Thursday, February 2, 2012

കാഫ്ക–ഒരു വെള്ളക്കുതിര

File:Franz Kafka - Betrachtung - Zum Nachdenken fuer Herrenreiter - Postkarte - Christian Mantey - Berlin 2009.jpg

1914 മേയ് 6

എഫിനും എനിക്കും താമസിക്കാൻ എന്റെ അച്ഛനമ്മമാർ നല്ലൊരു വീടു കണ്ടുപിടിച്ചുവെന്നു തോന്നുന്നു; മനോഹരമായ ഒരു വൈകുന്നേരം മുഴുവൻ ഞാൻ ഓടിയലഞ്ഞു തുലച്ചു. തങ്ങളുടെ വാത്സല്യാതിരേകം കൊണ്ടു സന്തുഷ്ടമാക്കിയ ഒരു ജീവിതത്തിനൊടുവിൽ ശവക്കുഴിയിലും അവരെന്നെ കൊണ്ടുവയ്ക്കുമോയെന്നാണ്‌ എന്റെ സംശയം.

ഒരു വിവാഹനിശ്ചയം നടക്കുകയാണ്‌. വിരുന്നു കഴിയാറായിരിക്കുന്നു, ആളുകൾ മേശയ്ക്കു മുന്നിൽ നിന്നെഴുന്നേൽക്കുകയാണ്‌. ജനാലകളൊക്കെ തുറന്നിട്ടിരിക്കുന്നു, ജൂൺ മാസത്തിലെ ഊഷ്മളവും, സുന്ദരവുമായ ഒരു സന്ധ്യയുമായിരുന്നു. കൂട്ടുകാരുടെയും പരിചയക്കാരുടെയും നടുക്കു നിൽക്കുകയാണ്‌ പെൺകുട്ടി, മറ്റുള്ളവർ അവിടവിടെയായി കൂട്ടം കൂടി നിൽക്കുന്നു. ഇടയ്ക്കിടെ പൊട്ടിച്ചിരികൾ മുഴങ്ങുന്നുമുണ്ട്. അവൾ വിവാഹം കഴിക്കേണ്ടയാൾ മാറിനിൽക്കുകയാണ്‌, ബാൽക്കണിയിലേക്കുള്ള വാതിലിൽ ചാരിനിന്നുകൊണ്ട് പുറത്തേക്കു നോക്കുകയാണയാൾ.
അല്പസമയം കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ അമ്മ അതു ശ്രദ്ധിച്ചു; അവർ അയാൾക്കടുത്തു ചെന്നു പറഞ്ഞു, “ഇതെന്താ, ഒറ്റയ്ക്കിവിടെ നിൽക്കുന്നത്? ഓൾഗായുടടുത്തു പോകുന്നില്ലേ? നിങ്ങൾ തമ്മിൽ പിണങ്ങിയോ?”
“ഏയ്,” അയാൾ പറഞ്ഞു, “ ഞങ്ങൾ പിണങ്ങിയിട്ടൊന്നുമില്ല.”
“എന്നാൽ ശരി,” അമ്മ പറഞ്ഞു, “പോയി അവളുടെയടുത്തു ചെന്നു നില്ക്കൂ. നിന്റെ പെരുമാറ്റം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.


മേയ് 27

എ. എന്ന നഗരത്തിലെ വലുതെങ്കിലും അത്ര തിരക്കില്ലാത്ത ഒരു തെരുവിൽ ഒരു ശരൽക്കാലസായാഹ്നത്തിലാണ്‌ ആ വെള്ളക്കുതിര ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരു വീടിന്റെ ഗെയ്റ്റു കടന്നാണ്‌ അതു പുറത്തേക്കു വന്നത്; ആ വീടിന്റെ മുറ്റത്തു തന്നെ ഒരു ട്രാൻസ്പോർട്ടുകമ്പനിയുടെ വലിയ ഗോഡൌണുകളും പ്രവർത്തിക്കുന്നുണ്ട്. വണ്ടികളിൽ കെട്ടാനായി കുതിരകളെ, ഇടയ്ക്കൊക്കെ ഒരു കുതിരയെ മാത്രമായും, അതുവഴി കടത്തിക്കൊണ്ടുവരാറുള്ളതിനാൽ ഈ വെള്ളക്കുതിര ആരുടെയും ശ്രദ്ധയിൽപ്പെടാതെപോയി. ഇതു പക്ഷേ, ആ കമ്പനിയുടെ കുതിരകളിൽ പെട്ടതായിരുന്നില്ല. ഗെയിറ്റിനു മുന്നിൽ ചരക്കുകെട്ടുകൾ മുറുക്കിക്കെട്ടിക്കൊണ്ടിരുന്ന ഒരു ജോലിക്കാരൻ കുതിരയെ ശ്രദ്ധിച്ചു; അയാൾ മുഖമുയർത്തി നോക്കി; പിന്നെ, വണ്ടിക്കാരൻ പിന്നാലെ വരുന്നുണ്ടോയെന്നറിയാൻ മുറ്റത്തേക്കു നോക്കി. ആരും വന്നില്ല. കുതിര റോഡിലേക്കു കടന്നില്ല, അതിനു മുമ്പേ അതു വെട്ടിപ്പിന്മാറി, നടപ്പാതയിൽ തീപ്പൊരികൾ പാറി, അതിടറി വീഴാനും പോയതാണ്‌; പെട്ടെന്നു തന്നെ പക്ഷേ അതു സമനില വീണ്ടെടുക്കുകയും, സന്ധ്യനേരമായതിനാൽ മിക്കവാറും ആളൊഴിഞ്ഞ ആ തെരുവിലൂടെ അത്ര വേഗത്തിലല്ലാതെയും, എന്നാൽ വളരെപ്പതുക്കെയല്ലാതെയും ഓടിപ്പോവുകയും ചെയ്തു. ജോലിക്കാരൻ വണ്ടിക്കാരന്റെ അശ്രദ്ധയെ ശപിച്ചു; മുറ്റത്തേക്കു നോക്കി പല പേരുകളും വിളിച്ചുപറഞ്ഞു. അതു കേട്ട് ചിലർ പുറത്തേക്കു വന്നു; പക്ഷേ കുതിര തങ്ങളുടേതല്ലന്നു കണ്ടപ്പോൾ അവർ അല്പം ആശ്ചര്യത്തോടെ ഗെയ്റ്റിനുള്ളിൽത്തന്നെ കൂട്ടം കൂടി നോക്കിനിന്നതേയുള്ളു. എന്തു ചെയ്യണമെന്നു ചിലർക്കു ചിന്തയുദിക്കുന്നതിനു മുമ്പേ സമയം കുറച്ചു കഴിഞ്ഞിരുന്നു; അവർ കുറേ ദൂരം കുതിരയുടെ പിന്നാലെ ഓടിയിട്ട് അതിനെ വീണ്ടും കണ്ടുകിട്ടാത്തതിനാൽ പെട്ടെന്നുതന്നെ മടങ്ങിപ്പോരുകയും ചെയ്തു.

ഈ നേരം കൊണ്ട് കുതിര ആരും തടയാതെ നഗരപ്രാന്തത്തിലെ തെരുവുകളിലെത്തിക്കഴിഞ്ഞിരുന്നു. ഒറ്റയ്ക്കോടിപ്പോകുന്ന കുതിരകൾക്കു സാധാരണ കഴിയുന്നതിനേക്കാൾ ഭംഗിയായി അത് തെരുവുജീവിതത്തോടിണങ്ങിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ മിതമായ വേഗത ആരെയും പേടിപ്പെടുത്താൻ പോകുന്നില്ല; പോകുന്ന  വഴിയിൽ നിന്നോ, തെരുവിൽ തന്റെ വശത്തു നിന്നോ അതു വ്യതിചലിക്കുന്നില്ല; ഒരിടത്തെരുവിൽ നിന്നു കയറിവന്ന ഒരു വണ്ടിയ്ക്കു കടന്നുപോകേണ്ടി വന്നപ്പോൾ അതു നിന്നുകൊടുത്തു; എത്രയും ശ്രദ്ധാലുവായ ഒരു കുതിരക്കാരന്റെ കൈയിലാണു കടിഞ്ഞാണെന്നിരിക്കട്ടെ, ഇതിലും കുറ്റമറ്റതാകാൻ പോകുന്നില്ല അതിന്റെ പെരുമാറ്റം. എന്നാൽക്കൂടി, കണ്ണിൽപ്പെടാതെ പോവുകയുമില്ല ഈ കാഴ്ച; അവിടെയുമിവിടെയുമൊക്കെ ചിലർ നടത്തം നിർത്തി ഒരു പുഞ്ചിരിയോടെ അതിനെ നോക്കുന്നുണ്ട്; ബിയറു കേറ്റിപ്പോകുന്ന ഒരു വണ്ടിക്കാരൻ പോകുന്ന വഴി തമാശയ്ക്ക് ചാട്ട കൊണ്ട് അതിനെ ഒന്നു തല്ലുകയും ചെയ്തു; അതൊന്നു വിരണ്ടു പിന്നോട്ടടിച്ചുവെങ്കിലും ഓട്ടത്തിന്റെ വേഗത കൂട്ടിയതുമില്ല.

ഈ സംഭവമാണു പക്ഷേ, ഒരു പോലീസുകാരന്റെ കണ്ണിൽപ്പെട്ടത്; അയാൾ കുതിരയ്ക്കടുത്തു ചെന്ന് ( ആ സമയത്താണ്‌ അതു മറ്റൊരു ദിശയിലേക്കു പോകാനായി തിരിയുന്നതും) കടിഞ്ഞാണിൽ കയറിപ്പിടിച്ചിട്ട് സൗഹൃദഭാവത്തിൽ പറഞ്ഞു , ‘ഹേയ്, എങ്ങോട്ടാണോ ഈ ഒളിച്ചോട്ടം?’ അതിനെ പിടിച്ചുകൊണ്ട് റോഡിനു നടുക്ക് അയാൾ അല്പനേരം നിന്നു; ആ ഒളിച്ചോട്ടക്കാരന്റെ പിന്നാലെ അതിന്റെ ഉടമസ്ഥൻ ഉടനേ വരുന്നുണ്ടാവണം എന്നായിരുന്നു അയാളുടെ ചിന്ത.

ഇതിനൊരർത്ഥമുണ്ട്, പക്ഷേ ദുർബലമാണിത്; ചോരയൊഴുക്കിനു കട്ടി പോരാ, ഹൃദയത്തിൽ നിന്നു വളരെ ദൂരെയുമാണത്. നല്ല ചില ദൃശ്യങ്ങൾ മനസ്സിലുണ്ടെങ്കിലും ഞാൻ നിർത്തുകയാണ്‌. ഇന്നലെ ഉറക്കം പിടിയ്ക്കുന്നതിനു തൊട്ടു മുമ്പായിട്ടാണ്‌ ഈ വെള്ളക്കുതിര എനിക്കു മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്; ചുമരിലേക്കു തിരിച്ചുവച്ച എന്റെ തല്യ്ക്കുള്ളിൽ നിന്ന് അതു കാലെടുത്തു വച്ചിറങ്ങുന്നതും, എനിക്കു മേൽ കൂടി കട്ടിലിൽ നിന്നു ചാടിയിറങ്ങുന്നതും പിന്നെ അപ്രത്യക്ഷമാകുന്നതും എന്റെ മനസ്സിലുണ്ട്. ഞാൻ കഥ തുടങ്ങിവച്ചു എന്നത് ദൗർഭാഗ്യവശാൽ അവസാനം നടന്നതിനെ നിഷേധിക്കുന്നുമില്ല.

എനിക്കധികം പിശകിയിട്ടില്ലെങ്കിൽ അടുത്തടുത്തു വരികയാണു ഞാൻ. കാട്ടിനുള്ളിലെവിടെയോ ഒരു വെളിയിടത്ത് ഒരാത്മീയയുദ്ധം നടക്കുന്ന പോലെയാണ്‌. ഞാൻ കാട്ടിനുള്ളിലേക്കു കയറിച്ചെല്ലുന്നു, ഒന്നും കാണുന്നില്ല, ബലഹീനത കാരണം അപ്പോൾത്തന്നെ ഞാൻ കാട്ടിൽ നിന്നു തിരിച്ചിറങ്ങുകയും ചെയ്യുന്നു. പലപ്പോഴും തിരിച്ചുപോരുമ്പോൾ ഞാൻ കേൾക്കുന്നുണ്ട്, അല്ലെങ്കിൽ കേട്ടെന്നെനിയ്ക്കു തോന്നുന്നുണ്ട്, ആ യുദ്ധത്തിൽ ആയുധങ്ങളിടയുന്നത്. കാട്ടിനുള്ളിലെ ഇരുട്ടിനിടയിലൂടെ ഭടന്മാരുടെ കണ്ണുകൾ എന്നെ തിരയുകയാണെന്നു വരാം; പക്ഷേ എനിക്കവരെക്കുറിച്ചു വളരെക്കുറച്ചേ അറിയൂ; ആ കുറച്ചാകട്ടെ, തെറ്റിദ്ധരിപ്പിക്കുന്നതും.


ജൂലൈ 28

ഞാൻ  ആളുകളെ ഒഴിഞ്ഞുമാറിനടക്കുന്നുവെങ്കിൽ അതു സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയല്ല, സമാധാനത്തോടെ മരിക്കാൻ വേണ്ടിയാണ്‌.


link to image


No comments: