Friday, February 10, 2012

ഫെർണാണ്ടോ പെസ് വാ - എനിക്കൊരു തിടുക്കവുമില്ല...



എന്താണെന്റെ ജീവിതത്തിന്റെ വില?…


എന്താണെന്റെ ജീവിതത്തിന്റെ വില? ഒടുവിൽ, (ഏതൊടുവിലെന്നെനിക്കറിയില്ല)
ഒരാൾ പറയുന്നു:“ഞാൻ മൂന്നു ലക്ഷം ഡോളർ സമ്പാദിച്ചു.”
മറ്റൊരാൾ പറയുന്നു:“ പ്രശസ്തിയുടെ മൂവായിരം നാളുകൾ ഞാനനുഭവിച്ചു.”
ഇനിയുമൊരാൾ പറയുന്നു:“ എന്റെ മനഃസാക്ഷി തെളിഞ്ഞതായിരുന്നു, എനിക്കതു മതി.”
ഇനി ഞാൻ, ഞാനെന്തു ചെയ്തുവെന്നാരെങ്കിലുമെന്നോടു ചോദിച്ചാൽ
ഞാൻ പറയും:“വെറുതേ വസ്തുക്കളെ നോക്കിയിരുന്നതേയുള്ളു ഞാൻ,
അതാണു പ്രപഞ്ചമെനിക്കെന്റെ കീശയിൽ കിട്ടിയതും.“
ദൈവം ചോദിക്കുകയാണെന്നിരിക്കട്ടെ:” വസ്തുക്കളിൽ നീയെന്തു കണ്ടു?“
ഞാൻ പറയും:” വസ്തുക്കളെ മാത്രം. അവയല്ലേ നീയവിടെ വച്ചിട്ടുമുള്ളു.“
ദൈവം, കാര്യം മനസ്സിലാക്കുന്നയാളുമാണല്ലോ പുള്ളി,
എന്നെ മറ്റൊരു ജനുസ്സിലെ പുണ്യവാളനുമാക്കും.



പ്രകൃതിയെക്കുറിച്ചിതുവരെ ...

പ്രകൃതിയെക്കുറിച്ചിതേവരെ രൂപപ്പെടുത്തിയ അഭിപ്രായങ്ങൾ
ഒരു പൂവും വിടർത്തിയിട്ടില്ല, ഒരു പുൽക്കൊടിയും വളർത്തിയിട്ടില്ല.
വസ്തുക്കളെക്കുറിച്ചിതേവരെ ഉണ്ടായ അറിവുകളൊന്നും
എനിക്കു കയ്യിലെടുക്കാവുന്നതായിരുന്നില്ല, ഒരു വസ്തുവിനെപ്പോലെ.
സത്യമാകാനാണു ശാസ്ത്രം കാംക്ഷിക്കുന്നതെങ്കിൽ,
ശാസ്ത്രമില്ലാത്ത വസ്തുക്കളെക്കാൾ സത്യമായ ശാസ്ത്രവുമേത്?
കണ്ണുമടച്ചു ഞാൻ മലർന്നുകിടക്കുന്ന കട്ടിമണ്ണിന്റെ യാഥാർത്ഥ്യം
എന്റെ മുതുകു പോലുമറിയുന്നത്ര യഥാർത്ഥം.
തോളെല്ലുകളുള്ളിടത്ത് യുക്തിയുടെ ആവശ്യവും എനിക്കില്ല.

1918 മേയ് 29


എനിക്കൊരു തിടുക്കവുമില്ല...


എനിക്കൊരു തിടുക്കവുമില്ല. ഞാനെന്തിനു തിടുക്കപ്പെടാൻ?
സൂര്യനും ചന്ദ്രനും തിടുക്കമില്ല. അവരുടെ ഭാഗം ശരിയുമാണ്‌.
തിടുക്കപ്പെടുകയെന്നാൽ,
സ്വന്തം കാലുകളെ കവച്ചുവയ്ക്കാൻ നമുക്കാവുമെന്നു കരുതുകയാണ്‌,
സ്വന്തം നിഴലിനു മേൽക്കൂടി നമുക്കു ചാടാമെന്നും.
ഇല്ല, എനിക്കൊരു തിടുക്കവുമില്ല.
ഞാനെന്റെ കൈ നീട്ടുന്നുവെങ്കിൽ,
കൃത്യമായുമെന്റെ കൈയെത്തുന്നിടത്തോളമേ ഞാനെത്തു,
ഒരരയിഞ്ചപ്പുറമില്ല.
എന്റെ വിരൽ തൊടുന്നിടത്തേ, ഞാൻ തൊടൂ,
ഞാൻ വിചാരിക്കുന്നിടത്തല്ല.
എനിക്കാവുന്നിടത്തേ, എനിക്കിരിക്കാനാവൂ.
ഇതു കേട്ടാൽ വിഡ്ഢിത്തമായി തോന്നും,
എല്ലാ പരമസത്യങ്ങളെയും പോലെ,
എന്നാൽ ശരിക്കും വിഡ്ഢിത്തമെന്താണെന്നു വച്ചാൽ,
മറ്റേതോ ഒന്നിനെക്കുറിച്ചാണെപ്പോഴും നമ്മുടെ ചിന്തയെന്നതു തന്നെ.
നാമെപ്പോഴും അതിനു പുറത്തുമാണ്‌,
നാമിവിടെയാണെന്നതിനാൽ.

1919 ജൂൺ 20


link to image


No comments: