിൽ കവിതകളുണ്ടായിരുന്നു.
മുണ്ഡനം ചെയ്ത പരപ്പൻഗദ്യമായിരുന്നു
അന്നപവാദമെന്നു ഞാൻ കരുതുന്നു.
ആദിയ്ക്കുമാദിയിൽ ആഴ്ന്നും പരന്നും കടലുണ്ടായിരുന്നു
ഉണങ്ങിയ കരയായിരുന്നു അന്നപവാദമായിത്തോന്നിയത്.
ആദിയിൽ മുലകളുടെ സമൃദ്ധമായ വളവുകളുണ്ടായി,
അതിലും പരന്ന വടിവുകൾ അന്നപവാദങ്ങളായിരുന്നു.
ആദിയ്ക്കുമാദിയിൽ നീയുണ്ടായിരുന്നു, നീ മാത്രം,
അതിൽപ്പിന്നെ മറ്റു സ്ത്രീകളുമുണ്ടായിവന്നു.



ആയിരം ചന്ദ്രന്മാർ

സാമാന്യക്കാരിയല്ല നീ,
വിസ്മയത്തിന്റെ ഉടൽരൂപം തന്നെ നീ...
ഓർത്തിരിക്കാതെത്തുന്നതിനെ
മനസ്സിൽ കാണുന്നതാണു നീ.
പ്രചോദനം കൊണ്ട ഒരു മുഹൂർത്തത്തിൽ
ഒരു കല്ലിന്റെ കരളിൽ നിന്നു ജലം കിനിയിച്ചതെങ്ങിനെ നീ?
ഒരു കണ്ണിമയുടെ സ്പർശനമൊന്നുകൊണ്ടുതന്നെ
ഏകാന്തചന്ദ്രനെ ആയിരം ചന്ദ്രക്കലകളാക്കിയതുമെങ്ങിനെ നീ?


കണ്ട വാസന, ശ്വസിച്ച ശബ്ദം


എന്റെ ഭാവനയിലേറിപ്പറന്നു ഞാൻ,
പരിമളങ്ങൾ കണ്ണിൽപ്പെടുമാറാകും വരെ,
മാറ്റൊലിയുടെ വിറകൾ വാസനിക്കുന്നുവെന്നാകും വരെ.



മീവലിന്റെ മേലാട

എന്റെ കത്തുകൾ: മീവൽപ്പക്ഷികളുടെ പറ്റങ്ങൾ,
കറുത്ത മേലാടകളുണർച്ചയ്ക്കു മേലിഴച്ചുംകൊണ്ട്.



മിഥ്യ

നിന്റെ നീണ്ട മുടി കോതിവയ്ക്കൂ...
ഈ വിഭ്രാന്തകലാപം…
രാത്രിയെ അതു ഭീതമാക്കുന്നു.
ഔദാര്യമെനിയ്ക്കു വേണ്ട,
ഒരു പുകച്ചുരുളായിക്കോളൂ,
വന്നെത്താത്തൊരു നാളുമായിക്കോളൂ.
നമ്മുടെ സമാഗമത്തിനെത്തുകയും വേണ്ടാ,
തീർച്ചയുടെ കാരുണ്യം പുരണ്ടൊരു മിഥ്യയിൽ
എന്നെവിട്ടു പോകൂ.


link to image


കാഫ്ക–ദസ്തയേവ്സ്കിയൻ കാതൽ

File:DPAG 2008 Franz Kafka.jpg

1914 മാർച്ച് 9

ഞാനാകെ തളർന്നിരിക്കുന്നു, വിശ്രമിക്കാനും ഉറങ്ങാനുമുള്ള വഴി ഞാൻ നോക്കണം, അല്ലെങ്കിൽ ഞാൻ തുലഞ്ഞതു തന്നെ. ജീവനോടിരിക്കാൻ എന്തൂമാത്രം പ്രയത്നമാവശ്യമായിവരുന്നു! ഇത്രയും കരുത്തിന്റെ വിനിയോഗം വേണ്ടിവരുന്നില്ല, ഒരു സ്മാരകമുയർത്താൻ.


ഡിസംബർ 19

അപഹാസ്യമായിരിക്കും ഏതു കഥയുടെയും തുടക്കം. ഒരു പ്രതീക്ഷയുമില്ല, പൂർണ്ണത പ്രാപിക്കാത്തതും, സന്ധികളുറയ്ക്കാത്തതുമായ ഈ നവജാതവസ്തുവിന്‌ ലോകമെന്ന പൂർണ്ണതയെത്തിയ ഘടനയിൽ (അതാകട്ടെ, പൂർണ്ണത പ്രാപിച്ച ഏതൊരു ഘടനയും പോലെ മറ്റൊന്നിനെയും അകത്തു കടത്താതിരിക്കാനുള്ള നിരന്തരയത്നത്തിലുമാണ്‌) ജീവനോടിരിക്കാൻ കഴിയുമെന്ന്. എന്നാൽക്കൂടി നാം മറക്കരുത്, കഥ, നിലനിൽക്കാനുള്ള എന്തെങ്കിലും ന്യായീകരണം അതിനുണ്ടെങ്കിൽ, അതിന്റെ പൂർണ്ണമായ ഘടന തനിയ്ക്കുള്ളിൽ വഹിക്കുന്നുണ്ടെന്ന്, അതു പൂർണ്ണരൂപം പ്രാപിക്കുന്നതിനു മുമ്പുതന്നെ; ഈ കാരണത്താൽ കഥയുടെ തുടക്കത്തെക്കുറിച്ചുള്ള വേവലാതികൾക്ക് അടിസ്ഥാനവുമില്ല. സമാനമായ വിധത്തിൽ അച്ഛനമ്മമാർക്ക് മുലകുടി മാറാത്ത കുഞ്ഞിനെച്ചൊല്ലി വേവലാതിപ്പെടുകയുമാവാം, കാരണം, കഷ്ടം തോന്നിക്കുന്നതും, അപഹാസ്യവുമായ ഈ ജീവിയെ ലോകത്തേക്കു കൊണ്ടുവരണമെന്ന് അവരാഗ്രഹിച്ചിരുന്നില്ലല്ലോ. ശരിതന്നെ, നമ്മുടെ വേവലാതികൾ അടിസ്ഥാനമുള്ളതോ, അല്ലയോ എന്ന് നാമറിയാനും പോകുന്നില്ല. അതേസമയം, അതിനെക്കുറിച്ചാലോചിക്കുക എന്നത് നമുക്കൊരു പിൻബലം നൽകുന്നപോലെയുമാണ്‌; ഈയറിവില്ലാത്തതിന്റെ ദുഷ്ഫലം മുമ്പു ഞാൻ അനുഭവിച്ചിരിക്കുന്നു.


ഡിസംബർ 20

ദസ്തയേവ്സ്കിയെക്കുറിച്ച് മാക്സിന്റെ പരാതി. അദ്ദേഹം കണ്ടമാനം മനോരോഗികളെ കഥയിലേക്കു കൊണ്ടുവരുന്നുവെന്ന്. തീർത്തും തെറ്റാണത്. അവർ രോഗികളല്ല. അവരുടെ രോഗം പാത്രാവിഷ്കാരത്തിനുള്ള ഒരു മാർഗ്ഗം മാത്രമാണ്‌, അതും വളരെ സൂക്ഷ്മവും ഫലപ്രദവും. ഒരാളോട് അയാൾ ശുദ്ധനും വിഡ്ഡിയുമാണെന്ന് തോരാതോതിക്കൊണ്ടിരുന്നാൽ മതി, ഒരു ദസ്തയേവ്സ്കിയൻ കാതൽ അയാളിലുണ്ടെങ്കിൽ, ആ വിശേഷണങ്ങളോട് തനിക്കാവുന്നത്ര നീതി പുലർത്താനായി അയാളിറങ്ങിപ്പുറപ്പെടാൻ. സ്നേഹിതന്മാർ തമ്മിലുള്ള കളിയാക്കലുകളുടെ സ്ഥാനമേ, ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പാത്രാവിഷ്കാരങ്ങൾക്കുള്ളു. അവർ ഒരാളോട് ‘നീയൊരു മരത്തലയനാണ്‌’ എന്നു പറയുമ്പോൾ അയാൾ ശരിക്കുമൊരു മരത്തലയനാണെന്നും, അയാളുമായുള്ള കൂട്ടുകെട്ടു കൊണ്ട് തങ്ങൾക്കു നാണക്കേടേ ഉണ്ടായിട്ടുള്ളൂ എന്നുമല്ല അവർ ഉദ്ദേശിക്കുന്നത്. അതിൽ കലർന്നുകിടപ്പുണ്ട്, എണ്ണാനാവാത്തത്ര സൂചനകൾ, വെറുമൊരു തമാശയല്ല ആ കളിയാക്കലെങ്കിൽ, ഇനിയഥവാ, അങ്ങനെയാണെങ്കിൽത്തന്നെയും. അപ്പോൾ, അച്ഛൻകാരമസോവ്, ഒരു ദുഷ്ടജന്തുവാണയാളെങ്കിൽത്തന്നെ, ആളൊരു വിഡ്ഡിയുമല്ല, മറിച്ച് അതിസമര്‍ത്ഥനാണയാൾ, ഇവാനോളം സമർത്ഥൻ; ഒന്നുമല്ലെങ്കിൽ നോവലിസ്റ്റു വെറുതേ വിടുന്ന ആ കസിനെക്കാൾ, അയാളെക്കാൾ വളരെ കേമനാണെന്നു സ്വയം ഭാവിക്കുന്ന ആ അനന്തരവൻ ജന്മിയെക്കാൾ എത്രയോ സമർത്ഥനാണയാൾ.


1915 ജനുവരി 17

ശനിയാഴ്ച. എഫിനെ കാണണം. അവളെന്നെ സ്നേഹിക്കുന്നുവെങ്കിൽ ഞാനതിനർഹനുമല്ല. എത്രയിടുങ്ങിയതാണ്‌ സ്വന്തം പരിധികളെന്ന് ഞാനിന്നു കാണുന്നു, സർവതിലും, അതിനാൽ എന്റെ എഴുത്തിലും. ഒരാൾക്കു തന്റെ പരിധികളെക്കുറിച്ചുള്ള ബോധം അത്ര ഉത്കടമാണെങ്കിൽ അയാൾ പൊട്ടിത്തെറിക്കുക തന്നെ വേണം. ഇതിനെക്കുറിച്ച് എന്നെ ബോധവാനാക്കിയത് ഓട്ലയുടെ കത്തായിരിക്കണം. അടുത്ത കാലത്തായി വളരെ ആത്മസംതൃപ്തിയിലായിരുന്നു ഞാൻ; എഫിനോട് സ്വയം ന്യായീകരിക്കാനും, അവൾക്കെതിരെ പിടിച്ചുനിൽക്കാനുമായി പലവിധമായ വാദമുഖങ്ങൾ ഞാൻ പഠിച്ചുവച്ചിരുന്നു. അതൊന്നും എഴുതിവയ്ക്കാനുള്ള നേരമില്ലാതെപോയതു കഷ്ടം തന്നെ, ഇന്നെനിക്കതു കഴിയുകയുമില്ല.


ഫെബ്രുവരി 7

ആത്മജ്ഞാനത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ, സ്വരക്ഷയെ തുണയ്ക്കുന്ന മറ്റു ചുറ്റുപാടുകളൊക്കെ സന്നിഹിതമായിരിക്കെത്തന്നെ, താൻ അഭിശപ്തനാണെന്ന് അനിവാര്യമായും നിങ്ങൾ കണ്ടെത്തും. സദാചാരത്തെ സംബന്ധിച്ച ഏതു മാനദണ്ഡവും - അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എത്ര വ്യത്യസ്തമായിക്കൊള്ളട്ടെ - തനിക്കു കൈയെത്താത്ത ഉയരത്തിലായി നിങ്ങൾക്കു തോന്നും.നികൃഷ്ടമായ വ്യാജങ്ങളുടെ ഒരെലിമാളമല്ലാതെ യാതൊന്നുമല്ല താനെന്നു നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ എത്ര നിസ്സാരമായ ഒരു പ്രവൃത്തിയുമുണ്ടാവില്ല,  ആ വ്യാജങ്ങളാൽ മലിനപ്പെടാത്തതായി. അത്രയും വൃത്തികെട്ടതാണാ വ്യാജങ്ങളെന്നതിനാൽ ആത്മപരിശോധനയുടെ നേരത്ത് അവയെ അടുത്തുവച്ചു നിരീക്ഷിക്കാൻ തന്നെ നിങ്ങൾക്കാഗ്രഹമുണ്ടാവില്ല; ദൂരെ നിന്നൊന്നു കണ്ണോടിക്കുന്നതു കൊണ്ടുതന്നെ നിങ്ങൾ തൃപ്തനാവും. വെറും സ്വാർത്ഥത മാത്രമല്ല, ആ വ്യാജങ്ങളുടെ ചേരുവ; അതു വച്ചു നോക്കുമ്പോൾ നന്മയുടെയും സൗന്ദര്യത്തിന്റെയും ആദർശരൂപമാണു സ്വാർത്ഥതയെന്നു തോന്നിപ്പോവും. നിങ്ങൾ കണ്ടെത്തുന്ന ആ മാലിന്യത്തിന്‌ സ്വന്തമായ ഒരസ്തിത്വമുണ്ടായിരിക്കും; ഈ ചുമടും പേറിയാണ്‌ താൻ ഈ ലോകത്തിലേക്കു വന്നതെന്ന് നിങ്ങൾ തിരിച്ചറിയും; ആ മാലിന്യം കാരണമായിത്തന്നെ തിരിച്ചറിയപ്പെടാതെ- അല്ലെങ്കിൽ ആർക്കും തിരിച്ചറിയാവുന്നതായി- നിങ്ങൾ ഇവിടം വിട്ടു പോവുകയും ചെയ്യും. ഈ മാലിന്യമാണ്‌ നിങ്ങൾ കണ്ടെത്താൻ പോകുന്ന അത്യഗാധത; അത്യഗാധതയിൽ ലാവയല്ല ഉണ്ടാവുക, അല്ല, മാലിന്യം. അതു തന്നെ അത്യഗാധതയും അത്യുന്നതവും; ആത്മപരിശോധന ജനിപ്പിച്ച സന്ദേഹങ്ങൾ പോലും വൈകാതെ ദുർബലമാവും; ചെളിയിൽ കിടന്നു പുളയ്ക്കുന്ന പന്നിയെപ്പോലെ നിങ്ങൾ ആത്മസംതൃപ്തിയിലാവുകയും ചെയ്യും.


മാർച്ച് 13

ഒരു രാത്രി. ആറു മണിയ്ക്ക് സോഫയിൽ ചെന്നു കിടന്നു. എട്ടു മണി വരെ ഉറങ്ങി. എഴുന്നേൽക്കാൻ തോന്നിയില്ല, മണിയടിക്കുന്നതും കാത്തു കിടന്നു, ഉറക്കച്ചടവിൽ മണിയടിച്ചതു കേൾക്കാതെയും പോയി. ഒമ്പതു മണിയ്ക്കെഴുന്നേറ്റു. അത്താഴത്തിന്‌ വീട്ടിലേക്കു പോയില്ല, മാക്സിന്റെ വീട്ടിലും പോയില്ല; അവിടെ ഇന്നൊരു കൂടിച്ചേരലുള്ളതുമായിരുന്നു. കാരണങ്ങൾ: വിശപ്പില്ലായ്മ, മടങ്ങാൻ വൈകുമെന്ന പേടി; അതിനൊക്കെയുപരി, ഇന്നലെ ഞാൻ ഒരു വരി പോലുമെഴുതിയിട്ടില്ലെന്ന ചിന്ത, ഞാനതിൽ നിന്നകന്നകന്നു പോവുകയാണെന്ന, കഴിഞ്ഞ ആറു മാസം കൊണ്ട് ഞാൻ കഷ്ടപ്പെട്ടു സമ്പാദിച്ചതൊക്കെ നഷ്ടപ്പെടാൻ പോവുകയാണെന്ന വിചാരം. അതിനു ഞാൻ തെളിവും നൽകി, ഉപേക്ഷിക്കാമെന്നു നേരത്തേ ഞാൻ തീരുമാനിച്ചിരുന്ന പുതിയൊരു കഥയുടെ ഹീനമായ ഒന്നരപ്പേജെഴുതിക്കൊണ്ട്; പിന്നെ നൈരാശ്യത്തോടെ, എന്റെ സ്വസ്ഥത കെട്ട വയറിനും അതിലൊരു പങ്കുണ്ട്, ഹെഴ്സെൻ വായിച്ചു, അദ്ദേഹം ഏതെങ്കിലും വിധത്തിൽ എന്നെ രക്ഷപ്പെടുത്തുമെന്ന ചിന്തയോടെ. വിവാഹം കഴിഞ്ഞ ആദ്യത്തെ വർഷത്തെ അദ്ദേഹത്തിന്റെ ആഹ്ളാദം, അങ്ങനെയൊരു സന്തുഷ്ടാവസ്ഥയിൽ സ്വയം നിർത്തിനോക്കുന്നതിൽ എനിക്കുള്ള ഭീതി; അദ്ദേഹത്തിനു ചുറ്റുമുള്ള അഭിജാതജീവിതം; ബെലിൻസ്കി; രോമക്കുപ്പായമൂരാതെ തന്നെ പകലു മുഴുവൻ സോഫയിൽ കിടക്കുന്ന ബക്കുനിൻ.


സെപ്തംബർ 14

ശനിയാഴ്ച മാക്സിന്റെയും ലാംഗറുടെയുമൊപ്പം അത്ഭുതപ്രവർത്തകനായ റബ്ബിയെ കാണാൻ പോയി. സിസ്കോവ്, ഹരാന്റോവാ തെരുവ്. നടപ്പാതയിലും കോണിപ്പടിയിലുമായി കുറേയധികം കുട്ടികൾ. ഒരു സത്രം. തീരെ വെളിച്ചമില്ലാത്ത മേൽനില; കുറേ പടികൾ അന്ധനെപ്പോലെ കൈ കൊണ്ടു തപ്പിപ്പിടിക്കേണ്ടിവന്നു. നിറം മങ്ങിയ, വെളിച്ചം കുറഞ്ഞ ഒരു മുറി, നരച്ചുവെളുത്ത ചുമരുകൾ, കുറേ കൊച്ചുസ്ത്രീകളും പെൺകുട്ടികളും കൂടിനിൽക്കുന്നു, വെളുത്ത തൂവാലകൾ അവരുടെ തലയ്ക്കു മേൽ, വിളർത്ത മുഖങ്ങൾ, നേർത്ത ചലനങ്ങൾ. ജീവനില്ലായ്മയുടെ ഒരു പ്രതീതി. അടുത്ത മുറി. ആകെയിരുട്ട്, നിറയെ പുരുഷന്മാരും ചെറുപ്പക്കാരും. ഉച്ചത്തിലുള്ള പ്രാർത്ഥനകൾ. ഞങ്ങൾ ഒരു കോണിലേക്ക് ഒതുങ്ങിക്കൂടിനിന്നു. ഞങ്ങൾ ചുറ്റിനുമൊന്നു കണ്ണോടിക്കുമ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞു, മുറി ശൂന്യമായി. മൂലയ്ക്കൊരു മുറി, ഇരുവശവും ജനാലകൾ, രണ്ടു ജനാലകൾ വീതം. റബ്ബിയുടെ വലതുഭാഗത്തുള്ള ഒരു മേശയ്ക്കരികിലേക്ക് ഞങ്ങളെ തള്ളിനീക്കി. ഞങ്ങൾ പിടിച്ചുനിന്നു. “നിങ്ങളും ജൂതന്മാരാണല്ലേ?” പിതാക്കന്മാരുടെ സ്വഭാവകാർശ്യമെത്രയ്ക്കുണ്ടോ, അത്രയ്ക്കൊരു റബ്ബിയായി. റബ്ബിമാരൊക്കെ കിരാതന്മാരാണ്‌, ലാംഗർ പറഞ്ഞു. ഇദ്ദേഹം സിൽക്കു കൊണ്ടുള്ള നീളൻകുപ്പായത്തിലായിരുന്നു, അടിയിൽ കാലുറകൾ കാണാം. മൂക്കിന്റെ പാലത്തിന്മേൽ രോമം. രോമത്തൊപ്പി അദ്ദേഹം പിടിച്ചുവലിച്ചുകൊണ്ടീരുന്നു. വൃത്തിശൂന്യവും നിർമ്മലവും, ഗാഢമായി ചിന്തിക്കുന്നവരുടെ ലക്ഷണമാണത്. അദ്ദേഹം താടി ചൊറിഞ്ഞു, വിരലുകൾക്കിടയിലൂടെ മൂക്കു ചീറ്റി, വിരലു കൊണ്ട് ഭക്ഷണത്തിൽ തൊട്ടു; പക്ഷേ ഒരു നിമിഷത്തേക്ക് മേശ മേൽ കൈ തങ്ങുമ്പോൾ ആ തൊലിയുടെ വെണ്മ നിങ്ങൾ കാണുന്നു, സ്വന്തം ബാല്യകാലഭാവനയിൽ മാത്രം പണ്ടു കണ്ടതായി നിങ്ങൾക്കോർമ്മയുള്ള ഒരു വെണ്മ - നിങ്ങളുടെ അമ്മയച്ഛന്മാരും അന്നു നൈർമ്മല്യമുള്ളവരായിരുന്നു.


സെപ്തംബർ 16

തൊണ്ടയ്ക്കും കീഴ്ത്താടിയ്ക്കുമിടയിലാണ്‌ കുത്തിക്കേറ്റാൻ ഏറ്റവും യോഗ്യമായതെന്നു തോന്നാം. താടി പൊക്കുക, വലിഞ്ഞ പേശികളിലേക്ക് കത്തി കയറ്റുക. പക്ഷേ സ്വന്തം ഭാവനയിലേ ഈ ഭാഗം യോഗ്യമായിത്തോന്നുന്നുള്ളൂ എന്നു വരാം. ചോരയുടെ ഉജ്ജ്വലമായ കുത്തിയൊഴുക്കു നിങ്ങൾ പ്രതീക്ഷിക്കുന്നു, കെട്ടുപിണഞ്ഞ സ്നായുക്കളും, പൊരിച്ച ടർക്കിയുടെ കാലിൽ കാണുന്ന തരം കുഞ്ഞുകുഞ്ഞെല്ലുകളും.


link to image


Thursday, February 2, 2012

കാഫ്ക–ഒരു വെള്ളക്കുതിര

File:Franz Kafka - Betrachtung - Zum Nachdenken fuer Herrenreiter - Postkarte - Christian Mantey - Berlin 2009.jpg

1914 മേയ് 6

എഫിനും എനിക്കും താമസിക്കാൻ എന്റെ അച്ഛനമ്മമാർ നല്ലൊരു വീടു കണ്ടുപിടിച്ചുവെന്നു തോന്നുന്നു; മനോഹരമായ ഒരു വൈകുന്നേരം മുഴുവൻ ഞാൻ ഓടിയലഞ്ഞു തുലച്ചു. തങ്ങളുടെ വാത്സല്യാതിരേകം കൊണ്ടു സന്തുഷ്ടമാക്കിയ ഒരു ജീവിതത്തിനൊടുവിൽ ശവക്കുഴിയിലും അവരെന്നെ കൊണ്ടുവയ്ക്കുമോയെന്നാണ്‌ എന്റെ സംശയം.

ഒരു വിവാഹനിശ്ചയം നടക്കുകയാണ്‌. വിരുന്നു കഴിയാറായിരിക്കുന്നു, ആളുകൾ മേശയ്ക്കു മുന്നിൽ നിന്നെഴുന്നേൽക്കുകയാണ്‌. ജനാലകളൊക്കെ തുറന്നിട്ടിരിക്കുന്നു, ജൂൺ മാസത്തിലെ ഊഷ്മളവും, സുന്ദരവുമായ ഒരു സന്ധ്യയുമായിരുന്നു. കൂട്ടുകാരുടെയും പരിചയക്കാരുടെയും നടുക്കു നിൽക്കുകയാണ്‌ പെൺകുട്ടി, മറ്റുള്ളവർ അവിടവിടെയായി കൂട്ടം കൂടി നിൽക്കുന്നു. ഇടയ്ക്കിടെ പൊട്ടിച്ചിരികൾ മുഴങ്ങുന്നുമുണ്ട്. അവൾ വിവാഹം കഴിക്കേണ്ടയാൾ മാറിനിൽക്കുകയാണ്‌, ബാൽക്കണിയിലേക്കുള്ള വാതിലിൽ ചാരിനിന്നുകൊണ്ട് പുറത്തേക്കു നോക്കുകയാണയാൾ.
അല്പസമയം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ അമ്മ അതു ശ്രദ്ധിച്ചു; അവർ അയാൾക്കടുത്തു ചെന്നു പറഞ്ഞു, “ഇതെന്താ, ഒറ്റയ്ക്കിവിടെ നിൽക്കുന്നത്? ഓൾഗായുടടുത്തു പോകുന്നില്ലേ? നിങ്ങൾ തമ്മിൽ പിണങ്ങിയോ?”
“ഏയ്,” അയാൾ പറഞ്ഞു, “ ഞങ്ങൾ പിണങ്ങിയിട്ടൊന്നുമില്ല.”
“എന്നാൽ ശരി,” അമ്മ പറഞ്ഞു, “പോയി അവളുടെയടുത്തു ചെന്നു നില്ക്കൂ. നിന്റെ പെരുമാറ്റം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.


മേയ് 27

എ. എന്ന നഗരത്തിലെ വലുതെങ്കിലും അത്ര തിരക്കില്ലാത്ത ഒരു തെരുവിൽ ഒരു ശരൽക്കാലസായാഹ്നത്തിലാണ്‌ ആ വെള്ളക്കുതിര ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു വീടിന്റെ ഗെയ്റ്റു കടന്നാണ്‌ അതു പുറത്തേക്കു വന്നത്; ആ വീടിന്റെ മുറ്റത്തു തന്നെ ഒരു ട്രാൻസ്പോർട്ടുകമ്പനിയുടെ വലിയ ഗോഡൌണുകളും പ്രവർത്തിക്കുന്നുണ്ട്. വണ്ടികളിൽ കെട്ടാനായി കുതിരകളെ, ഇടയ്ക്കൊക്കെ ഒരു കുതിരയെ മാത്രമായും, അതുവഴി കടത്തിക്കൊണ്ടുവരാറുള്ളതിനാൽ ഈ വെള്ളക്കുതിര ആരുടെയും ശ്രദ്ധയിൽപ്പെടാതെപോയി. ഇതു പക്ഷേ, ആ കമ്പനിയുടെ കുതിരകളിൽ പെട്ടതായിരുന്നില്ല. ഗെയിറ്റിനു മുന്നിൽ ചരക്കുകെട്ടുകൾ മുറുക്കിക്കെട്ടിക്കൊണ്ടിരുന്ന ഒരു ജോലിക്കാരൻ കുതിരയെ ശ്രദ്ധിച്ചു; അയാൾ മുഖമുയർത്തി നോക്കി; പിന്നെ, വണ്ടിക്കാരൻ പിന്നാലെ വരുന്നുണ്ടോയെന്നറിയാൻ മുറ്റത്തേക്കു നോക്കി. ആരും വന്നില്ല. കുതിര റോഡിലേക്കു കടന്നില്ല, അതിനു മുമ്പേ അതു വെട്ടിപ്പിന്മാറി, നടപ്പാതയിൽ തീപ്പൊരികൾ പാറി, അതിടറി വീഴാനും പോയതാണ്‌; പെട്ടെന്നു തന്നെ പക്ഷേ അതു സമനില വീണ്ടെടുക്കുകയും, സന്ധ്യനേരമായതിനാൽ മിക്കവാറും ആളൊഴിഞ്ഞ ആ തെരുവിലൂടെ അത്ര വേഗത്തിലല്ലാതെയും, എന്നാൽ വളരെപ്പതുക്കെയല്ലാതെയും ഓടിപ്പോവുകയും ചെയ്തു. ജോലിക്കാരൻ വണ്ടിക്കാരന്റെ അശ്രദ്ധയെ ശപിച്ചു; മുറ്റത്തേക്കു നോക്കി പല പേരുകളും വിളിച്ചുപറഞ്ഞു. അതു കേട്ട് ചിലർ പുറത്തേക്കു വന്നു; പക്ഷേ കുതിര തങ്ങളുടേതല്ലന്നു കണ്ടപ്പോൾ അവർ അല്പം ആശ്ചര്യത്തോടെ ഗെയ്റ്റിനുള്ളിൽത്തന്നെ കൂട്ടം കൂടി നോക്കിനിന്നതേയുള്ളു. എന്തു ചെയ്യണമെന്നു ചിലർക്കു ചിന്തയുദിക്കുന്നതിനു മുമ്പേ സമയം കുറച്ചു കഴിഞ്ഞിരുന്നു; അവർ കുറേ ദൂരം കുതിരയുടെ പിന്നാലെ ഓടിയിട്ട് അതിനെ വീണ്ടും കണ്ടുകിട്ടാത്തതിനാൽ പെട്ടെന്നുതന്നെ മടങ്ങിപ്പോരുകയും ചെയ്തു.

ഈ നേരം കൊണ്ട് കുതിര ആരും തടയാതെ നഗരപ്രാന്തത്തിലെ തെരുവുകളിലെത്തിക്കഴിഞ്ഞിരുന്നു. ഒറ്റയ്ക്കോടിപ്പോകുന്ന കുതിരകൾക്കു സാധാരണ കഴിയുന്നതിനേക്കാൾ ഭംഗിയായി അത് തെരുവുജീവിതത്തോടിണങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ മിതമായ വേഗത ആരെയും പേടിപ്പെടുത്താൻ പോകുന്നില്ല; പോകുന്ന  വഴിയിൽ നിന്നോ, തെരുവിൽ തന്റെ വശത്തു നിന്നോ അതു വ്യതിചലിക്കുന്നില്ല; ഒരിടത്തെരുവിൽ നിന്നു കയറിവന്ന ഒരു വണ്ടിയ്ക്കു കടന്നുപോകേണ്ടി വന്നപ്പോൾ അതു നിന്നുകൊടുത്തു; എത്രയും ശ്രദ്ധാലുവായ ഒരു കുതിരക്കാരന്റെ കൈയിലാണു കടിഞ്ഞാണെന്നിരിക്കട്ടെ, ഇതിലും കുറ്റമറ്റതാകാൻ പോകുന്നില്ല അതിന്റെ പെരുമാറ്റം. എന്നാൽക്കൂടി, കണ്ണിൽപ്പെടാതെ പോവുകയുമില്ല ഈ കാഴ്ച; അവിടെയുമിവിടെയുമൊക്കെ ചിലർ നടത്തം നിർത്തി ഒരു പുഞ്ചിരിയോടെ അതിനെ നോക്കുന്നുണ്ട്; ബിയറു കേറ്റിപ്പോകുന്ന ഒരു വണ്ടിക്കാരൻ പോകുന്ന വഴി തമാശയ്ക്ക് ചാട്ട കൊണ്ട് അതിനെ ഒന്നു തല്ലുകയും ചെയ്തു; അതൊന്നു വിരണ്ടു പിന്നോട്ടടിച്ചുവെങ്കിലും ഓട്ടത്തിന്റെ വേഗത കൂട്ടിയതുമില്ല.

ഈ സംഭവമാണു പക്ഷേ, ഒരു പോലീസുകാരന്റെ കണ്ണിൽപ്പെട്ടത്; അയാൾ കുതിരയ്ക്കടുത്തു ചെന്ന് ( ആ സമയത്താണ്‌ അതു മറ്റൊരു ദിശയിലേക്കു പോകാനായി തിരിയുന്നതും) കടിഞ്ഞാണിൽ കയറിപ്പിടിച്ചിട്ട് സൗഹൃദഭാവത്തിൽ പറഞ്ഞു , ‘ഹേയ്, എങ്ങോട്ടാണോ ഈ ഒളിച്ചോട്ടം?’ അതിനെ പിടിച്ചുകൊണ്ട് റോഡിനു നടുക്ക് അയാൾ അല്പനേരം നിന്നു; ആ ഒളിച്ചോട്ടക്കാരന്റെ പിന്നാലെ അതിന്റെ ഉടമസ്ഥൻ ഉടനേ വരുന്നുണ്ടാവണം എന്നായിരുന്നു അയാളുടെ ചിന്ത.

ഇതിനൊരർത്ഥമുണ്ട്, പക്ഷേ ദുർബലമാണിത്; ചോരയൊഴുക്കിനു കട്ടി പോരാ, ഹൃദയത്തിൽ നിന്നു വളരെ ദൂരെയുമാണത്. നല്ല ചില ദൃശ്യങ്ങൾ മനസ്സിലുണ്ടെങ്കിലും ഞാൻ നിർത്തുകയാണ്‌. ഇന്നലെ ഉറക്കം പിടിയ്ക്കുന്നതിനു തൊട്ടു മുമ്പായിട്ടാണ്‌ ഈ വെള്ളക്കുതിര എനിക്കു മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്; ചുമരിലേക്കു തിരിച്ചുവച്ച എന്റെ തല്യ്ക്കുള്ളിൽ നിന്ന് അതു കാലെടുത്തു വച്ചിറങ്ങുന്നതും, എനിക്കു മേൽ കൂടി കട്ടിലിൽ നിന്നു ചാടിയിറങ്ങുന്നതും പിന്നെ അപ്രത്യക്ഷമാകുന്നതും എന്റെ മനസ്സിലുണ്ട്. ഞാൻ കഥ തുടങ്ങിവച്ചു എന്നത് ദൗർഭാഗ്യവശാൽ അവസാനം നടന്നതിനെ നിഷേധിക്കുന്നുമില്ല.

എനിക്കധികം പിശകിയിട്ടില്ലെങ്കിൽ അടുത്തടുത്തു വരികയാണു ഞാൻ. കാട്ടിനുള്ളിലെവിടെയോ ഒരു വെളിയിടത്ത് ഒരാത്മീയയുദ്ധം നടക്കുന്ന പോലെയാണ്‌. ഞാൻ കാട്ടിനുള്ളിലേക്കു കയറിച്ചെല്ലുന്നു, ഒന്നും കാണുന്നില്ല, ബലഹീനത കാരണം അപ്പോൾത്തന്നെ ഞാൻ കാട്ടിൽ നിന്നു തിരിച്ചിറങ്ങുകയും ചെയ്യുന്നു. പലപ്പോഴും തിരിച്ചുപോരുമ്പോൾ ഞാൻ കേൾക്കുന്നുണ്ട്, അല്ലെങ്കിൽ കേട്ടെന്നെനിയ്ക്കു തോന്നുന്നുണ്ട്, ആ യുദ്ധത്തിൽ ആയുധങ്ങളിടയുന്നത്. കാട്ടിനുള്ളിലെ ഇരുട്ടിനിടയിലൂടെ ഭടന്മാരുടെ കണ്ണുകൾ എന്നെ തിരയുകയാണെന്നു വരാം; പക്ഷേ എനിക്കവരെക്കുറിച്ചു വളരെക്കുറച്ചേ അറിയൂ; ആ കുറച്ചാകട്ടെ, തെറ്റിദ്ധരിപ്പിക്കുന്നതും.


ജൂലൈ 28

ഞാൻ  ആളുകളെ ഒഴിഞ്ഞുമാറിനടക്കുന്നുവെങ്കിൽ അതു സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയല്ല, സമാധാനത്തോടെ മരിക്കാൻ വേണ്ടിയാണ്‌.


link to image


ഷൂൾ ലഫോർഗെ - നഗരത്തിനു പുറത്ത് ഒരു ദിനാന്ത്യം


ജൂലൈ മദ്ധ്യത്തിലെ ഒരു സന്ധ്യ, എട്ടു മണി


ഒരു ചാറ്റമഴ കഴിഞ്ഞതിൽപ്പിന്നെ കലങ്ങിയ പച്ചനിറമായിരുന്ന കുളങ്ങൾക്ക് അവയുടെ ചുളിവുകൾ നഷ്ടപ്പെടുന്നു, നനഞ്ഞ പട്ടിന്റെ മട്ടും.
ശൂന്യതയിൽ സ്പഷ്ടവും, ഏകതാനവുമായ മൂന്നു ശബ്ദങ്ങൾ: ഒരു തീവണ്ടിയുടെ ചൂളം വിളി, മൺതിട്ടിലെ താഴ്ന്ന ഇലച്ചാർത്തിനുള്ളിൽ നിന്ന് ഒരു കരിങ്കിളിയുടെ ചടുലമായ പുല്ലാങ്കുഴൽവിളി, കുടമണികളുടെ കിലുക്കവും.
ശേഷിച്ചതൊക്കെ കുന്നുകളും ശൂന്യതയും നരച്ചുവിളർത്ത ആകാശവും കൂടിച്ചേർന്ന ഒരു നിശ്ചേഷ്ടപിണ്ഡം.


നഗരത്തിനു പുറത്ത് ഒരു ദിനാന്ത്യം


ഒരു ദിനാന്ത്യം നഗരത്തിനു പുറത്തു കഴിച്ചു.
നരച്ചൊരുതരം പട്ടണം, ശ്രദ്ധയോടെ കല്ലു പാകിയത്, ശാന്തമായത്.
ഹോട്ടലിന്റെ ജനാല പ്രധാനകവലയ്ക്ക് അഭിമുഖമായി നിൽക്കുന്നു. അതിനു മേൽ ഒരു മൂഢചന്ദ്രൻ ഉദിച്ചുയരുന്നതു ഞാൻ നോക്കിനിന്നു; ഇങ്ങനെയൊരു പട്ടണം, അതിന്റെ അഗണ്യതയൊക്കെയുമായി,  ശരിക്കും ലോകത്തുള്ളതാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താനെന്നവണ്ണം അതിനു മേൽ പ്രകാശം പരത്തിക്കൊണ്ട്.
തെരുവുവിളക്കു കത്തിക്കുന്നൊരാൾ, കൈയിലൊരു കുട്ടിയുമായി, പിന്നാലെ ഒരു നായയുമായി; അതിന്‌ ഇതൊക്കെ വളരെ പരിചിതമാണെന്ന പോലെ; തങ്ങൾ പഴയ ചങ്ങാതിമാരാണെന്ന മട്ടിൽ അതു നടപ്പാതകൾ മണത്തുനോക്കുന്നുണ്ട്.
വിളക്കിനു കത്തണമെന്നുണ്ടായിരുന്നില്ല.
ഉടനേ, രണ്ട്, അഞ്ച്, ആറാളുകൾ വരികയായി, അതിനെക്കുറിച്ചു ചർച്ചയായി; വിളക്കു കത്തുന്നു, അതു കത്തുന്നുവെന്ന് അവർ തീർച്ച വരുത്തുന്നു, പിന്നെ അവർ പതുക്കെ അവിടെ നിന്നു പോകുന്നു. ഒരാൾ മാത്രം ശേഷിക്കുന്നുണ്ട്. ഒരു നിമിഷം വിളക്കിലേക്ക് ഒന്നു നോക്കിനിന്നിട്ട് അയാളും പോകുന്നു.
ഹാ! ഈയൊരു കക്കായോട്ടിയിൽ ജീവിക്കുക!
മരിക്കുക!...മരിക്കുക.
പാരീസിൽ, മിസ്സിസ്സിപ്പിയ്ക്കു മേൽ, ബോംബേയിലുള്ള അതേ ചന്ദ്രൻ തന്നെ, ഇവിടെയും.


Wednesday, February 1, 2012

കാഫ്ക - ഞാൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ…

File:DBP 1983 1178 Franz Kafka.jpg


1913 ഡിസംബർ 4

പുറമേ നിന്നു നോക്കുമ്പോൾ ഭീകരമാണ്‌, പക്വതയെത്തിയെങ്കിലും ചെറുപ്പമായ ഒരാൾ മരിച്ചാൽ, അല്ലെങ്കിൽ അയാൾ സ്വയം ജീവനൊടുക്കിയാൽ. നിരാശയോടെ ഇവിടം വിട്ടുപോവുക, യാതൊന്നും തെളിഞ്ഞുകിട്ടാതെ, അല്ലെങ്കിൽ വരാനിരിക്കുന്ന കണക്കെടുപ്പിൽ ഇങ്ങനെയൊരു ജീവന്റെ ആവിർഭാവം നടന്നിട്ടേയില്ലെന്നാവും രേഖപ്പെടുത്തുക എന്ന ഒരേയൊരാശയോടെ. മരിക്കുക എന്നാൽ ഇല്ലായ്മയ്ക്ക് മറ്റൊരില്ലായ്മയെ അടിയറ വയ്ക്കുക എന്നൊരർത്ഥമേ വരുന്നുള്ളു; അതു പക്ഷേ നമ്മുടെ ധാരണകൾക്കുമതീതമായിരിക്കും; എങ്ങനെയാണൊരു വ്യക്തി, ഒരില്ലായ്മയായിട്ടെങ്കിലും, ബോധപൂർവം മറ്റൊരില്ലായ്മയ്ക്ക് സ്വയം അടിയറ വയ്ക്കുക, അതും ശൂന്യമായ ഇല്ലായ്മയ്ക്കല്ല, മുഖരമായ ഒരില്ലായ്മയ്ക്ക്, ഗ്രഹണാതീതമായതു കൊണ്ടു മാത്രം ഇല്ലായ്മയായതൊന്നിന്‌?

ഡിസംബർ 9

ലോകം കീഴടങ്ങിയിരിക്കുന്നു, കണ്ണുകൾ തുറന്നുപിടിച്ച് നാമതു കാണുകയും ചെയ്തു. ഇനി നമുക്ക് പതുക്കെ മാറിപ്പോവുക, നമ്മുടെ ജീവിതം തുടരുക.

ആത്മപരിശോധനയോടുള്ള വെറുപ്പ്. സ്വന്തം ആത്മാവിനെ ഇതുമാതിരി വിശദീകരിക്കുക: ഇന്നലെ ഞാൻ അങ്ങനെയായിരുന്നു, അത് ഈ കാരണം കൊണ്ട്; ഇന്നു ഞാൻ ഇങ്ങനെയാണ്‌, അത് ആ കാരണം കൊണ്ട്. അതു സത്യമല്ല, ഈ കാരണവും ആ കാരണവും കൊണ്ടല്ല, അതിനാൽ ഇങ്ങനെയും അങ്ങനെയും ആയതുമല്ല. താൻ എന്താണോ, അതിനോടു പൊരുത്തപ്പെടുക, അക്ഷോഭ്യനായി, തിടുക്കങ്ങളില്ലാതെ, താനേതുവിധം ജീവിക്കേണമോ, അതുപോലെ ജീവിക്കുക, നായയെപ്പോലെ സ്വന്തം വാലിൽ തിരിഞ്ഞുകടിയ്ക്കാൻ ശ്രമിക്കാതിരിക്കുക.

ഒരടിക്കാടിൽ കിടന്നു ഞാൻ ഉറങ്ങിപ്പോയി. ഒരൊച്ച കേട്ടു ഞാനുണർന്നു. നേരത്തേ വായിച്ചുകൊണ്ടിരുന്ന ഒരു പുസ്തകം ഞാൻ എന്റെ കൈകളിൽ കണ്ടു. അതു വലിച്ചെറിഞ്ഞിട്ട് ഞാൻ ചാടിയെഴുന്നേറ്റു. ഉച്ച തിരിഞ്ഞിട്ടേയുള്ളു; ഞാൻ നിൽക്കുന്ന കുന്നിനു മുന്നിലായി വലിയൊരു താഴ്വാരം പരന്നുകിടന്നിരുന്നു, ഗ്രാമങ്ങളും ചിറകളും, ഇടയിൽ ഒരേ രൂപത്തിൽ പൊക്കത്തിൽ വളർന്നുനിൽക്കുന്ന ഈറ പോലത്തെ പൊന്തകളുമായി. ഞാൻ ഇടുപ്പിൽ കൈ കുത്തി സർവതും കണ്ണുകൾ കൊണ്ടു നിരീക്ഷണം ചെയ്തു, ഒപ്പം, ഒച്ചയെന്താണെന്നു കാതോർക്കുകയും ചെയ്തു.


ഡിസംബർ 12

അല്പനേരം മുമ്പ് കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ ഒന്നു സൂക്ഷിച്ചുനോക്കി- കൃത്രിമവെളിച്ചത്തിലായിരുന്നുവെങ്കിലും, പിന്നിൽ നിന്നാണു വെളിച്ചം വീഴുന്നതെന്നതിനാൽ കാതരികുകളിലെ രോമങ്ങളേ തിളങ്ങുന്നുള്ളുവെന്നിരുന്നാലും- എന്റെ മുഖം സൂക്ഷ്മപരിശോധനയ്ക്കു ശേഷവും എനിക്കറിവുള്ളതിനെക്കാൾ ഭേദമായിട്ടെനിക്കു തോന്നി. തെളിഞ്ഞതും, വടിവൊത്തതും, സുന്ദരമെന്നുതന്നെ പറയാവുന്ന ബാഹ്യരേഖകളോടു കൂടിയതുമായ ഒരു മുഖം. മുടിയുടെ കറുപ്പും, പുരികങ്ങളും, കൺകുഴികളും ശേഷിച്ച നിശ്ചേഷ്ടപിണ്ഡത്തിൽ നിന്ന് ഓജസ്സോടെ വേറിട്ടു കാണപ്പെടുന്നു. ഒരു വിധത്തിലും മുഷിഞ്ഞതും ക്ഷീണിതവുമല്ല, നോട്ടവും; അതിന്റെ ഒരു ലാഞ്ഛന പോലുമില്ല, എന്നാൽ ബാലിശമെന്നു പറയാനുമില്ല; അവിശ്വസനീയമാം വിധം ഊർജ്ജസ്വലമാണത്; അതെന്നെ നിരീക്ഷിക്കുകയായിരുന്നു എന്നതു കൊണ്ടാവാം അങ്ങനെയായത്; കാരണം ഞാനപ്പോൾ എന്നെത്തന്നെ നിരീക്ഷിക്കുകയായിരുന്നല്ലോ, സ്വയം പേടിപ്പിക്കാൻ നോക്കുകയുമായിരുന്നല്ലോ.


ഡിസംബർ 17

സ്വാതന്ത്ര്യത്തിനും അടിമത്തത്തിനുമിടയിലുള്ള പാതകൾ അന്യോന്യം മുറിച്ചു കടന്നുപോകുന്നു, മുന്നോട്ടു പോകാൻ ദിശാസൂചനകളൊന്നുമില്ലാതെ; പിന്നിട്ട വഴികൾ തൽക്ഷണം തന്നെ മാഞ്ഞുപോവുകയും ചെയ്യുന്നുണ്ട്. പാതകൾ അസംഖ്യമാണ്‌, ഒന്നേയുള്ളുവെന്നും വരാം, എനിക്കു തീർച്ചയില്ല; കാരണം, നിന്നുനോക്കാൻ ഉയർന്നൊരിടം എനിക്കു കിട്ടിയിട്ടില്ലല്ലോ. ഈ അവസ്ഥയിലാണു ഞാൻ. വിട്ടുപോരാനും എനിക്കാവില്ല. എനിക്കു പരാതിപ്പെടാനുമവകാശമില്ല. ക്രമാധികമൊന്നുമല്ല എന്റെ യാതന; കാരണം ഞാൻ യാതനപ്പെടുന്നുവെങ്കിൽ അതു തുടർച്ചയില്ലാതെയാണ്‌, അതു കൂമ്പാരം കൂടുന്നില്ല, തൽക്കാലത്തേക്കെങ്കിലും എനിക്കതനുഭവമാകുന്നുമില്ല. ഞാനനുഭവിക്കുന്ന യാതനയുടെ തോത് എനിക്കു നീക്കിവച്ച യാതനയെക്കാൾ കുറവാണെന്നും വരാം.


ഡിസംബർ 20

പ്രശാന്തമായ ഒരു മുഖം, അക്ഷോഭ്യമായ സംസാരം- അതുണ്ടാക്കുന്ന പ്രഭാവം, തനിക്കിനിയും പൂർണ്ണമായും മനസ്സിലായിട്ടില്ലാത്ത ഒരപരിചിതനിൽ നിന്നാണതു വരുന്നതെങ്കിൽ പ്രത്യേകിച്ചും. ഒരു മനുഷ്യവദനത്തിൽ നിന്ന് ഒരു ദൈവശബ്ദം.


1914 ജനുവരി 8

ജൂതന്മാർക്കും എനിക്കും തമ്മിൽ പൊതുവായിട്ടെന്തിരിക്കുന്നു? എനിക്കെന്നോടു തന്നെ പൊതുവായിട്ടെന്തിരിക്കുന്നു? ശ്വാസം കഴിക്കാനാവുന്നുണ്ടെന്നതു കൊണ്ടുതന്നെ തൃപ്തനായി, ഒരു കോണിൽ ഞാൻ ഒഴിഞ്ഞുനിൽക്കണം.

ജനുവരി 26

തുർഹെയ്മിന്റെ അച്ഛന്റെ മരണം: “പിന്നെ ഡോക്ടർമാർ വന്നു നോക്കുമ്പോൾ അദ്ദേഹത്തിന്റെ നാഡിമിടിപ്പ് വളരെ നേർത്തതായിരുന്നു; വളരെക്കുറച്ചു മണിക്കൂറുകൾ മാത്രമേ ആൾ ജീവനോടിരിക്കൂ എന്നവർ വിധിക്കുകയും ചെയ്തു. എന്റെ ദൈവമേ, എന്റെ അച്ഛനെക്കുറിച്ചാണ്‌ അവരിങ്ങനെ പറയുന്നത്! കുറച്ചു മണിക്കൂറുകൾ മാത്രം, അതു കഴിഞ്ഞാൽ മരിച്ചു.‘


ഫെബ്രുവരി 11

ഡിൽത്തീയുടെ ’ഗൊയ്ഥേ‘ ഓടിച്ചൊന്നു വായിച്ചു. പ്രക്ഷുബ്ധമായ പ്രഭാവം; നിങ്ങളെ അതു വശീകരിച്ചു കൊണ്ടുപോകുന്നു; നിങ്ങൾക്കെന്തുകൊണ്ടു സ്വയം തീ കൊളുത്തി അതിൽ ദഹിച്ചുതീർന്നുകൂടാ? അല്ലെങ്കിൽ എന്തുകൊണ്ടനുസരിച്ചുകൂടാ, കല്പനകളൊന്നും കേട്ടില്ലെങ്കിൽത്തന്നെ? അതുമല്ലെങ്കിൽ ശൂന്യമായ സ്വന്തം മുറിയുടെ നടുക്ക് ഒരു കസേരയുമിട്ട്, തറയിൽ നോക്കി ഇരുന്നുകൂടാ? ഒരു മലയിടുക്കിൽ നിന്നുകൊണ്ട് ”മുന്നോട്ട്!“ എന്നാക്രോശിച്ചുകൂടാ, മറുവിളികൾക്കു കാതോർത്തുകൂടാ, പാറക്കെട്ടുകളിലെ ഇടവഴികളിൽ നിന്ന് ആളുകൾ പുറത്തേക്കു വരുന്നതു കാണുകയും ചെയ്തുകൂടാ?


ഫെബ്രുവരി 14

ഞാൻ സ്വയം ജീവനൊടുക്കുകയാണെങ്കിൽ അതിന്റെ പേരിൽ ആരും പഴി കേൾക്കേണ്ടിവരില്ലെന്നതു തീർച്ച; അതിനു പെട്ടെന്നുണ്ടായ കാരണം ഉദാഹരണത്തിന്‌, എഫിന്റെ പെരുമാറ്റമാണെന്നു തോന്നിയാലും. ഒരിക്കൽ പാതിമയക്കത്തിൽ കിടന്നുകൊണ്ട് ഞാൻ ഭാവന ചെയ്യുകയുണ്ടായി, അന്ത്യം മനസ്സിൽ കണ്ടുകൊണ്ട്, വിടവാങ്ങൽ കത്തും പോക്കറ്റിലിട്ട്, അവളുടെ വീട്ടിൽ ചെന്നിട്ട് എന്റെ വിവാഹാഭ്യർത്ഥന നിരസിക്കപ്പെടുമ്പോഴുണ്ടാവുന്ന രംഗം: ഞാൻ കത്തു മേശപ്പുറത്തു വയ്ക്കുന്നു, ബാൽക്കണിയിലേക്കോടുന്നു, എന്നെ പിടിച്ചു നിർത്താൻ പിന്നാലെ വരുന്നവരിൽ നിന്നു കുതറിമാറുന്നു, ഓരോ കൈയുടെയും പിടുത്തം ഓരോന്നായി വിടുവിച്ചുകൊണ്ട് പിന്നെ ഞാൻ കൈവരിയ്ക്കു മേൽ കൂടി എടുത്തുചാടുകയാണ്‌. കത്തിൽ എഴുതിയിരിക്കുന്നതു പക്ഷേ, എഫ് കാരണമാണ്‌ ഞാൻ ചാടിച്ചാവുന്നതെന്നായിരിക്കും; അതേ സമയം, എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കപ്പെട്ടാൽത്തന്നെയും എന്നെ സംബന്ധിച്ചിടത്തോളം മാറ്റമെന്തെങ്കിലും വന്നുവെന്നുമില്ല. എന്റെ ഇടം അങ്ങു താഴെയാണ്‌; മറ്റൊരു പരിഹാരവും എനിക്കു കണ്ടെത്താനില്ല. എഫ് എന്റെ നിയോഗത്തിന്‌ പ്രകടരൂപം പ്രാപിക്കാനുള്ള ഒരുപാധിയായെന്നു മാത്രം; എഫില്ലാതെ എനിക്കു ജീവിക്കാനാവില്ല, അതിനാൽ ഞാൻ ചാടിച്ചാവണം; എന്നാൽ - എഫ് അതു സംശയിക്കുന്നുണ്ട്- അവളോടൊപ്പം ജീവിക്കാനും എനിക്കു കഴിയില്ല. എന്തുകൊണ്ട് ഈ രാത്രി തന്നെ ആ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിക്കൂടാ? പക്ഷേ ഞാൻ അമൂർത്തതകളിൽ അള്ളിപ്പിടിച്ചു കഴിയുന്നു; ജീവിതവുമായി ആകെ കെട്ടുപിണഞ്ഞാണ്‌ ഞാൻ ജീവിക്കുന്നത്; ഞാൻ അതു ചെയ്യാൻ പോകുന്നില്ല, ഞാനൊരു തണുപ്പനാണ്‌, ഷർട്ടിന്റെ കോളർ കഴുത്തിൽ ഇറുകിപ്പിടിക്കുന്നതാണ്‌ എന്റെ വലിയ ശോകം, ശപിക്കപ്പെട്ടവനാണു ഞാൻ, മൂടൽമഞ്ഞിൽ ശ്വാസം കഴിക്കാൻ വിമ്മിഷ്ടപ്പെടുകയാണു ഞാൻ.


link to image

കാഫ്ക - വിവാഹത്തിനനുകൂലമായും പ്രതികൂലമായും

File:Franz Kafka - Brief an den Vater - Postkarte - Christian Mantey - Berlin 2009.jpg

1913 ജൂലൈ 21

എന്റെ വിവാഹത്തിനനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളെ സംഗ്രഹിക്കുമ്പോൾ:
1. താനൊറ്റയ്ക്കു ജീവിതം കഴിച്ചുകൂട്ടാനുള്ള കഴിവില്ലായ്മ; എന്നു പറഞ്ഞാൽ ജീവിക്കാനുള്ള കഴിവില്ലായ്മ എന്നു ധ്വനിക്കുന്നുമില്ല, നേരേ മറിച്ച്; മറ്റൊരാളോടൊപ്പം ജീവിക്കുന്നതെങ്ങനെയെന്ന് എനിക്കറിയില്ലെന്നുപോലും വരാം; എന്തായാലും ഒറ്റയ്ക്കെനിയ്ക്കു ത്രാണിയില്ല, എന്റെ സ്വന്തം ജീവിതത്തിന്റെ ആക്രമണത്തെ, എന്റെ സ്വന്തം ശരീരം മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളെ, കാലത്തിന്റെയും വാർദ്ധക്യത്തിന്റെയും ആക്രമണങ്ങളെ, എഴുതാനുള്ള ആഗ്രഹത്തിന്റെ അസ്പഷ്ടമായ പ്രേരണയെ, ഉറക്കമില്ലായ്മയെ, ഭ്രാന്തിന്റെ ആസന്നതയെ- ഇവയൊക്കെ ഒറ്റയ്ക്കു താങ്ങാൻ. സ്വാഭാവികമായും ഒരു ‘ഒരുപക്ഷേ’ ഇതിനോടു ഞാൻ കൂട്ടിച്ചേർക്കുകയും ചെയ്യും. എഫ്.മായുള്ള ബന്ധം എന്റെ ചെറുത്തുനില്പിന്‌ കൂടുതൽ കരുത്തു നൽകും.
2. എന്തും പെട്ടെന്നെന്നെ അറച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയാണ്‌. പത്രങ്ങളിലെ ഓരോ തമാശയും, ഫ്ളോബേറിനെയും ഗ്രില്പാഴ്സറെയും കുറിച്ച് ഞാനോർമ്മിക്കുന്നതും, എന്റെ അച്ഛനമ്മമാരുടെ കട്ടിലുകളിൽ രാത്രിയിലേക്കു വേണ്ടിയുള്ള വേഷങ്ങൾ കാണുന്നതും, മാക്സിന്റെ വിവാഹവും. ഇന്നലെ സഹോദരി പറയുകയായിരുന്നു, ‘വിവാഹം കഴിഞ്ഞവരൊക്കെ (നമ്മളറിയുന്നവർ) വളരെ സന്തോഷത്തിലാണ്‌, എനിക്കതു മനസ്സിലാവുന്നുമില്ല.’ അവളുടെ ആ അഭിപ്രായവും എനിക്കൊരു തടയായി, ഞാൻ വീണ്ടും ഭീതനായി.
3. ഏറെയേറെ ഒറ്റയ്ക്കാവണം ഞാൻ. ഞാനെന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതു ഞാൻ ഒറ്റയ്ക്കായതിന്റെ ഫലമായിട്ടു തന്നെയായിരുന്നു.
4. സാഹിത്യവുമായി ബന്ധപ്പെടാത്തതെന്തിനെയും ഞാൻ വെറുക്കുന്നു, സംഭാഷണങ്ങൾ എന്നെ മടുപ്പിക്കുന്നു (അവയിനി സാഹിത്യത്തെ സംബന്ധിക്കുന്നതാണെങ്കിൽക്കൂടി), ആളുകളെ ചെന്നുകാണുന്നത് എന്നെ മടുപ്പിക്കുന്നു, എന്റെ ബന്ധുക്കളുടെ സുഖദുഃഖങ്ങൾ ആത്മാവിന്റെ കടയോളം എന്നെ മടുപ്പിക്കുന്നു. ഞാൻ ചിന്തിക്കുന്നതിന്റെയൊക്കെ പ്രാധാന്യത്തെ, ഗൗരവത്തെ, യാഥാർത്ഥ്യത്തെ കവർന്നെടുക്കുകയാണ്‌ സംഭാഷണങ്ങൾ.
5. ബന്ധത്തെക്കുറിച്ചുള്ള, അപരനിലേക്കു കടക്കുന്നതിനെക്കുറിച്ചുള്ള ഭയം. പിന്നെ ഞാനൊരിക്കലും ഒറ്റയ്ക്കായിപ്പോകില്ല.
6. പണ്ടൊക്കെ പ്രത്യേകിച്ചും, അന്യരുടെ കൂട്ടത്തിൽ കാണുന്ന ഞാനായിരിക്കില്ല, എന്റെ സഹോദരിമാരുടെ കൂട്ടത്തിൽ കാണുന്ന ഞാൻ. ഭയമില്ലാത്തവനും, കരുത്തനും, അത്ഭുതപ്പെടുത്തുന്നവനും, എഴുതുമ്പോൾ മാത്രം എനിക്കു കൈവരുന്ന ആ ഹൃദയാലുത്വമുള്ളവനുമാവുകയാണു ഞാൻ. എന്റെ ഭാര്യയുടെ മാദ്ധ്യസ്ഥത്തിലൂടെ എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ അങ്ങനെയൊരാളാവാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ! അപ്പോഴതു പക്ഷേ, എന്റെ എഴുത്തിനെ കുരുതി കൊടുത്തു കൊണ്ടു വേണ്ടേ? അതു പറ്റില്ല, അതു പറ്റില്ല!
7. ഞാനൊറ്റയ്ക്കാണെങ്കിൽ എന്നെങ്കിലുമൊരുദിവസം ജോലി ഉപേക്ഷിക്കാൻ എനിക്കായെന്നു വരാം. വിവാഹം കഴിഞ്ഞാൽ അതൊരിക്കലും നടക്കാൻ പോകുന്നില്ല.


ആഗസ്റ്റ് 14

ലൈംഗികബന്ധം, ഒരുമിച്ചു കഴിയുന്നതിന്റെ ആനന്ദത്തിനുള്ള ശിക്ഷ. സാദ്ധ്യമായത്ര വൈരാഗ്യത്തോടെ ജീവിക്കുക, ഒരവിവാഹിതനെക്കാൾ വൈരാഗ്യത്തോടെ ജീവിക്കുക, വിവാഹജീവിതം കൊണ്ടുനടക്കാൻ ഏതെങ്കിലുമൊരു മാർഗ്ഗം എനിക്കുണ്ടെങ്കിൽ അതിതു മാത്രം.