“പെണ്ണേ, നിന്റെ പേരെന്താ?” “എനിക്കറിയില്ല.”
“നിന്റെ പ്രായമെന്താ? വീടെവിടെ?” “എനിക്കറിയില്ല.”
“നീ ആ മാളം കുഴിച്ചതെന്തിന്?” “എനിക്കറിയില്ല.”
“എത്ര കാലമായി നീ ഒളിച്ചിരിക്കുന്നു?” “എനിക്കറിയില്ല.”
“നീയെന്റെ വിരൽ കടിച്ചതെന്തിന്?” “എനിക്കറിയില്ല.”
“ഞങ്ങൾ നിന്നെ ഉപദ്രവിക്കില്ലെന്നു നിനക്കറിയില്ലേ?” “എനിക്കറിയില്ല.”
“നീ ആരുടെ പക്ഷത്താണ്?” “എനിക്കറിയില്ല.”
“യുദ്ധമാണിത്. നീ ഒരു പക്ഷം ചേർന്നേ മതിയാവൂ.” “എനിക്കറിയില്ല.”
“നിന്റെ ഗ്രാമം ഇപ്പോഴുമുണ്ടോ?” “എനിക്കറിയില്ല.”
“ആ കുട്ടികൾ നിന്റെയാണോ?” “അതെ.”
വീസ്വാവാ സിംബോഴ്സ്കാ (1923-2012) -പോളിഷ് കവയിത്രിയും വിവർത്തകയും. 1996ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി. വളരെക്കുറച്ചു കവിതകളേ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളു. അതിനു കാരണമായി അവർ പറഞ്ഞത് തന്റെ വീട്ടിൽ ഒരു ചവറ്റുകൊട്ടയുണ്ടെന്നായിരുന്നു.
No comments:
Post a Comment