Tuesday, April 24, 2012

റോബർട്ട് ദിസ്നോസ് - ഭൂദൃശ്യം


പ്രണയം ഞാൻ സ്വപ്നം കണ്ടു, സ്വപ്നമായതു ശേഷിച്ചു;
ലൈലാക്കുകളും പനിനീർപ്പൂക്കളുമല്ലിന്നു പ്രണയം,
അവയുടെ പരിമളമുന്മത്തമാക്കുന്നുമില്ല,
കവല പിരിയാത്തൊരു പാതയുടെയൊടുവിൽ
ഒരു തിരിനാളം കെടാതെരിയുന്ന കാടകത്തെ.

പ്രണയം ഞാൻ സ്വപ്നം കണ്ടു, സ്വപ്നമായതു ശേഷിച്ചു;
കൊടുങ്കാറ്റു തൊടുക്കുന്ന മിന്നൽപ്പിണറല്ലിന്നു പ്രണയം,
കോട്ടകൾക്കു മേലതു ചിത കൊളുത്തുന്നില്ല,
പാത പിരിയുന്നിടത്തു വെളിച്ചം വീശുന്നുമില്ല.

രാത്രിയിലെന്റെ കാലടിയിൽ ഞെരിയുന്ന നക്ഷത്രമാണിന്നു പ്രണയം,
ഒരു നിഘണ്ടുവിലും നിർവചനമില്ലാത്ത പദം,
വെളുത്ത കടൽനുര, കൂമ്പാരം കൂടിയ മേഘങ്ങൾ.

പ്രായമേറുമ്പോൾ സർവതുമുറയുന്നു, കട്ട പിടിയ്ക്കുന്നു,
തെരുവുകൾക്കു പേരു മായുന്നു, ചരടിലെ കെട്ടുകളഴിയുന്നു,
ചായം കട്ട പിടിച്ചൊരു  ഭൂദൃശ്യമാണു ഞാൻ- വരണ്ടതും.


link to Robert Desnos

No comments: