Saturday, February 4, 2012

കാഫ്ക–ദസ്തയേവ്സ്കിയൻ കാതൽ

File:DPAG 2008 Franz Kafka.jpg

1914 മാർച്ച് 9

ഞാനാകെ തളർന്നിരിക്കുന്നു, വിശ്രമിക്കാനും ഉറങ്ങാനുമുള്ള വഴി ഞാൻ നോക്കണം, അല്ലെങ്കിൽ ഞാൻ തുലഞ്ഞതു തന്നെ. ജീവനോടിരിക്കാൻ എന്തൂമാത്രം പ്രയത്നമാവശ്യമായിവരുന്നു! ഇത്രയും കരുത്തിന്റെ വിനിയോഗം വേണ്ടിവരുന്നില്ല, ഒരു സ്മാരകമുയർത്താൻ.


ഡിസംബർ 19

അപഹാസ്യമായിരിക്കും ഏതു കഥയുടെയും തുടക്കം. ഒരു പ്രതീക്ഷയുമില്ല, പൂർണ്ണത പ്രാപിക്കാത്തതും, സന്ധികളുറയ്ക്കാത്തതുമായ ഈ നവജാതവസ്തുവിന്‌ ലോകമെന്ന പൂർണ്ണതയെത്തിയ ഘടനയിൽ (അതാകട്ടെ, പൂർണ്ണത പ്രാപിച്ച ഏതൊരു ഘടനയും പോലെ മറ്റൊന്നിനെയും അകത്തു കടത്താതിരിക്കാനുള്ള നിരന്തരയത്നത്തിലുമാണ്‌) ജീവനോടിരിക്കാൻ കഴിയുമെന്ന്. എന്നാൽക്കൂടി നാം മറക്കരുത്, കഥ, നിലനിൽക്കാനുള്ള എന്തെങ്കിലും ന്യായീകരണം അതിനുണ്ടെങ്കിൽ, അതിന്റെ പൂർണ്ണമായ ഘടന തനിയ്ക്കുള്ളിൽ വഹിക്കുന്നുണ്ടെന്ന്, അതു പൂർണ്ണരൂപം പ്രാപിക്കുന്നതിനു മുമ്പുതന്നെ; ഈ കാരണത്താൽ കഥയുടെ തുടക്കത്തെക്കുറിച്ചുള്ള വേവലാതികൾക്ക് അടിസ്ഥാനവുമില്ല. സമാനമായ വിധത്തിൽ അച്ഛനമ്മമാർക്ക് മുലകുടി മാറാത്ത കുഞ്ഞിനെച്ചൊല്ലി വേവലാതിപ്പെടുകയുമാവാം, കാരണം, കഷ്ടം തോന്നിക്കുന്നതും, അപഹാസ്യവുമായ ഈ ജീവിയെ ലോകത്തേക്കു കൊണ്ടുവരണമെന്ന് അവരാഗ്രഹിച്ചിരുന്നില്ലല്ലോ. ശരിതന്നെ, നമ്മുടെ വേവലാതികൾ അടിസ്ഥാനമുള്ളതോ, അല്ലയോ എന്ന് നാമറിയാനും പോകുന്നില്ല. അതേസമയം, അതിനെക്കുറിച്ചാലോചിക്കുക എന്നത് നമുക്കൊരു പിൻബലം നൽകുന്നപോലെയുമാണ്‌; ഈയറിവില്ലാത്തതിന്റെ ദുഷ്ഫലം മുമ്പു ഞാൻ അനുഭവിച്ചിരിക്കുന്നു.


ഡിസംബർ 20

ദസ്തയേവ്സ്കിയെക്കുറിച്ച് മാക്സിന്റെ പരാതി. അദ്ദേഹം കണ്ടമാനം മനോരോഗികളെ കഥയിലേക്കു കൊണ്ടുവരുന്നുവെന്ന്. തീർത്തും തെറ്റാണത്. അവർ രോഗികളല്ല. അവരുടെ രോഗം പാത്രാവിഷ്കാരത്തിനുള്ള ഒരു മാർഗ്ഗം മാത്രമാണ്‌, അതും വളരെ സൂക്ഷ്മവും ഫലപ്രദവും. ഒരാളോട് അയാൾ ശുദ്ധനും വിഡ്ഡിയുമാണെന്ന് തോരാതോതിക്കൊണ്ടിരുന്നാൽ മതി, ഒരു ദസ്തയേവ്സ്കിയൻ കാതൽ അയാളിലുണ്ടെങ്കിൽ, ആ വിശേഷണങ്ങളോട് തനിക്കാവുന്നത്ര നീതി പുലർത്താനായി അയാളിറങ്ങിപ്പുറപ്പെടാൻ. സ്നേഹിതന്മാർ തമ്മിലുള്ള കളിയാക്കലുകളുടെ സ്ഥാനമേ, ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പാത്രാവിഷ്കാരങ്ങൾക്കുള്ളു. അവർ ഒരാളോട് ‘നീയൊരു മരത്തലയനാണ്‌’ എന്നു പറയുമ്പോൾ അയാൾ ശരിക്കുമൊരു മരത്തലയനാണെന്നും, അയാളുമായുള്ള കൂട്ടുകെട്ടു കൊണ്ട് തങ്ങൾക്കു നാണക്കേടേ ഉണ്ടായിട്ടുള്ളൂ എന്നുമല്ല അവർ ഉദ്ദേശിക്കുന്നത്. അതിൽ കലർന്നുകിടപ്പുണ്ട്, എണ്ണാനാവാത്തത്ര സൂചനകൾ, വെറുമൊരു തമാശയല്ല ആ കളിയാക്കലെങ്കിൽ, ഇനിയഥവാ, അങ്ങനെയാണെങ്കിൽത്തന്നെയും. അപ്പോൾ, അച്ഛൻകാരമസോവ്, ഒരു ദുഷ്ടജന്തുവാണയാളെങ്കിൽത്തന്നെ, ആളൊരു വിഡ്ഡിയുമല്ല, മറിച്ച് അതിസമര്‍ത്ഥനാണയാൾ, ഇവാനോളം സമർത്ഥൻ; ഒന്നുമല്ലെങ്കിൽ നോവലിസ്റ്റു വെറുതേ വിടുന്ന ആ കസിനെക്കാൾ, അയാളെക്കാൾ വളരെ കേമനാണെന്നു സ്വയം ഭാവിക്കുന്ന ആ അനന്തരവൻ ജന്മിയെക്കാൾ എത്രയോ സമർത്ഥനാണയാൾ.


1915 ജനുവരി 17

ശനിയാഴ്ച. എഫിനെ കാണണം. അവളെന്നെ സ്നേഹിക്കുന്നുവെങ്കിൽ ഞാനതിനർഹനുമല്ല. എത്രയിടുങ്ങിയതാണ്‌ സ്വന്തം പരിധികളെന്ന് ഞാനിന്നു കാണുന്നു, സർവതിലും, അതിനാൽ എന്റെ എഴുത്തിലും. ഒരാൾക്കു തന്റെ പരിധികളെക്കുറിച്ചുള്ള ബോധം അത്ര ഉത്കടമാണെങ്കിൽ അയാൾ പൊട്ടിത്തെറിക്കുക തന്നെ വേണം. ഇതിനെക്കുറിച്ച് എന്നെ ബോധവാനാക്കിയത് ഓട്ലയുടെ കത്തായിരിക്കണം. അടുത്ത കാലത്തായി വളരെ ആത്മസംതൃപ്തിയിലായിരുന്നു ഞാൻ; എഫിനോട് സ്വയം ന്യായീകരിക്കാനും, അവൾക്കെതിരെ പിടിച്ചുനിൽക്കാനുമായി പലവിധമായ വാദമുഖങ്ങൾ ഞാൻ പഠിച്ചുവച്ചിരുന്നു. അതൊന്നും എഴുതിവയ്ക്കാനുള്ള നേരമില്ലാതെപോയതു കഷ്ടം തന്നെ, ഇന്നെനിക്കതു കഴിയുകയുമില്ല.


ഫെബ്രുവരി 7

ആത്മജ്ഞാനത്തിന്റെ ഒരു ഘട്ടമെത്തുമ്പോൾ, സ്വരക്ഷയെ തുണയ്ക്കുന്ന മറ്റു ചുറ്റുപാടുകളൊക്കെ സന്നിഹിതമായിരിക്കെത്തന്നെ, താൻ അഭിശപ്തനാണെന്ന് അനിവാര്യമായും നിങ്ങൾ കണ്ടെത്തും. സദാചാരത്തെ സംബന്ധിച്ച ഏതു മാനദണ്ഡവും - അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എത്ര വ്യത്യസ്തമായിക്കൊള്ളട്ടെ - തനിക്കു കൈയെത്താത്ത ഉയരത്തിലായി നിങ്ങൾക്കു തോന്നും.നികൃഷ്ടമായ വ്യാജങ്ങളുടെ ഒരെലിമാളമല്ലാതെ യാതൊന്നുമല്ല താനെന്നു നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ എത്ര നിസ്സാരമായ ഒരു പ്രവൃത്തിയുമുണ്ടാവില്ല,  ആ വ്യാജങ്ങളാൽ മലിനപ്പെടാത്തതായി. അത്രയും വൃത്തികെട്ടതാണാ വ്യാജങ്ങളെന്നതിനാൽ ആത്മപരിശോധനയുടെ നേരത്ത് അവയെ അടുത്തുവച്ചു നിരീക്ഷിക്കാൻ തന്നെ നിങ്ങൾക്കാഗ്രഹമുണ്ടാവില്ല; ദൂരെ നിന്നൊന്നു കണ്ണോടിക്കുന്നതു കൊണ്ടുതന്നെ നിങ്ങൾ തൃപ്തനാവും. വെറും സ്വാർത്ഥത മാത്രമല്ല, ആ വ്യാജങ്ങളുടെ ചേരുവ; അതു വച്ചു നോക്കുമ്പോൾ നന്മയുടെയും സൗന്ദര്യത്തിന്റെയും ആദർശരൂപമാണു സ്വാർത്ഥതയെന്നു തോന്നിപ്പോവും. നിങ്ങൾ കണ്ടെത്തുന്ന ആ മാലിന്യത്തിന്‌ സ്വന്തമായ ഒരസ്തിത്വമുണ്ടായിരിക്കും; ഈ ചുമടും പേറിയാണ്‌ താൻ ഈ ലോകത്തിലേക്കു വന്നതെന്ന് നിങ്ങൾ തിരിച്ചറിയും; ആ മാലിന്യം കാരണമായിത്തന്നെ തിരിച്ചറിയപ്പെടാതെ- അല്ലെങ്കിൽ ആർക്കും തിരിച്ചറിയാവുന്നതായി- നിങ്ങൾ ഇവിടം വിട്ടു പോവുകയും ചെയ്യും. ഈ മാലിന്യമാണ്‌ നിങ്ങൾ കണ്ടെത്താൻ പോകുന്ന അത്യഗാധത; അത്യഗാധതയിൽ ലാവയല്ല ഉണ്ടാവുക, അല്ല, മാലിന്യം. അതു തന്നെ അത്യഗാധതയും അത്യുന്നതവും; ആത്മപരിശോധന ജനിപ്പിച്ച സന്ദേഹങ്ങൾ പോലും വൈകാതെ ദുർബലമാവും; ചെളിയിൽ കിടന്നു പുളയ്ക്കുന്ന പന്നിയെപ്പോലെ നിങ്ങൾ ആത്മസംതൃപ്തിയിലാവുകയും ചെയ്യും.


മാർച്ച് 13

ഒരു രാത്രി. ആറു മണിയ്ക്ക് സോഫയിൽ ചെന്നു കിടന്നു. എട്ടു മണി വരെ ഉറങ്ങി. എഴുന്നേൽക്കാൻ തോന്നിയില്ല, മണിയടിക്കുന്നതും കാത്തു കിടന്നു, ഉറക്കച്ചടവിൽ മണിയടിച്ചതു കേൾക്കാതെയും പോയി. ഒമ്പതു മണിയ്ക്കെഴുന്നേറ്റു. അത്താഴത്തിന്‌ വീട്ടിലേക്കു പോയില്ല, മാക്സിന്റെ വീട്ടിലും പോയില്ല; അവിടെ ഇന്നൊരു കൂടിച്ചേരലുള്ളതുമായിരുന്നു. കാരണങ്ങൾ: വിശപ്പില്ലായ്മ, മടങ്ങാൻ വൈകുമെന്ന പേടി; അതിനൊക്കെയുപരി, ഇന്നലെ ഞാൻ ഒരു വരി പോലുമെഴുതിയിട്ടില്ലെന്ന ചിന്ത, ഞാനതിൽ നിന്നകന്നകന്നു പോവുകയാണെന്ന, കഴിഞ്ഞ ആറു മാസം കൊണ്ട് ഞാൻ കഷ്ടപ്പെട്ടു സമ്പാദിച്ചതൊക്കെ നഷ്ടപ്പെടാൻ പോവുകയാണെന്ന വിചാരം. അതിനു ഞാൻ തെളിവും നൽകി, ഉപേക്ഷിക്കാമെന്നു നേരത്തേ ഞാൻ തീരുമാനിച്ചിരുന്ന പുതിയൊരു കഥയുടെ ഹീനമായ ഒന്നരപ്പേജെഴുതിക്കൊണ്ട്; പിന്നെ നൈരാശ്യത്തോടെ, എന്റെ സ്വസ്ഥത കെട്ട വയറിനും അതിലൊരു പങ്കുണ്ട്, ഹെഴ്സെൻ വായിച്ചു, അദ്ദേഹം ഏതെങ്കിലും വിധത്തിൽ എന്നെ രക്ഷപ്പെടുത്തുമെന്ന ചിന്തയോടെ. വിവാഹം കഴിഞ്ഞ ആദ്യത്തെ വർഷത്തെ അദ്ദേഹത്തിന്റെ ആഹ്ളാദം, അങ്ങനെയൊരു സന്തുഷ്ടാവസ്ഥയിൽ സ്വയം നിർത്തിനോക്കുന്നതിൽ എനിക്കുള്ള ഭീതി; അദ്ദേഹത്തിനു ചുറ്റുമുള്ള അഭിജാതജീവിതം; ബെലിൻസ്കി; രോമക്കുപ്പായമൂരാതെ തന്നെ പകലു മുഴുവൻ സോഫയിൽ കിടക്കുന്ന ബക്കുനിൻ.


സെപ്തംബർ 14

ശനിയാഴ്ച മാക്സിന്റെയും ലാംഗറുടെയുമൊപ്പം അത്ഭുതപ്രവർത്തകനായ റബ്ബിയെ കാണാൻ പോയി. സിസ്കോവ്, ഹരാന്റോവാ തെരുവ്. നടപ്പാതയിലും കോണിപ്പടിയിലുമായി കുറേയധികം കുട്ടികൾ. ഒരു സത്രം. തീരെ വെളിച്ചമില്ലാത്ത മേൽനില; കുറേ പടികൾ അന്ധനെപ്പോലെ കൈ കൊണ്ടു തപ്പിപ്പിടിക്കേണ്ടിവന്നു. നിറം മങ്ങിയ, വെളിച്ചം കുറഞ്ഞ ഒരു മുറി, നരച്ചുവെളുത്ത ചുമരുകൾ, കുറേ കൊച്ചുസ്ത്രീകളും പെൺകുട്ടികളും കൂടിനിൽക്കുന്നു, വെളുത്ത തൂവാലകൾ അവരുടെ തലയ്ക്കു മേൽ, വിളർത്ത മുഖങ്ങൾ, നേർത്ത ചലനങ്ങൾ. ജീവനില്ലായ്മയുടെ ഒരു പ്രതീതി. അടുത്ത മുറി. ആകെയിരുട്ട്, നിറയെ പുരുഷന്മാരും ചെറുപ്പക്കാരും. ഉച്ചത്തിലുള്ള പ്രാർത്ഥനകൾ. ഞങ്ങൾ ഒരു കോണിലേക്ക് ഒതുങ്ങിക്കൂടിനിന്നു. ഞങ്ങൾ ചുറ്റിനുമൊന്നു കണ്ണോടിക്കുമ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞു, മുറി ശൂന്യമായി. മൂലയ്ക്കൊരു മുറി, ഇരുവശവും ജനാലകൾ, രണ്ടു ജനാലകൾ വീതം. റബ്ബിയുടെ വലതുഭാഗത്തുള്ള ഒരു മേശയ്ക്കരികിലേക്ക് ഞങ്ങളെ തള്ളിനീക്കി. ഞങ്ങൾ പിടിച്ചുനിന്നു. “നിങ്ങളും ജൂതന്മാരാണല്ലേ?” പിതാക്കന്മാരുടെ സ്വഭാവകാർശ്യമെത്രയ്ക്കുണ്ടോ, അത്രയ്ക്കൊരു റബ്ബിയായി. റബ്ബിമാരൊക്കെ കിരാതന്മാരാണ്‌, ലാംഗർ പറഞ്ഞു. ഇദ്ദേഹം സിൽക്കു കൊണ്ടുള്ള നീളൻകുപ്പായത്തിലായിരുന്നു, അടിയിൽ കാലുറകൾ കാണാം. മൂക്കിന്റെ പാലത്തിന്മേൽ രോമം. രോമത്തൊപ്പി അദ്ദേഹം പിടിച്ചുവലിച്ചുകൊണ്ടീരുന്നു. വൃത്തിശൂന്യവും നിർമ്മലവും, ഗാഢമായി ചിന്തിക്കുന്നവരുടെ ലക്ഷണമാണത്. അദ്ദേഹം താടി ചൊറിഞ്ഞു, വിരലുകൾക്കിടയിലൂടെ മൂക്കു ചീറ്റി, വിരലു കൊണ്ട് ഭക്ഷണത്തിൽ തൊട്ടു; പക്ഷേ ഒരു നിമിഷത്തേക്ക് മേശ മേൽ കൈ തങ്ങുമ്പോൾ ആ തൊലിയുടെ വെണ്മ നിങ്ങൾ കാണുന്നു, സ്വന്തം ബാല്യകാലഭാവനയിൽ മാത്രം പണ്ടു കണ്ടതായി നിങ്ങൾക്കോർമ്മയുള്ള ഒരു വെണ്മ - നിങ്ങളുടെ അമ്മയച്ഛന്മാരും അന്നു നൈർമ്മല്യമുള്ളവരായിരുന്നു.


സെപ്തംബർ 16

തൊണ്ടയ്ക്കും കീഴ്ത്താടിയ്ക്കുമിടയിലാണ്‌ കുത്തിക്കേറ്റാൻ ഏറ്റവും യോഗ്യമായതെന്നു തോന്നാം. താടി പൊക്കുക, വലിഞ്ഞ പേശികളിലേക്ക് കത്തി കയറ്റുക. പക്ഷേ സ്വന്തം ഭാവനയിലേ ഈ ഭാഗം യോഗ്യമായിത്തോന്നുന്നുള്ളൂ എന്നു വരാം. ചോരയുടെ ഉജ്ജ്വലമായ കുത്തിയൊഴുക്കു നിങ്ങൾ പ്രതീക്ഷിക്കുന്നു, കെട്ടുപിണഞ്ഞ സ്നായുക്കളും, പൊരിച്ച ടർക്കിയുടെ കാലിൽ കാണുന്ന തരം കുഞ്ഞുകുഞ്ഞെല്ലുകളും.


link to image


No comments: