Thursday, February 23, 2012

വീസ്വാവാ സിംബോഴ്സ്കാ - ദൃഷ്ടാന്തകഥ


ദൃഷ്ടാന്തകഥ


ചില മുക്കുവന്മാർക്കു വലയിലൊരു കുപ്പി തടഞ്ഞു. അതിനുള്ളിലൊരു കടലാസുകഷണമുണ്ടായിരുന്നു, ഇങ്ങനെ ചില വാക്കുകളുമായി: “ആരെങ്കിലും എന്നെയൊന്നു രക്ഷിക്കൂ! ഞാനിവിടെ നില്പുണ്ട്. കടലെന്നെ ഈ മരുത്തുരുത്തിലെറിഞ്ഞതാണ്‌. സഹായത്തിനു കാത്തു തീരത്തു നിൽക്കുകയാണു ഞാൻ. വേഗം! ഞാനിവിടെ നില്പുണ്ട്.”
“ഇതിൽ തീയതിയൊന്നും കാണാനില്ലല്ലോ. എന്തായാലും സമയം കഴിഞ്ഞെന്നാണ്‌ എന്റെ അഭിപ്രായം. ഇതൊഴുകി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിക്കാണും,” ആദ്യത്തെ മുക്കുവൻ പറഞ്ഞു.
“എവിടെയെന്നയാൾ പറയുന്നുമില്ല. ഏതു കടലെന്നു പോലുമറിയുകയുമില്ല,” രണ്ടാമത്തെ മുക്കുവൻ പറഞ്ഞു.
“അധികം വൈകിയിട്ടൊന്നുമില്ല, അധികം അകലെയുമല്ലത്. ഇവിടെ എന്ന തുരുത്ത് എവിടെയുമാവാം,” മൂന്നാമത്തെ മുക്കുവൻ പറഞ്ഞു.
അവരൊരു വിഷമാവസ്ഥയിലായി. ആരുമൊന്നും മിണ്ടിയില്ല. സനാതനസത്യങ്ങളുടെ കാര്യം വരുമ്പോൾ ഇതാണു നടക്കാറ്‌.



സംഗ്രഹം

ഇയ്യോബ്, തന്റെയുടലിലും സ്വത്തിലും ദാരുണമായി പരീക്ഷിക്കപ്പെട്ടവൻ, അവൻ മനുഷ്യന്റെ വിധിയെ പഴിക്കുന്നു. ഗംഭീരമായ കവിത തന്നെയത്. അയാളുടെ സ്നേഹിതന്മാർ വരുന്നു; തങ്ങളുടെ ഉടയാടകൾ ചീന്തിക്കൊണ്ട്, ദൈവത്തിനു മുന്നിൽ അവർ ഇയ്യോബിന്റെ അപരാധം തലനാരിഴ കീറി പരിശോധിക്കുന്നു. താൻ ധർമ്മിഷ്ടനായിരുന്നുവെന്ന് ഇയ്യോബ് കരഞ്ഞുപറയുന്നു. ദൈവം തന്നെ അടിച്ചുവീഴ്ത്തിയതെന്തിനെന്ന് ഇയ്യോബിനറിയുന്നില്ല. ഇയ്യോബിന്‌ അവരോടു സംസാരിക്കണമെന്നില്ല. ഇയ്യോബിന്‌ ദൈവത്തോടു സംസാരിച്ചാൽ മതി. കർത്താവായ ദൈവം ചണ്ഡവാതങ്ങളുടെ തേരിലേറി പ്രത്യക്ഷനാവുന്നു. എല്ലു പിളരുവോളം യാതനയേറ്റവനു മുന്നിൽ. അവൻ സ്വന്തം കൈകളുടെ സൃഷ്ടിപാടവത്തെ പുകഴ്ത്തുന്നു: ആകാശം, കടൽ, ഭൂമി, അതിലെ ജന്തുജാലം. വിശേഷിച്ചും ബെഹെമൊത്തും ലെവിയത്താനും: ദൈവത്തിനഭിമാനം തോന്നുന്ന സത്വങ്ങൾ. ഗംഭീരമായ കവിത തന്നെയിത്. ഇയ്യോബ് കാതോർത്തു കേൾക്കുന്നു. കർത്താവായ ദൈവം പൊന്തയിൽ തല്ലുകയാണ്‌; കർത്താവായ ദൈവത്തിനതാണിഷ്ടം. അതിനാൽ ഇയ്യോബ് എന്തു ചെയ്യുന്നു? അയാൾ തത്ക്ഷണം ദൈവത്തിനു മുന്നിൽ സാഷ്ടാംഗം വീഴുകയാണ്‌. പിന്നെ കാര്യങ്ങളൊക്കെ ദൃതഗതിയിലാവുന്നു: ഇയ്യോബിനു തന്റെ കഴുതകളെയും ഒട്ടകങ്ങളെയും, ആടുകളെയും കാളകളെയും രണ്ടിരട്ടിയായി തിരിച്ചുകിട്ടുന്നു; ഇളിച്ചുകാട്ടിയ തലയോട്ടിയ്ക്കു മേൽ മുടി വളരുന്നു. ഇയ്യോബും ഒപ്പം ചേർന്നഭിനയിക്കുന്നു. ഇയ്യോബിനു പ്രതിഷേധമില്ല. ഒരു മഹത്തായ കൃതി നശിച്ചുകാണാൻ ഇയ്യോബിനാഗ്രഹമില്ല.


No comments: