ഒരു വൈതാളികകവിയായിരുന്നു ഞാനെങ്കിൽ
ഒരു കവിത ഞാനെഴുതുമായിരുന്നു,
വെണ്ണക്കൽത്തൊട്ടിയിലെ തെളിഞ്ഞ വെള്ളം പോലെ
നിർമ്മലമായ നിന്റെ കണ്ണുകൾക്കു സ്തുതിയായി.
ഒരു ജലശ്ലോകത്തിലതിങ്ങനെയാവും:
എനിക്കു പണ്ടേ പരിചയം, നിന്റെയീ ദീപ്തനേത്രങ്ങൾ,
സന്ദേഹങ്ങളില്ലാതെ നോക്കുകയും കാണുകയും ചെയ്യുന്നവ,
എന്റെ കണ്ണുകളോടിടയാത്തവ.
നിന്റെ കണ്ണുകളിലുള്ളതു പ്രശാന്തമായൊരു വെളിച്ചം,
ഒരുനാളമ്മയുടെ മടിയിലിരുന്നു ഞാൻ കണ്ടപോലെ
വിടർന്നുവിടർന്നുവരുന്നൊരു ലോകത്തിന്റെ നൽവെളിച്ചം.
No comments:
Post a Comment