Sunday, April 8, 2012

ഇവാൻ ബുനിൻ- കവിതകൾ

bunin1

രാത്രിയിലവളുടെ മുറിയിൽ...


രാത്രിയിലവളുടെ മുറിയിലേക്കു ഞാൻ ചെന്നു,
ഉറക്കമാണവൾ. നിലാവു ജനാലപ്പടിയിൽ;
സ്ഫുരണങ്ങൾ വഴുതിവീണ കോസടിയിൽ.

മലർന്നുകിടക്കുമ്പോൾ വിടർന്ന മാറിടം നഗ്നം,
ഉറങ്ങുമ്പോളവളുടെ ജീവൻ നിശ്ചലം,
ജലം പോലെ നിശ്ചലം, അതു പോലെ ശീതം.
(1894)



നിന്റെ കൈത്തലം...

നിന്റെ കൈത്തലം ഞാൻ കവരുമ്പോൾ,
നിർന്നിമേഷമതുതന്നെ നോക്കി ഞാനിരിക്കുമ്പോൾ,
സാവധാനം, സലജ്ജ,മലസം നീ കണ്ണുകളുയർത്തുമ്പോൾ...
ആ കൈയിൽത്തന്നെയുണ്ടല്ലോ, പ്രിയേ, നിന്റെ ജീവിതമാകെ;
ഉടലുമാത്മാവുമായി നീയെന്റേതുമാകുന്നു.

മറ്റെന്തു ഞാൻ കൊതിയ്ക്കാൻ? ഇതില്പരമാനന്ദമെന്തറിയാൻ?
എന്നാലുമെന്നാലും പ്രിയേ, കലാപക്കാരനൊരു മാലാഖ,
അഗ്നിയും ചണ്ഡവാതവുമായവൻ,
വികാരങ്ങളുടെ മരണബീജം വിതയ്ക്കുന്നവൻ,
അവനുണ്ടല്ലോ, ഭൂമിയ്ക്കു മേൽ പാറിനിൽക്കുന്നു,
അവിടെ- നമുക്കു നേരേമുകളിൽത്തന്നെ!
(1898)


ഒരു ചഷകം നിറയെ...


ഒരു ചഷകം നിറയെ കറുത്ത മദിര
ശോകത്തിന്റെ ദേവതയെനിക്കു നീട്ടി;
ഒരിറക്കു വയ്ക്കാതെ ഞാൻ കുടിച്ചു,
മരണത്തിന്റെ മയക്കത്തിൽ ഞാനടിഞ്ഞു.
ശോകത്തിന്റെ ദേവത മന്ദഹസിച്ചു,
വികാരലേശമില്ലാതവൾ പറഞ്ഞു:
“മധുരവുമുന്മത്തവുമാണീ മദിര;
എന്റെ മുന്തിരി വിളയുന്നതു ശവപ്പറമ്പിൽ.”
(1902)



ഇവാൻ അലെക്സിയേവിച്ച് ബുനിൻ ( 1870-1953 ) - റഷ്യൻ കവിയും കഥാകാരനും. 1933ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ടോൾസ്റ്റോയിയുടെയും ചെക്കോവിന്റെയും പാരമ്പര്യത്തിൽ പെടുന്നു. അഴ്സനിയേവിന്റെ ജീവിതം എന്ന ആത്മകഥാംശമുള്ള നോവൽ, ഗ്രാമം, വരണ്ട താഴ്വര, നിഴലടഞ്ഞ നടക്കാവുകൾ, സാൻഫ്രാൻസിസ്ക്കോക്കാരനായ ഒരു മാന്യൻ എന്നീ കഥകൾ പ്രധാനം.


No comments: