Wednesday, February 1, 2012

കാഫ്ക - ഞാൻ ആത്മഹത്യ ചെയ്യുകയാണെങ്കിൽ…

File:DBP 1983 1178 Franz Kafka.jpg


1913 ഡിസംബർ 4

പുറമേ നിന്നു നോക്കുമ്പോൾ ഭീകരമാണ്‌, പക്വതയെത്തിയെങ്കിലും ചെറുപ്പമായ ഒരാൾ മരിച്ചാൽ, അല്ലെങ്കിൽ അയാൾ സ്വയം ജീവനൊടുക്കിയാൽ. നിരാശയോടെ ഇവിടം വിട്ടുപോവുക, യാതൊന്നും തെളിഞ്ഞുകിട്ടാതെ, അല്ലെങ്കിൽ വരാനിരിക്കുന്ന കണക്കെടുപ്പിൽ ഇങ്ങനെയൊരു ജീവന്റെ ആവിർഭാവം നടന്നിട്ടേയില്ലെന്നാവും രേഖപ്പെടുത്തുക എന്ന ഒരേയൊരാശയോടെ. മരിക്കുക എന്നാൽ ഇല്ലായ്മയ്ക്ക് മറ്റൊരില്ലായ്മയെ അടിയറ വയ്ക്കുക എന്നൊരർത്ഥമേ വരുന്നുള്ളു; അതു പക്ഷേ നമ്മുടെ ധാരണകൾക്കുമതീതമായിരിക്കും; എങ്ങനെയാണൊരു വ്യക്തി, ഒരില്ലായ്മയായിട്ടെങ്കിലും, ബോധപൂർവം മറ്റൊരില്ലായ്മയ്ക്ക് സ്വയം അടിയറ വയ്ക്കുക, അതും ശൂന്യമായ ഇല്ലായ്മയ്ക്കല്ല, മുഖരമായ ഒരില്ലായ്മയ്ക്ക്, ഗ്രഹണാതീതമായതു കൊണ്ടു മാത്രം ഇല്ലായ്മയായതൊന്നിന്‌?

ഡിസംബർ 9

ലോകം കീഴടങ്ങിയിരിക്കുന്നു, കണ്ണുകൾ തുറന്നുപിടിച്ച് നാമതു കാണുകയും ചെയ്തു. ഇനി നമുക്ക് പതുക്കെ മാറിപ്പോവുക, നമ്മുടെ ജീവിതം തുടരുക.

ആത്മപരിശോധനയോടുള്ള വെറുപ്പ്. സ്വന്തം ആത്മാവിനെ ഇതുമാതിരി വിശദീകരിക്കുക: ഇന്നലെ ഞാൻ അങ്ങനെയായിരുന്നു, അത് ഈ കാരണം കൊണ്ട്; ഇന്നു ഞാൻ ഇങ്ങനെയാണ്‌, അത് ആ കാരണം കൊണ്ട്. അതു സത്യമല്ല, ഈ കാരണവും ആ കാരണവും കൊണ്ടല്ല, അതിനാൽ ഇങ്ങനെയും അങ്ങനെയും ആയതുമല്ല. താൻ എന്താണോ, അതിനോടു പൊരുത്തപ്പെടുക, അക്ഷോഭ്യനായി, തിടുക്കങ്ങളില്ലാതെ, താനേതുവിധം ജീവിക്കേണമോ, അതുപോലെ ജീവിക്കുക, നായയെപ്പോലെ സ്വന്തം വാലിൽ തിരിഞ്ഞുകടിയ്ക്കാൻ ശ്രമിക്കാതിരിക്കുക.

ഒരടിക്കാടിൽ കിടന്നു ഞാൻ ഉറങ്ങിപ്പോയി. ഒരൊച്ച കേട്ടു ഞാനുണർന്നു. നേരത്തേ വായിച്ചുകൊണ്ടിരുന്ന ഒരു പുസ്തകം ഞാൻ എന്റെ കൈകളിൽ കണ്ടു. അതു വലിച്ചെറിഞ്ഞിട്ട് ഞാൻ ചാടിയെഴുന്നേറ്റു. ഉച്ച തിരിഞ്ഞിട്ടേയുള്ളു; ഞാൻ നിൽക്കുന്ന കുന്നിനു മുന്നിലായി വലിയൊരു താഴ്വാരം പരന്നുകിടന്നിരുന്നു, ഗ്രാമങ്ങളും ചിറകളും, ഇടയിൽ ഒരേ രൂപത്തിൽ പൊക്കത്തിൽ വളർന്നുനിൽക്കുന്ന ഈറ പോലത്തെ പൊന്തകളുമായി. ഞാൻ ഇടുപ്പിൽ കൈ കുത്തി സർവതും കണ്ണുകൾ കൊണ്ടു നിരീക്ഷണം ചെയ്തു, ഒപ്പം, ഒച്ചയെന്താണെന്നു കാതോർക്കുകയും ചെയ്തു.


ഡിസംബർ 12

അല്പനേരം മുമ്പ് കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ ഒന്നു സൂക്ഷിച്ചുനോക്കി- കൃത്രിമവെളിച്ചത്തിലായിരുന്നുവെങ്കിലും, പിന്നിൽ നിന്നാണു വെളിച്ചം വീഴുന്നതെന്നതിനാൽ കാതരികുകളിലെ രോമങ്ങളേ തിളങ്ങുന്നുള്ളുവെന്നിരുന്നാലും- എന്റെ മുഖം സൂക്ഷ്മപരിശോധനയ്ക്കു ശേഷവും എനിക്കറിവുള്ളതിനെക്കാൾ ഭേദമായിട്ടെനിക്കു തോന്നി. തെളിഞ്ഞതും, വടിവൊത്തതും, സുന്ദരമെന്നുതന്നെ പറയാവുന്ന ബാഹ്യരേഖകളോടു കൂടിയതുമായ ഒരു മുഖം. മുടിയുടെ കറുപ്പും, പുരികങ്ങളും, കൺകുഴികളും ശേഷിച്ച നിശ്ചേഷ്ടപിണ്ഡത്തിൽ നിന്ന് ഓജസ്സോടെ വേറിട്ടു കാണപ്പെടുന്നു. ഒരു വിധത്തിലും മുഷിഞ്ഞതും ക്ഷീണിതവുമല്ല, നോട്ടവും; അതിന്റെ ഒരു ലാഞ്ഛന പോലുമില്ല, എന്നാൽ ബാലിശമെന്നു പറയാനുമില്ല; അവിശ്വസനീയമാം വിധം ഊർജ്ജസ്വലമാണത്; അതെന്നെ നിരീക്ഷിക്കുകയായിരുന്നു എന്നതു കൊണ്ടാവാം അങ്ങനെയായത്; കാരണം ഞാനപ്പോൾ എന്നെത്തന്നെ നിരീക്ഷിക്കുകയായിരുന്നല്ലോ, സ്വയം പേടിപ്പിക്കാൻ നോക്കുകയുമായിരുന്നല്ലോ.


ഡിസംബർ 17

സ്വാതന്ത്ര്യത്തിനും അടിമത്തത്തിനുമിടയിലുള്ള പാതകൾ അന്യോന്യം മുറിച്ചു കടന്നുപോകുന്നു, മുന്നോട്ടു പോകാൻ ദിശാസൂചനകളൊന്നുമില്ലാതെ; പിന്നിട്ട വഴികൾ തൽക്ഷണം തന്നെ മാഞ്ഞുപോവുകയും ചെയ്യുന്നുണ്ട്. പാതകൾ അസംഖ്യമാണ്‌, ഒന്നേയുള്ളുവെന്നും വരാം, എനിക്കു തീർച്ചയില്ല; കാരണം, നിന്നുനോക്കാൻ ഉയർന്നൊരിടം എനിക്കു കിട്ടിയിട്ടില്ലല്ലോ. ഈ അവസ്ഥയിലാണു ഞാൻ. വിട്ടുപോരാനും എനിക്കാവില്ല. എനിക്കു പരാതിപ്പെടാനുമവകാശമില്ല. ക്രമാധികമൊന്നുമല്ല എന്റെ യാതന; കാരണം ഞാൻ യാതനപ്പെടുന്നുവെങ്കിൽ അതു തുടർച്ചയില്ലാതെയാണ്‌, അതു കൂമ്പാരം കൂടുന്നില്ല, തൽക്കാലത്തേക്കെങ്കിലും എനിക്കതനുഭവമാകുന്നുമില്ല. ഞാനനുഭവിക്കുന്ന യാതനയുടെ തോത് എനിക്കു നീക്കിവച്ച യാതനയെക്കാൾ കുറവാണെന്നും വരാം.


ഡിസംബർ 20

പ്രശാന്തമായ ഒരു മുഖം, അക്ഷോഭ്യമായ സംസാരം- അതുണ്ടാക്കുന്ന പ്രഭാവം, തനിക്കിനിയും പൂർണ്ണമായും മനസ്സിലായിട്ടില്ലാത്ത ഒരപരിചിതനിൽ നിന്നാണതു വരുന്നതെങ്കിൽ പ്രത്യേകിച്ചും. ഒരു മനുഷ്യവദനത്തിൽ നിന്ന് ഒരു ദൈവശബ്ദം.


1914 ജനുവരി 8

ജൂതന്മാർക്കും എനിക്കും തമ്മിൽ പൊതുവായിട്ടെന്തിരിക്കുന്നു? എനിക്കെന്നോടു തന്നെ പൊതുവായിട്ടെന്തിരിക്കുന്നു? ശ്വാസം കഴിക്കാനാവുന്നുണ്ടെന്നതു കൊണ്ടുതന്നെ തൃപ്തനായി, ഒരു കോണിൽ ഞാൻ ഒഴിഞ്ഞുനിൽക്കണം.

ജനുവരി 26

തുർഹെയ്മിന്റെ അച്ഛന്റെ മരണം: “പിന്നെ ഡോക്ടർമാർ വന്നു നോക്കുമ്പോൾ അദ്ദേഹത്തിന്റെ നാഡിമിടിപ്പ് വളരെ നേർത്തതായിരുന്നു; വളരെക്കുറച്ചു മണിക്കൂറുകൾ മാത്രമേ ആൾ ജീവനോടിരിക്കൂ എന്നവർ വിധിക്കുകയും ചെയ്തു. എന്റെ ദൈവമേ, എന്റെ അച്ഛനെക്കുറിച്ചാണ്‌ അവരിങ്ങനെ പറയുന്നത്! കുറച്ചു മണിക്കൂറുകൾ മാത്രം, അതു കഴിഞ്ഞാൽ മരിച്ചു.‘


ഫെബ്രുവരി 11

ഡിൽത്തീയുടെ ’ഗൊയ്ഥേ‘ ഓടിച്ചൊന്നു വായിച്ചു. പ്രക്ഷുബ്ധമായ പ്രഭാവം; നിങ്ങളെ അതു വശീകരിച്ചു കൊണ്ടുപോകുന്നു; നിങ്ങൾക്കെന്തുകൊണ്ടു സ്വയം തീ കൊളുത്തി അതിൽ ദഹിച്ചുതീർന്നുകൂടാ? അല്ലെങ്കിൽ എന്തുകൊണ്ടനുസരിച്ചുകൂടാ, കല്പനകളൊന്നും കേട്ടില്ലെങ്കിൽത്തന്നെ? അതുമല്ലെങ്കിൽ ശൂന്യമായ സ്വന്തം മുറിയുടെ നടുക്ക് ഒരു കസേരയുമിട്ട്, തറയിൽ നോക്കി ഇരുന്നുകൂടാ? ഒരു മലയിടുക്കിൽ നിന്നുകൊണ്ട് ”മുന്നോട്ട്!“ എന്നാക്രോശിച്ചുകൂടാ, മറുവിളികൾക്കു കാതോർത്തുകൂടാ, പാറക്കെട്ടുകളിലെ ഇടവഴികളിൽ നിന്ന് ആളുകൾ പുറത്തേക്കു വരുന്നതു കാണുകയും ചെയ്തുകൂടാ?


ഫെബ്രുവരി 14

ഞാൻ സ്വയം ജീവനൊടുക്കുകയാണെങ്കിൽ അതിന്റെ പേരിൽ ആരും പഴി കേൾക്കേണ്ടിവരില്ലെന്നതു തീർച്ച; അതിനു പെട്ടെന്നുണ്ടായ കാരണം ഉദാഹരണത്തിന്‌, എഫിന്റെ പെരുമാറ്റമാണെന്നു തോന്നിയാലും. ഒരിക്കൽ പാതിമയക്കത്തിൽ കിടന്നുകൊണ്ട് ഞാൻ ഭാവന ചെയ്യുകയുണ്ടായി, അന്ത്യം മനസ്സിൽ കണ്ടുകൊണ്ട്, വിടവാങ്ങൽ കത്തും പോക്കറ്റിലിട്ട്, അവളുടെ വീട്ടിൽ ചെന്നിട്ട് എന്റെ വിവാഹാഭ്യർത്ഥന നിരസിക്കപ്പെടുമ്പോഴുണ്ടാവുന്ന രംഗം: ഞാൻ കത്തു മേശപ്പുറത്തു വയ്ക്കുന്നു, ബാൽക്കണിയിലേക്കോടുന്നു, എന്നെ പിടിച്ചു നിർത്താൻ പിന്നാലെ വരുന്നവരിൽ നിന്നു കുതറിമാറുന്നു, ഓരോ കൈയുടെയും പിടുത്തം ഓരോന്നായി വിടുവിച്ചുകൊണ്ട് പിന്നെ ഞാൻ കൈവരിയ്ക്കു മേൽ കൂടി എടുത്തുചാടുകയാണ്‌. കത്തിൽ എഴുതിയിരിക്കുന്നതു പക്ഷേ, എഫ് കാരണമാണ്‌ ഞാൻ ചാടിച്ചാവുന്നതെന്നായിരിക്കും; അതേ സമയം, എന്റെ വിവാഹാഭ്യർത്ഥന സ്വീകരിക്കപ്പെട്ടാൽത്തന്നെയും എന്നെ സംബന്ധിച്ചിടത്തോളം മാറ്റമെന്തെങ്കിലും വന്നുവെന്നുമില്ല. എന്റെ ഇടം അങ്ങു താഴെയാണ്‌; മറ്റൊരു പരിഹാരവും എനിക്കു കണ്ടെത്താനില്ല. എഫ് എന്റെ നിയോഗത്തിന്‌ പ്രകടരൂപം പ്രാപിക്കാനുള്ള ഒരുപാധിയായെന്നു മാത്രം; എഫില്ലാതെ എനിക്കു ജീവിക്കാനാവില്ല, അതിനാൽ ഞാൻ ചാടിച്ചാവണം; എന്നാൽ - എഫ് അതു സംശയിക്കുന്നുണ്ട്- അവളോടൊപ്പം ജീവിക്കാനും എനിക്കു കഴിയില്ല. എന്തുകൊണ്ട് ഈ രാത്രി തന്നെ ആ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിക്കൂടാ? പക്ഷേ ഞാൻ അമൂർത്തതകളിൽ അള്ളിപ്പിടിച്ചു കഴിയുന്നു; ജീവിതവുമായി ആകെ കെട്ടുപിണഞ്ഞാണ്‌ ഞാൻ ജീവിക്കുന്നത്; ഞാൻ അതു ചെയ്യാൻ പോകുന്നില്ല, ഞാനൊരു തണുപ്പനാണ്‌, ഷർട്ടിന്റെ കോളർ കഴുത്തിൽ ഇറുകിപ്പിടിക്കുന്നതാണ്‌ എന്റെ വലിയ ശോകം, ശപിക്കപ്പെട്ടവനാണു ഞാൻ, മൂടൽമഞ്ഞിൽ ശ്വാസം കഴിക്കാൻ വിമ്മിഷ്ടപ്പെടുകയാണു ഞാൻ.


link to image

No comments: