ജൂലൈ മദ്ധ്യത്തിലെ ഒരു സന്ധ്യ, എട്ടു മണി
ഒരു ചാറ്റമഴ കഴിഞ്ഞതിൽപ്പിന്നെ കലങ്ങിയ പച്ചനിറമായിരുന്ന കുളങ്ങൾക്ക് അവയുടെ ചുളിവുകൾ നഷ്ടപ്പെടുന്നു, നനഞ്ഞ പട്ടിന്റെ മട്ടും.
ശൂന്യതയിൽ സ്പഷ്ടവും, ഏകതാനവുമായ മൂന്നു ശബ്ദങ്ങൾ: ഒരു തീവണ്ടിയുടെ ചൂളം വിളി, മൺതിട്ടിലെ താഴ്ന്ന ഇലച്ചാർത്തിനുള്ളിൽ നിന്ന് ഒരു കരിങ്കിളിയുടെ ചടുലമായ പുല്ലാങ്കുഴൽവിളി, കുടമണികളുടെ കിലുക്കവും.
ശേഷിച്ചതൊക്കെ കുന്നുകളും ശൂന്യതയും നരച്ചുവിളർത്ത ആകാശവും കൂടിച്ചേർന്ന ഒരു നിശ്ചേഷ്ടപിണ്ഡം.
നഗരത്തിനു പുറത്ത് ഒരു ദിനാന്ത്യം
ഒരു ദിനാന്ത്യം നഗരത്തിനു പുറത്തു കഴിച്ചു.
നരച്ചൊരുതരം പട്ടണം, ശ്രദ്ധയോടെ കല്ലു പാകിയത്, ശാന്തമായത്.
ഹോട്ടലിന്റെ ജനാല പ്രധാനകവലയ്ക്ക് അഭിമുഖമായി നിൽക്കുന്നു. അതിനു മേൽ ഒരു മൂഢചന്ദ്രൻ ഉദിച്ചുയരുന്നതു ഞാൻ നോക്കിനിന്നു; ഇങ്ങനെയൊരു പട്ടണം, അതിന്റെ അഗണ്യതയൊക്കെയുമായി, ശരിക്കും ലോകത്തുള്ളതാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താനെന്നവണ്ണം അതിനു മേൽ പ്രകാശം പരത്തിക്കൊണ്ട്.
തെരുവുവിളക്കു കത്തിക്കുന്നൊരാൾ, കൈയിലൊരു കുട്ടിയുമായി, പിന്നാലെ ഒരു നായയുമായി; അതിന് ഇതൊക്കെ വളരെ പരിചിതമാണെന്ന പോലെ; തങ്ങൾ പഴയ ചങ്ങാതിമാരാണെന്ന മട്ടിൽ അതു നടപ്പാതകൾ മണത്തുനോക്കുന്നുണ്ട്.
വിളക്കിനു കത്തണമെന്നുണ്ടായിരുന്നില്ല.
ഉടനേ, രണ്ട്, അഞ്ച്, ആറാളുകൾ വരികയായി, അതിനെക്കുറിച്ചു ചർച്ചയായി; വിളക്കു കത്തുന്നു, അതു കത്തുന്നുവെന്ന് അവർ തീർച്ച വരുത്തുന്നു, പിന്നെ അവർ പതുക്കെ അവിടെ നിന്നു പോകുന്നു. ഒരാൾ മാത്രം ശേഷിക്കുന്നുണ്ട്. ഒരു നിമിഷം വിളക്കിലേക്ക് ഒന്നു നോക്കിനിന്നിട്ട് അയാളും പോകുന്നു.
ഹാ! ഈയൊരു കക്കായോട്ടിയിൽ ജീവിക്കുക!
മരിക്കുക!...മരിക്കുക.
പാരീസിൽ, മിസ്സിസ്സിപ്പിയ്ക്കു മേൽ, ബോംബേയിലുള്ള അതേ ചന്ദ്രൻ തന്നെ, ഇവിടെയും.
1 comment:
Moonnu sabdhangal malayala padhangalilekku kortheduthathu sundharamayirikunnu.
Nanni.
Post a Comment