കിളരം വച്ചവൻ...
കിളരം വച്ചവൻ,
തരുണഗരുഢനെപ്പോലെ കണ്ണുകളിരുണ്ടവൻ,
അവനുമായൊരൊളിബന്ധം തുടങ്ങി ഞാൻ,
വേനലറുതിയിൽ പൂവിട്ട പുൽത്തട്ടിൽ
പതിയെ കാലെടുത്തുവയ്ക്കും പോലെ.
ശേഷിച്ച പനിനീർപ്പൂക്കളുണ്ടായിരുന്നു,
ധൂസരമായ ഘനമേഘങ്ങളിൽ
ഊഞ്ഞാലാടുന്ന സുതാര്യചന്ദ്രനുണ്ടായിരുന്നു...
1917
കുയിലിനോടു ഞാൻ ചോദിച്ചു...
കുയിലിനോടു ഞാൻ ചോദിച്ചു,
ശിഷ്ടായുസ്സെനിക്കെത്രയെന്ന്...
പൈൻമരത്തലപ്പുകൾ വിറ പൂണ്ടു,
പുല്ലിലൊരു മഞ്ഞ വെയിൽക്കതിർ വീണു...
കുളിർന്ന കാവിൽ നിന്നൊന്നും പക്ഷേ ഞാൻ കേട്ടില്ല.
ഞാൻ മടങ്ങുകയായി,
പൊള്ളുന്ന നെറ്റിത്തടത്തിൽ
തണുത്ത കാറ്റിന്റെ തലോടൽ.
1919
1 comment:
ഗ്രേറ്റ് , വേറെ എന്ത് എഴുതാനാവും
Post a Comment